അഞ്ചു ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. അഞ്ചുപേരുടേയും സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും.
എറണാകുളം മുണ്ടംപാലത്ത് വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ വീണ് പരിക്കേറ്റ ബൈക്കു യാത്രക്കാരന്‍ മരിച്ചു. മുണ്ടം പാലം സ്വദേശി ശ്യാമിലാണ് മരിച്ചത്. പണി കഴിഞ്ഞു പത്ത് ദിവസമായിട്ടും കരാറുകാരന്‍ കുഴി മൂടിയിരുന്നില്ല.
ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ് മണികുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചത് മകളുടെ വിവാഹത്തിനു ക്ഷണിക്കാനായിരുന്നെന്ന് വിശദീകരണം. എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കിയെന്ന കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് 40 മിനിറ്റോളം നീണ്ട കൂടിക്കാഴ്ച.
കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി മൂന്നു മാസം കൂടി രാജ്ഭവന്‍ നീട്ടി. കമ്മിറ്റിയിലേക്ക് കേരള സര്‍വ്വകലാശാല പ്രതിനിധിയെ നല്‍കിയിട്ടില്ല. നിലവില്‍ യുജിസിയുടെയും ചാന്‍സലറുടെയും പ്രതിനിധികള്‍ മാത്രമാണു കമ്മിറ്റിയിലുള്ളത്.
നികുതി വര്‍ധനിപ്പിച്ച സംസ്ഥാന ബജറ്റിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി പന്തംകൊളുത്തി പ്രകടനം നടത്തി. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്.
കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലയിലെ ഭാരവാഹികളെ തീരുമാനിക്കാനുള്ള പുനസംഘടന കമ്മിറ്റിയില്‍നിന്ന് മൂന്ന് മുന്‍ ഡിസിസി പ്രസിഡന്റുമാര്‍ ഇറങ്ങിപ്പോയി. മാറി നില്‍ക്കുന്നവരെയും പരിഗണിക്കണമെന്ന മുന്‍ ഡിസിസി പ്രസിഡന്റുമാരായ കെ ശിവദാസന്‍ നായര്‍, പി മോഹന്‍രാജ്, ബാബു ജോര്‍ജ് എന്നിവരുടെ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നു നിലവിലെ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ നിലപാടെടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എം എം നസീറും പഴകുളം മധുവും ഈ നിലപാടിനെ പിന്തുണച്ചതോടെയാണ് നേതാക്കള്‍ ഇറങ്ങിപ്പോയത്.
അന്തരിച്ച ഗായിക വാണി ജയറാമിനു നെറ്റിയില്‍ മുറിവ്. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിലുള്ള വസതിയില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. വീട് അകത്തുനിന്ന് പൂട്ടിയിരുന്നു. കിടപ്പുമുറിയില്‍ കുഴഞ്ഞുവീണപ്പോള്‍ നെറ്റി ടീപ്പോയിയില്‍ ഇടിച്ചതാകാം പരിക്കിനു കാരണം. മുറിവു കണ്ടതോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചു. രാവിലെ 11 നു വീട്ടുജോലിക്കാരി മുട്ടിവിളിച്ചിട്ടും വാതില്‍ തുറക്കാതായപ്പോഴാണ് ബന്ധുക്കളേയും പോലീസിനേയും വിവരം അറിയിച്ച് വാതില്‍ പൊളിച്ച് അകത്തു കടന്നത്.
ഭക്ഷണശാലകളിലെ ജീവനക്കാര്‍ക്കു ഹെല്‍ത്ത് കാര്‍ഡ് അനുവദിക്കുന്നതിനു മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. അപേക്ഷകനെ ഡോക്ടര്‍ നേരിട്ടു പരിശോധിക്കണം. രക്ത പരിശോധന, ശാരീരിക പരിശോധന, കാഴ്ച ശക്തി പരിശോധന, ത്വക്ക്, നഖങ്ങള്‍ എന്നിവയുടെ പരിശോധന നടത്തണം. ടൈഫോയ്ഡ്, മഞ്ഞപ്പിത്തം ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന വേണം. ക്ഷയ രോഗ ലക്ഷണമുണ്ടെങ്കില്‍ കഫ പരിശോധന വേണം. ഫലങ്ങള്‍ പരിശോധിച്ചു ബോധ്യപ്പെട്ടശേഷം മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ. വിരശല്യത്തിനെതിരെയും ടൈഫോയ്ഡിനെതിരെയുമുള്ള വാക്‌സിന്‍ എടുക്കണമെന്നും നിര്‍ദേശം.
ഇടുക്കിയിലെ കാട്ടാന ശല്യം പരിഹാരിക്കാന്‍ വയനാട്ടില്‍നിന്നും ദ്രൂതകര്‍മ്മ സേന എത്തി. വയനാട് ആര്‍ആര്‍ടി റേഞ്ച് ഓഫീസര്‍ രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.
പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച ഇ പോസ് മെഷീന്‍ മോഷണം പോയു. മദ്യപിച്ച് ബഹളംവച്ച കേസിലെ പ്രതിയാണ് മെഷീന്‍ മോഷ്ടിച്ചത്. മോഷ്ടാവായ ഇളമണ്ണൂര്‍ സ്വദേശി എബി ജോണിനെ പിടികൂടിയെങ്കിലും ഇ പോസ് മെഷീന്‍ കണ്ടെത്താനായില്ല.
കാസര്‍കോട് വനിതാ നേതാവിന് അശ്ലീല സന്ദേശമയച്ച സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെ പുറത്താക്കി. പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയാണു രാഘവന്‍.
ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ അനില്‍ ആന്റണിക്കെതിരേ നടപടി ആവശ്യമില്ലെന്ന് കെ സുധാകരന്‍. തെറ്റ് ആര്‍ക്കും പറ്റാം. തനിക്കും തെറ്റു പറ്റിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകുളം കുറുപ്പംപടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. ഡൈവര്‍ കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങിയതിനാല്‍ ആളപായം ഉണ്ടായില്ല. പുണ്ടക്കുഴി സ്വദേശി എല്‍ദോസ് ഓടിച്ച മാരുതി ആള്‍ട്ടോ കാറിനാണ് തീപിടിച്ചത്.
അമുല്‍ പാലിന്റെ വില ലിറ്ററിന് മൂന്നു രൂപ വരെ വര്‍ദ്ധിപ്പിച്ചു. മില്‍മ ഉടമകളായ ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. അമുല്‍ ഗോള്‍ഡിന്റെ വില ലിറ്ററിന് 66 രൂപയായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവ്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മോര്‍ണിംഗ് കണ്‍സള്‍ട്ട്’ നടത്തിയ സര്‍വേയിലാണ് 78 ശതമാനം വോട്ടോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുകെ പ്രധാനമന്ത്രി ഋഷി സുനക് എന്നിവരടക്കം 22 ലോക നേതാക്കളെ മറികടന്നാണ് ‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍’ സര്‍വേയില്‍ മോദി ഒന്നാമതെത്തിയത്.
സ്ത്രീയായ ആള്‍മാറാട്ടം നടത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവതികളെ കബളിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത ഐടി പ്രഫഷണലിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ദിലീപ് പ്രസാദ് എന്ന 28 കാരനെയാണ് പിടികൂടിയത്. ‘മോണിക്ക’, ‘മാനേജര്‍’ എന്നീ അപരനാമങ്ങളില്‍ ഐടി മേഖലയില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പും ലൈംഗികമായി ചൂഷണവും.
നാഗാലാന്‍ഡ് തെരഞ്ഞെടുപ്പിനു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 21 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനത്തെ തീയതി.
സെപ്റ്റംബറില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ 927 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി സര്‍ക്കാര്‍. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ധനസഹായം ആവശ്യപ്പെട്ടത്.
മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ സണ്ണി ലിയോണ്‍ പങ്കെടുക്കാനിരുന്ന ഫാഷന്‍ ഷോ പരിപാടിയുടെ വേദിക്കു സമീപം സ്‌ഫോടനം. വേദിയില്‍നിന്നു നൂറ് മീറ്റര്‍ മാറിയാണ് സ്‌ഫോടനം നടന്നത്. ആളപായമില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി ടെലിഫോണില്‍ സംസാരിച്ചു. പരസ്പര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഇരു നേതാക്കളും വാഗ്ദാനം ചെയ്തു.
ചൈനയുടെ ചാരബലൂണ്‍ ലാറ്റിന്‍ അമേരിക്കയിലും കണ്ടെത്തി. അമേരിക്കയിലെ മോണ്ടാനയിലാണ് ആദ്യത്തെ ചാര ബലൂണ്‍ കണ്ടെത്തിയത്.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ലോകത്തിനു മുന്നില്‍ യാചിക്കരുതെന്നും അണുബോംബുമായി രാജ്യങ്ങളോടു പണം ആവശ്യപ്പെടുകയാണു വേണ്ടതെന്നും പാക്കിസ്ഥാനിലെ ഭീകരസംഘടനാ നേതാവ്. പാക്കിസ്ഥാന്‍ നിരോധിച്ചിട്ടില്ലാത്ത തെഹ്രീകെ-ഇ-ലബ്ബൈക് പാര്‍ട്ടി തലവനായ ഇസ്ലാമിക നേതാവ് സാദ് റിസ്വിയാണ് ഇങ്ങനെ പറഞ്ഞത്.
മതനിന്ദയുള്ള ഉള്ളടക്കം നീക്കാത്തതിന് പാക്കിസ്ഥാന്‍ വിക്കിപീഡിയയെ നിരോധിച്ചു. ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്ത്യശാസനം നല്‍കിയ 48 മണിക്കൂര്‍ സമയം അവസാനിച്ചതോടെയാണ് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയത്.
പാകിസ്ഥാനില്‍ ഇന്ധനക്ഷാമം. എണ്ണക്കമ്പനികളുടെ ഓയില്‍ അഡൈ്വസറി കൗണ്‍സില്‍ പാകിസ്ഥാന്‍ സര്‍ക്കാരിന് കത്തു നല്‍കി. പാകിസ്ഥാനി രൂപയുടെ മൂല്യത്തില്‍ തുടര്‍ച്ചയായുണ്ടായ തകര്‍ച്ച കമ്പനികളെ നഷ്ടത്തിലാക്കിയിരിക്കുകയാണ്.
പാക്കിസ്ഥാനു പിന്നാലെ ബംഗ്ലാദേശിലും സാമ്പത്തിക പ്രതിസന്ധി. വിലക്കയറ്റം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന സര്‍ക്കാരിനെതിരെ ജനം തെരുവിലിറങ്ങി. പ്രതിപക്ഷ കക്ഷികള്‍ ഹസീനയുടെ രാജി ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധിയില്‍ വസ്ത്ര നിര്‍മാണ മേഖല തകര്‍ന്നതാണ് ബംഗ്ലാദേശിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്.