ബഫര്‍സോണ്‍ പരിധിയില്‍നിന്നു ഒഴിവാക്കാന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി നാളെ. ഇതുവരെ നാല്‍പതിനായിരത്തോളം അപേക്ഷകളാണ് ലഭിച്ചത്. നേരത്തെ ഉപഗ്രഹ സര്‍വേയില്‍ കണ്ടെത്തിയ 49,330 കെട്ടിടങ്ങള്‍ക്കു പുറമേ, പരിസ്ഥിതി ലോല മേഖലയില്‍ 64,000 നിര്‍മിതികള്‍കൂടി ഉണ്ടെന്നു കണ്ടെത്തി. ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയാക്കാനായിട്ടില്ല. എന്നാല്‍ 65 ശതമാനം പൂര്‍ത്തിയായെന്നാണ് അധികൃതരുടെ വാദം. സെര്‍വര്‍ തകരാറിലാകുന്നതിനാലാണ് വിവരങ്ങള്‍ അപ് ലോഡ് ചെയ്യാന്‍ തടസമാകുന്നതെന്നു വിശദീകരണം.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണകപ്പിനായുള്ള പോരാട്ടില്‍ കണ്ണൂരിനെ പിന്തള്ളി ആതിഥേയരായ കോഴിക്കോട് മുന്നില്‍. 808 പോയിന്റുമായി കോഴിക്കോട് മുന്നില്‍. കണ്ണൂരിന് 802 പോയിന്റ്. സ്‌കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം സ്‌കൂളാണു മുന്നില്‍. തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് തൊട്ടു പിറകിലുണ്ട്. കോടതി അപ്പീലുമായെത്തിയ 93 വിദ്യാര്‍ത്ഥികളുടെ മത്സരഫലം തടഞ്ഞുവച്ചിരിക്കുകയാണ്.
ലെയിന്‍ ട്രാഫിക് കര്‍ശനമായി നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇതിനായി ബോധവല്‍ക്കരണ യജ്ഞം തുടങ്ങി. വാഹനങ്ങള്‍ നിര പാലിച്ച് ഓടിക്കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഓവര്‍ ടേക്കു ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
ഇലന്തൂര്‍ നരബലി കേസിലെ ആദ്യ കുറ്റപത്രം നാളെ സമര്‍പ്പിക്കും. തമിഴ്‌നാട് സ്വദേശിനി പദ്മയെ കൊലപ്പെടുത്തിയ കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. മുഖ്യപ്രതി ഷാഫിയടക്കം മൂന്ന് പ്രതികളുളള കേസില്‍ 150 സാക്ഷികളുണ്ട്. പാരമ്പര്യ ചികിത്സ നടത്തുന്ന ഇലന്തൂരിലെ ഭഗവല്‍ സിംഗ് ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.
കോട്ടയത്തുകാരി ലിസ് ജയ്‌മോന്‍ ജേക്കബ് മിസ് കേരള 2022. ഗുരുവായൂര്‍ സ്വദേശിനി ശംഭവിയാണ് റണ്ണര്‍ അപ്പ്.
ബൂവറിയില്‍നിന്ന് ആറു കെയ്‌സ് ബിയര്‍ മോഷ്ടിച്ച കേസില്‍ പാലക്കാട് എക്‌സൈസ് ഓഫീസര്‍ സി ടി പ്രിജുവിനെ സസ്‌പെന്‍ഡു ചെയ്തു. പാലക്കാട്ടെ കഞ്ചിക്കോടുള്ള ബ്രൂവറിയിലാണ് മോഷണം നടന്നത്.
ബഫര്‍സോണ്‍ വിഷയത്തില്‍ ഒരു നടപടിയും സ്വീകരിക്കാത്ത വനംമന്ത്രി എ.കെ. ശശീന്ദ്രനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അല്ലാത്തപക്ഷം വനംവകുപ്പു ചുമതലയില്‍നിന്നു നീക്കി വിശ്രമവും വിനോദവും എന്ന വകുപ്പിന്റെ ചുമതല നല്‍കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.
സംസ്ഥാന വ്യാപകമായി 485 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. വൃത്തിഹീനമായി പ്രവര്‍ത്തിച്ച പത്തും ലൈസന്‍സില്ലാത്ത ആറും സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 16 സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിച്ചു. 162 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
വിദ്യാര്‍ത്ഥിയെ മര്‍ദിച്ചു പരിക്കേല്‍പിച്ച അധ്യാപകനെതിരേ കേസ്. കോഴിക്കോട് കൊടിയത്തൂര്‍ പിടിഎംഎച്ച് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മാഹിനാണ് പരിക്കേറ്റത്. അറബിക് അധ്യാപകന്‍ കമറുദ്ദീനെതിരെ മുക്കം പോലീസ് കേസെടുത്തു.
ഷൂ ധരിച്ചെത്തിയതിന് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദമേറ്റ് ജൂണിയര്‍ വിദ്യാര്‍ത്ഥി ആശുപത്രിയിലായി. പാവറട്ടി വെന്മേനാട് എം എ എസ് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി നിഹാലിനാണ് മര്‍ദ്ദനമേറ്റത്. ഇടത് കണ്ണിനു മുകളില്‍ പരിക്കുണ്ട്.
അയോധ്യയിലെ രാമക്ഷേത്രം അടുത്ത വര്‍ഷം തുറക്കുമെന്നു പ്രഖ്യാപിക്കാന്‍ അമിത് ഷാ ആരാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. ക്ഷേത്ര ഭാരവാഹികള്‍ പ്രഖ്യാപിക്കേണ്ട ജോലി ആഭ്യന്തര മന്ത്രിയാണോ ചെയ്യുന്നത്. അഭ്യന്തര മന്ത്രി അദ്ദേഹത്തിന്റെ ജോലി ചെയ്യണം. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്ന ജോലി ചെയ്യൂവെന്നും ഖാര്‍ഗെ പറഞ്ഞു.
ഡല്‍ഹി കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് മാറ്റി വച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് മുന്‍പ് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത പത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്തിയതിനെതിരെ ആപ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു ബഹളം വച്ചതോടെ യോഗം സംഘര്‍ഷത്തില്‍ കലാശിച്ചതോടെയാണ് മേയര്‍ തെരഞ്ഞെടുപ്പു മാറ്റിവച്ചത്.
ഡല്‍ഹി കോര്‍പറേഷനിലേക്ക് പത്ത് അംഗങ്ങളെ ഗവര്‍ണറല്ല, ഡല്‍ഹി സര്‍ക്കാരാണു നാമനിര്‍ദേശം ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ജനവിധി ഗവര്‍ണര്‍ നടപ്പക്കണമെന്ന് ആവശ്യപ്പെട്ട് കേജ്രിവാള്‍ ഗവര്‍ണര്‍ക്കു കത്തയച്ചു.
ബംഗളുരു വിമാനത്താവള പാതയില്‍ വാഹനങ്ങളുടെ കൂട്ടയിടി. ഒമ്പതു വാഹനങ്ങള്‍ തകര്‍ന്നു. ലോഡുമായി അമിതവേഗതയില്‍ വന്ന ട്രക്ക് നിയന്ത്രണം വിട്ടതാണ് അപകടത്തിനു കാരണം.
ന്യൂയോര്‍ക്ക്- ഡല്‍ഹി എയര്‍ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്ര വ്യവസായിയല്ല, അമേരിക്കന്‍ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥന്‍. അവധിയെടുത്ത ഇയാളെ കമ്പനി പുറത്താക്കി. ഇയാള്‍ ബംഗളൂരുവില്‍ എവിടേയോ മുങ്ങിയെന്നാണ് പോലീസിന്റെ നിഗമനം. അവസാന ടവര്‍ ലൊക്കേഷന്‍ ബെംഗുളൂരുവാണ്. പ്രതിയെ കണ്ടെത്താന്‍ രണ്ട് സംഘത്തെ നിയോഗിച്ചു. ഒരു സംഘം ബെംഗുളൂരുവിലാണ് അന്വേഷണം നടത്തുന്നത്.