കൊട്ടാരക്ക സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് നാളേയും സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ പണിമുടക്കും. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഐഎംഎ അറിയിച്ചു. ഇന്നു നടത്തിയ മിന്നല്‍ പണിമുടക്കില്‍ രോഗികള്‍ വലഞ്ഞിരുന്നു.
കുട്ടികളുടെ അവധിക്കാല ക്ലാസുകള്‍ വിലക്കിയ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തേക്കാണു സ്റ്റേ. ചൂടു പ്രതിരോധിക്കാനുള്ള സൗകര്യങ്ങളോടെ ക്ലാസു നടത്താമെന്ന് കോടതി ഉത്തരവിട്ടു. വിദ്യാര്‍ത്ഥികളുടെ ഗുണത്തിനാണ് വെക്കേഷന് ക്ലാസുകള്‍. കൃത്യമായ കാരണങ്ങളില്ലാതെ തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികളെ മജിസ്ട്രേറ്റുമാര്‍ക്കു മുന്നില്‍ ഹാജരാക്കുമ്പോഴുളള സുരക്ഷാ ക്രമീകരണങ്ങള്‍ ഡോക്ടര്‍മാരുടെ മുന്നില്‍ ഹാജരാക്കുമ്പോഴും വേണമെന്ന് ഹൈക്കോടതി. ആവശ്യമെങ്കില്‍ അതിനുളള നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. കായംകുളം താലൂക്ക് ആശൂപത്രിയില്‍ ഡോ. വന്ദനദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വയം കേസെടുത്ത് പരിശോധിക്കവേയാണ് ഈ നിരീക്ഷണം. നാളെ രാവിലെ കേസ് വീണ്ടും പരിഗണിക്കും.
ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ ആശുപത്രിയില്‍ എത്തിച്ച പോലീസിന്റെ കൈയില്‍ തോക്കുണ്ടായിരുന്നില്ലേയെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷാ ചുമതല പൊലീസിനല്ലേ. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നാളെ ഓണ്‍ലൈനായി കോടതിയില്‍ ഹാജരാകണം. ഡോ. വന്ദനയെ ആക്രമിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണം. സ്ഥലം മജിസ്ട്രേറ്റ് താലൂക്കാശുപത്രി സന്ദര്‍ശിച്ച് നാളെ രാവിലെ റിപ്പോര്‍ട്ട് നല്‍കണം.
ഡോ വന്ദനയ്ക്കു 11 കുത്തേറ്റെന്നും പ്രതി സന്ദീപ് പിന്തുടര്ന്ന് കുത്തിയെന്നും എഫ്.ഐ.ആര്. കാലിലെ മുറിവില്‍ മരുന്ന് വെയ്ക്കുന്നതിനിടെ സന്ദീപ് കത്രിക കൈക്കലാക്കി വന്ദനയുടെ തലയില്‍ ആദ്യം കുത്തി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നിന്നെയൊക്കെ കുത്തികൊല്ലുമെന്ന് ആക്രോശിച്ചു. ഒബ്സര്‍വേഷന്‍ റൂമില്‍ അതിക്രമിച്ചു കയറിയും പ്രതി സന്ദീപ് ആക്രമിച്ചു. പിടലിക്കും തലയിലും തുരുതുരാ കുത്തി പരിക്കേല്‍പ്പിച്ചു. വന്ദന അവശയായി നിലത്തു വീണപ്പോള്‍ നിലത്തിട്ടു കുത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. പ്രതി സന്ദീപിന്റെ ബന്ധുവിനെയും പോലീസിനേയുമാണ് ആദ്യം കുത്തിയതെന്നാണ് ആദ്യം പോലീസ് പ്രചരിപ്പിച്ചിരുന്നത്.
കൊട്ടാരക്കര ആശുപത്രിയില്‍ യുവഡോക്ടറെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും പ്രതി സന്ദീപിനെ ചികില്‍സിക്കാന്‍ വിസമ്മതിച്ചു. ഇതോടെ സന്ദീപിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സെല്ലിലേക്കു മാറ്റി. പ്രത്യേക ആംബുലന്‍സ് സംവിധാനത്തോടെയാണ് ഇയാളെ പോലീസ് കൊണ്ടുപോയത്.
ഡോ. വന്ദനദാസ് കൊല്ലപ്പെട്ട സംഭവത്തിലെ പൊലീസ് വീഴ്ച അന്വേഷിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ദേശീയ പ്രസിഡന്റ് ഡോ ശരത് കുമാര്‍ അഗര്‍വാള്‍. സുരക്ഷ നല്കാന് പോലും തയ്യാറാകാത്ത ഉദ്യോഗസ്ഥരെ പിരിച്ചു വിട്ട് പ്രോസിക്യൂട്ടു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡോ. വന്ദനാ ദാസിന്റെ കൊലപാതകി നെടുമ്പന യുപി സ്കൂളിലെ അധ്യാപകനായ ജി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. വകുപ്പു തല അന്വേഷണം നടത്തിയാണ് സസ്പെന്ഷന്.
കൊല്ലപ്പെട്ട ഡോ. വന്ദനദാസിനെക്കുറിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്. വീണയ്ക്ക് എന്ത് എക്സീപീരിയന്‍സാണ് ഉള്ളതെന്ന് ശോഭാ സുരേന്ദ്രന് ചോദിച്ചു. വീണയ്ക്കു വിവേകം ഇല്ലാത്തതുകൊണ്ടാണ് അത്രയും മോശമായി പ്രതികരിച്ചതെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
സംസ്ഥാനത്തെ കോണ്‍ഗ്രസ് പുനസംഘടന ഈ മാസത്തോടെ പൂര്‍ത്തിയാക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് ബിജെപിക്കെതിരേ രാഷ്ട്രീയ രേഖ പുറത്തിറക്കിക്കൊണ്ട് വയനാട്ടിലെ കോണ്‍ഗ്രസ് ലീഡേഴ്സ് മീറ്റിനു സമാപനം. മിഷന് 24 ന്റെ ആശയങ്ങള്‍ നാളെ മുതല്‍ തന്നെ ബൂത്തുതലങ്ങളിലേക്ക് എത്തിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന് പറഞ്ഞു. ഒക്ടോബര്‍ 31 വരെയുള്ള പ്രവര്‍ത്തന പദ്ധതിക്ക് രൂപം നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു.
താനൂര്‍ ബോട്ടപകടത്തിനു കാരണം മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. നിയമവിരുദ്ധ ബോട്ട് യാത്രയെപറ്റി മന്ത്രിമാരായ അബ്ദുള്‍ റഹ്മാനും മുഹമ്മദ് റിയാസിനും അറിവുണ്ടായിരുന്നു. നാട്ടുകാരുടെ പരാതിയില്‍ നടപടിയെടുക്കാതിരുന്നതുകൊണ്ടാണ് 22 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടത്. അദ്ദേഹം പറഞ്ഞു.
ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസിക വളര്‍ച്ച പ്രശ്നങ്ങള്‍ എന്നിവയുള്ള കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാള്‍ക്ക് ജോലി സമയത്തില്‍ സര്‍ക്കാര്‍ ഇളവ് നല്‍കും. 40 ശതമാനത്തില്‍ കൂടുതല്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കളില്‍ ഒരാള്‍ക്കാണ് ഇളവ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ജോലി സമയത്തില്‍ 16 മണിക്കൂര്‍ കൂടി ഇളവാണു പ്രഖ്യാപിച്ചിരിക്കുന്നത്.
മറയൂരില്‍ പുതിയ ചന്ദനക്കാടുകൂടി ഒരുങ്ങുന്നു. മറയുര്‍ ചന്ദന ഡിവിഷനില്‍ 10 ഹെക്ടറില്‍ 15,000 ചന്ദനത്തൈകള്കൂടി നട്ടുപിടിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു. മറയൂര്‍, ചിന്നാര്‍ മേഖലയിലെ വന ഭൂമിയില്‍ മാത്രം 30 സെന്റീമീറ്ററില്‍ കൂടുതല്‍ വലുപ്പമുള്ള 65,000 ചന്ദനമരങ്ങളുണ്ട്.
തിരുവനന്തപുരം ബാലരാമപുരത്ത് മുഖം മറച്ചെത്തിയ യുവാവ് വയോധികയുടെ കാല് തല്ലിയൊടിച്ചു. ബാലരാമപുരം ആറാലുംമൂട് തലയല്‍ പുന്നക്കണ്ടത്തില്‍ വാസന്തിക്കാണ്(63) അക്രമാണത്തില് പരിക്കേറ്റത്. ഒന്നിലെറെ തവണ അടിയേറ്റ് കാല് ഒടിഞ്ഞ് തൂങ്ങി. മികച്ച കര്‍ഷകക്കുള്ള അവാര്‍ഡു നേടിയ വനിതയാണ് വാസന്തി.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരേ നിരന്തരമായി ആരോപണങ്ങള്‍ ഉന്നയിച്ച ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. 2011 ല്‍ ചെന്നൈ മെട്രോയുടെ കരാര്‍ ഉറപ്പിക്കാന്‍ എം കെ സ്റ്റാലിന് 200 കോടി രൂപ കോഴ വാങ്ങിയെന്ന് അണ്ണാമലൈ ആരോപിച്ചിരുന്നു.
കര്‍ണാടകത്തില്‍ തൂക്കു നിയമസഭയ്ക്കു സാധ്യതയെന്ന് എക്സിറ്റ് പോള്‍ ഫലപ്രവചനം. ശനിയാഴ്ചയാണു വോട്ടെണ്ണല്‍. ഇന്നു നടന്ന വോട്ടെടുപ്പില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. തൂക്കുസഭ വന്നാല്‍ മുന്‍മുഖ്യമന്ത്രി കുമാരസാമിയുടെ ജെഡിഎസ് കിംഗ് മേക്കറാകും.