ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി ഡാം തുറന്നു. ചട്ടപ്രകാരം മൂന്ന് തവണ സൈറണ് മുഴക്കിയ ശേഷം രാവിലെ പത്ത് മണിയോടെ ഡാം തുറന്നത്. ഇടുക്കി ഡാമിൽ നിന്നും വളരെ കുറഞ്ഞ അളവിലാണ് ഇന്ന് ജലമൊഴുകി വിടുന്നതെന്നും അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഡാം തുറന്നാലും പെരിയാർ തീരത്തുള്ളവരുടെ വീടുകളിലേക്കൊന്നും വെള്ളം കയറില്ലെന്നാണ് ജില്ല ഭരണകൂടത്തിന്‍റെ വിലയിരുത്തൽ എങ്കിലും മുൻകരുതലായി 79 കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ക്യാമ്പ് തുടങ്ങാൻ 23 സ്ഥലങ്ങളും കണ്ടെത്തി.
സർക്കാരിനോട് 123 കോടി രൂപ സഹായമായി കെ എസ് ആർ ടി സി ആവശ്യപ്പെട്ടു. ജൂലൈ മാസത്തെ ശമ്പളത്തിനും ജീവനക്കാരുടെ മുടങ്ങിയ ആനുകൂല്യങ്ങളും നൽകാനാണ് കൂടുതൽ തുക ചോദിച്ചതെന്ന് കെ എസ് ആർ ടി സി വ്യക്തമാക്കുന്നു. ഇന്ന് സംസ്ഥാനത്ത് കെ എസ് ആർ ടി സി യുടെ കുറച്ചു ബസ്സുകൾ മാത്രമേ സർവീസ് നടത്തുകയുള്ളു.
മൂന്നാർ വട്ടവട റോഡിലെ പുതുക്കടിയിൽ ഇന്നലെ ഉരുൾപൊട്ടിയ സ്ഥലത്ത് വീണ്ടും ഉരുൾപൊട്ടി. ഒരു വീട് ഭൂമിക്കടിയിലായി. ആളപായമില്ല. രാത്രി 1 മണിയോടെയാണ് ഉരുൾപൊട്ടിയത്. സ്ഥലത്തു നിന്നും 175 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
മുല്ലപ്പെരിയാർ ഡാമിൽ നിന്നും ഒഴുക്കി വിടുന്ന ജലത്തിൻ്റെ അളവ് വർധിപ്പിച്ചു. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
പിഎസ്എൽവിയുടെ ചെറു പതിപ്പായ എസ്എസ്എൽവി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു.500 കിലോമീറ്റർ ഉയരത്തിൽ 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ കൊണ്ടെത്തിക്കാൻ എസ്എസ്എൽവിക്കാകും. ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവർ എർത്ത് ഓർബിറ്റുകളിൽ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാൻ ലക്ഷ്യമിട്ടാണ് എസ്എസ്എൽവി നിർമിച്ചിരിക്കുന്നത്.
ലോകയുക്ത ഓർഡിനൻസ് അടക്കം 11 ഓർഡിനൻസുകളിൽ ഒപ്പിടാതെ ഗവർണർ. ഈ ഓർഡിനൻസുകളുടെ കാലാവധി നാളെ തീരും. ഗവർണ്ണർ ഡൽഹിയിലാണ് .12നാണ് മടങ്ങി എത്തുക.
. കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച. ചമ്പക്കുളത്താണ് രണ്ട് പാടങ്ങളിൽ ഇന്ന് മട വീണത്. ഇതോടെ അടുത്ത ദിവസങ്ങളിൽ കുട്ടനാട്ടിൽ നാല് പാടശേഖരങ്ങളിൽ മടവീഴ്ച ഉണ്ടായി. മഴക്കെടുതിയിൽ ആലപ്പുഴയിൽ ഭാഗികമായി 30 വീടുകള്‍ നശിച്ചു. രണ്ടു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 44 ദുരിതാശ്വാസ ക്യാമ്പുകള്‍ ഇതുവരെ തുറന്നിട്ടുണ്ട്.