തിരുവനന്തപുരം വെഞ്ഞാറമൂടില്‍ മുഖ്യമന്ത്രിയുടെ നവകേരള സദസിനു കരുതല്‍ തടങ്കലിലാക്കാന്‍ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുവന്ന കോണ്‍ഗ്രസ് നേതാക്കളെ സ്റ്റേഷന് കാമ്പസില്‍ ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു മര്‍ദിച്ചു. കോണ്‍ഗ്രസ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഹരി, ബ്ലോക്ക് പ്രസിഡന്റ് ബിനു എസ് നായര്‍ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്.
കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തിലെ നടപടികള്‍ക്കെതിരേ യുഡിഎഫ് സെനറ്റ് അംഗങ്ങള്‍ ഗവര്‍ണര്‍ക്കു പരാതി നല്കി. വൈസ് ചാന്‍സലര്‍ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയില്ലെന്നും ഏകാധിപത്യ രീതിയിലാണു യോഗം നിയന്ത്രിച്ചതെന്നും പരാതിയില്‍ പറയുന്നു. സെനറ്റ് ഹൗസിന്റെ സുരക്ഷാ ചുമതല എസ്എഫ്ഐക്കു നല്‍കിയെന്നും ഗവര്‍ണറുടെ നോമിനികളെ അവര്‍ തടഞ്ഞെന്നും പരാതിപ്പെട്ടിട്ടുണ്ട്.
കരുവന്നൂര്‍ ബാങ്ക് കള്ളപ്പണമിടപാട് കേസില്‍ മറ്റു പ്രതികളെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് എന്ഫോഴ്സ്മെന്റിനോട് എറണാകുളം പി.എം.എല്‍.എ കോടതി. സിപിഎം കൗണ്‍സിലര്‍ പി ആര് അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണു കോടതിയുടെ ചോദ്യം. അരവിന്ദാക്ഷന് അന്വേഷണത്തോട് സഹകരിക്കാത്തത്തിനാലാണ് അറസ്റ്റ് ചെയ്തതെന്ന് ഇഡി കോടതിയെ അറിയിച്ചു. മറ്റു പ്രതികള്‍ അന്വേഷണത്തോടു സഹകരിച്ചിക്കുന്നുണ്ടെന്നും ഇഡി വിശദീകരിച്ചു.
എറണാകുളം കളമശ്ശേരി സ്ഫോടന സംഭവത്തില്‍ സ്ഫോടനം നടന്ന കണ്വന്ഷന് സെന്റര്‍ ഉടമക്കു വിട്ടുനല്കണമെന്നു ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമെങ്കില്‍ ഹാളില്‍നിന്നു രണ്ടുദിവസത്തിനകം വീണ്ടും സാമ്പിളുകള്‍ ശേഖരിക്കാം. പൊലീസിന്റെ കസ്റ്റഡിയിലാണ് കണ്വന്ഷന് സെന്റര്‍.
ജനുവരി മൂന്നിനു തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടുകൂറ്റന്‍ മണല്‍ ചിത്രം തൃശൂര്‍ തേക്കിന് മൈതാനിയില്‍ ഒരുക്കും. മണല്‍ ചിത്രകാരനായ ബാബു എടക്കുന്നിയാണ് ചിത്രം ഒരുക്കുന്നത്. മോദിയുടെ ജന്മസ്ഥലം അടക്കം രാജ്യത്തെ 51 സ്ഥലങ്ങളില്‍ നിന്നുള്ള മണല്‍ ശേഖരിച്ചാണ് ചിത്രം ഒരുക്കുന്നത്.
കൊല്ലം പത്തനാപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് മാവേലി സ്റ്റോറിലേക്കു പാഞ്ഞ് കയറി. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പത്തനാപുരം നെടുംപറമ്പിലാണ് സംഭവം. കായംകുളത്തുനിന്ന് പുനലൂരിലേക്കു സര്‍വീസ് നടത്തിയ ബസ്സാണ് അപകടത്തില്‍ പെട്ടത്.
വയനാട്ടില്‍നിന്ന് പിടിയിലായ കടുവയെ തൃശൂരില്‍ വിജയകരമായി ശസ്ത്രക്രിയ നടത്തി. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ കടുവയുടെ വായിലെ മുറിവ് തുന്നിക്കെട്ടിയെന്ന് സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ആര്. കീര്‍ത്തി ഐ എഫ് എസ് അറിയിച്ചു.
ക്രിസ്മസ് ആഘോഷത്തിനിടെ പന്തളം എന്‍ എസ് എസ് കോളേജില്‍ എസ്എഫ്ഐ- എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല്. ഏതാനും പേര്‍ക്കു പരിക്കേറ്റു.
ശബരിമലയില്‍ തീര്ത്ഥാടകന് ഹൃദയാഘാതംമൂലം മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി രാമകൃഷ്ണന് (60) ആണ് മരിച്ചത്. പമ്പ ഗവണ്മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഭിന്നശേഷിക്കാരിയായ എട്ടു വയസുള്ള മകളെ അമ്മ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. ചിറയിന്‍കീഴ് ചിലമ്പില്‍ പടുവത്ത് വീട്ടില്‍ അനുഷ്ക ആണ് കൊല്ലപ്പെട്ടത്. അമ്മ മിനി ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.
തെരഞ്ഞെടുപ്പു കമ്മീഷന്റെ നിയമനം സര്‍ക്കാരിന്റെ കൈപ്പിടിയിലാക്കുന്ന ബില്‍ പാസാക്കിയതോടെ ലോക്സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. നാളെ വരെ ചേരാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഒരു ദിവസം മുമ്പെ ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിയുകയായിരുന്നു. ബില്ലുകള്‍ ഏകപക്ഷീയമായി പാസാക്കിയതിനെതിരെ പ്രതിപക്ഷം കോടതിയെ സമീപിച്ചേക്കും.
ലോക്സഭയില്‍ മൂന്നു പേരെകൂടി സസ്പെന്‍ഡു ചെയ്തു. ഇതോടെ ലോകസഭയില്‍ സസ്പെന്‍ഷനിലായ എംപിമാരുടെ എണ്ണം നൂറായി. ഇരു സഭകളിലുമായി സസ്പെന്‍ഷനിലായവരുടെ എണ്ണം 146 ആയി.
പാര്‍ലമെന്റ് മന്ദിരത്തിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫിനു കൈമാറി. പാര്‍ലമെന്റില്‍ പുകയാക്രമണം നടത്തിയ സാഹചര്യത്തിലാണ് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനെ സുരക്ഷാ ചുമതല ഏല്പിച്ചത്. നേരത്തെ ഡല്‍ഹി പോലീസിനായിരുന്നു സുരക്ഷാ ചുമതല.
റോഡുകളില്‍ ടോള്‍ പ്ലാസകള്‍ക്കും ഫാസ്ടാഗുകള്‍ക്കും പകരം ജിപിഎസ് അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. റോഡ് ഉപയോഗിക്കുന്നതിനനുസരിച്ച് ടോള്‍ തുക നല്കുന്ന രീതിയാകും നിലവില്‍ വരികയെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം കോണ്‍ഗ്രസ് സ്വീകരിച്ചു. സോണിയ ഗാന്ധി നേരിട്ടോ കോണ്‍ഗ്രസ് പ്രതിനിധി സംഘമോ ചടങ്ങിനെത്തുമെന്ന് എഐസിസി അറിയിച്ചു.
ജമ്മുകാഷ്മീരില്‍ ഭീകരാക്രമണം. പൂഞ്ചിലെ സൈനിക വാഹനത്തിനു നേരെ ഭീകരാക്രമണമുണ്ടായി. കൂടുതല്‍ സൈനികര്‍ പൂഞ്ചിലേക്ക് എത്തിയിട്ടുണ്ട്.
യുകെയില്‍ കാണാതായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഡിസംബര്‍ 14 ന് അര്‍ദ്ധരാത്രി കാണാതായ 23 വയസുകാരന് ഗുരഷ്മാന്‍ സിങ് ഭാട്ടിയയുടെ മൃതദേഹമാണ് ഈസ്റ്റ് ലണ്ടനിലെ കാനറി വാര്‍ഫിലുള്ള തടാകത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്.
ദേശീയ ഗുസ്തി ഫെഡറേഷന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണ് സിംഗിന്റെ പാനല്‍ വിജയം നേടിയതോടെ ഗുസ്തിയില്‍നിന്നു വിരമിക്കുകയാണെന്നു പ്രഖ്യാപിച്ച് ഗുസ്തി താരം സാക്ഷി മാലിക. വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് ബൂട്ട് ഊരി മേശപ്പുറത്തുവച്ച് സാക്ഷി മാലിക് ഇറങ്ങിപ്പോയി.