mazha avadhi

കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിൾ ജമ്പില്‍ മലയാളി താരം എൽദോസ് പോളിന് സ്വർണ്ണം. മലയാളി താരം അബ്ദുള്ള അബുബക്കർ വെള്ളി നേടി. ഗെയിംസിൽ ഇന്ത്യയുടെ പതിനാറാം സ്വർണ്ണം.സ്വർണ്ണം നേടിയ  എല്‍ദോസ് പോളിനും വെള്ളി നേടിയ അബ്ദുള്ള അബൂബക്കറിനും അഭിനന്ദന പ്രവാഹം. എക്കാലവും നിലനില്‍ക്കുന്ന അഭിമാനനേട്ടമാണ് ഇരുവരും നേടിയതെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. എല്‍ദോസ് പോളിന്‍റെ സമർപ്പണം പ്രശംസനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. കഠിനാധ്വാനത്തിന്‍റേയും പ്രതിബദ്ധതയുടെയും ഫലമാണ് അബ്ദുള്ള അബൂബക്കറിന്‍റെ വെള്ളി മെഡലെന്നും  പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഹർദീപ് സിങ് പുരി, കിരണ്‍ റിജിജു,ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി അത്‍ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവരും മറ്റ് നിരവധിപേരും എല്‍ദോസിന്‍റേയെും അബ്ദുള്ളയുടെയും പ്രകടനത്തെ  അഭിനന്ദിച്ച്  ട്വീറ്റ് ചെയ്തു.

ഇടുക്കി ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍ തുറന്നു, മഴ തുടരുന്നതിനാൽ 200 ക്യൂ മെക്സ്   ആക്കി ഉയർത്തുമെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇടമലയാർ ഡാമിൽ  ഇന്ന് രാത്രി11 മണിയോടെ റെഡ് അലർട്ട് വേണ്ടി വരുമെന്ന് വിലയിരുത്തുന്നു. ഇടമലയാർ ഡാം തുറന്നാൽ ആദ്യം വെള്ളമെത്തുന്നത് ഭൂതത്താൻ കെട്ട് ബാരേജിലേക്കാണ് .രണ്ട് ഡാമുകളിൽ നിന്നുള്ള ജലവും പെരിയാറിലെത്തുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ജനങ്ങൾ ജാഗ്രത പാലിക്കണം.

ഏത് വകുപ്പിന്റെ റോഡ് ആണെങ്കിലും കുഴികൾ ഉണ്ടാകരുത് എന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. എന്നാൽ ദേശീയപാതയുടെ  വലിയൊരു ഉത്തരവാദിത്തവും കേന്ദ്രത്തിനാണ്. ഈ റോഡുകളിൽ ഇടപെടുന്നതിന് പരിമിതി ഉണ്ട്.  സംസ്ഥാനത്തിന് കീഴിൽ ഉള്ള 548 കി.മീ ദേശീയപാത ആണ്. എന്നാൽ നിരത്തിലെ കുഴികളിൽ സ്വന്തം വകുപ്പിലെ കെടുകാര്യസ്ഥത മറച്ചു പിടിക്കാനാണ് സംസ്ഥാന പൊതു മരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ ശ്രമമെന്നായിരുന്നു ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തിയത്. പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്ത നിലപാടാണെന്ന് മന്ത്രി.

ആലപ്പുഴ കുട്ടനാട് താലൂക്കിലെ പ്രോഫാഷനാൽ കോളേജുകളും അംഗൻവാടികളും  ഉൾപ്പെടയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അവധി. കൂടാതെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കളക്‌ടർ  അവധി പ്രഖ്യാപിച്ചു.   എറണാകുളം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി  പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി.

കേരള വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി ഉണ്ടാക്കിയ ആരിഫ് മുഹമ്മദ് ഖാൻ  കാലാവധി തീരാനായ പതിനൊന്ന് ഓർഡിനൻസുകളിലും ഒപ്പിടാതെ ഉറച്ചു നിൽക്കുകയാണ്.കാലാവധി നാളെ തീരാരായ ഓർഡിനൻസിൽ ഒപ്പിട്ടില്ലെങ്കിൽ അവ ലാപ്സാകും.  ഗവർണ്ണർ ഒപ്പിടാത്തത് മൂലമുള്ള പ്രതിസന്ധി മറികടക്കാൻ നിയമവിദഗ്ധരുമായി സർക്കാർ ആലോചന തുടങ്ങി .

സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ സിൽവർ ലൈനിന് വേണ്ടി നീതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ ഉടനടി അംഗീകാരം നൽകണമെന്നും അവശ്യ സാധനങ്ങളെ അടക്കം ജി എസ് ടി പരിധിയിൽ കൊണ്ടുവന്ന തീരുമാനം പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബഫര്‍ സോണ്‍ വിഷയം,കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തിനുള്ള  വായ്പ പരിധി കൂട്ടണം,ദേശീയ പാതാ വികസനം സമയ ബന്ധിതമായി പൂര്‍ത്തിയാക്കണം എന്നീ കാര്യങ്ങളും പ്രധാനമന്ത്രി അദ്ധ്യക്ഷനായ യോഗത്തിൽ പിണറായി വിജയൻ ഉന്നയിച്ചു.

ബാണാസുര സാഗർ അണക്കെട്ട്  നാളെ രാവിലെ 8 മണിക്ക് തുറക്കും. അണക്കെട്ടിന്‍റെ ഒരു ഷട്ടർ 10 സെന്‍റിമീറ്റര്‍ തുറക്കാനാണ്  തീരുമാനം. സെക്കന്‍റില്‍ 8.50 ക്യുബിക്  മീറ്റർ വെളളമാണ് പുറത്തേക്ക് ഒഴുക്കുക.   വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ  രാത്രിയോടെ ജലനിരപ്പ് അപ്പർ റൂൾ ലെവലായ 774 മീറ്ററിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്.

കോഴിക്കോട് ജില്ലയിൽ ഒരു യുവാവിനെ കൂടി കാണാതായതായി പരാതി. ഈ സംഭവത്തിനും  സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസിൻ്റെ നിഗമനം. കോഴിക്കോട് നാദാപുരം സ്വദേശിയായ അനസ് എന്ന യുവാവിന്റെ മാതാവിന്റെ പരാതിയിന്മേൽ പോലീസ് അന്വേഷണം ആരംഭിച്ചു.ഇതുവരെ  ഇർഷാദ്, ദീപക്, റിജേഷ്, അജാസ് എന്നിങ്ങനെ നാല് പേരെയാണ് ജൂണ്‍, ജൂലൈ മാസങ്ങളിൽ കാണാതായത്. ഇവരിൽ ഇ‍ര്‍ഷാദ് കൊല്ലപ്പെട്ടതായി വ്യക്തമായി.

എസ്എസ്എല്‍വി വിക്ഷേപണവുമായിബന്ധപ്പെട്ട്  വിശദീകരണവുമായി ഐഎസ്ആര്‍ഒ. എസ്എസ്എല്‍വി ഉപയോഗിച്ച് വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍ സ്ഥാപിച്ചു എങ്കിലും നിശ്ചയിച്ച ഇടത്തിലും താഴെയാണ് ഈ ഉപഗ്രഹങ്ങള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞത്. ഇതുവരെ ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *