തന്റെ പദവിയോ വീടോ ഇല്ലാതാക്കാം, എന്നാല്‍ ചോദ്യങ്ങള്‍ ഇല്ലാതാക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധി. ലോക്‌സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയതിനുശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുല്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു. ‘സത്യമേവ ജയതേ’ എന്ന പേരില്‍ നടത്തിയ സമ്മേളനത്തിനു മുന്നോടിയായി ആയിരങ്ങള്‍ പങ്കെടുത്ത റാലിയിലും രാഹുലും പ്രിയങ്കാ ഗാന്ധിയും പങ്കെടുത്തു. എംപി സ്ഥാനം കേവലം ഒരു സ്ഥാനം മാത്രമാണ്. വയനാട്ടുകാര്‍ക്കൊപ്പം നില്‍ക്കാന്‍ സ്ഥാനമാനങ്ങള്‍ വേണമെന്നില്ല. താന്‍ എന്തു തെറ്റാണ് ചെയ്തത്? പാര്‍ലമെന്റില്‍ അദാനിയുമായി മോദിക്കും സര്‍ക്കാരിനുമുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചു. പ്രധാനമന്ത്രിക്കു മറുപടിയില്ല. കേന്ദ്ര മന്ത്രിമാര്‍ പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കി നടപടികള്‍ തടസപ്പെടുത്തി. രാഹുല്‍ കുറ്റപ്പെടുത്തി.
നിശബ്ദനാക്കാനുള്ള ശ്രമങ്ങളെ രാഹുല്‍ ചെറുക്കുമെന്ന് പ്രിയങ്ക ഗാന്ധി. വയനാട്ടിലെ യുഡിഎഫ് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. വയനാട്ടുകാരോടു സംസാരിക്കുന്നതു സ്വന്തം കുടുംബാംഗങ്ങളോടു സംസാരിക്കുന്നത് പോലെയാണ്. ഈ മണ്ണിലേക്കുള്ള വരവ് വൈകാരികമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
നിയമസഭയിലെ സംഘര്‍ഷത്തിനിടെ അനുമതി ഇല്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് എംഎല്‍എമാരുടെ പിഎമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. കാരണം ബോധിപ്പിച്ചില്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സ്പീക്കറുടെ ഓഫീസ് നോട്ടീസില്‍ വ്യക്തമാക്കി. എം വിന്‍സെന്റ്, ടി സിദ്ദിഖ്, കെ.കെ രമ, എം.കെ മുനീര്‍, എ.പി അനില്‍കുമാര്‍, പി.കെ ബഷീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നീ എംഎല്‍എമാരുടെ പിഎമാര്‍ക്കാണ് സ്പീക്കറുടെ ഓഫീസ് നോട്ടീസ് അയച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഭരണകക്ഷി എംഎല്‍എമാരുടെയും മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ നടപടിയില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ സല്‍ക്കാരത്തിന്റെ രുചി നാവിന്‍ തുമ്പിലിരിക്കുമ്പോള്‍ ലോകായുക്തയില്‍നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പരാതിക്കാരനെതിരെ ലോകായുക്ത നടത്തിയ പരാമര്‍ശങ്ങള്‍ വിധി ഏതു ദിശയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നു. സുധാകരന്‍ പറഞ്ഞു.
കേരളത്തില്‍ ഇത്തവണ മെച്ചപ്പെട്ട കാലവര്‍ഷം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വടക്കന്‍ കേരളത്തില്‍ മഴ കുറയുമെന്നാണു പ്രവചനം.
ബ്രഹ്‌മപുരം തീപിടിത്തംമൂലം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാത്തതിനാല്‍ കൊച്ചിയിലെ റോഡുകള്‍ മാലിന്യകൂമ്പാരമായെന്ന് ഹൈക്കോടതി. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി എടുക്കണം. ബ്രഹ്‌മപുരംത്തെ തീപിടുത്തത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഈ പരാമര്‍ശം.
ബ്രഹ്‌മപുരം തീപ്പിടുത്തത്തിന്റെ പേരില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിച്ച പിഴശിക്ഷയായ നൂറു കോടി രൂപ അടയ്ക്കാന്‍ കൊച്ചി കോര്‍പ്പറേഷനു ഹൈക്കോടതി രണ്ടു മാസത്തെ സാവകാശം അനുവദിച്ചു. കോര്‍പ്പറേഷന്റെ ആവശ്യം പരിഗണിച്ചാണ് പിഴ തുക അടയ്ക്കാന്‍ കാലാവധി നീട്ടി നല്‍കിയത്.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കു മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നെല്ലിയാമ്പതിയില്‍ 17 നു ഹര്‍ത്താല്‍. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തിലാണു തീരുമാനം.
അരിക്കൊമ്പനെ പിടികൂടുമ്പോള്‍ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളര്‍ സംസ്ഥാന വനം വകുപ്പിനു കൈമാറാന്‍ അനുമതി ആസാം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കി. വനംവകുപ്പ് ഉദ്യോഗസ്ഥന്‍ വ്യാഴാഴ്ചയോടെ കോളര്‍ കേരളത്തിലെത്തിക്കും.
അരിക്കൊമ്പനെ ചിന്നക്കനാലില്‍നിന്ന് പറമ്പിക്കുളത്തേക്കു മാറ്റുന്നത് ഇടതു കാലിലെ മന്ത് വലതു കാലിലേക്കു മാറ്റുന്നതു പോലെയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. വിദഗ്ദ്ധ സമിതി, കോടതി എന്നിവയുടെ യുക്തി സാധാരണ ജനങ്ങള്‍ക്ക് മനസിലായിട്ടില്ല. സാധാരണക്കാരനായ തനിക്കും മനസ്സിലായിട്ടില്ല. ഹൈകോടതി സര്‍ക്കാരിനോട് അഭിപ്രായം ചോദിച്ചാല്‍ നിലപാട് വ്യക്തമാക്കും. മന്ത്രി പറഞ്ഞു.
ട്രെയിന്‍ തീവയ്പു കേസ് പ്രതി ഷാറൂഖ് സൈഫിയുടെ ഡല്‍ഹി ഷഹീന്‍ ബാഗിലെ വീട്ടില്‍ കേരളാ പൊലീസ് വീണ്ടും പരിശോധന നടത്തി. ക്രൈംബ്രാഞ്ച് എസ്പി എം.ജെ സോജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ഒരു കോടി രൂപയുടെ വിഷുക്കൈനീട്ടവുമായി ചലച്ചിത്ര താരവും ബിജെപി നേതാവുമായ സുരേഷ് ഗോപി. തൃശൂരിലെ വാദ്യകലാകാരമാര്‍ക്കാണു കൗസ്തുഭം ഓഡിറ്റോറിയത്തില്‍ വിഷുക്കൈനീട്ടവും വിഷുക്കോടിയും സമ്മാനിച്ചത്.
സിനിമയില്‍നിന്ന് ലഭിച്ച പ്രതിഫലത്തില്‍നിന്ന് മിച്ചംപിടിച്ചുണ്ടാക്കിയ ഒരു കോടി രൂപയാണ് വാദ്യ കലാകാരന്മാര്‍ക്ക് നല്‍കുന്നതെന്നും സുരേഷ് ഗോപി വിശദീകരിച്ചു.
മാള പൊലീസ് സ്റ്റേഷനില്‍ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. തൃശൂര്‍ സ്വദേശി സജീഷിനാണ് കുത്തേറ്റത്. കുത്തിയ മലപ്പുറം സ്വദേശി അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പ കേന്ദ്ര നേതൃത്വത്തിനു കത്തു നല്‍കി. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുകയാണെന്നു കത്തില്‍ പറഞ്ഞു. മകന്‍ കെ ഇ കാന്തേഷിന് സീറ്റ് നല്‍കണമെന്ന ആവശ്യം ബിജെപി കേന്ദ്രനേതൃത്വം തള്ളിയിരുന്നു.
കര്‍ഷകരുടെ മക്കളെ വിവാഹം കഴിക്കുന്ന യുവതികള്‍ക്ക് രണ്ടുു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി. കോലാറില്‍ ‘പഞ്ചരത്ന’ റാലിയില്‍ സംസാരിക്കവെയായിരുന്നു കുമാരസ്വാമി.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ യുവ നേതാവ് സച്ചിന്‍ പൈലറ്റ് ഏകദിന ഉപവാസം നടത്തി. ബിജെപിയുടെ അഴിമതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്. എന്നാല്‍ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ വിവരിച്ചുള്ള വീഡിയോ പുറത്തിറക്കിയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തിരിച്ചടിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലീം ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ വളരുകയാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇന്ത്യയില്‍ മുസ്ലിംകള്‍ ആക്രമിക്കപ്പെടുകയാണെന്ന ആരോപണത്തില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ ഇങ്ങനെ വളരുമോയെന്നും നിര്‍മല സീതാരാമന്‍ ചോദിച്ചു. പീറ്റേഴ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്സില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പ്രതിരോധശേഷിയും വളര്‍ച്ചയും എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.