പാര്‍ലമെന്റില്‍ 78 പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡു ചെയ്തു. പാര്‍ലമെന്റ് ആക്രമണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിലും രാജ്യസഭയിലും ബഹളംവച്ച എംപിമാരെയാണ് പുറത്താക്കിയത്. ആദ്യം ലോക്‌സഭയില്‍ 30 പേരെയും രാജ്യസഭയില്‍ 34 പേരെയും സസ്‌പെന്‍ഡു ചെയ്തു. പിറകേ 14 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ചിലര്‍ക്കു മൂന്നു മാസമാണ് സസ്‌പെന്‍ഷന്‍ കാലാവധി. കോണ്‍ഗ്രസിന്റെ ലോക്‌സഭയിലെ കക്ഷി നേതാവായ അധീര്‍ രഞ്ജന്‍ ചൗധരി, കെ സി വേണുഗോപാല്‍, ജയറാം രമേശ്, ബിനോയ് വിശ്വം എന്നിവരടക്കമുള്ള 78 എം പിമാരെയാണ് ഇന്ന് സസ്‌പെന്‍ഡ് ചെയ്തത്. കെ മുരളീധരന്‍, ആന്റോ ആന്റണി, എന്‍ കെ പ്രേമചന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഇ ടി മുഹമ്മദ് ബഷീര്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരേയും സസ്‌പെന്‍ഡു ചെയ്തിട്ടുണ്ട്.
എസ്എഫ്‌ഐ പ്രതിഷേധം കൂസാതെ കാലിക്കറ്റ് സര്‍വകലാശാലയിലെ സെമിനാര്‍ വേദിയില്‍ പ്രസംഗിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരീക്ഷാ ഭവനു സമീപം കറുത്ത വസ്ത്രം ധരിച്ചും കറുത്ത ബലൂണ്‍ പറത്തിയും നൂറുകണക്കിന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധിച്ചു. പ്രതിഷേധത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ രണ്ടു മണിക്കൂര്‍ താന്‍ മിഠായി തെരുവില്‍ നടന്നിട്ടും ഒരു പ്രതിഷേധവും കണ്ടില്ലെന്നും ഇവിടെ പ്രതിഷേധിക്കുന്നതു എസ്എഫ്‌ഐ ക്രിമിനല്‍ സംഘമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല സനാതന ധര്‍മ്മപീഠവും ഭാരതീയ വിചാര കേന്ദ്രവുമാണ് സെമിനാര്‍ നടത്തിയത്. സെമിനാറില്‍ അധ്യക്ഷനാകേണ്ടിയിരുന്ന കാലിക്കറ്റ് വൈസ് ചാന്‍സലര്‍ എം.കെ ജയരാജ് വിട്ടുനിന്നു.
നവകേരളാ സദസ് നടത്തിപ്പിനു ജില്ലാ കളക്ടര്‍മാര്‍ പരസ്യ വരുമാനത്തിലൂടെ ചെലവു കണ്ടെത്തണമെന്ന സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. പണം സമാഹരിക്കുന്നതിനും കണക്കില്‍പ്പെടുത്തുന്നതിനും മാര്‍ഗ നിര്‍ദേശങ്ങള്‍ ഇല്ലെന്ന കാരണത്താലാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. എന്നാല്‍ പണം കണ്ടെത്താനുള്ള ഉത്തരവ് പൂര്‍ണമായും സ്റ്റേ ചെയ്തിട്ടില്ല.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നവരെ മര്‍ദിക്കുന്ന പോലീസ് ഗവര്‍ണറെ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയെ ചേര്‍ത്തു പിടിച്ച് ‘മോനേ വിഷമിക്കല്ലേ’ എന്നു പറഞ്ഞുകൊണ്ടാണു കൊണ്ടുപോയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒരു പാല്‍കുപ്പികൂടി കൊടുക്കേണ്ടതാണ്. പോലീസും ഭരണാധികാരികളും കാട്ടിക്കൂട്ടുന്ന ഈ പ്രഹസനം ജനം കാണുന്നുണ്ടെന്നും സതീശന്‍.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ യാത്രാപരിപാടിയില്‍ മാറ്റം വരുത്തി നേരത്തെ കോഴിക്കോട് വിമാനത്താവളത്തിലേക്കു പോയി. രാത്രി ഏഴോടെ വിമാനത്താവളത്തിലേക്കു പോകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കാലിക്കട്ട് സര്‍വകലാശാലയിലെ സെമിനാറിനുശേഷം അദ്ദേഹം നേരെ വിമാനത്താവളത്തിലേക്കു പോകുകയായിരുന്നു. ഗവര്‍ണര്‍ പോയശേഷം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു.
ഗവര്‍ണര്‍ക്കെതിരായ സമരം ശക്തമാക്കുമെന്നും എല്ലാ കമ്പസുകളിലേക്കും സമരം വ്യാപിപ്പിക്കുമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ പറഞ്ഞു.
മുല്ലപ്പെരിയാര്‍ ഡാം തുറക്കാന്‍ തീരുമാനം. അതിശക്ത മഴയില്‍ ജലനിരപ്പ് കുതിച്ചുയര്‍ന്നതോടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ നാളെ രാവിലെ പത്തിന് തുറക്കും. സെക്കന്‍ഡില്‍ 10,000 ഘനയടി വെള്ളം വരെ തുറന്നു വിടാന്‍ സാധ്യതയുണ്ട്. പെരിയാര്‍ തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്നു നിര്‍ദേശം.
സുല്‍ത്താന്‍ ബത്തേരിയില്‍ കര്‍ഷകനായ പ്രജീഷിനെ കടിച്ചു കൊന്ന നരഭോജി കടുവ കൂട്ടില്‍ കുടുങ്ങി. പ്രജീഷിനെ കൊലപ്പെടുത്തിയ സ്ഥലത്തിനടുത്തുവച്ച കെണിയിലാണ് കടുവ കുടുങ്ങിയത്. കടുവയെ വെടിവച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വനംവകുപ്പിനെതിരെ മുദ്രാവാക്യം വിളിച്ച് രംഗത്തിറങ്ങി.
ശബരിമലയിലെ കടകളില്‍ അമിതവില ഈടാക്കുന്നുവെന്ന പരാതി പരിഹരിക്കണമെന്നു ഹൈക്കോടതി. ബന്ധപ്പെട്ടവരുടെ ഇമെയില്‍, നമ്പര്‍ എന്നിവ പ്രദര്‍ശിപ്പിക്കാനും കോടതിയുടെ നിര്‍ദേശിച്ചു.
തിരുവനന്തപുരം നഗരത്തിലെ മാനവീയം വീഥിയിലെ നൈറ്റ് ലൈഫിനു രാത്രി 11 വരെ മൈക്ക് ഉപയോഗിക്കാന്‍ അനുമതി. രാത്രി 7.30 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നൈറ്റ് ലൈഫ്. രാത്രി 11 നു ശേഷം ഉച്ചഭാഷിണിയില്ലാതെ പരിപാടി അവതരിപ്പിക്കാം.
പെരുമ്പാവൂരില്‍ കുളത്തിലേക്കു ഹിറ്റാച്ചി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ആന്ധ്ര സ്വദേശിയായ ഡ്രൈവര്‍ ദിവാങ്കര്‍ ശിവാങ്കി ആണ് മരിച്ചത്.
കര്‍ണാടകയില്‍ എന്‍ഐഎ നടത്തിയ റെയ്ഡിനിടെ ഐഎസുമായി ബന്ധമുള്ള എട്ടു പേര്‍ അറസ്റ്റിലായി. മുംബൈ, പൂനെ, ഡല്‍ഹി തുടങ്ങിയ 19 ഇടങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.
മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചു. ഈ മാസം 21 നു ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. കഴിഞ്ഞ മാസം രണ്ടിനു ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കെജരിവാള്‍ ഹാജരായില്ല.
മംഗളൂരുവില്‍ വളര്‍ത്തുമകള്‍ കാണാതായതിന്റെ പേരില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തതിന് പെണ്‍കുട്ടിയുടെ കാമുകനടക്കം നാലു പേരെ കാസര്‍കോടുനിന്ന് പൊലീസ് അറസ്റ്റു ചെയ്തു. ദത്തുപുത്രിയുടെ കാമുകനും ഷിര്‍വ സ്വദേശിയുമായ ഗിരീഷ് (20), കൂട്ടാളികളായ രൂപേഷ് (22), ജയന്ത് (23), മേജൂര്‍ സ്വദേശി മുഹമ്മദ് അസീസ് എന്നിവരാണ് അറസ്റ്റിലായത്. ലീലാധര്‍ ഷെട്ടിയും (68) ഭാര്യ വസുന്ധരയുമാണു മരിച്ചത്.
ഡ്രൈവറില്ലാ കാറുകള്‍ ഇന്ത്യയില്‍ ഇറക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഡ്രൈവര്‍മാരുടെ ജോലി സംരക്ഷിക്കാനാണിത്. ഐഐഎം നാഗ്പൂര്‍ ആതിഥേയത്വം വഹിച്ച സീറോ മൈല്‍ സംവാദിന്റെ ഭാഗമായി ബിസിനസ് ടുഡേയോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലഖ്‌നൗവിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ തീപിടിച്ച് യുവതിയും കുഞ്ഞും മരിച്ചു. ലഖ്‌നൗ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ആശുപത്രിയിലാണ് സംഭവം.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് കാണാതായി ഒരു വര്‍ഷത്തിനു ശേഷം കണ്ടെത്തിയ തക്കാളിയുടെ ചിത്രം നാസ പുറത്തുവിട്ടു. ബഹിരാകാശ നിലയത്തില്‍ വളര്‍ത്തിയെടുത്ത തക്കാളിയുടെ ആദ്യ ഫലമാണ് കാണാതായിരുന്നത്.