ക്ഷേത്രങ്ങൾ കേവലം ദേവാലയങ്ങൾ മാത്രമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും പ്രതീകങ്ങളാണ്. ഒരുവശത്ത് ക്ഷേത്രങ്ങളും മറുവശത്ത് രാജ്യത്തെ പാവപ്പെട്ടവർക്കുള്ള വീടും നിർമിക്കുന്നുണ്ട്. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വാലിനാഥ് ധാം ക്ഷേത്രത്തിൽ നടന്ന ‘പ്രാൻ പ്രതിഷ്ഠ’ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.
ഐടി സെല്ലിന്‍റെ വിശദീകരണം തള്ളി ബിജെപി സംസ്ഥാന നേതൃത്വം.പ്രചാരണ ഗാന വിവാദത്തില്‍, പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയ ഐടി സെല്‍ കണ്‍വീനറെ മാറ്റണമെന്നാവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. യൂട്യൂബില്‍ നിന്ന് പാട്ട് എടുക്കേണ്ടി വന്നതിനാലാണ് പ്രചാരണഗാനം മാറിപ്പോയതെന്നാണ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്‍റെ വിശദീകരണം. കയ്യബദ്ധം മാത്രമാണിതെന്നും നടപടിയുടെ ആവശ്യമില്ലെന്നും പ്രകാശ് ജാവ്ദേക്കര്‍ പ്രതികരിച്ചു.
ചാലിയാര്‍ പുഴയിൽ മരിച്ച നിലയില്‍ കണ്ടെത്തിയ 17 കാരിയുടെ വസ്ത്രം സമീപത്ത് പുഴയിൽ നിന്ന്കണ്ടെത്തി. മേൽവസ്ത്രമില്ലാതെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്, കുടുംബം ദുരൂഹത ആരോപിച്ചിരുന്നുണ്ട്.കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റിയും നാട്ടുകാര്‍ രൂപീകരിച്ചിട്ടുണ്ട്.
ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണന്റെ സ്ഥാനാർത്ഥിത്വത്തിൽ സിപിഎമ്മിനെ പരിഹസിച്ച് രമേശ് ചെന്നിത്തല. ഒരു മന്ത്രി നിന്ന് തോൽക്കണമെന്ന് സിപിഎമ്മിന് നിർബന്ധമെന്ന് ചെന്നിത്തല പരിഹസിച്ചു.എല്ലാ പാർട്ടികൾക്കും കൂടുതൽ സീറ്റ് അവകാശപ്പെടാൻ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് വിഷയത്തിൽ ചെന്നിത്തലയുടെ പ്രതികരണം.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച് മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ഗിയറുള്ള വാഹനം ഉപയോഗിക്കണo, കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയർ കാര്‍ ഉപയോഗിക്കാൻ പാടില്ല. ഗിയറുള്ള കാറില്‍ തന്നെയാകണം ടെസ്റ്റ്. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല. പുതിയ മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
അച്ഛനെ കൊന്നത് യുഡിഎഫ് സർക്കാരാണെന്ന് പി കെ കുഞ്ഞനന്തൻ്റെ മകൾ ഷബ്‌ന. കെഎം ഷാജി തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് എറിഞ്ഞുനോക്കുകയാണെന്നും, ഇത് വെറും ജൽപനം മാത്രമാണെന്നും ഷബ്‌ന പറഞ്ഞു. അച്ഛന് ചികിത്സ നിഷേധിച്ചത് യുഡിഎഫ് സർക്കാരാണ്. പിന്നീട് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് നല്ല ചികിത്സ ലഭിച്ചതെന്നും അപ്പോഴേക്കും അവസ്ഥ മോശമായിരുന്നുവെന്നും ഷബ്ന പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിലെ തിരുവനന്തപുരത്തെ സിപിഐ സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. വയനാട്ടിൽ ആനി രാജ സിപിഐ സ്ഥാനാർഥിയാകും. തൃശൂരിൽ വി. എസ്. സുനിൽകുമാർ, മാവേലിക്കരയിൽ സി.എ അരുൺകുമാർ എന്നിവരും സ്ഥാനാർത്ഥിയാകും . ഫെബ്രുവരി 26 ന് നടക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലായിരിക്കും അന്തിമ തീരുമാനം പാർട്ടി അറിയിക്കുക.
ചരിത്രത്തിൽ ഇതുവരെ നടക്കാത്ത തരം ആക്രമണമാണ് തുടരുന്നതെന്ന് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ പ്രതിപക്ഷത്തിന്‍റെ വായടപ്പിക്കാനാണ് ശ്രമമെന്നും. കോൺഗ്രസ് അക്കൗണ്ടുകൾക്ക് നേരെയുള്ള ആദായ നികുതി വകുപ്പ് നടപടി സാമ്പത്തിക ഭീകരാക്രമണം എന്നും ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
സിംഹങ്ങൾക്ക് അക്ബർ, സീത എന്നീ പേരുകൾ നൽകിയത് ശരിയായ നടപടിയല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. പേര് മാറ്റി വിവാദം ഒഴിവാക്കാന്‍ സർക്കാരിനോട് കോടതി ഉപദേശിച്ചു. ഈ വിവാദം ഒഴിവാക്കണമായിരുന്നുവെന്നും, മൃഗങ്ങൾക്ക് ഇങ്ങനെ ദൈവങ്ങളുടെയും, നോബേൽ സമ്മാന ജേതാക്കളുടെയും, സ്വാതന്ത്ര്യ സമര സേനാനികളുടെയും പേര് ഇടാമോ എന്നും കോടതി ചോദിച്ചു.
മാർച്ച് 14 ന് ഡൽഹിയിൽ കിസാൻ മഹാപഞ്ചായത്ത് നടത്തുമെന്ന പ്രഖ്യാപനവുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് ബൽബീർ സിംഗ് രാജ്യവാൾ. ഡൽഹി രാം ലീല മൈതാനിൽ ആണ് കിസാൻ മഹാപഞ്ചായത്ത് സംഘടിപ്പിക്കുക. കർഷകർക്ക് നേരെ വെടിവച്ച ഹരിയാന മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ കൊലക്കെസ് എടക്കണമെന്നും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും BKU ആവശ്യപ്പെട്ടു.
ക്ഷേത്രവരുമാനത്തിൻ്റെ ഒരു പങ്ക് ഈടാക്കാൻ സംസ്ഥാന സർക്കാരിനെ അനുവദിക്കുന്ന ബില്ലിനെച്ചൊല്ലി കർണാടകയിൽ രാഷ്ട്രീയ പോര്. കോൺഗ്രസിന് ഹിന്ദു വിരുദ്ധ നിലപാടാണെന്ന് ബിജെപി. ശോഷിച്ച ഖജനാവ് നിറയ്ക്കാനുള്ള കുതന്ത്രമാണിതെന്നും വിമർശനം.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കുടിവെള്ളവിതരണം സുഗമായി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും കേരള വാട്ടർ അതോറിറ്റി പൂർത്തിയാക്കി. പൊങ്കാല മേഖലകളിൽ താൽക്കാലികമായി 1390 കുടിവെള്ള ടാപ്പുകളും ആറ്റുകാൽ മേഖലയിൽ 50 ഷവറുകളും സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര അറ്റകുറ്റപ്പണി സംവിധാനമായ ബ്ലൂ ബ്രിഗേഡ് 24 മണിക്കൂറും പ്രവർത്തിക്കാനുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്.
വന്യജീവി നിയമങ്ങൾ മാറ്റി എഴുതാത്തത് തെമ്മാടിത്തരമാണെന്നും കർഷകർക്ക് അനുകൂലമായി നിയമങ്ങൾ മാറ്റി എഴുതണമെന്നും മാർതലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതുകയാണ് വേണ്ടത്. മന്ത്രിമാരേക്കാൾ ഭേദം കടുവയോടും ആനയോടും സംസാരിക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.