night news hd 12

 

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതി വര്‍ധനയ്‌ക്കെതിരേ നികുതി ബഹിഷ്‌കരണ സമരം വേണ്ടെന്ന് കെപിസിസി. പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പമുണ്ടെന്ന രീതിയില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്നും കൊച്ചിയില്‍ ചേര്‍ന്ന കെപിസിസി എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു. ഭവനസമ്പര്‍ക്ക പരിപാടിയായ ഹാഥ് സേ ഹാഥ് പരിപാടി സര്‍ക്കാര്‍ വിരുദ്ധ പ്രചാരണമാക്കാനും തീരുമാനിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കേരളത്തെക്കുറിച്ച് എന്താണു പറയാനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷ ചിന്തയോടെ ജനങ്ങള്‍ താമസിക്കുന്ന നാടാണ് കേരളം. അതിസമ്പന്നര്‍ക്കുവേണ്ടി രാജ്യത്തെ പണയപ്പെടുത്തുന്നതല്ല ഭരണം. പട്ടിണിയും ദാരിദ്ര്യവും സഹിക്കാനാകാതെ ജനം പ്രതിഷേധിക്കുന്നതു തടയാന്‍ വര്‍ഗീയ കലാപമുണ്ടാക്കാനാണു ബിജെപിയുടെ ശ്രമമെന്നും പിണറായി കുറ്റപ്പെടുത്തി.

ശമ്പളം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം തടഞ്ഞു. അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്നിലെ ദേശീയപാതയില്‍ തടഞ്ഞ ജീവനക്കാരെ പോലീസ് ബലം പ്രയോഗിച്ചു നീക്കം ചെയ്തു. ചൊവ്വാഴ്ചയ്ക്കകം ശമ്പളം കൊടുത്തില്ലെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തുടര്‍ ചികില്‍സയ്ക്കായി ബംഗളൂരുവിലെ എച്ച്‌സിജി ആശുപത്രിയില്‍ എത്തിച്ചു. എഐസിസി ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലാണ് ബംഗളൂരുവില്‍ എത്തിച്ചത്. കുടുംബാംഗങ്ങള്‍ ചികില്‍സ നിഷേധിച്ചെന്ന ആരോപണം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രി റോഷി അഗസ്റ്റിന്റെ വാഹന വ്യൂഹത്തിനു നേരെ കരിങ്കൊടിയും കാലിക്കുടം ഏറുമായി യൂത്ത് കോണ്‍ഗ്രസ്. മല്ലപ്പള്ളിയില്‍ വെച്ചാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിയെ വിമര്‍ശിച്ച എംഎല്‍എ ആസൂത്രിത നാടകം കളിച്ചതാണെന്ന് ആരോപിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരേ നടപടിയെന്ന് ജനീഷ് കുമാര്‍ എംഎല്‍എ. ഡെപ്യൂട്ടി തഹസില്‍ദാര്‍ ചെയ്തത് പെരുമാറ്റച്ചട്ട ലംഘനമാണ്. സര്‍ക്കാര്‍ നയത്തിനെതിരെ പ്രചാരണം നടത്താന്‍ അനുവദിക്കില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും ജനീഷ് കുമാര്‍ പറഞ്ഞു.

കോഴിക്കോട് സബ് കളക്ടര്‍ ഓഫീസീലും കൂട്ട അവധി. സബ് കളക്ടറുടെ വിവാഹത്തിന് 22 ജീവനക്കാരാണ് അവധിയെടുത്തു പോയത്. ഫെബ്രുവരി മൂന്നിന് തിരുനെല്‍വേലിയിലാണ് വിവാഹം നടന്നത്. കളക്ടര്‍ ഓഫീസിലെ 33 ജീവനക്കാരില്‍ ഭൂരിഭാഗവും വിവാഹത്തിനായി അവധി എടുത്തിരുന്നു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം 83.6 ശതമാനം വര്‍ധിച്ചു. വിമാന ഷെഡ്യൂളുകളില്‍ 31.53 ശതമാനം വളര്‍ച്ചനേടി. ഇക്കഴിഞ്ഞ ജനുവരിയില്‍ ആകെ 3,23,792 യാത്രക്കാര്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു. 2022 ജനുവരിയിലെ മൊത്തം യാത്രക്കാരുടെ എണ്ണം 1,76,315 ആയിരുന്നു.

ഇന്ധന സെസും വെള്ളക്കരം വര്‍ധനയും സാധാരണക്കാരന് താങ്ങാനാവാത്തതെന്ന് മാര്‍ത്തോമ്മാ മെത്രാപൊലീത്ത. മാരാമണ്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടന വേദിയില്‍ മന്ത്രിമാര്‍ ഇരിക്കേയാണ് വിമര്‍ശനം. തൊഴിലില്ലായ്മയില്‍ സംസ്ഥാനം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണെന്നും മെത്രാപൊലീത്ത കുറ്റപ്പെടുത്തി.

തൃശൂര്‍ പെരിഞ്ഞനത്ത് കാറിന്റെ ഡോറില്‍ തട്ടി വീണ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. മതിലകം കാതിക്കോട് സ്വദേശി താളിയാരില്‍ അന്‍വറിന്റെ ഭാര്യ ജുബേരിയ (35) ആണ് മരിച്ചത്.

നാലു ഹൈക്കോടതികളിലേക്കു പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ പറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശുപാര്‍ശ അംഗീകരിച്ചിട്ടില്ല. ഗുജറാത്ത് ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് സോണിയ ഗിരിധര്‍ ഗൊകാനി, ത്രിപുരയിലേക്ക് ജസ്റ്റിസ് ജസ്വന്ത് സിംഗ്, ഗോഹട്ടിയിലേക്ക് ജസ്റ്റിസ് സന്ദീപ് മേത്ത, ജമ്മുകാഷ്മീരിലേക്ക് ജസ്റ്റിസ് എന്‍ കോടിശ്വര്‍ സിംഗ് എന്നിവരെയാണു നിയമിച്ചത്.

അമിത നിയന്ത്രണങ്ങളിലൂടേയും അധികാരത്തിന്റെ അടിച്ചമര്‍ത്തലുകളിലൂടേയും ജനാധിപത്യത്തെ ഞെരിക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു കോണ്‍ഗ്രസ്. രാഹുല്‍ഗാന്ധിയുടേയും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജനന്‍ ഖര്‍ഗെയുടേയും പാര്‍ലമെന്റിലെ പ്രസംഗം സഭാ രേഖകളില്‍നിന്നു നീക്കം ചെയ്തതില്‍ ശക്തമായി പ്രതിഷേധിച്ചുകൊണ്ടാണ് എഐസിസിയുടെ പ്രതികരണം.

അയോധ്യ കേസില്‍ വിധി പ്രസ്താവിച്ച സുപ്രീം കോടതി ജഡ്ജിയെഗവര്‍ണറായി നിയമിച്ചത് കേന്ദ്ര സര്‍ക്കാര്‍ നയത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ്. ജസ്റ്റീസ് എസ് അബ്ദുള്‍ നസീറിനെ ഗവര്‍ണറായി നിയമിച്ചതു ജുഡീഷ്യറിക്കു ഭീഷണിയാണെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി പറഞ്ഞു.

രാജ്യത്തിന്റെ ‘പത്തു ലക്ഷം കോടി രൂപ അദാനിക്കു നല്‍കി’യിരിക്കേ, ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിച്ചോടുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. മോദി ലോക്‌സഭയില്‍ നടത്തിയത് വെറുപ്പുളവാക്കുന്ന പ്രസംഗമാണ്. ഒരു ചോദ്യത്തിനും മറുപടിയില്ല. ജനങ്ങളുടെ ചെലവില്‍ കോര്‍പറേറ്റുകള്‍ക്കു ശതകോടികളുടെ ലാഭമുണ്ടാക്കിക്കൊടുക്കുകയാണെന്നു തെലങ്കാന നിയമസഭയില്‍ പ്രസംഗിക്കവേ അദ്ദേഹം ആരോപിച്ചു.

1400 കിലോമീറ്ററുള്ള ഡല്‍ഹി -മുംബൈ അതിവേഗ പാതയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. എക്സ്പ്രസ് വേയുടെ 246 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സോഹ്ന -ദൗസ പാത നിലവില്‍ വരുന്നതോടെ ഡല്‍ഹിയില്‍നിന്ന് ജയ്പൂരിലേക്കുള്ള യാത്രാ സമയം അഞ്ചു മണിക്കൂറില്‍നിന്ന് മൂന്നര മണിക്കൂറായി കുറയും.

തമിഴ്‌നാട് തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടിക്കു സമീപം പുതുക്കോവിലില്‍ പടക്കനിര്‍മാണ ശാലയ്ക്കു തീപിടിച്ച് മൂന്നു പേര്‍ മരിച്ചു. പത്തിലധികം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *