രാജ്യത്തെ വന്യജീവികളുടെ എണ്ണം വന്‍തോതില്‍ വര്‍ധനിച്ചെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പുളളിപ്പുലികളുടെ എണ്ണം 2014 ലെ 8,032 ല്‍നിന്നും 60 ശതമാനം വര്‍ധിച്ച് 12,852 ആയി. 2014 ല്‍ 2,226 എണ്ണമായിരുന്ന കടുവകള്‍ 2,967. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ എണ്ണം 2600 ല്‍ നിന്നു മൂവായിരം കവിഞ്ഞു. 2007 ല്‍ 27,694 ആയിരുന്ന ആനകള്‍ പെരുകി 2021 ല്‍ 30,000 ആയി. സിംഹങ്ങള്‍ 2010 ലെ 411 ല്‍ നിന്ന് 2020 ല്‍ 674 ആയി ഉയര്‍ന്നു. മന്ത്രി പറഞ്ഞു.
ഇന്ധന സെസിനെതിരെ കോണ്‍ഗ്രസിനൊപ്പം ബിജെപിയും സമരം നടത്തുന്നത് വിചിത്രമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങളെ ന്യായീകരിച്ചും പ്രതിപക്ഷ പ്രതിഷേധങ്ങളെ പരിഹസിച്ചുമാണു മുഖ്യമന്ത്രി സംസാരിച്ചത്. ഇന്ധന വില തരാതരംപോലെ കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരം നല്‍കിയവരാണ് പ്രതിഷേധം നടത്തുന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.
സംസ്ഥാനത്തെ 509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓണ്‍ലൈനായി ഒപി ടിക്കറ്റും ആശുപത്രി അപ്പോയ്മെന്റും എടുക്കാനാകും. ഇ ഹെല്‍ത്ത് വഴി ഇതുവരെ 3.04 കോടി രജിസ്ട്രേഷനുകള്‍ നടന്നു. മെഡിക്കല്‍ കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 16 ജില്ല, ജനറല്‍ ആശുപത്രികള്‍, 73 താലൂക്ക് ആശുപത്രികള്‍, 25 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 380 പ്രാഥമികാരോഗ്യ/കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ഒരു പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പാക്കിയത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കുത്തകമുതലാളിമാരും ക്വാറി ഉടമകളും മദ്യമാഫിയകളും വെട്ടിച്ച 7,500 കോടി രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുക്കണമെന്നും പാവപ്പെട്ടവന്റെ മേല്‍ അടിച്ചേല്‍പ്പിച്ച നികുതിഭാരം ഒഴിവാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നികുതി വര്‍ദ്ധനവിനെതിരെ കോഴിക്കോട് കളക്ടറേറ്റിലേക്ക് ബിജെപി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരായ കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ജഡ്ജിമാര്‍ക്കെന്ന പേരില്‍ കോഴ വാങ്ങിയെന്ന കേസില്‍ പ്രതിയായ സൈബി ജോസ് ഹാജരായി അനുകൂല വിധിയാണു റദ്ദാക്കിയത്. കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് ഇരയുടെ പേരില്‍ ഇല്ലാത്ത സത്യവാങ്മൂലം ഹാജരാക്കിയത് ഗുരുതര തെറ്റാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സൈബി ജോസ് കോടതിയില്‍ ഹാജരായിരുന്നില്ല.
നടന്‍ ഉണ്ണി മുകുന്ദനുവേണ്ടി വ്യാജരേഖയല്ല, കേസുമായി മുന്നോട്ടു പോകാന്‍ താല്പര്യമില്ലെന്നു പരാതിക്കാരി അയച്ച ഇമെയില്‍ രേഖയാണു കോടതിയില്‍ ഹജരാക്കിയതെന്ന് അഭിഭാഷകന്‍ സൈബി ജോസ്. ഇമെയില്‍ വിശദാംശങ്ങള്‍ അടക്കം മുഴുവന്‍ തെളിവും ഹൈക്കോടതിക്കു കൈമാറുമെന്നും തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണങ്ങളാണെന്നും സൈബി ജോസ് പറഞ്ഞു.
സ്‌കോട്‌ലന്‍ഡില്‍ മലയാളിയായ റസ്റ്റോറന്റ് ഉടമ മരിച്ച നിലയില്‍. തിരുവനന്തപുരം സ്വദേശിയായ സുനില്‍ മോഹന്‍ ജോര്‍ജ് (45) ആണ് ഫോര്‍ട്ട് വില്യമില്‍ മരിച്ചത്. ഏതാനും ദിവസങ്ങളായി പനിയും മറ്റ് അസ്വസ്ഥതകളുമുണ്ടായിരുന്ന സുനില്‍ ഉറക്കത്തിനിടെ മരിച്ചതാണെന്നാണ് അനുമാനം.
ദേശീയപാത 766 ല്‍ കുന്ദമംഗലം പതിമംഗലത്ത് നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അധ്യാപകന്‍ മരിച്ചു. പതിമംഗലം അവ്വാ തോട്ടത്തില്‍ രാജു (47) ആണ് മരിച്ചത്.
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവശേഷം അമ്മയും കുഞ്ഞും മരിച്ചു. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനു എത്തിയ നല്ലേപ്പിള്ളി സ്വദേശി അനിതയും നവജാത ശിശുവുമാണ് മരിച്ചത്. പ്രസവശേഷം ഗുരുതരാവസ്ഥയിലായ അനിതയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഡോക്ടര്‍മാരുടെ പിഴവുമൂലമാണ് മരിച്ചതെന്ന് പരാതിയുമായി ബന്ധുക്കള്‍.
സഹകരണ ബാങ്ക് അധികൃതര്‍ ജപ്തി നടപടികള്‍ ആരംഭിച്ചതോടെ വൈക്കത്തിനടുത്ത് തലയാഴത്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. വാക്കേത്തറ സ്വദേശി കാര്‍ത്തികേയന്‍ (61) ആണ് മരിച്ചത്. തോട്ടകം സഹകരണ ബാങ്കില്‍ കാര്‍ത്തികേയന് 17 ലക്ഷം രൂപയുടെ വായ്പാ കുടിശിക ഉണ്ടായിരുന്നു. കാര്‍ത്തികേയന്റെ വീടും സ്ഥലവും ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തി അളന്നു മടങ്ങിയതിനു പിറകേയാണ് ആത്മഹത്യ.
വര്‍ക്കല പാപനാശത്ത് തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച ക്ലിഫി പാണ്ഡേ കെട്ടിടം നഗരസഭ പൊളിച്ചു നീക്കി. സൗത്ത് ക്ലിഫില്‍ അപകടകരമായ അവസ്ഥയില്‍ തീരത്ത് നിന്നു 40 മീറ്റര്‍ ഉയരത്തിലുള്ള മലനിരപ്പിനോടു ചേര്‍ന്നാണു കെട്ടിടം നിര്‍മിച്ചത്
കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗ ശല്യംമൂലം കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലെ താമസക്കാര്‍ കൃഷി ഉപേക്ഷിച്ച് പലായനം ചെയ്യുന്നു. പെരുവണ്ണാമൂഴി പൂഴിത്തോട് മാവട്ടത്ത് മാത്രം 25 കുടുംബങ്ങളാണ് പത്ത്ുവര്‍ഷത്തിനിടെ കൃഷിഭൂമി ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് മാറിത്താമസിച്ചത്.
വന്യമൃഗങ്ങള്‍ നാടു വിറപ്പിക്കവേ, വന്യമൃഗങ്ങള്‍ക്കു പേരിട്ടു രസിച്ച് വനംവകുപ്പ്. വയനാടിനെ വിറപ്പിച്ച ആളെകൊല്ലിയായ ആനയ്ക്കും കടുവയ്ക്കും പേരിട്ടു. തമിഴ്‌നാട്ടില്‍ നിന്ന് ബത്തേരിയിലെത്തിയ പിഎം 2 മോഴയാനയ്ക്കു രാജ എന്ന പേരിട്ടു. കഴിഞ്ഞ ദിവസം പിടികൂടിയ കടുവയ്ക്ക് കെജിഎഫ് 2 സിനിമയിലെ വില്ലന്റെ പേരായ അധീരയെന്നാണു പേരിട്ടത്.
പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കറിന്റെ ഭാര്യ രമ ബി. ഭാസ്‌കര്‍ അന്തരിച്ചു. 82 വയസായിരുന്നു. സംസ്‌കാരം ചെന്നൈ ബസന്ത് നഗര്‍ വൈദ്യുതി ശ്മാശാനത്തില്‍ നടന്നു.
ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ കുടുംബത്തിലുള്ളവര്‍ എന്തുകൊണ്ടാണ് ‘നെഹ്റു’ എന്ന കുടുംബപ്പേര് ഉപയോഗിക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി കുടുംബവും, കോണ്‍ഗ്രസും ചേര്‍ന്ന് രാജ്യത്തെ തകര്‍ത്തു.ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. അവസരങ്ങളെ പ്രതിസന്ധികളാക്കി. രാജ്യസഭയില്‍ നന്ദിപ്രമേയചര്‍ച്ചക്കുള്ള മറുപടിയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇങ്ങനെ ആഞ്ഞടിച്ചത്. പ്രതിപക്ഷം എറിയുന്ന ചളിയില്‍ കൂടുതല്‍ താമര വിരിയുമെന്നും മോദി പറഞ്ഞു. മോദി അദാനി ഭായ് ഭായ് എന്ന പ്രതിപക്ഷ മുദ്യാവാക്യം വിളികള്‍ക്കിടയിലാണു പ്രധാനമന്ത്രിയുടെ പ്രസംഗം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്വകാര്യ വിവരങ്ങളാണെന്നും പുറത്തു വിടില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. വിവരങ്ങള്‍ കൈമാറണമെന്ന് ദേശീയ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഗുജറാത്ത് സര്‍വകലാശാല നല്‍കിയ ബിരുദാനന്തര ബിരുദത്തിന്റെ വിവരങ്ങള്‍ തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ദേശീയ ഇന്‍ഫര്‍മേഷന്‍ കമ്മീഷനെ സമീപിച്ചിരുന്നത്.
വമ്പന്‍ വാഗ്ദാനങ്ങളുമായി ത്രിപുരയില്‍ ബിജെപി പ്രകടന പത്രിക. പെണ്‍കുഞ്ഞുങ്ങളുള്ള പാവപ്പെട്ട കുടുംബത്തിന് 50,000 രൂപ ധനസഹായം. കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യ സ്‌കൂട്ടര്‍, രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടര്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
ബിജെപിയുടെ വിശുദ്ധ പശുവാണ് വ്യവസായി ഗൗതം അദാനിയെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പശുവിനെയല്ല, അദാനിയെയാണ ബിജെപി നേതാക്കള്‍ ആശ്‌ളേഷിച്ചിരിക്കുന്നത്. മറ്റുള്ളവരെല്ലാം പശുവിനെ കെട്ടിപ്പിടിച്ചോളൂവെന്നാണ് ബിജെപി നേതാക്കളുടെ നിലപാടെന്നും അദ്ദേഹം പരിഹസിച്ചു. അദാനിയുടെ തിരിമറികളെക്കുറിച്ച് അന്വേഷണം നടത്താത്തതിനു കാരണം അതാണെന്നും സഞ്ജയ് റാവത്ത്.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡിറക്കി ബിജെപി. ഇത്തവണ തെരഞ്ഞെടുപ്പ് ടിപ്പു സുല്‍ത്താന്റെയും സവര്‍ക്കറുടെയും ആശയങ്ങള്‍ തമ്മിലുള്ളതാകുമെന്ന് സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. ടിപ്പുവിനെ പിന്തുണയ്ക്കുന്ന സിദ്ധരാമയ്യ തുറന്ന സംവാദത്തിനു ധൈര്യമുണ്ടോ എന്നും കട്ടീല്‍ വെല്ലുവിളിച്ചു.
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിന് ഈടാക്കുന്ന കണ്‍വീനിയന്‍സ് ഫീസിനത്തില്‍ ഐആര്‍സിടിസിക്കു കോടികളുടെ ആദായം. മൂന്നു വര്‍ഷത്തിനകം ഐആര്‍സിടിസിയുടെ വരുമാനം ഇരട്ടിയായെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കണ്‍വീനിയന്‍സ് ഫീസായി 352.33 കോടി രൂപയാണ് ലഭിച്ചത്. 2021-22 ല്‍ ഇത് 694 കോടി രൂപയായി ഉയര്‍ന്നു.
ആന്ധ്രാപ്രദേശിലെ കാക്കിനാടയില്‍ ഓയില്‍ ടാങ്കറില്‍നിന്ന് വിഷവാതകം ശ്വസിച്ച് ഏഴു മരണം. കാക്കിനാടയിലെ ജിരംഗപേട്ടയിലുള്ള അമ്പാടി സുബ്ബണ്ണ ഓയില്‍ ഫാക്ടറി വളപ്പിലുള്ള ഓയില്‍ ടാങ്കര്‍ വൃത്തിയാക്കാന്‍ കയറിയ തൊഴിലാളികളാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്.
കാബൂളില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നൂറുകണക്കിനു പുസ്തകങ്ങള്‍ സൗജന്യമായി നല്‍കിയ പ്രൊഫസറെ താലിബാന്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇസ്മായില്‍ മഷാല്‍ എന്ന 37 കാരനായ അഫ്ഗാന്‍ പ്രൊഫസറെയാണ് ജയിലിലടച്ചത്.
ഇന്ത്യയില്‍ ട്വിറ്റര്‍ ബ്ലൂ ടിക്ക് സബ്സ്‌ക്രിപ്ഷന് മാസം 900 രൂപ നല്‍കേണ്ടിവരും. ആന്‍ഡ്രോയിഡ് മൊബൈലിലോ ഐഫോണിലോ ട്വിറ്റര്‍ ബ്ലൂ ടിക്ക് സേവനങ്ങള്‍ ലഭിക്കാനാണ് 900 രൂപ. വെബിലെ ഒരു സബ്സ്‌ക്രിപ്ഷന്‍ പ്ലാനിന് പ്രതിമാസം 650 രൂപയാണ്. വെബ് ഉപയോക്താക്കള്‍ക്ക് പ്രതിവര്‍ഷം 6,800 രൂപയ്ക്ക് വാര്‍ഷിക സബ്സ്‌ക്രിപ്ഷന്‍ പ്ലാനും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ചെലവ് ചുരുക്കാന്‍ വാള്‍ട്ട് ഡിസ്‌നി ഏഴായിരം ജീവനക്കാരെ പിരിച്ചുവിടുന്നു. 550 കോടി ഡോളര്‍ ചെലവ് ചുരുക്കാനാണു ശ്രമം.
മെറ്റയില്‍ കൂട്ടപിരിച്ചുവിടലിനു ശേഷവും പിരിച്ചുവിടല്‍ ഭീഷണി. സീനിയല്‍ മാനേജര്‍ തലത്തിലുള്ളവര്‍ക്കാണു ഭീഷണി. വ്യക്തിഗത കോണ്‍ട്രിബ്യൂട്ടര്‍ ജോലികളിലേക്ക് മാറുന്നില്ലെങ്കില്‍ കമ്പനി വിടണമെന്നാണു നിര്‍ദേശം.