റേഷന്‍ കടകളിലൂടെ ഗോതമ്പിനു പകരം റാഗി വരും. കര്‍ണാടകയിലെ എഫ്.സി.ഐ ഗോഡൗണില്‍നിന്ന് റാഗി എത്തിച്ച് ഒരു കിലോ പാക്കറ്റുകളാക്കി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ശുചീകരിച്ച 687 മെട്രിക് ടണ്‍ റാഗിയാണ് കൊണ്ടുവരിക. ഒരു പഞ്ചായത്തില്‍ ഒരു റേഷന്‍ കടയിലൂടെയാണ് റാഗി ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക.
അധ്യാപകരെ ലിംഗ വ്യത്യാസമില്ലാതെ ടീച്ചര്‍ എന്നു വിളിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവ്. അധ്യാപകരെ ആദര സൂചകമായി അഭിസംബോധന ചെയ്യാന്‍ കഴിയുന്ന അനുയോജ്യമായ പദമാണ് ടീച്ചര്‍. ടീച്ചര്‍ വിളിയിലൂടെ തുല്യത നിലനിര്‍ത്താനാകുമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ കെ.വി. മനോജ്കുമാര്‍, അംഗം സി. വിജയകുമാര്‍ എന്നിവര്‍ ഉത്തരവില്‍ പറയുന്നു.
തപാല്‍ വകുപ്പിന്റെ സേവനങ്ങള്‍ മൂന്നു ദിവസമായി സ്തംഭിച്ചു. സെര്‍വര്‍ തകരാര്‍മൂലമാണ് മണി ഓര്‍ഡര്‍ അടക്കമുള്ള സേവനങ്ങള്‍ മുടങ്ങിയത്. കത്തുകള്‍, സ്പീഡ് പോസ്റ്റ്, രജിസ്‌ട്രേഡ് തപാല്‍ എന്നിവയ്ക്കു തടസമില്ല. തപാല്‍ വകുപ്പ് നവി മുംബൈയിലെ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള സര്‍വര്‍ ആണ് ഉപയോഗിച്ചിരുന്നത്. റിലയന്‍സുമായുള്ള കരാര്‍ അവസാനിച്ചതോടെ സെര്‍വറില്‍നിന്ന് ഡാറ്റകള്‍ സുരക്ഷിതമായി മാറ്റുന്നതിനിടയിലെ തരാറുകളാണ് തപാല്‍ സര്‍വീസുകളെ ബാധിച്ചത്.
അമേരിക്കയില്‍ വിമാന സര്‍വീസ് നിര്‍ത്തിവച്ചു. പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിവരങ്ങള്‍ കൈമാറുന്ന സംവിധാനമായ നോട്ടാംസ് സാങ്കേതിക വിദ്യയിലെ തകരാര്‍മൂലം ആശയവിനിമയം തടസപ്പെട്ടതോടെയാണ് വിമാന സര്‍വീസ് നിര്‍ത്തിയത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ആറു പ്രതികള്‍ക്കെതിരേയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്നതടക്കമുള്ള അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് ശശി തരൂര്‍ എംപി. താരിഖ് അന്‍വറിനോടോ ഹൈക്കന്‍മാഡിനോടോ തര്‍ക്കമില്ലെന്നും മലപ്പുറത്ത് പറഞ്ഞു. ക്ഷണം ലഭിച്ച പരിപാടികളില്‍ പങ്കെടുക്കുന്നതു പുതിയ കാര്യമല്ലെന്നും ശശി തരൂര്‍ പറഞ്ഞു.
സേഫ് ആന്‍ഡ് സ്‌ട്രോംഗ് തട്ടിപ്പു കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ കോയമ്പത്തൂരില്‍ പിടിയിലായി. കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയതിനു സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇരുന്നൂറോളം പരാതികളുണ്ട്.
കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ അയോഗ്യയാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പ്രിയ വര്‍ഗീസ് അപ്പീല്‍ നല്‍കി. 11 വര്‍ഷത്തെ അധ്യാപന പരിചയമുണ്ടെന്നും യുജിസി ചട്ടപ്രകാരം നിയമനത്തിന് യോഗ്യത ഉണ്ടെന്നുമാണ് വാദം. സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടര്‍ ചുമതല അധ്യാപനമല്ലെന്ന കോടതിയുടെ വിലയിരുത്തല്‍ തെറ്റാണെന്നു ഹര്‍ജിയില്‍ വാദിക്കുന്നു.
പച്ചമുട്ട ഉപയോഗിച്ചു തയാറാക്കുന്ന മയോണൈസുകള്‍ ഇനി വിളമ്പില്ലെന്ന് ബേക്കറി ഉടമകളും ഹോട്ടലുടമകളും. മയൊണൈസില്‍നിന്നു ഭക്ഷ്യവിഷബാധയ്ക്കു സാധ്യത കൂടുതലായതിനാലാണ് ഈ തീരുമാനം. എന്നാല്‍ വെജിറ്റബിള്‍ മയോണൈസ് വിളമ്പുന്നതാണ്. ബേക്കേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
കാര്‍ഷിക വിദ്യാഭ്യാസം സമൂലമായി പരിഷ്‌കരിക്കുമെന്ന് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. സീമ ജഗ്ഗി. വിദ്യാര്‍ത്ഥികളില്‍ നൈപുണ്യവികസനം ലക്ഷ്യമിട്ട് പാഠ്യപദ്ധതികളും കോഴ്സുകളും പരിഷ്‌കരിക്കും. കാര്‍ഷിക മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഇതു സഹായിക്കുമെന്നും അവര്‍ പറഞ്ഞു.
അരവണ പ്രസാദത്തിന്റെ സാമ്പിള്‍ പരിശോധിക്കണമെന്നു ഹൈക്കോടതി. ഏലയ്ക്കയില്‍ കീടനാശിനി കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേര്‍ത്ത അരവണ വിതരണം ചെയ്യരുതെന്നും ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. അനുവദനീയമായതില്‍ കൂടുതല്‍ കീടനാശിനി സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ വിവരം.
ശബരിമലയില്‍ അരവണ പ്രസാദ വിതരണം നിറുത്തിവയ്ക്കുന്നു. കോടതി ഇടപെടലിനെത്തുടര്‍ന്നാണ് നടപടി. ഏലയ്ക്കാ ഇല്ലാതെ അരവണ തയാറാക്കി നല്‍കുമെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരന്‍ തമ്പിക്ക്. സര്‍വ്വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംഭാവനകള്‍ കണക്കിലെടുത്ത് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതാണ് ഹരിവരാസനം പുരസ്‌കാരം.
മകരവിളക്ക് ദിവസമായ ശനിയാഴ്ച ശബരിമലയില്‍ പ്രവേശനം ഉച്ചയ്ക്ക് 12 വരെയായി നിജപ്പെടുത്തി. 12 നു ശേഷം പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. തീര്‍ത്ഥാടകര്‍ കൂടുതലായി നില്‍കുന്ന പാണ്ടിത്താവളം, മാഗുംണ്ട, അയ്യപ്പനിലയം തുടങ്ങിയ പോയിന്റുകളിലെല്ലാം മതിയായ സുരക്ഷ ഉറപ്പുവരുത്തും.
സംസ്ഥാനത്ത് ലഹരിമാഫിയക്കു സര്‍ക്കാര്‍ സഹായമൊരുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ലഹരിക്കേസിലെ പ്രതി മന്ത്രി സജി ചെറിയാന്‍ അടക്കമുള്ള സിപിഎം നേതാക്കളുമായി ബന്ധമുള്ള നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായ ഷാനവാസെന്ന് അദ്ദേഹം പറഞ്ഞു.
മകന്റെ വിവാഹത്തിന് വസ്ത്രമെടുക്കാന്‍പോയ അമ്മ ലോറിയിടിച്ച് മരിച്ചു. കോട്ടയം മീനടം സ്വദേശിനി ഷൈനി (48) ആണ് പാമ്പാടി എട്ടാം മൈലില്‍ ലോറി ഇടിച്ചു മരിച്ചത്. മകന്റെ ബൈക്കിനു പിറകിലിരുന്നു യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. മൂത്ത മകന്റെ വിവാഹം അടുത്തയാഴ്ച നടക്കാനിരിക്കെയാണ് അപകടമുണ്ടായത്. മകന്‍ അഖില്‍ സാം മാത്യുവിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലഹരിക്കടത്തു കേസില്‍ സിപിഎം കൗണ്‍സിലര്‍ ഷാനവാസിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത്.
മോഷണം തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ചെയ്ത കേസിലെ പ്രതി ആലപ്പുഴ കരളകം കളരിക്കല്‍ വീട്ടില്‍ വിജേഷിനെ (26) അറസ്റ്റു ചെയ്തു.
കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജില്‍ എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷം. ബാനറിനെ ചൊല്ലി തുടങ്ങിയ തര്‍ക്കമാണ് പിന്നീട് കൂട്ടയടിയായത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കോളേജിലെ സ്റ്റേജില്‍ സ്ഥാപിച്ചിരുന്ന ബാനറുകള്‍ നീക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
മലപ്പുറം പുളിക്കല്‍ ആന്തിയൂര്‍കുന്നില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്. നോവല്‍ സ്‌കൂളിലെ ബസാണ് മറിഞ്ഞത്. ബ്രേക്ക് നഷ്ടമായ ബസ് വീടിന്റെ മതിലില്‍ ഇടിച്ചു കയറി മറിയുകയായിരുന്നു.
പ്രവാസികളില്‍നിന്നുള്ള വരുമാനം 12 ശതമാനം വര്‍ദ്ധിച്ചെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രവാസി ഇന്ത്യക്കാര്‍ 2022 രാജ്യത്തേക്ക് അയച്ചത് 8,17,915 കോടി രൂപയാണ്. ഇന്‍ഡോറില്‍ പ്രവാസി ഭാരതീയ ദിവസ് കണ്‍വന്‍ഷനിലാണ് ധനമന്ത്രി കണക്കുകള്‍ വെളിപെടുത്തിയത്.
ബിഹാറിലെ ബക്‌സറില്‍ കര്‍ഷക പ്രതിഷേധം അക്രമാസക്തമായി. പൊലീസ് വാന്‍ കത്തിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ തകര്‍ത്തു. ചൗസ പവര്‍ പ്ലാന്റിനായി ഏറ്റെടുത്ത ഭൂമിക്കു കൂടുതല്‍ വില ആവശ്യപ്പെട്ടാണു സമരം. പവര്‍ പ്ലാന്റിനു നേരെയും അക്രമമുണ്ടായെന്നു പൊലീസ്. കഴിഞ്ഞ ദിവസം പോലീസ് വീടുകളില്‍ കയറി ആക്രമിച്ചത് കര്‍ഷകരെ പ്രകോപിപ്പിച്ചിരുന്നു.
ജനം നോക്കിനില്‍ക്കേ ഡല്‍ഹിയില്‍ മോഷ്ടാവ് കുത്തിക്കൊന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 57 കാരനായ കോണ്‍സ്റ്റബിള്‍ ശംഭു ദയാലാണ് മരിച്ചത്.
മദ്യപിച്ചു ലക്കുകെട്ട് ഡല്‍ഹി വിമാനത്താവളത്തിന്റെ മൂന്നാമത്തെ ടെര്‍മിനലിനു മുന്നില്‍ പരസ്യമായി മൂത്രമൊഴിച്ച 39 കാരനെ അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശി ജൗഹര്‍ അലി ഖാനാണു പിടിയിലായത്. ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.