night news hd 6

 

മണിപ്പൂര്‍ കലാപക്കേസുകളുടെ അന്വേഷണ മേല്‍നോട്ടത്തിന് മൂന്നംഗ ജുഡീഷ്യല്‍ സമിതിയെ സുപ്രീം കോടതി നിയോഗിച്ചു. സിബിഐ, പോലീസ് അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്കു പുറമേ, വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പെടുത്തിയുള്ള അന്വേഷണവും ഉണ്ടാകും. സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികളുടെ മേല്‍നോട്ടത്തിന് മഹാരാഷ്ട്ര മുന്‍ ഡിജിപി ദത്താത്രേയ പട്‌സാല്‍ക്കറിനെ കോടതി നിയമിച്ചു. മുന്‍ ഹൈക്കോടതി വനിതാ ജഡ്ജിമാരായ ഗീത മിത്തല്‍, ശാലിനി പി ജോഷി, മലയാളിയായ ആശ മേനോന്‍ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് ജുഡീഷ്യല്‍ മേല്‍നോട്ടം നിര്‍വഹിക്കുക. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതി സ്വമേധയാ സുപ്രധാന ഇടപെടല്‍ നടത്തിയത്.

നിയമവാഴ്ചയിലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കലാപക്കേസുകള്‍ അന്വേഷിക്കുന്നതിനൊപ്പം ഇരകളുടെ പുനരധിവാസം, ദുരിതാശ്വാസ പ്രവര്‍ത്തനം, നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളും സുപ്രീം കോടതി നിയോഗിച്ച സമിതി കൈകാര്യം ചെയ്യണം. നിലവിലുള്ള അന്വേഷണ സംഘത്തിനൊപ്പം വിവിധ സംസ്ഥാന പൊലീസുകളിലെ ഡിവൈഎസ്പി റാങ്കിലുള്ള അഞ്ച് ഉദ്യോഗസ്ഥരെകൂടി കോടതി നിയോഗിച്ചു. സിബിഐ അന്വേഷിക്കാത്ത 42 കേസുകള്‍ക്കായി പ്രത്യേക സംഘത്തെ നിയോഗിക്കും. ഇതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ആഭ്യന്തരമന്ത്രാലയം നിയമിക്കണം. മണിപ്പൂരിന് പുറത്തുള്ള ആറ് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കാണു മേല്‍നോട്ട ചുമതല.

കേന്ദ്ര സര്‍ക്കാര്‍ ക്ഷാമബത്ത (ഡിഎ) മൂന്നു ശതമാനം വര്‍ദ്ധിപ്പിച്ച് 45 ശതമാനമാക്കി ഉയര്‍ത്തും. ക്ഷാമബത്തയിലെ ഏറ്റവും പുതിയ വര്‍ദ്ധന ജൂലൈ ഒന്നിനു പ്രാബല്യത്തിലാകുന്ന രീതിയിലാണ് ഡിഎ വര്‍ദ്ധന നടപ്പാക്കുക. ഒരു കോടിയിലധികം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമാണ് പ്രയോജനമുണ്ടാവുക.

1960 ലെ ഭൂപതിവു നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. നടപ്പു നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. കൃഷിക്കും വീടു വയ്ക്കാനും അനുവദിച്ച ഭൂമിയില്‍ മറ്റു വിനിയോഗം ക്രമപ്പെടുത്താന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമമാണ് പാസാക്കുന്നത്.

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരേ നിയമസഭയില്‍ നാളെ പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. ഏക സിവില്‍ കോഡ് നടപ്പാക്കരുതെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടും. സഭ ഐകകണ്‌ഠേന പ്രമേയം പാസാക്കുമെന്നാണ് കരുതുന്നത്.

അദാനി ഗ്രൂപ്പുമായി സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുതലപ്പൊഴിയില്‍ കോണ്‍ഗ്രസിന്റെ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സതീശന്‍. മുതലപ്പൊഴിയിലെ പ്രശ്‌നം പരിഹരിക്കാതെ, സമരം നടത്തുന്ന മത്സ്യത്തൊഴിലാളിളെ തീവ്രവാദികളായി സര്‍ക്കാര്‍ മുദ്രകുത്തുകയാണ്. മന്ത്രിമാര്‍ ‘ഷോ കാണിക്കല്ലേ’ എന്ന് അധിക്ഷേപിച്ച് മടങ്ങിയെന്നും സതീശന്‍ പറഞ്ഞു.

ജസ്റ്റിസ് എസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിയോജനകുറിപ്പ് തള്ളിക്കൊണ്ടാണ് ഉന്നത സമിതി തീരുമാനം. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷനേതാവുമാണ് സമിതിയിലുള്ളത്. ഗവര്‍ണറാണ് അന്തിമ തീരുമാനമെടുക്കുക.

ഗള്‍ഫിലേക്കുള്ള വിമാനക്കൂലി കൊള്ളയാണെന്നു പാര്‍ലമെന്റില്‍ ഉന്നയിച്ച് ബെന്നി ബഹനാന്‍ എംപി. അവധി കഴിഞ്ഞ് ഗള്‍ഫ് രാജ്യങ്ങളിലേക്കു മടങ്ങുന്നവരെ കൊള്ളയടിക്കുന്ന വിമാന കമ്പനികള്‍ക്കെതിരെ നടപടി വേണമെന്നും ബെന്നി ബഹനാന്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

മിത്ത് വിവാദങ്ങള്‍ക്കിടെ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയില്‍ ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് ഭരണാനുമതി. കോടിയേരി കാരാല്‍തെരുവ് ഗണപതി ക്ഷേത്രത്തിലാണ് 64 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികള്‍. അടുത്ത മാസം പണി തുടങ്ങുമെന്ന് ക്ഷേത്രത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് സ്പീക്കര്‍ അറിയിച്ചു.

കണ്‍സഷന്‍ നല്‍കുന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളോട് ബസ് ജീവനക്കാര്‍ വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി. മറ്റു യാത്രക്കാര്‍ക്കുള്ള അതേ പരിഗണന വിദ്യാര്‍ത്ഥികള്‍ക്കും നല്‍കണം. വിവേചനം പലപ്പോഴും ക്രമസമാധാന നില തകരാറിലാകാന്‍ കാരണമാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

എലിഫന്റ് വിസ്പെറെഴ്സ് ഡോക്യുമെന്ററിയില്‍ അഭിനയിച്ച ബൊമ്മനും ബെല്ലിയും പ്രതിഫലമായി രണ്ടു കോടി രൂപ ആവശ്യപ്പെട്ട് നിര്‍മ്മാതക്കള്‍ക്കെതിരെ വക്കീല്‍ നോട്ടീസയച്ചു. വീടും കാറും പണവും നല്‍കാമെന്ന വാഗ്ദാനം നടപ്പാക്കിയില്ലെന്നാണു പരാതി. സിഖ്യ എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് ഡോക്യുമെന്ററിയുടെ നിര്‍മ്മാതാക്കള്‍.

സൗദി അറേബ്യയിലെ ബാങ്ക് വിളി വിഷയത്തില്‍ മാപ്പു പറയാന്‍ മന്ത്രി സജി ചെറിയാന് ഇരുപത്തിനാലു മണിക്കൂറുപോലും വേണ്ടിവന്നില്ല. മതനിന്ദയോ പ്രവാചകനിന്ദയോ ഇല്ലാത്ത പ്രസ്താവനയായിട്ടും സജി ചെറിയാന്‍ തിരുത്തി. ഗണപതിനിന്ദ നടത്തിയ ഷംസീര്‍ പറഞ്ഞതു തിരുത്തില്ലെന്നു വാശിയിലാണ്. താടിയുള്ള അപ്പൂപ്പനെയേ പേടിയുള്ളൂ. ഇടതുപച്ച തന്നെയെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ചലച്ചിത്ര സംവിധായകന്‍ സിദ്ധിഖിനെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധയും കരള്‍ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിലായിരുന്നു.

കാന്‍സര്‍ മരുന്നുകള്‍ പരമാവധി വില കുറച്ചു നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍.സി.സിയില്‍ ഹൈടെക് ഉപകരണങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അതിനൂതന സാങ്കേതിക സൗകര്യങ്ങളുള്ള 3 ടെസ്ല എം.ആര്‍.ഐ. യൂണിറ്റിന്റെയും 3 ഡി ഡിജിറ്റല്‍ മാമോഗ്രാഫി യൂണിറ്റിന്റെയും ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജും, സൗരോര്‍ജ ശീതീകരണ സംഭരണി, ജലശുദ്ധീകരണി എന്നിവയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും നിര്‍വഹിച്ചു.

കൊല്ലം കളക്ട്രേറ്റ് സ്‌ഫോടനക്കേസിലെ പ്രതികള്‍ വിലങ്ങ് ഉപയോഗിച്ച് കോടതിയുടെ ജനല്‍ ചില്ല് തകര്‍ത്തു. വിചാരണയ്ക്കായി പ്രതികളെ കൊല്ലത്തെ കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു അക്രമം. 2016 ജൂണ്‍ 15 ന് കൊല്ലം കലക്ട്രേറ്റില്‍ സ്‌ഫോടനം നടത്തിയ കേസിലെ പ്രതികളെ ആന്ധ്രാപ്രദേശിലെ കടപ്പ ജയില്‍നിന്നാണ് കൊല്ലത്ത് എത്തിച്ചത്.

മകളെ ശല്യം ചെയ്തതു വിലക്കിയ പിതാവിനെ കൊല്ലാന്‍ മുറിയിലേക്കു വിഷപാമ്പിനെ കടത്തിവിട്ട യുവാവ് പിടിയില്‍.
തിരുവനന്തപുരം കാട്ടക്കടയില്‍ അമ്പലത്തിന്‍കാല രാജുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് കിച്ചു എന്ന ഗുണ്ട് റാവു ആണ് പിടിയിലായത്.

പുനലൂരില്‍ ജീപ്പിനുള്ളില്‍ ഡ്രൈവര്‍ മരിച്ച നിലയില്‍. വെഞ്ചേമ്പ് മാവേലി സ്റ്റോറിനു സമീപം താമസിക്കുന്ന ഷാജഹാന്‍ (50) ആണ് മരിച്ചത്.

ഹരിപ്പാട് വെട്ടുവേനിയില്‍ പ്രഭാത സവാരിക്കിടെ വീട്ടമ്മ ഓടയില്‍ വീണു മരിച്ചു. വെട്ടുവേനി സജീവ് ഭവനത്തില്‍ തങ്കമണി (63) ആണ് മരിച്ചത്.

കാസര്‍കോട് ജില്ലിയലെ കുമ്പളയില്‍ പ്ലൈവുഡ് ഫാക്ടറി കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു. പയ്യന്നൂര്‍ കേളോത്ത് സ്വദേശി റൗഫാണ് മരിച്ചത്.

ലക്ഷദ്വീപിലെ മദ്യനിരോധനം പിന്‍വലിക്കുന്നു. അബ്കാരി നിയമത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. വിഷയത്തില്‍ പൊതുജനങ്ങള്‍ക്ക് 30 ദിവസത്തിനകം അഭിപ്രായം അറിയിക്കാം.

രാജ്യത്തെ ബാങ്കുകളില്‍ 87,295 കോടി രൂപയുടെ കിട്ടാക്കടം ഉണ്ടെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി രാജ്യസഭയില്‍. ഗീതാഞ്ജലി ജെംസ് ലിമിറ്റഡ്, എറ ഇന്‍ഫ്രാ എഞ്ചിനീയറിംഗ് ലിമിറ്റഡ്, ആര്‍ഇഐ അഗ്രോ ലിമിറ്റഡ്, എബിജി ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെ 50 മുന്‍നിരവായ്പാക്കാര്‍ മനഃപൂര്‍വ്വം കുടിശ്ശിക വരുത്തി. 2023 മാര്‍ച്ച് 31 വരെയുള്ള കണക്കാണിതെന്ന് സഹമന്ത്രി ഭഗവത് കരാദ് അറിയിച്ചു.

ബിഹാറിലെ ജാതി സര്‍വേ തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ജാതി സര്‍വേയ്ക്ക് അനുമതി നല്‍കിയ പാറ്റ്‌ന ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ 14 നു സുപ്രീം കോടതി പരിഗണിക്കാനിരിക്കേയാണ് അടിയന്തരമായി തടയണമെന്ന ആവശ്യം കോടതി തള്ളിയത്.

ഇന്ത്യയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള ശ്രമമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. പ്രധാനമന്ത്രിക്കും സര്‍ക്കാരിനുമെതിരെ അസത്യം പ്രചരിപ്പിക്കുന്നതില്‍ വിദേശ ശക്തികളുടെ ഇടപെടലുകളുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിറകേയാണ് പ്രതികരണം.

ക്രിസ്ത്യാനികളും മുസ്ലിംകളും പാക്കിസ്ഥാനിലേക്കു പോകണമെന്നു വാട്‌സ്ആപ് ഗ്രൂപ്പിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ തമിഴ്‌നാട്ടിലെ പൊലീസുകാരനെ സസ്‌പെന്‍ഡു ചെയ്തു. ചെന്നൈയിലെ ഇന്‍സ്പെക്ടര്‍ പി രാജേന്ദ്രനെതിരെയാണ് നടപടി.

മുംബൈയിലെ ബാന്ദ്രയില്‍ പൊലീസിന്റെ പിടിയിലായ ഓട്ടോ ഡ്രൈവര്‍ 40 കാരനായ ബാബു ഹുസൈന്‍ ശൈഖ് ബംഗ്ലാദേശ് പൗരനാണെന്ന് കണ്ടെത്തി. നിരോധിത മൊബൈല്‍ ആപ്ലിക്കേഷനായ ‘ഐഎംഒ – ഇന്‍ മൈ ഓപ്പീനിയന്‍’ ഉപയോഗിക്കവേയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *