നികുതി നിരക്കുകളില്‍ മാറ്റമില്ലാതെ കേന്ദ്ര ബജറ്റ്. ധനമന്ത്രി നിര്‍മല സീതാരമന്‍ അവതരിപ്പിച്ച ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍: ജനസംഖ്യ വര്‍ധന പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും, ഒരു കോടി വീടുകളില്‍കൂടി സോളാര്‍ പദ്ധതി, റെയില്‍വേ നാല്‍പതിനായിരം ബോഗികള്‍ വന്ദേ ഭാരത് നിലവാരത്തിലാക്കും, മൂന്ന് റെയില്‍വെ ഇടനാഴി തുടങ്ങും, വിമാനത്താവളങ്ങള്‍ നവീകരിക്കും, കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങും, ഇലക്ട്രിക്, ഹൈഡ്രജന്‍ വാഹനങ്ങള്‍ക്കു പ്രോല്‍സാഹനം നല്‍കും. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തി ജൂലൈ മാസത്തില്‍ സമ്പൂര്‍ണ ബജ്റ്റ് അവതരിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. പത്തു വര്‍ഷം മോദി സര്‍ക്കാര്‍ ചെയ്ത ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിളംബരമാണ് 58 മിനിറ്റു നീണ്ട ബജറ്റ് പ്രസംഗത്തില്‍ ഏറേയും കണ്ടത്.
സ്ത്രീകളുടെ ചെറുകിട സ്വകാര്യ സംരംഭങ്ങള്‍ക്കു പ്രോല്‍സാഹനം നല്‍കുമെന്ന് കേന്ദ്ര ബജറ്റ്. ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയായ ‘ലക്ഷാധിപതി ദീദി’ രണ്ടു കോടി സ്ത്രീകളില്‍നിന്ന് മൂന്നു കോടി വനിതാ സംരഭകരിലേക്കു വളര്‍ത്തുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ആണ് ‘ലക്ഷാധിപതി ദീദി’ പദ്ധതി പ്രഖ്യാപിച്ചത്. സ്വാശ്രയ സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകള്‍ക്കു പരിശീലനം നല്‍കി സംരംഭകരാക്കുന്ന പദ്ധതിയാണിത്.
പ്രധാനമന്ത്രി മുദ്ര യോജനയ്ക്കു കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 22.5 ലക്ഷം കോടി രൂപ മൂല്യമുള്ള 43 കോടി വായ്പകള്‍ ന്‍കിയെന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ 34 ലക്ഷം കോടി രൂപ നല്‍കി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സ്ത്രീകള്‍ക്ക് 30 കോടി മുദ്ര യോജന വായ്പകള്‍ നല്‍കിയിട്ടുണ്ട്. മുദ്ര വായ്പയുടെ കിട്ടാക്കടം 2.68 ശതമാനമാണ് ധനമന്ത്രി പറഞ്ഞു.
കേരളത്തിലെ റെയില്‍വേ വികസനത്തിന് യുപിഎ സര്‍ക്കാര്‍ നല്‍കിയ 372 കോടി രൂപയുടെ സ്ഥാനത്തു മോദി സര്‍ക്കാര്‍ 2744 കോടി കേരളത്തിനു നല്‍കിയെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മൂന്നു പുതിയ റെയില്‍വേ കോറിഡോറുകളില്‍ തുറമുഖങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയില്‍ കേരളത്തിനും വലിയ ഗുണം ലഭിക്കും. റെയില്‍വേ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കൂടുതല്‍ പിന്തുണ വേണം. സില്‍വര്‍ ലൈനില്‍ കേരളത്തിനു താല്പര്യം കാണുന്നില്ലെന്നും പദ്ധതി ഉപേക്ഷിച്ചോയെന്ന് കേരള സര്‍ക്കാരിനോട് ആരായുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ഏറ്റവും മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനമാണു കേരളമെന്നും പൊലീസിനെ ജനസൗഹൃദമായി മാറ്റിയെടുത്തെന്നും അവകാശവാദവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വിശദമായ അപ്പീല്‍ കോടതിയിലുള്ളതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വണ്ടിപ്പെരിയാറില്‍ ആറു വയസുക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ എസ്‌ഐ ടി.ഡി. സുനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. കേസില്‍ പ്രതിയായ അര്‍ജുനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ചൂണ്ടികാട്ടുകയും നടപടിയെടുക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണു സസ്‌പെന്‍ഷന്‍.
വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിന്റെ കോടതി വിധി വായിച്ചാല്‍ അപമാന ഭാരത്താല്‍ തല കുനിച്ചു പോകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയില്‍. സിപിഎമ്മുകാരനായ പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് തുടക്കംമുതലേ പോലീസ് നടത്തിയതെന്നാണ് വിധി പ്രസ്താവത്തില്‍ പറയുന്നത്. പ്രോസിക്യൂഷന്‍ എല്ലാ തെളിവുകളും നശിപ്പിച്ചെന്ന് വി ഡി സതീശന്‍ പറഞ്ഞു.
പൊലീസുകാര്‍ പൊതുജനങ്ങളോടു മോശമായി പെരുമാറുന്നതു മാനസിക പിരിമുറുക്കം മൂലമെന്ന് ഡിജിപി ഹൈക്കോടതിയില്‍. ആലത്തൂര്‍ പോലീസ് സ്‌റ്റേഷനില്‍ അഭിഭാഷകനോട് എസ്.ഐ മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നിലപാട് അറിയിച്ചത്. മാനസിക സമ്മര്‍ദ്ദം മോശമായി പെരുമാറാനുള്ള ലൈസന്‍സല്ലെന്നു കോടതി ഓര്‍മ്മിപ്പിച്ചു. പോലീസുകാരുടെ പെരുമാറ്റം സംബന്ധിച്ച പുതിയ സര്‍ക്കുലര്‍ എങ്ങനെയാണ് നടപ്പാക്കുന്നതെന്ന് അറിയിക്കണമെന്നും കോടതി ഡിജിപിയോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനി എക്‌സാലോജികിനെതിരായ അന്വേഷണം പരിഹാസ്യമെന്ന് സിപിഎം നേതാവ് എകെ ബാലന്‍. ഒരു കുടുംബത്തെ തകര്‍ക്കാനുള്ള ശ്രമമാണെന്നു പറഞ്ഞ ബാലന്‍ അതിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചു.
മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ സമന്‍സ് ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി തോമസ് ഐസക് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി എന്‍ഫോഴ്‌സ്‌മെന്റിനു നോട്ടീസ് അയച്ചു. വെള്ളിയാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നില്‍കണമെന്നാണ് നിര്‍ദ്ദേശം.
കോഴിക്കോട് വിമാനത്താവളത്തില്‍നിന്നുള്ള ഹജ്ജ് വിമാന നിരക്ക് കൊച്ചി, കണ്ണൂര്‍ വിമാനത്താവളത്തിലെ നിരക്കിന് തുല്യമാക്കണമെന്ന് യുഡിഎഫ് എംപിമാര്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രി സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടു. മന്ത്രിയുടെ ഓഫീസില്‍ നടന്ന കൂടികാഴ്ചയില്‍ 510 ഡോളര്‍ കുറയ്ക്കാമെന്ന മന്ത്രിയുടെ ഉറപ്പ് അപര്യാപ്തമാണെന്നും എം പിമാര്‍ പറഞ്ഞു.
കേന്ദ്ര ബജറ്റ് കേരളത്തിനു നേട്ടമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തുക വകയിരുത്തിയതിന് ആനുപാതികമായി കേരളത്തിന് പണം ലഭിക്കും. ഈ വര്‍ഷം 23,48,082 കോടി രൂപ കേരളത്തിന് അധികം ലഭിക്കും. ഇതോടെ കേന്ദ്ര വിരുദ്ധ സമരത്തിനിറങ്ങിയ സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളുടെ മുന ഒടിയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ജനവിരുദ്ധ ബജറ്റാണെന്നു മുന്‍ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. പുതിയ പദ്ധതികളൊന്നുമില്ലാത്ത വെറും വാചക മേളയാണ് ബജറ്റ്. തിന്നാന്‍ വല്ലതും ഉണ്ടെങ്കിലെ പാചകത്തില്‍ കാര്യമുള്ളുവെന്നും തോമസ് ഐസക്ക് പരിഹസിച്ചു.
കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കു മാത്രം മുന്‍ഗണന നല്‍കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രഖ്യാപനം മാത്രമാണ് കേന്ദ്ര ബജറ്റെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തെ സംബന്ധിച്ചടുത്തോളം ബജറ്റ് നിരാശാജനകമാണ്. കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് സംശയം ജനിപ്പിക്കുന്നതാണ് കേന്ദ്രബജറ്റെന്നും അദ്ദേഹം പറഞ്ഞു.
പാലാ നഗരസഭയിലെ ഇയര്‍പോഡ് മോഷണം പോയതിനു സിപിഎം കൗണ്‍സിലര്‍ക്കെതിരെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് കൗണ്‍സിലര്‍ പോലീസില്‍ പരാതി നല്‍കി. ഇയര്‍പോഡിന്റെ സഞ്ചാരപഥം വ്യക്തമാക്കുന്ന 75 തെളിവുകള്‍ അടക്കമാണ് സിപിഎം നേതാവിനെതിരെ പരാതി നല്‍കിയത്. മാണി ഗ്രൂപ്പ് കൗണ്‍സിലര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നാണു സിപിഎം കൗണ്‍സിലറുടെ പ്രതികരണം.
യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അഡ്വ. ബി എ ആളൂരിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. പരാതി കെട്ടിച്ചമച്ചതാണെന്ന് ആളൂര്‍ പറഞ്ഞു.
സുല്‍ത്താന്‍ ബത്തേരി മൈസൂരു പാതയില്‍ കാട്ടാനയുടെ ആക്രമണം. രണ്ടു പേര്‍ തലനാരിഴയ്ക്ക്ുരക്ഷപ്പെടുന്ന ദൃശ്യങ്ങളും പുറത്തു വന്നു. ഓടി രക്ഷപ്പെടുന്നതിനിടെ ഒരാള്‍ താഴെ വീണെങ്കിലും ആന ആക്രമിച്ചില്ല.
തിരുവനന്തപുരം പോത്തന്‍കോട് തേനീച്ചയുടെ കുത്തേറ്റ് ആറു പേര്‍ക്ക് പരിക്ക്. ചാത്തന്‍പാട് സ്വകാര്യ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ നിര്‍മ്മാണ സാമഗ്രികള്‍ കയറ്റാനെത്തിയ തൊഴിലാളികള്‍ക്കാണ് കുത്തേറ്റത്.
വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ പൂജ നടത്താനുള്ള ജില്ലാ കോടതി അനുമതിക്കെതിരെ പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അടിയന്തര വാദം കേള്‍ക്കണമെന്നാണ് പള്ളിക്കമ്മറ്റിയുടെ ആവശ്യം. സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാനാണു നിര്‍ദേശിച്ചത്. ഹിന്ദു വിഭാഗം അലബാദ് ഹൈക്കോടതിയില്‍ തടസഹര്‍ജി നല്‍കിയിട്ടുണ്ട്.
ഇന്ത്യ സിമന്റ്‌സിന്റെ ചെന്നൈയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഡിഎംകെയുടെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യവസായ ഗ്രൂപ്പാണ് ഇന്ത്യ സിമന്റ്‌സ്. അദാനിയുടെ അംബുജ സിമന്റ്‌സുമായി മത്സരിക്കുന്ന കമ്പനികളെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുമെന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഏതാനും ദിവസംമുമ്പ് ആരോപിച്ചിരുന്നു.
ലംബോര്‍ഗിനി കമ്പനിയുടെ സ്ഥാപകന്‍ തന്റെ പിതാവാണെന്ന അവകാശവാദവുമായി 35 വയസുകാരി രംഗത്ത്. ഇറ്റലിയിലെ നേപിള്‍സില്‍ ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന ഫ്‌ലാവിയ ബോര്‍സണ്‍ എന്ന യുവതിയാണ് ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവിട്ടുകൊണ്ട് തന്റെ പിതൃത്വം സംബന്ധിച്ച് അവകാശവാദം ഉന്നയിച്ചത്. തുടര്‍ന്ന് യുവതി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
സൗദി അറേബ്യയിലെ സുപ്രധാന പുരാവസ്തു മേഖലയായ അല്‍ഉലയുടെ ഭരണനിര്‍വഹണ സ്ഥാപനമായ അല്‍ഉല റോയല്‍ കമ്മീഷന്റെ പുതിയ സി.ഇ.ഒയായി സൗദി വനിത അബീര്‍ അല്‍അഖ്‌ലിനെ നിയമിച്ചു. അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാനഭ്രഷ്ടനാക്കിയ മുന്‍ സി.ഇ.ഒ അംറ് ബിന്‍ സ്വാലിഹ് അബ്ദുല്‍റഹ്‌മാന്‍ അല്‍മദനിയുടെ പകരക്കാരിയായാണ് അബീറിന്റെ നിയമനം.