ചന്ദ്രനിലെ മണ്ണിന് ഉയര്‍ന്ന താപ പ്രതിരോധ ശേഷിയുണ്ടെന്നു പര്യവേഷണ റിപ്പോര്‍ട്ട്. സൂര്യപ്രകാശമുള്ളപ്പോള്‍ ചന്ദ്രോപരിതലത്തെ ഊഷ്മാവ് അന്‍പത് ഡിഗ്രി സെല്‍ഷ്യസാണെങ്കിലും 80 മില്ലീമീറ്റര്‍ താഴെ ഊഷ്മാവ് മൈനസ് പത്ത് ഡിഗ്രി സെല്‍ഷ്യസ്. ചന്ദ്രനിലെ മണ്ണിന്റെ താപസ്വഭാവം പഠിക്കുന്ന ചാസ്‌തേയില്‍നിന്നുള്ള ഈ വിവരങ്ങള്‍ ഐഎസ്ആര്‍ഒയാണു പുറത്തുവിട്ടത്. ഇതാദ്യമായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മണ്ണിന്റെ താപനില അളക്കുന്നത്.
ചന്ദ്രനിലെ പര്യവേഷണത്തിനു പിറകേ, സൂര്യദൗത്യവുമായി ഐഎസ്ആര്‍ഒ. സൗര ഗവേഷണത്തിനുള്ള ഇന്ത്യയിലെ ആദ്യ പദ്ധതിയായ ആദിത്യ-എല്‍ 1 വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയില്‍ സജ്ജമാകുകയാണ്. സോളാര്‍ കൊറോണയെക്കുറിച്ചു പഠിക്കാനാണ് ആദിത്യ-എല്‍ 1 ബഹിരാകാശ പേടകം വിക്ഷേപിക്കുന്നത്. സൗരവാതകങ്ങളെക്കുറിച്ചും വിശദമായി പഠിക്കും.
ചന്ദ്രയാന്‍ മൂന്ന് ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്തി എന്നു പേരിട്ടതില്‍ വിവാദം വേണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. പേരിടാന്‍ ഓരോ രാജ്യത്തിനും അവകാശമുണ്ട്. ചന്ദ്രയാനില്‍നിന്നുള്ള ഒരു ചിത്രം ഡൗണ്‍ലോഡ് ചെയ്‌തെടുക്കന്‍ നാലു മണിക്കൂര്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ബാലരാമപുരത്തെ പൗര്‍ണമികാവില്‍ കുടുംബസമേതം ദര്‍ശനം നടത്തിയ സോമനാഥ്, ക്ഷേത്രദര്‍ശനം വ്യക്തിപരമാണെന്നും ചന്ദ്രയാന്‍ മിഷനുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബായിലേക്കുള്ള വിമാനം ആറു മണിക്കൂര്‍ വൈകി. രാവിലെ 8.30 ന് പുറപ്പെടേണ്ട കരിപ്പൂര്‍ – ദുബായ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് യന്ത്രത്തകരാര്‍ മൂലമാണ് വൈകിയത്. 180 യാത്രക്കാരെ 11 മണിയോടെ തിരിച്ചിറക്കി. രണ്ടരയോടെയാണ് വിമാനം പുറപ്പെട്ടത്.
മലപ്പുറം പെരുമ്പടപ്പില്‍ സുഹൃത്തിന്റെ എയര്‍ ഗണ്ണില്‍നിന്നു വെടിയേറ്റ് യുവാവ് മരിച്ചു. ആമയം സ്വദേശി ഷാഫിയാണു മരിച്ചത്. പാടത്തു കൊക്കിനെ വെടിവയ്ക്കുന്നതിനിടെ അബദ്ധത്തില്‍ വെയിയേല്‍ക്കുകയായിരുന്നു. സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
നിലമ്പൂരില്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് സഹോദരങ്ങളുടെ മക്കളായ രണ്ടു കുട്ടികള്‍ മരിച്ചു. മമ്പാട് സ്വദേശികളായ കുന്നുമ്മല്‍ സിദ്ധിഖിന്റെ മകന്‍ റയ്യാന്‍ (11) ഹമീദിന്റെ മകന്‍ അഫ്താബ് റഹ്‌മാന്‍ (14)എന്നിവരാണ് മരിച്ചത്.
ഓണമായിട്ടും വാര്‍ഡില്‍ കുടിവെള്ളമില്ലാത്തതില്‍ പ്രതിഷേധിച്ച് ജലസംഭരണിക്കു മുകളില്‍ കയറി ബിജെപി അംഗമായ വാര്‍ഡ് മെംബറുടെ ആത്മഹത്യാഭീഷണി. തിരുവനന്തപുരം കടയ്ക്കാവൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് ഭജനമഠത്തിലെ മെംബറായ അഭിലാഷാണ് നിലയ്ക്കാമുക്ക് പള്ളിമുക്കിലെ വാട്ടര്‍ ടാങ്കിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. രാത്രി 10 നു മുമ്പ് ഈ പ്രദേശത്ത് ജലം എത്തിക്കാമെന്ന് ഉറപ്പു ലഭിച്ചശേഷമാണ് അഭിലാഷ് താഴെ ഇറങ്ങിയത്.
കൊച്ചി നഗരത്തില്‍ റോഡ് മുറിച്ചുകടന്നതിനു പതിനഞ്ചുകാരനെ മര്‍ദ്ദിച്ച കാര്‍ യാത്രക്കാരന്‍ അറസ്റ്റില്‍. എളങ്കുന്നപ്പുഴ സ്വദേശി മനുവാണ് അറസ്റ്റിലായത്. റോഡ് മുറിച്ചു കടക്കാന്‍ കാര്‍ നിര്‍ത്തേണ്ടി വന്ന വൈരാഗ്യത്തോടെ കാറില്‍നിന്നു പുറത്തിറങ്ങിവന്ന് കൂട്ടിയുടെ ചെകിട്ടത്ത് അടിച്ചെന്നാണു കേസ്.
തിരുവനന്തപുരം ആര്യനാട് പുതുക്കുളങ്ങരയില്‍ യുവതി വീട്ടില്‍ തൂങ്ങി മരിച്ചു. വിതുര മരുതാമല സ്വദേശിയായ ബെന്‍സി ഷാജി (26) യാണ് മരിച്ചത്. ബെന്‍സി ഫിസിയോ തെറാപ്പിസ്റ്റും ഭര്‍ത്താവ് ജോബിന്‍ കൊറിയര്‍ സര്‍വ്വീസ് ജീവനക്കാരനുമാണ്.
ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍ സഹപാഠിയെക്കൊണ്ട് വിദ്യാര്‍ത്ഥിയെ അധ്യാപിക തല്ലിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കേരളാ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.
മലയാളി യുവതിയെ ബംഗളൂരുവില്‍ ലിവ് ഇന്‍ പാര്‍ട്ണര്‍ കുക്കര്‍ കൊണ്ടു തലയ്ക്കടിച്ചു കൊന്നു. തിരുവനന്തപുരം സ്വദേശിനി ദേവ (24) യാണ് കൊല്ലപ്പെട്ടത്. മൂന്നു വര്‍ഷമായി ഒപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷ്ണവിനെ (24) അറസ്റ്റു ചെയ്തു. യുവതിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്നു സംശയിച്ചാണ് ബേഗൂരിനടുത്ത ന്യൂ മികോ ലേ ഔട്ടില്‍ കൊലപാതകമുണ്ടായത്.
തമിഴ്‌നാട്ടിലെ പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനവിലക്ക്. മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനു പിറകേ, അഹിന്ദുക്കള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയെന്ന ബാനര്‍ പുനഃസ്ഥപിച്ചു. കേസ് നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും. അതേസമയം ബാനര്‍ ഒഴിവാക്കണമെന്നു സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.
മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക അടിപ്പിച്ച യുപിയിലെ മുസാഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിച്ചു. വിദ്യാര്‍ത്ഥികളെ സമീപത്തെ സ്‌കൂളുകളിലേക്കു മാറ്റണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.
‘ഇന്ത്യ’ സഖ്യത്തിലേക്ക് കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എത്തുമെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍. ഏതെല്ലാം പാര്‍ട്ടികളാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ‘ഇന്ത്യ’യുടെ അടുത്ത യോഗത്തില്‍ സീറ്റ് വിഭജനം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ അഞ്ചു മെട്രോ സ്റ്റേഷനുകളില്‍ ഖാലിസ്ഥാന്‍ അനൂകൂല ചുവരെഴുത്ത്. ജി 20 ഉച്ചകോടിക്കെതിരെയും മുദ്രവാക്യമുണ്ട്. ഇതു സംബന്ധിച്ച പുതിയ വീഡിയോയും ഖാലിസ്ഥാന്‍ സംഘടന പുറത്തു വിട്ടു. ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സംഘം അന്വേഷണം ആരംഭിച്ചു.
ദരിദ്രരെ ഇടത്തരം സാമ്പത്തിക അവസ്ഥയിലേക്കു വളര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിന് ഉതകുന്ന സാമ്പത്തിക നയങ്ങളാണ് ഇനി നടപ്പാക്കുക. ആഗോള ബീസിനസ് സമൂഹത്തിനായുള്ള ജി 20 ചര്‍ച്ചാവേദിയായ ബി 20 യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളിലെ അനധികൃത പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ടു പേര്‍ മരിച്ചു. ദുട്ടപുകൂരില്‍ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മാണശാലയാണു സ്‌ഫോടനത്തില്‍ തകര്‍ന്നത്. നിരവധി പേര്‍ക്കു പരിക്കേറ്റു.
ഫ്രാന്‍സില്‍ മിച്ചംവന്ന വീഞ്ഞ് നശിപ്പിക്കാന്‍ 20 കോടി യൂറോ ചെലവാക്കുന്നു. ജനങ്ങള്‍ വൈന്‍ കുടിക്കാതെ കൂടുതല്‍ ബീയര്‍ കുടിക്കാന്‍ തുടങ്ങിയതാണ് ഇത്രയേറെ വൈന്‍ കെട്ടിക്കിടക്കാന്‍ കാരണം. കോവിഡ് കാലത്ത് വൈന്‍ ഉല്‍പാദനം വര്‍ധിക്കുകയും ഡിമാന്‍ഡ് കുറയുകയും ചെയ്തിരുന്നു. വൈന്‍ ഉല്‍പാദകര്‍ക്കു സബ്‌സിഡിയായാണ് ഇത്രയും തുക നല്‍കുന്നത്.