മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേ ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കുടുംബവീട്ടില്‍ നാളെ റവന്യൂ വിഭാഗം സര്‍വേ നടത്തും. കോതമംഗലം കടവൂര്‍ വില്ലേജിലെ ഭൂമിയാണ് അളക്കുന്നത്. വിജിലന്‍സിന്റെ ആവശ്യമനുസരിച്ചാണ് സര്‍വേ നടത്തുന്നത്. ഇവിടെ നിലം മണ്ണിട്ട് നികത്തിയെന്നു നേരത്തെ പരാതി ഉണ്ടായിരുന്നു.
മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ സമരവുമായി ഡിവൈഎഫ്‌ഐ. നാളെ രാവിലെ 11 ന് എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ചു നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി വികെ സനോജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയതു പത്തു പേര്‍. പത്രിക സമര്‍പ്പണത്തിനുള്ള സമയം ഇന്നലെ അവസാനിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ലൂക്ക് തോമസാണ്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണി സ്ഥാനാര്‍ഥികള്‍ക്കു പുറമേ, ആറ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമുണ്ട്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ആകെ 15,98,600 രൂപയുടെ സ്വത്തുണ്ടെന്ന് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു. വ്യക്തിഗത വായ്പകള്‍ ഉള്‍പ്പെടെ 12,72,579 രൂപയുടെ ബാധ്യതകളുമുണ്ട്. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. 25,000 രൂപ മാസ ശമ്പളമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ എ.രാജ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ചത്തേക്കു മാറ്റി. കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാനപ്പെട്ട് രേഖകള്‍ ഹൈക്കോടതിയില്‍നിന്ന് സുപ്രീം കോടതിക്കു കൈമാറിയില്ലെന്നു കേസിലെ എതിര്‍കക്ഷി ഡി കുമാറിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ വേട്ടയുടെ ഒടുവിലത്തെ അധ്യായമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ നിയമപരമായി തൊഴില്‍ ചെയ്തു ജീവിക്കാനുള്ള വ്യക്തി സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ്. മന്ത്രി പറഞ്ഞു.
മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകന്‍ ഡോ. പ്രിയേഷിനെ അപമാനിച്ചെന്ന പരാതിയില്‍ കേസെടുക്കില്ലെന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ്. പരാതിയില്ലെന്ന് അധ്യാപകന്‍ പ്രിയേഷ് പൊലീസിനു മൊഴി നല്‍കിയതോടെയാണ് കേസെടുക്കേണ്ടതെന്ന് തീരുമാനിച്ചത്.
വയറിനകത്തെ മുഴ നീക്കം ചെയ്യുന്നതിനുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയക്കിടെ സര്‍ജിക്കല്‍ ക്ലിപ്പ് പതിനാലുകാരന്റെ വയറില്‍ കുടുങ്ങി. തൃശൂര്‍ ദയ ആശുപത്രിയിലെ ശസ്ത്രക്രിയയിലാണ് പിഴവ്. വയറിനകത്ത് പഴുപ്പുണ്ടായതോടെ കുട്ടിയെ എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി സര്‍ജിക്കല്‍ ക്ലിപ്പ് പുറത്തെടുത്തു. കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.
ഒ.പി ടിക്കറ്റെടുക്കാന്‍ രോഗികളെ പൊരിവെയിലത്തു വരിനിര്‍ത്തിയ കോഴിക്കോട് കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു.
കേരളത്തിലെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗത്തെ കാണാതായി. പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി എത്തിയ രാജേഷ് രവീന്ദ്രന്‍ എന്ന മുപ്പത്തെട്ടുകാരനെയാണു കാണാതായത്. തമിഴ്‌നാട്ടില്‍നിന്നേ എത്തിയ ഇയാള്‍ തിരുവല്ല മതില്‍ഭാഗം സത്രം ഓഡിറ്റോറിയത്തില്‍ ക്യാമ്പ് ചെയ്യുന്ന സംഘത്തിലെ ഡ്രൈവറായിരുന്നു ഇദ്ദേഹം.
മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ ഐ ജി ലക്ഷ്മണ്‍ ആണെന്ന് ക്രൈം ബ്രാഞ്ച്. ഐ ജിക്കെതിരെ ഗൂഢാലോചന കുറ്റംകൂടി ചുമത്തി. ഇടക്കാല ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജിയില്‍ അനുബന്ധമായി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ വിവരം.
ഗ്രാമീണ മേഖലകളിലെ റേഷന്‍ കടകളില്‍ പ്രദേശത്തെ കര്‍ഷകരുടെയും കുടുംബശ്രീയുടെയും ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അവസരം ഒരുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. നെടുമങ്ങാട് നഗരസഭയും, കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വാക്‌സീന്‍ മാറി കുത്തിവച്ചതിനു നഴ്‌സിനെ സസ്‌പെന്‍ഡു ചെയ്തു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്എന്‍ ചാരുതയെയാണ് സസ്‌പെന്‍ഡു ചെയ്തത്.
പതിനഞ്ചുകാരിയെ പായസപ്പുരയിലേക്കു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച പൂജാരിയെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല മുണ്ടയില്‍ മേലതില്‍ ശ്രീനാഗരുകാവ് ദുര്‍ഗ്ഗാ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരി ചിറയിന്‍കീഴ് സ്വദേശി 34 കാരനായ ബൈജുവാണ് അറസ്റ്റിലായത്.
കളമശേരിയിലെ എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിനു സമീപം് തലയോട്ടി കണ്ടെത്തി. ഒരു വര്‍ഷത്തോളം പഴക്കം സംശയിക്കുന്നുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള ടൂറിസ്റ്റ് വാഹനങ്ങളില്‍നിന്ന് പ്രവേശനനികുതി ഈടാക്കരുതെന്നു കേന്ദ്രസര്‍ക്കാര്‍. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. ടൂറിസ്റ്റു വാഹനങ്ങള്‍ക്കു ചില സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നികുതി ഈടാക്കുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി.
ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ബിജെപി പ്രഖ്യാപിച്ചു. മധ്യപ്രദേശില്‍ 39 അംഗ പട്ടികയും ഛത്തീസ്ഗഢില്‍ 21 പേരുടെ പട്ടികയുമാണ് പുറത്തുവിട്ടത്.
റെയില്‍വെ വികസനത്തിന് 32,500 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയാണ് ഏഴു മള്‍ട്ടിട്രാക്കിംഗ് പദ്ധതികള്‍ക്കായി ഇത്രയും തുക അനുവദിച്ചത്.
വ്യാജ സിമ്മുകള്‍ തടയാന്‍ സിം വില്‍ക്കുന്നവര്‍ക്ക് പൊലീസ് വെരിഫിക്കേഷന്‍, ബയോമെട്രിക് വെരിഫിക്കേഷന്‍, രജിസ്റ്റേഷന്‍ എന്നിവ നിര്‍ബന്ധമാക്കും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് 10 ലക്ഷം രൂപ പിഴ ഈടാക്കും. വ്യാജ സിമ്മുകള്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ക്കായി ദുരുപയോഗിക്കപ്പെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
മൈസൂരില്‍നിന്ന് 25 കോടി രൂപയുടെ കിംഗ്ഫിഷര്‍ ബിയര്‍ കുപ്പികള്‍ കര്‍ണാടക എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തു. അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനാലാണു വില്‍പ്പന തടഞ്ഞത്.
പൊതുവേദിയില്‍ എംപിയോടും മേയറോടും കയര്‍ത്ത് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്തിലെ ബിജെപി എംഎല്‍എയുമായ റിവാബ ജഡേജ. ബിജെപി എംപിയായ പൂനംബെന്‍ ഹേമത് ഭായിയും ജാംനഗര്‍ മേയര്‍ ബിനാബെന്‍ കോത്താരിയും പങ്കെടുത്ത ചടങ്ങിലായിരുന്നു സംഭവം. പോര്‍വിളിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍.
യാത്രയ്ക്കിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് പൈലറ്റ് വിമാനത്തില്‍ മരിച്ചു. മിയാമിയില്‍ നിന്ന് ചിലിയിലേക്കു യാത്ര ചെയ്യുകയായിരുന്ന ലതാം എയര്‍ലൈന്‍സിന്റെ എല്‍എ 505 വിമാനത്തിലായിരുന്നു സംഭവം. തുടര്‍ന്ന് കോപൈലറ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കി. 271 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിലെ ക്യാപ്റ്റനായിരുന്ന 56 കാരന്‍ ഇവാന്‍ ആന്‍ഡുറാണ് മരിച്ചത്.