പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡു ചെയ്തതിനെതിരേ പാര്‍ലമെന്റ് സമ്മേളനം സമാപിക്കുന്ന വെള്ളിയാഴ്ച പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. പാര്‍ലമെന്റിലെ അതിക്രമം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനു പ്രതിപക്ഷ അംഗങ്ങളെയെല്ലാം സസ്‌പെന്‍ഡു ചെയ്തതു ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ഇന്ത്യ സഖ്യ യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍ നിര്‍ദേശിച്ചു. എന്നാല്‍, ഇപ്പോള്‍ ശ്രദ്ധ തെരഞ്ഞെടുപ്പിലാണെന്നും സ്ഥാനാര്‍ത്ഥിയായി ആരെയും നിര്‍ദേശിക്കേണ്ടെന്നും ഖര്‍ഗെ നിലപാടെടുത്തു.
ക്രിസ്മസിനു റേഷന്‍ മുടങ്ങില്ല. റേഷന്‍ വിതരണത്തിനു സിവില്‍ സപ്ലൈസ് കോര്‍പറേഷന് സംസ്ഥാന സര്‍ക്കാര്‍ 185.64 കോടി രൂപ അനുവദിച്ചു. റേഷന്‍ സാധനങ്ങള്‍ വിതരണത്തിന് എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയ്ക്കായാണ് തുക അനുവദിച്ചത്.
കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്കു സാധ്യത. കോമറിന്‍ മേഖലക്കു മുകളില്‍ ചക്രവാതച്ചുഴി നിലനില്കുന്നുണ്ട്. ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം വിലക്കി. കേരള – കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അഞ്ചുമാസമായി ലഭിക്കാത്ത വിധവ പെന്‍ഷന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ അടിമാലി സ്വദേശിനി മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സര്‍ക്കാരിന്റെയും അടിമാലി പഞ്ചായത്തിന്റെയും വിശദീകരണം തേടി. ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
തിരുവനന്തപുരത്ത് ഗവര്‍ണറുടെ വാഹന വ്യൂഹത്തിനു നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ പൊലീസിനു സുരക്ഷ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിജിപി. വാഹന വ്യൂഹം കടന്നു പോകാന്‍ സാധ്യതയുള്ള എല്ലാ റൂട്ടിലും പൊലീസ് സുരക്ഷയുണ്ടായിരുന്നു. അപ്രതീക്ഷിതമായി ജനകൂട്ടത്തിനുള്ളില്‍നിന്ന് എസ്എഫ്‌ഐക്കാര്‍ പൈലറ്റ് വാഹനത്തിനു മുന്നില്‍ വീഴുകയായിരുന്നുവെന്നീന് ചീഫ് സെക്രട്ടറിക്കു ഡിജിപി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏഴു പ്രതികള്‍ റിമാന്‍ഡിലാണ്. രാജ്ഭവന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കേയാണ് ഡിജിപി റിപ്പോര്‍ട്ടു നല്‍കിയത്.
സര്‍വകലാശാല സെനറ്റംഗങ്ങളായി യോഗ്യതയുള്ള സംഘപരിവാറുകാരെ നിയമിക്കുകയാണെങ്കില്‍ എതിര്‍ക്കില്ലെന്നു കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. സംഘപരിവാര്‍ അനുകൂലികളും ജനാധിപത്യത്തിന്റെ ഭാഗമാണെന്നു സുധാകരന്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ ജനാധിപത്യത്തിന്റെ കൂട്ടക്കശാപ്പാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഇത്രയേറെ എം പിമാരെ ഒന്നിച്ച് സസ്‌പെന്‍ഡ് ചെയ്തത് ജനാധിപത്യ വിരുദ്ധമാണ്. ഏകാധിപത്യത്തിന്റെ ഇരകളാക്കപ്പെട്ടതില്‍ അഭിമാനമേയുള്ളൂ. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം തുടരുമെന്നും സുധാകരന്‍ പറഞ്ഞു.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നവ കേരള സദസ് നിര്‍ത്തിവയ്ക്കണമെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ തീവ്രവ്യാപനശേഷിയുള്ള കൊവിഡ് രോഗം പടര്‍ന്നുപിടിക്കുന്നതു ജനങ്ങള്‍ക്കു ഭീഷണിയാണെന്നും ജോര്‍ജ് പറഞ്ഞു.
കൊവിഡ് വ്യാപനം നേരിടാന്‍ ആശുപത്രികളില്‍ മാസ്‌ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം നിര്‍ദേശിച്ചു. ആരോഗ്യപ്രവര്‍ത്തകരും ആശുപത്രികളില്‍ എത്തുന്ന രോഗികളും മാസ്‌ക് ഉപയോഗിക്കണം.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്ന കേസില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിയോടു വിശദീകരണം തേടി. ഹര്‍ജി ഹൈക്കോടതി ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കും. മൂവാറ്റുപുഴ സ്വദേശിയാണ് ഹര്‍ജി നല്‍കിയത്.
കേരള സര്‍വകലാശാല ആസ്ഥാനത്തു ഗവര്‍ണര്‍ക്കെതിരേ എസ് എഫ് ഐ ഉയര്‍ത്തിയ ബാനര്‍ ഉടനടി നീക്കണമെന്നു വൈസ് ചാന്‍സലര്‍ ഡോ. കെ. മോഹനന്‍ രജിസ്ട്രാര്‍ക്കു നിര്‍ദേശം നല്‍കി. സര്‍വകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന ബാനര്‍ അനുവദിക്കാനാവില്ലെന്നാണ് വി സി നല്‍കിയ ഉത്തരവില്‍ പറയുന്നത്.
ശബരിമലയില്‍ ഭക്തജനത്തിരക്ക്. വരി അപ്പാച്ചിമേട്ടിലെത്തി. ഇന്നലെ വൈകുന്നേരത്തോടെ 70000 ഭക്തര്‍ 18-ാം പടി കയറിയെന്നു പൊലീസ് അറിയിച്ചു. അപ്പാച്ചിമേട് മുതല്‍ ബാച്ചുകളായാണ് ഭക്തരെ സന്നിധാനത്തേയ്ക്ക് അയക്കുന്നത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 23 വര്‍ഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ. കരുനാഗപ്പള്ളി പുത്തന്‍പുരയ്ക്കല്‍ അന്‍സലിനെയാണ് പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കേസിന്നാസ്പദമായ സംഭവം നടന്നത്.
കടല്‍ കാഴ്ചകള്‍ കാണന്‍ തിരുവനന്തപുരത്തെ വര്‍ക്കലയില്‍ സജ്ജമാക്കിയ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് പുതുവത്സരാഘോഷത്തോടനുഹന്ധിച്ച് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 100 മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയുമുള്ള ബ്രിഡ്ജാണിത്. അവസാന ഭാഗത്ത് 11 മീറ്റര്‍ നീളത്തിലും ഏഴു മീറ്റര്‍ വീതിയിലുമുള്ള പ്ലാറ്റ്‌ഫോമും ഒരുക്കിയിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് അഞ്ചംഗ സമിതി രൂപികരിച്ചു. മുകുള്‍ വാസ്‌നിക്കാണ് കണ്‍വീനര്‍. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്, ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ എന്നവര്‍ സമതി അംഗങ്ങളാണ്.
ലോകത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലെ ആദ്യ അമ്പതില്‍ ഇന്ത്യയിലെ ഒരു സ്ഥാപനംപോലും ഇല്ലെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഏറ്റവും പാരമ്പര്യമുള്ള വൈജ്ഞാനിക രാജ്യമായിട്ടും ഉന്നത വിദ്യാഭ്യാസത്തില്‍ മികവു നേടാനാകാത്തതു പരിഹരിക്കണം. ഗോരഖ്പൂര്‍ ഐഐടിയിലെ ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി.
മധ്യപ്രദേശ് നിയമസഭയില്‍നിന്ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഛായാചിത്രം നീക്കം ചെയ്തു. പകരം അംബേദ്കറുടെ ചിത്രം സ്ഥാപിച്ചു. പുതിയ ബിജെപി സര്‍ക്കാര്‍ തിങ്കളാഴ്ച ആദ്യ നിയമസഭാ സമ്മേളനം വിളിച്ചിരിക്കേയാണ് സ്പീക്കറുടെ കസേരക്കു പിന്നില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രത്തോടൊപ്പം ഉണ്ടായിരുന്ന നെഹ്‌റുവിന്റെ ഛായാചിത്രം നീക്കം ചെയ്തത്.
രാജ്യസഭ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധന്‍ക്കറിനെ ഭാവാഭിനയത്തിലൂടെ അനുസരിച്ചു പരിഹസിച്ച് പ്രതിപക്ഷ എംപിമാര്‍. പാര്‍ലമെന്റിനു പുറത്തെ പ്രതിഷേധത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയാണു ജഗ്ദീപ് ധന്‍കറെ അനുകരിച്ചത്. രാഹുല്‍ഗാന്ധി അടക്കമുള്ള എംപിമാര്‍ അതു ക്യാമറയില്‍ പകര്‍ത്തി. എന്നാല്‍ പ്രതിപക്ഷത്തിന്റെ കോമഡി അസംബന്ധമാണെന്നായിരുന്നു ജഗ്ദീപ് ധന്‍കറിന്റെ വിമര്‍ശനം.
2022- 23 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 40.39 കോടി രൂപയുടെ പിഴ ചമുത്തിയെന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കരാദ്. ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഈ വിവരം.