night news hd 13

സിപിഎം ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്‍റെ സംസ്കാരം വീട്ടുവളപ്പിൽ നടന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം പെരുവട്ടൂരിലെ വീട്ടിലെത്തിച്ചു. തുടർന്ന് 9.20ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അര്‍പ്പിക്കാൻ നിരവധി പേരാണ് എത്തിയത്.

കര്‍ഷക സമരം താത്കാലികമായി നിര്‍ത്തിവച്ചു. കൂടുതൽ കർഷകരെ എത്തിച്ച് അതിർത്തിയിൽ തന്നെ സമരം ശക്തമായി തുടരാൻ നേതാക്കൾ തീരുമാനിച്ചു. ശുഭ് കരൺ സിംഗിന്റെമരണവുമായി ബന്ധപ്പെട്ട കേസിൽ എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ലെന്നും യുവ കര്‍ഷകന് നീതി ലഭിക്കും വരെ സമരം തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി.

പിവി സത്യനാഥന്റെ കൊലപാതകത്തിൽ, കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തി. കൃത്യം നടന്ന സ്ഥലത്തിന് അടുത്ത് നിന്നാണ് കുത്താനുപയോഗിച്ച കത്തി കണ്ടെത്തിയത്. പ്രതി സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.കൊലപാതക കാരണം വ്യക്തി വൈരാഗ്യമെന്നാണ് അഭിലാഷ് പോലീസിന്  മൊഴി നൽകി. കഴുത്തിൽ ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.

രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി.വാരാണസിയിലെ ജനങ്ങളെ കോൺഗ്രസിൻ്റെ ‘യുവരാജ്’  അപമാനിച്ചു.ബോധമില്ലാത്തവർ തൻ്റെ മക്കളെ കുടിയന്മാരെന്ന് വിളിക്കുകയാണ്. ‘ഇന്ത്യ’ സംഘം യുപിയിലെ യുവാക്കളെ അപമാനിച്ചത് താൻ ഒരിക്കലും മറക്കില്ലെന്നും മോദി പറഞ്ഞു. തൻ്റെ ലോക്സഭാ മണ്ഡലത്തിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്ര പകരക്കാരെ ഏല്‍പ്പിച്ച് അദ്ദേഹം ദില്ലിക്ക് പോയി. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായാണ് യാത്രയെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. എന്നാൽ ഐ.ടി സെല്ലിനെതിരായ പരാതി ദേശീയ നേതൃത്വത്തെ നേരിട്ട് അറിയിക്കാൻ കൂടി ലക്ഷ്യമിട്ട യാത്രയെന്നാണ് സൂചന. ഇതോടെ പദയാത്രയിൽ പകരക്കാരായി എറണാകുളത്ത് എം.ടി രമേശും മലപ്പുറത്ത് എ.പി അബ്ദുള്ളക്കുട്ടിയും പദയാത്രയിൽ നായകരാകും.

കൊല്ലപ്പെട്ട ശുഭ്കരണ്‍ സിങ്ങിന് നീതി ലഭ്യമാകണമെന്നും, നീതിക്ക് പകരംവയ്ക്കാന്‍ പണത്തിനോ ജോലിക്കോ സാധിക്കില്ലെന്നും പഞ്ചാബ് സര്‍ക്കാരിന്റെ ഒരുകോടി നഷ്ടപരിഹാരം നിരസിക്കുകയാണെന്നും കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബം. ഹരിയാന പൊലീസിനെതിരെ നടപടിയെടുക്കാതെ കൊല്ലപ്പെട്ട കര്‍ഷകന്‍റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന കടുത്ത നിലപാടിലാണ് കര്‍ഷക സംഘടനകള്‍.

ഒരുക്കങ്ങള്‍ വിലയിരുത്താനായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങള്‍ നടത്തുന്ന സംസ്ഥാന പര്യടനം മാര്‍ച്ച് ആദ്യവാരം പൂര്‍ത്തിയാകും. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 13നോ അതിന് ശേഷമോ ഉണ്ടായേക്കുമെന്നാണ് സൂചന.

ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുൽ ഗാന്ധിയോടൊപ്പം നാളെ പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. മുറദാബാദില്‍ വച്ചാകും പ്രിയങ്ക ഗാന്ധി യാത്രയില്‍ ഭാഗമാകുക.

ആരോഗ്യ വകുപ്പിന്‍റെ ആപ്പുമായി സഹകരിച്ച് ആംബുലൻസുകളെ ജിപിഎസുമായി ബന്ധിപ്പിക്കുമെന്നും, ആംബുലൻസുകള്‍ ഉപയോഗിച്ചുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാൻ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍.എല്ലാ ആംബുലൻസും എവിടെ പോകുന്നു, എവിടെ കിടക്കുന്നു എന്നെല്ലാം അറിയാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അധിക വകയിരുത്തലായി കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീമിന്‌ 20 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടാത്തതും, വാര്‍ഷിക വരുമാനം മുന്നുലക്ഷത്തില്‍ താഴെയുള്ളതുമായ കുടുംബങ്ങളാണ്‌ കെബിഎഫ്‌ ഗുണഭോക്താക്കള്‍.രോഗി ആശുപത്രി വിട്ട് പതിനഞ്ച് ദിവസത്തിനകം സര്‍ക്കാര്‍ പണം കൈമാറണമെന്നതാണ് വ്യവസ്ഥ.

നിയമസഭയിൽ മൂന്നിലൊന്ന് പ്രാതിനിധ്യം ഉണ്ടായിട്ടും മൂന്നാം സീറ്റിനായി ലീഗ് കേഴുകയാണെന്ന് മന്ത്രി പി രാജീവ്. അപമാനം സഹിച്ച് യുഡിഎഫിൽ നിൽക്കണോ സ്വതന്ത്രമായി നിൽക്കണോ എന്ന് മുസ്ലിം ലീഗിന് തീരുമാനിക്കാം. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇത്തവണ വലിയ മുന്നേറ്റം ഇടതുമുന്നണിക്ക് ഉണ്ടാകുമെന്നും കഴിഞ്ഞ തവണ പ്രത്യേക സാഹചര്യം മൂലമാണ് യുഡിഎഫിന് കൂടുതൽ സീറ്റുകൾ നേടാനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് സിപിഐഎം നേതാവ് പിവി സത്യനാഥന്റെ കൊലപാതകത്തിൽ പരാതിയുമായി ബിജെപി. സിപിഐഎം നേതാക്കൾക്കെതിരെയാണ് ബിജെപി പരാതി നൽകിയത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് എന്ന് പ്രചരിപ്പിച്ചു എന്നാണ് പരാതി.

സംസ്ഥാനത്ത് മണൽ വാരൽ ഉടൻ പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. 32 നദികളിൽ സാൻഡ് ഓഡിറ്റിങ് നടത്തി. 8 ജില്ലകളിൽ ഖനന സ്ഥലങ്ങൾ കണ്ടെത്തി.ആദ്യ അനുമതി മലപ്പുറത്ത്. കടലുണ്ടി ചാലിയാർ പുഴകളിൽ മാർച്ച് അവസാനത്തോടെ ഖനനം നടത്തുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

ബൈജൂസിനെതിരെ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ച് നിക്ഷേപകർ. ഇന്ന് ചേർന്ന എക്സ്ട്രാ ഓർഡിനറി ജനറൽ യോഗത്തിലാണ് നിക്ഷേപകർ ഇക്കാര്യമറിയിച്ചത്. ബൈജു രവീന്ദ്രന് കമ്പനിയെ മുന്നോട്ട് കൊണ്ടുപോകാൻ ഇനി കഴിയില്ലെന്നും, ബൈജൂസിൽ ഫൊറൻസിക് ഓഡിറ്റ് അടക്കം നടത്തണമെന്നും ഹർജിയിൽ ആവശ്യപെട്ടിട്ടുണ്ട്.

വയനാട്ടിൽ കല്ലോടി സെന്റ് ജോർജ് പള്ളിയ്ക്കായി സർക്കാർ ഭൂമി നൽകിയ, 2015 ലെ പട്ടയം ഹൈക്കോടതി റദ്ദാക്കി. ഏക്കറിന് 100 രൂപ നിരക്കിലായിരുന്നു 5.53 ഹെക്ടർ ഭൂമി പള്ളിയ്ക്ക് നൽകിയത്. രണ്ട് മാസത്തിനുള്ളിൽ ഭൂമിയുടെ വിപണി മൂല്യം നിശ്ചയിക്കണം. വിപണി മൂല്യത്തിനനുസരിച്ച് ഭൂമി വാങ്ങാൻ കഴിയുമോയെന്ന്  പള്ളി അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ജീവനൊടുക്കിയ സംഭവത്തിൽ എങ്ങുമെത്താതെ അന്വേഷണം. ആരോപണ വിധേയരെ ചോദ്യംചെയ്യാതെ സിറ്റി ക്രൈംബ്രാഞ്ച്. അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്ന് കുടുംബം.

കേന്ദ്രസർക്കാരിന്റെ ചട്ടങ്ങൾക്ക് അനുസരിച്ചാണ് പുതിയ ലൈസൻസ് പരിഷ്കരണമെന്ന് ​ മന്ത്രി കെ ബി ​ഗണേഷ്കുമാർ . ലോകനിലവാരത്തിലേക്ക് ഡ്രൈവിം​ഗ് ഉയർത്തുകയാണ് ലക്ഷ്യം. യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനo, അല്ലാതെ ഡ്രൈവിം​ഗ് സ്കൂളുകളുടെ താത്പര്യമല്ല പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ അറസ്റ്റിൽ. ഷിഹാബുദ്ദീൻ യുവതിക്ക് ആശുപത്രിയിൽ ചികിത്സ നൽകുന്നത് തടഞ്ഞുവെന്ന് ഭർത്താവ് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

തലശ്ശേരി – മാഹി ബൈപ്പാസിലൂടെയുളള യാത്രയ്ക്ക് ടോൾ നിരക്ക്. കാർ, ജീപ്പ് ഉൾപ്പെടെ ചെറിയ സ്വകാര്യ വാഹനങ്ങൾക്ക് 65 രൂപ. ബസുകൾക്ക് 225 രൂപ. വടക്കേ ഇന്ത്യയിൽ നിന്നുള്ള സ്ഥാപനത്തിനാണ് ടോൾ പിരിക്കാൻ കരാർ നൽകിയിരിക്കുന്നത്. 18.6 കിലോമീറ്റർ ദൂരമുളള ബൈപ്പാസിൽ കൊളശ്ശേരിക്കടുത്താണ് ടോൾ പ്ലാസ.

ചൂട് വളരെ കൂടുതലായതിനാല്‍ പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന്മന്ത്രി വീണാ ജോര്‍ജ്. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം എന്നും മന്ത്രി പറഞ്ഞു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *