സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു. ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കലിന് താല്‍ക്കാലിക ചുമതല. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പോസ്റ്റോലിക്ക് അസ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം ഒഴിഞ്ഞു. ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂരിനു എറണാകുളം – അങ്കമാലി അതിരൂപതയുടെ താല്‍കാലിക ചുമതല നല്‍കി. പുതിയ മേജര്‍ ആര്‍ച്ച്ബിഷപിനെ അടുത്ത മാസം നടക്കുന്ന സിനഡ് തെരഞ്ഞെടുക്കും. 12 വര്‍ഷത്തെ സേവനത്തിനുശേഷമാണ് മേജര്‍ ആര്‍ച്ച്ബിഷപ് സ്ഥാനത്തുനിന്ന് വിരമിക്കുന്നത്. മൂന്നു വര്‍ഷം മുമ്പ് മാര്‍പാപ്പയ്ക്കു രാജിക്കത്തു നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ വീണ്ടും രാജിക്കത്തു നല്‍കി. ഇപ്പോഴാണ് രാജി മാര്‍പാപ്പ അംഗീകരിച്ചതെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു.
കളമശ്ശേരിയില്‍ യഹോവായ സാക്ഷികളുടെ സമ്മേളനത്തിനിടെ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശി ലില്ലി ജോണ്‍ ആണ് മരിച്ചത്. ഭര്‍ത്താവ് എകെ ജോണ്‍ ശനിയാഴ്ചയാണ് മരിച്ചത്.
ലൈംഗിക കണ്ടന്റുകള്‍ തെളിവായി കോടതിയിലെത്തുമ്പോള്‍ എങ്ങനെ സൂക്ഷിക്കണമെന്നു മാര്‍ഗ നിര്‍ദേശങ്ങളുമായി കേരളാ ഹൈക്കോടതി. ഇത്തരം തെളിവുകള്‍ സീല്‍ ചെയ്ത് സൂക്ഷിക്കണം. ആവശ്യമെങ്കില്‍ ലോക്കറിലാക്കി സൂക്ഷിക്കാം. അവ തിരിച്ചെടുക്കാനോ പരിശോധിക്കാനോ പ്രത്യേക കോടതി ഉത്തരവ് വേണം. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ടതിനു പിറകേയാണ് ഹൈക്കോടതി മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കിയത്.
പാപ്പരാണെന്ന കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ വാദം തലശ്ശേരി കോടതി തള്ളി. 1995 ലെ ഇ.പി. ജയരാജന്‍ വധശ്രമക്കേസില്‍ 1998 ല്‍ നല്‍കിയ അപകീര്‍ത്തിക്കേസിനൊപ്പം നല്‍കിയ പാപ്പര്‍ ഹര്‍ജിയാണു കോടതി തള്ളിയത്. അപകീര്‍ത്തിക്കേസിനൊപ്പം കെട്ടിവെക്കാനുളള 3.43 ലക്ഷം രൂപ 15 ദിവസത്തിനകം അടയ്ക്കാനും ഉത്തരവിട്ടു. വധശ്രമക്കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് 1997 ല്‍ കെ. സുധാകരന്‍ അറസ്റ്റിലായിരുന്നു. അറസ്റ്റിനെതിരേ 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സുധാകരന്‍ മാനനഷ്ടക്കേസ് നല്‍കിയത്.
ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം അവസാനിപ്പിച്ചെന്ന് ട്വന്റി ട്വന്റി പാര്‍ട്ടി. സാബു ജേക്കബാണ് ഇക്കാര്യം അറിയിച്ചത്. സഖ്യം രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് തീരുമാനമെന്ന് സാബു ജേക്കബ് പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥി ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസില്‍ സുഹൃത്ത് ഡോ. റുവൈസ് റിമാന്‍ഡില്‍. സ്ത്രീധനം ചോദിച്ച് റുവൈസ് തന്നെ വഞ്ചിച്ചെന്നു ഷഹനയുടെ
ആത്മഹത്യ കുറിപ്പില്‍ ഉണ്ടായിരുന്നെങ്കിലും ആദ്യദിവസങ്ങളില്‍ പോലീസ് അക്കാര്യം മറച്ചുവച്ചിരുന്നു.
സ്ത്രീധന നിരോധന നിയമം കാലഘട്ടത്തിനനുസരിച്ച് പരിഷ്‌കരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ത്രീധനത്തിന് എതിരായ മനോനില കുടുംബങ്ങളിലും സമൂഹത്തിലും വളരേണ്ടതുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പി ജി വിദ്യാര്‍ഥിനി ഡോ. എ ജെ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.
ദുബായിലെ ബാങ്കുകളില്‍നിന്ന് 300 കോടി രൂപയുടെ വായ്പ തട്ടിയ സംഭവത്തില്‍ വ്യവസായി അബ്ദുള്‍ റഹമാന്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍. കാസര്‍ഗോഡ് സ്വദേശിയായ അബ്ദുള്‍ റഹ്‌മാന്‍ 20017, 18 കാലത്താണ് വായ്പകള്‍ നേടി ബാങ്കിനെ കബളിപ്പിച്ചത്. സിനിമാ നിര്‍മാതാവുകൂടിയായ പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.
കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി. ജില്ലാ സ്‌കൂള്‍ കലോത്സവം പ്രമാണിച്ചാണ് അവധി.
കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ബസുമായി കുട്ടിയിടിച്ച് രണ്ടു ബൈക്ക് യാത്രികര്‍ മരിച്ചു. ഇടുക്കി വെണ്‍മണി സ്വദേശി ഇടക്കുന്നം മുക്കാലി ചക്കാലപറമ്പില്‍ നിജോ തോമസ് (33), ഇരുപത്താറാം മൈല്‍ പുല്‍പ്പാറ വീട്ടില്‍ പി.പി. ബിനു (44) എന്നിവരാണ് മരിച്ചത്.
വളപട്ടണത്ത് പോലീസിനെതിരേ വടിയുതിര്‍ത്തു മുങ്ങിയ വധശ്രമക്കേസ് പ്രതി റോഷന്‍ അറസ്റ്റില്‍. റോഷനെ പിടികൂടാന്‍ എത്തിയ പൊലീസ് സംഘത്തിന് നേരെ റോഷന്റെ അച്ഛന്‍ ഡോ. ബാബു തോമസ് വെടിയുതിര്‍ത്തിരുന്നു. തമിഴ്‌നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍കൊണ്ട് ആക്രമിച്ച കേസില്‍ റോഷനെ പിടികൂടാന്‍ വീട്ടിലെത്തിയപ്പോഴാണ് പോലീസിനെ ആക്രമിച്ചത്.
മലപ്പുറത്ത് സ്‌കൂള്‍ ബസ് ഓടയിലേക്കു മറിഞ്ഞ് 25 ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് നിസാര പരിക്കേറ്റു. മരവട്ടം ഗ്രെയ്സ് വാലി പബ്ലിക് സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്.
തെലങ്കാന മുഖ്യമന്ത്രിയായി ചുമതലയേറ്റ കോണ്‍ഗ്രസ് നേതാവ് എ രേവന്ത് റെഡ്ഡി ആറു തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവുകളില്‍ ഒപ്പുവച്ചു. സത്യപ്രതിജ്ഞാ വേദിയില്‍തന്നെയാണ് ഉത്തരവില്‍ ഒപ്പുവച്ചത്. ഭിന്നശേഷിക്കാരിയായ രജിനി എന്ന യുവതിക്കു ജോലി നല്‍കാനുള്ള ഉത്തരവിലും ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ വസതിയായ പ്രഗതി ഭവന്റെ പേര് ബിആര്‍ അംബേദ്കര്‍ പ്രജാഭവന്‍ എന്നു മാറ്റി. വസതിക്കു മുന്നിലെ ഇരുമ്പ് കവാടങ്ങള്‍ മുറിച്ച് നീക്കി. ബാരിക്കേഡുകള്‍ മാറ്റിച്ചു.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തെലുങ്ക് നടന്‍ ജഗദീഷ് പ്രതാപ് ഭണ്ഡാരി അറസ്റ്റില്‍. രണ്ടു വര്‍ഷം മുന്‍പ് യുവതിയുമായി അടുപ്പത്തിലായിരുന്നു ജഗദീഷ്. അല്ലു അര്‍ജുന്‍ നായകനായ പുഷ്പയുടെ അടുത്ത സഹായിയായ കേശവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചയാളാണ് ജഗദീഷ്.
റഷ്യയിലെ ബ്രയാന്‍സ്‌കിലെ ഒരു സ്‌കൂളില്‍ പതിനാലുകാരി സഹപാഠിയെ വെടിവച്ചു കൊന്നു. വെടിവയ്പില്‍ അഞ്ച് പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. വെടിവച്ചശേഷം പെണ്‍കുട്ടി ആത്മഹത്യ ചെയ്തു.