ഉത്തര്‍പ്രദേശില്‍ മുന്‍ എം പി ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷറഫിനെയും പൊലീസ് കസ്റ്റഡിയില്‍ വെടിവച്ചു കൊന്നതു പ്രശസ്തിക്കു വേണ്ടിയാണെന്നു പ്രതികള്‍ പറഞ്ഞെന്നു പോലീസ്. ഉത്തര്‍പ്രദേശിലെ അധോലോക സംഘമാകാനാണ് കൊലപാതകത്തിലൂടെ തങ്ങള്‍ ശ്രമിച്ചതെന്നു പ്രതികള്‍ പറഞ്ഞെന്നാണു പൊലീസിന്റെ വിശദീകരണം. കേസില്‍ അഞ്ച് പേര്‍ക്കെതിരെയാണ് കേസ്. കസ്റ്റഡിയിലുള്ള മൂന്നു പേരെ കൂടാതെ തിരിച്ചറിയാത്ത രണ്ടു പേരെയും പ്രതിയാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം യുപി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. യുപിയില്‍ നിരോധനാജ്ഞ തുടരുകയാണ്.
ആതിഖ് അഹമ്മദിനേയും സഹോദരനേയും വെടിവച്ചുകൊല്ലാന്‍ പ്രതികള്‍ ഉപയോഗിച്ചതു തുര്‍ക്കിഷ് നിര്‍മ്മിത സിഗാന പിസ്റ്റള്‍. ഈ പിസറ്റളിന് ഏഴു ലക്ഷം രൂപ വില വരും. ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ള ഇനമാണിത്. തൊഴിലും വരുമാനവും ഇല്ലാത്തവരും മയക്കുമരുന്നു സ്ഥിരമായി ഉപയോഗിക്കുന്നവരുമായ പ്രതികള്‍ക്ക് എങ്ങനെ ഇത്രയും വിലയുള്ള തോക്കു ലഭിച്ചെന്നു വ്യക്തമല്ല. പ്രതികളെ കോടതി പതിനാല് ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ട്രെയിന്‍ തീവയ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി. കോഴിക്കോട് മജിസ്‌ട്രേട്ട് കോടതിയില്‍ പ്രത്യേക അന്വേഷണ സംഘ റിപ്പോര്‍ട്ട് നല്‍കി. തീവയ്പിന പിന്നില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കണ്ണൂര്‍ – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് മംഗലുരു വരെ നീട്ടണമെന്നും റെയില്‍ പാളങ്ങളിലെ വളവുകള്‍ നിവര്‍ത്തി അതിവേഗ റെയില്‍പാത സംസ്ഥാനത്ത് ഒരുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്തയച്ചു.
അരിക്കൊമ്പന്‍ ആനയെ പറമ്പിക്കുളത്തേക്കു മാറ്റാനുള്ള നീക്കത്തിനെതിരേ അതിരപ്പിള്ളിയില്‍ റോഡ് ഉപരോധിച്ച ആദിവാസികളും നാട്ടുകാരും അടക്കമുള്ളവരുമായി വിനോദസഞ്ചാരികളുടെ തര്‍ക്കം. തങ്ങളെ കടത്തിവിടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. റോഡ് ഉപരോധിച്ചവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
മകനെ ജാമ്യത്തിലെടുക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ അമ്മയെ മദ്യലഹരിയില്‍ ആക്രമിച്ച ധര്‍മ്മടം എസ്എച്ച്ഒ കെ.വി സ്മിതേഷിനെ സസ്‌പെന്‍ഡ് ചെയ്തു. വയോധിക എത്തിയ കാറിന്റെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് നടപടി.
പൂജയ്ക്കായി അമ്പലത്തില്‍ ഒരുക്കിയ പീഠം എസ് ഐ രാത്രി എത്തി കമ്പിപ്പാരകൊണ്ടു കുത്തി പൊളിച്ചെന്നു പരാതി. പാലക്കാട് മാങ്കാവിലെ അമ്പലത്തിലാണ് പൂജയ്ക്കായി ഒരുക്കിയ പീഠം കൊഴിഞ്ഞാമ്പാറ എസ് ഐ ദിനേശന്‍ തകര്‍ത്തത്. ഇയാള്‍ക്കെതിരേ സംഘാടകര്‍ പാലക്കാട് നോര്‍ത്ത് പൊലിസില്‍ പരാതി നല്‍കി.
തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. കോഴിക്കോട് മാങ്കാവില്‍ നിന്നെത്തിയ 14 പേരടങ്ങുന്ന സംഘത്തിലെ അഞ്ചു പേരാണ് വെള്ളച്ചാട്ടത്തില്‍ മുങ്ങിയത്. മൂന്നു പേരെ രക്ഷപ്പെടുത്തി. 8, 9 ക്ലാസ് വിദ്യാര്‍ത്ഥികളായ അശ്വന്ത് കൃഷ്ണ, അഭിനവ് എന്നിവരാണ് മരിച്ചത്.
ബിഎസ്എന്‍എല്‍ എന്‍ജിനീയേഴ്‌സ് സഹകരണ സംഘം തട്ടിപ്പു കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഇന്നലെ പിടിയിലായ സംഘം ക്ലര്‍ക്ക് രാജീവന്റെ ബിനാമി ഹരികുമാറിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സംഘത്തില്‍ നിന്നു തട്ടിയെടുത്ത പണം ഇരുവരും സര്‍ജിക്കല്‍ സാധനങ്ങള്‍ വില്‍ക്കുന്ന കമ്പനിയില്‍ നിഷേപിച്ചിരുന്നു.
ഇടുക്കിയില്‍ എത്തിച്ച കുങ്കിയാനകളുടെ താവളം വനം വകുപ്പ് മാറ്റി. കുങ്കിയാനകളെ കാണാന്‍ സന്ദര്‍ശകരുടെ തിരക്കേറിയതും അരിക്കൊമ്പനും ചക്കക്കൊമ്പനും സമീപമെത്തു സ്ഥിരമായി എത്തുന്നതുമാണ് ക്യാമ്പ് മാറ്റാന്‍ കാരണം. 301 കോളനിക്കടുത്തേക്കാണ് കുങ്കിയാനകളെ മാറ്റിയത്.
എറണാകുളം ചെങ്ങമനാട് അയിരൂരില്‍ കാണാതായ പെയിന്റിംഗ് തൊഴിലാളിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. അയിരൂര്‍ സ്വദേശി ഗിരീഷിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്.
വിവാഹ മോചനം നടത്തിയതിനു റഷ്യക്കാരിയുടെ വാടക വീടിനു നേരെ അതിക്രമം നടത്തിയ മലയാളിയായ മുന്‍ ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു. വര്‍ക്കല കുരക്കണ്ണിയില്‍ വാടകയ്ക്കു താമസിക്കുന്ന റഷ്യന്‍ യുവതിയുടെ വീട്ടില്‍ അതിക്രമം നടത്തിയ വര്‍ക്കല സ്വദേശി അഖിലേഷിനെയാണു പിടികൂടിയത്.
രാഹുല്‍ ഗാന്ധിക്കെതിരേ കേസ് വന്നതും വിധിവന്നതും അയോഗ്യനാക്കിയതും വീടൊഴിയാന്‍ ഉത്തരവിട്ടതുമെല്ലാം 24 മണിക്കൂറിനുള്ളിലാണെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ. കോലാറില്‍ രാഹുല്‍ പ്രസംഗിച്ചതിന് കേസ് വന്നത് ഗുജറാത്തിലാണ്. ഇതാണോ ജനാധിപത്യമെന്നും അദ്ദേഹം ചോദിച്ചു.
പ്രധാനമന്ത്രി ഏതു വിദേശ രാജ്യത്തു പോയാലും അവിടത്തെ പ്രധാന കരാറുകള്‍ അദാനിക്കു നല്‍കുമെന്ന് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ കോലാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി അദാനിക്ക് പണം നല്‍കുന്നു, എന്നാല്‍ കോണ്‍ഗ്രസ് ദരിദ്രര്‍ക്കും യുവാക്കള്‍ക്കും മഹിളകള്‍ക്കുമാണു നല്‍കുന്നത്. രാഹുല്‍ പറഞ്ഞു.
മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് സിബിഐ ആസ്ഥാനത്തിനു പുറത്ത് പ്രതിഷേധിച്ച മന്ത്രിമാര്‍ അടക്കമുള്ള ആം ആദ്മി പാര്‍ട്ടി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു നീക്കി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പ്രസംഗിച്ചു സ്ഥലംവിട്ടതിനു പിറകേയണ് നടപടി. നാളെ ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്ന് സിബിഐ നടപടിയില്‍ പ്രതിഷേധിക്കും.