പാക്കറ്റു ചെയ്ത പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ക്കും നാളെ മുതല്‍ വില കൂടും. പാക്കറ്റിലുള്ള മോരിനും തൈരിനും അടക്കം അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തിയ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം നാളെ നിലവില്‍ വരും. പാക്കറ്റിലാക്കിയ മാംസം, മീന്‍, തേന്‍, ശര്‍ക്കര, പപ്പടം എന്നിവയ്ക്കും അഞ്ചു ശതമാനം നികുതി പ്രാബല്യത്തിലാകും.
മില്‍മയുടെ ഉല്‍പന്നങ്ങള്‍ക്ക് നാളെ വില കൂട്ടുമെന്ന് മില്‍മ. തൈര്, മോര്, ലെസ്സി, എന്നീ ഉത്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം ജിഎസ്ടി ബാധകമാക്കിയതിനാലാണു വില വര്‍ധനയെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി അറിയിച്ചു.
രാജ്യത്തെ പ്രതിപക്ഷത്തിന്റെ സ്ഥാനം ചുരുങ്ങുകയാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. നിയമ നിര്‍മ്മാണത്തിന്റെ ഗുണനിലവാരം കുറയുകയാണ്. രാഷ്ട്രീയമായ എതിര്‍പ്പ് ശത്രുതയിലേക്ക് കടക്കുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന് ഗുണമാകില്ല. ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ ശക്തമായ പ്രതിപക്ഷം അനിവാര്യമാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജസ്ഥാന്‍ നിയമസഭയില്‍ നടന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബഫര്‍സോണ്‍ വിധിക്കെതിരായ കേരളത്തിന്റെ നിയമ നടപടികളെക്കുറിച്ച് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായി അഡ്വക്കേറ്റ് ജനറല്‍ കൂടിയാലോചന നടത്തി. വിധിയില്‍ ഇളവ് തേടി നല്‍കേണ്ട ഹര്‍ജി സംബന്ധിച്ചാണ് ചര്‍ച്ച. അനൂകൂല നിലപാട് നേടിയെടുക്കാന്‍ രണ്ടു ദിവസത്തിനകം ഹര്‍ജി നല്‍കും.
കെപിസിസി പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കും. ഹൈക്കമാന്‍ഡിനു കൈമാറിയ പട്ടികയില്‍ അവസാന വട്ടചര്‍ച്ചക്കായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഡല്‍ഹിയിലെത്തി. നേരത്തെ, കൈമാറിയ പട്ടിക ചിന്തന്‍ ശിബിര നിര്‍ദ്ദേശങ്ങള്‍ കൂടി പാലിച്ച് തിരുത്തലുകള്‍ക്ക് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. പ്രായം, ജാതി നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
വനിത ചലച്ചിത്രമേളയില്‍നിന്ന് കുഞ്ഞിലയുടെ സിനിമ തഴയുകയും പ്രതിഷേധിച്ചതിനു കുഞ്ഞിലയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് വിധു വിന്‍സെന്റ് സിനിമ പിന്‍വലിച്ചു. സംവിധായകന്‍ പ്രതാപ് ജോസഫ് ഡെലഗേറ്റ് തിരിച്ചു നല്‍കിയാണു പ്രതിഷേധിച്ചത്. ഇങ്ങനെയൊരു അന്തരീക്ഷത്തില്‍ സന്തോഷത്തോടെ സിനിമ കാണാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മേളയിലെ നാല് മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു വിധുവിന്റെ ‘വൈറല്‍ സെബി’.
അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ സംവിധായിക കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയതു മാനദണ്ഡമനുസരിച്ചാണെന്ന് ചലച്ചിത്ര അക്കാദമി. റിലീസ് ചെയ്ത സിനിമകള്‍ ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് അക്കാദമി സെക്രട്ടറി സി. അജോയ് പറഞ്ഞു. പുതിയ സിനിമകളാണ് മലയാളം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. അതുകൊണ്ടാണ് ‘അസംഘടിതര്‍’ എന്ന കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയത്. അജോയ് വിശദീകരിച്ചു.
സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ ലൈംഗിക അതിക്രമത്തിന് കൊയിലാണ്ടി പൊലീസ് കേസെടുത്തു. യുവ എഴുത്തുകാരിയാണു പരാതിക്കാരി. ഏപ്രില്‍ മാസത്തില്‍ നടന്ന സംഭവത്തിലാണ് പരാതി. ഫോണ്‍ വഴി ശല്യം തുടര്‍ന്നെന്നും പരാതി. പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയുന്ന വകുപ്പ് പ്രകാരവും കേസുണ്ട്.
കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്റെ ഭാര്യ വീണ്ടും സുപ്രീംകോടതിയിലേക്ക്. മോചനത്തിനു മുപ്പതു ലക്ഷം രൂപ കെട്ടി വെക്കണമെന്ന ഉത്തരവില്‍ ഇളവു തേടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. മണിച്ചന്‍ അടക്കം കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും മണിച്ചനു പുറത്തിറങ്ങാനായിട്ടില്ല.
സംസ്ഥാനത്ത് വീണ്ടും വ്യാജ ലോട്ടറി തട്ടിപ്പ് സംഘങ്ങള്‍. ചെറുകിട ലോട്ടറി കച്ചവടക്കാരാണ് ഇവരുടെ വലയില്‍ വീഴുന്നത്. പരാതികള്‍ വ്യാപകമായതോടെ വില്‍പ്പനക്കാര്‍ക്ക് ലോട്ടറി വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. കഴിഞ്ഞ ഒരുമാസത്തിനിടെ ഭിന്നശേഷിക്കാരായ കച്ചവടക്കാരും പ്രായമായവരുമാണ് തട്ടിപ്പിനിരയായവരിലധികവും.
മയക്കുമരുന്നു കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാന്‍ തൊണ്ടിമുതല്‍ മോഷ്ടിച്ചു കൃത്രിമം കാണിച്ചെന്ന കേസില്‍ പ്രതിയായ മന്ത്രി ആന്റണി രാജുവിനെതിരായ രേഖ പുറത്ത്. 16 വര്‍ഷം മുമ്പാണ് ആന്റണി രാജുവിനെതിരെ കേസെടുത്തത്. കേസില്‍ ഇതുവരെ വിചാരണ നടപടി തുടങ്ങിയിട്ടില്ല.
കര്‍ക്കടകം പിറന്ന ഇന്നു രാവിലെ ക്ഷേത്രങ്ങളില്‍ തിരക്ക്. രാമായണ മാസാചരണത്തോടനുബന്ധിച്ച് വീടുകളിലും ക്ഷേത്രങ്ങളിലും രാമായാണ പാരായണം ആരംഭിച്ചു.
ക്ഷേത്രത്തില്‍ വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച് ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ പ്രതിയായ മലപ്പുറം പുളിക്കല്‍ സ്വദേശി 42 കാരനായ സുനില്‍ കുമാറിനെ അറസ്റ്റു ചെയ്തു. വിദേശത്തു ജോലി ചെയ്യുന്ന പത്തനംതിട്ട എഴുമറ്റൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനിലെ പ്രതിപക്ഷ ട്രേഡ് യൂണിയന്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് 20 ന് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്.
കണ്ണൂര്‍ കൂത്തുപറമ്പില്‍ മണിചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍. സംസ്ഥാനത്ത് പലയിടങ്ങളില്‍നിന്നായി 100 കോടിയോളം രൂപ തട്ടിപ്പ് നടത്തിയ കേസില്‍ മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലിനെ (40) യാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്നാര്‍ തലയാര്‍ എസ്റ്റേറ്റില്‍ പരിക്കേറ്റുവീണ കാട്ടുപോത്തിന്റെ ഇറച്ചി മുറിച്ചുകടത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. 150 കിലോ ഇറച്ചിയാണ് കണ്ടെടുത്തത്. തലയാര്‍ എസ്റ്റേറ്റ് നിവാസികളായ രാമര്‍(40), അമൃതരാജ്(36), ആനന്ദകുമാര്‍ (38), കറുപ്പുസ്വാമി (46), രമേഷ്(36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ചിന്നക്കനാല്‍ മുത്തമ്മ കോളനിയില്‍ വീണ്ടും കാട്ടാനയാക്രമണം. ചെല്ലാദുരൈയുടെ വീട് തകര്‍ത്തു. ചെല്ലാദുരൈയും ഭാര്യ പാപ്പായും പുറത്തേക്ക് ഓടി അടുത്ത വീട്ടില്‍ അഭയം തേടി. വീടിനകത്തുണ്ടായിരുന്ന ഭക്ഷണ സാധനങ്ങള്‍ പൂര്‍ണമായും തിന്ന ഒറ്റയാന്‍ വീട്ടുപകരണങ്ങളും നശിപ്പിച്ചു. ചെല്ലാദുരൈയെയും കുടുംബത്തെയും പഞ്ചായത്ത് അധികൃതര്‍ മറ്റൊരു വീട്ടിലേക്കു മാറ്റിപാര്‍പ്പിച്ചു.
വയനാട് മേപ്പാടിയിലെ ബേക്കറി ഉടമയുടെ ആത്മഹത്യയ്ക്കു പിന്നില്‍ ബ്ലേഡ് മാഫിയയാണെന്ന് കുടുംബം. തിരിച്ചടവ് മുടങ്ങിയതോടെ പലിശക്കാര്‍ ഷിജുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഷിജു ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പണം നല്‍കിയവരില്‍ ഒരാള്‍ കടയില്‍ കയറി ആക്രമിച്ചെന്ന് ദൃശ്യങ്ങള്‍ സഹിതം ഭാര്യ രമ്യ പോലീസില്‍ പരാതി നല്‍കി.
തൃശൂര്‍- പാലക്കാട് ദേശീയപാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയുടെ ഡിവൈഡറിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറി നിരവധി പേര്‍ക്ക് പരിക്ക്. തൃശ്ശൂര്‍ ഭാഗത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. 20 പേര്‍ക്ക് പരിക്കേറ്റു.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറര്‍ ദ്രൗപദി മുര്‍മുവാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി. അറുപത് ശതമാനത്തിലധികം വോട്ടുകള്‍ ഇതിനോടകം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഉറപ്പാക്കി. യശ്വന്ത് സിന്‍ഹയാണു പ്രതിപക്ഷ സ്ഥാനാര്‍ത്ഥി. വിലക്കുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കേ, പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം നാളെ ആരംഭിക്കും. എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്നു ചേരുന്നുണ്ട്.
2017 ലെ സുഖ്മയിലെ മാവോയിസ്റ്റ് ആക്രമണ കേസില്‍ 121 പ്രതികളേയും ദന്തേവാഡയിലെ എന്‍ഐഎ കോടതി വെറുതെവിട്ടു. പ്രതികള്‍ നക്‌സല്‍ വിഭാഗത്തില്‍പ്പെട്ടവരാണെന്നും കുറ്റകൃത്യത്തില്‍ പങ്കുള്ളവരാണെന്നും സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. യുഎപിഎ അടക്കം വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരുന്നത്. പ്രതികളെല്ലാം ആദിവാസി വിഭാഗത്തിലുള്ളവരാണ്. 25 സിആര്‍പിഎഫ് ജവാന്മാരാണ് അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകത്തിന്റെ പാശ്ചാത്തലത്തില്‍ വിവിഐപി സുരക്ഷ കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. പിന്നില്‍നിന്നുള്ള ആക്രമണ സാധ്യത കണക്കിലെടുത്ത് കര്‍ശന നിരീക്ഷണം വേണമെന്നാണ് നിര്‍ദേശം. ഇക്കഴിഞ്ഞ എട്ടാം തിയതിയാണ് ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വെടിയേറ്റ് മരിച്ചത്.
പാറ്റ്ന പോപ്പുലര്‍ ഫ്രണ്ട് കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ധരബംഗ സ്വദേശിയും അഭിഭാഷകനുമായ നൂറുദ്ദീന്‍ ആണ് അറസ്റ്റിലായത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായിരുന്നത് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസില്‍ ആകെ പിടിയില്‍ ആയവരുടെ എണ്ണം നാലായി.
പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെത്തുടര്‍ന്ന് തമിഴ്നാട് കള്ളാക്കുറിച്ചിയിലെ ചിന്നസേലത്ത് വിദ്യാര്‍ത്ഥി യുവജനസംഘടനകളുടെ സമരം അക്രമാസക്തമായി. പൊലീസുമായി സമരക്കാര്‍ ഏറ്റുമുട്ടി. പൊലീസ് വാനടക്കം നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേത്ത് വെടിവച്ചു. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന രണ്ട് അധ്യാപകരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
വേറെ വിവാഹം കഴിക്കുന്നതിനു ഭാര്യയെ കൊല്ലുന്നതിന് മരുമകള്‍ക്കു ക്വട്ടേഷന്‍ നല്‍കിയ ഭര്‍ത്താവും കൊലപ്പെടുത്തിയ മരുമകളും അറസ്റ്റിലായി. മധ്യപ്രദേശിലെ രേവാ ജില്ലയിലാണ് സംഭവം. ക്വട്ടേഷന്‍ ഏറ്റെടുത്ത മരുമകള്‍ അമ്മായിയമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി. വാല്‍മീകി കോള്‍, മരുമകള്‍ കാഞ്ചന്‍ കോള്‍ (25) എന്നിവരാണ് അറസ്റ്റിലായത്.
ഒപ്പം കിടക്കാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കല്ലു കൊണ്ട് തലയ്ക്കടിച്ചു കൊന്നു. മുംബൈയിലെ മലാഡിലാണ് സംഭവം. മാല്‍വാനി യശോദീപ് സൊസൈറ്റിയില്‍ താമസിക്കുന്ന വിജയമാലയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഗ്യാനോപ പൊലീസില്‍ കീഴടങ്ങി.
സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം. വനിതാ സിംഗിള്‍സ് ഫൈനലില്‍ ചൈനീസ് താരം വാംഗ് ഷി യിയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ തോല്‍പിച്ചാണ് കിരീടം. പി വി സിന്ധുവിന്റെ ആദ്യ സിംഗപ്പൂര്‍ ഓപ്പണ്‍ കിരീടമാണിത്. സീസണില്‍ സിന്ധുവിന്റെ മൂന്നാം കിരീടം കൂടിയാണ്. കൊറിയ ഓപ്പണിലും സ്വിസ് ഓപ്പണിലും സിന്ധു 2022ല്‍ കിരീടം നേടിയിരുന്നു.
ഇന്ത്യയും ഇംഗ്ലണ്ടും ഇന്ന് നിര്‍ണായക മത്സരത്തിനിറങ്ങുന്നു. മൂന്നാമത്തെയും അവസാനത്തെയും ഏകദിനം ഇന്ന് മാഞ്ചെസ്റ്ററില്‍. 1-1-ന് സമനിലയില്‍ നില്‍ക്കുന്ന പരമ്പരയുടെ വിജയികളെ ഈ മത്സരം തീരുമാനിക്കും.
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 100 മീറ്റര്‍ മത്സരത്തിലെ മൂന്ന് മെഡലുകളും തൂത്തുവാരി അമേരിക്ക. 9.86 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഫ്രഡ് കെര്‍ലിക്കാണ് സ്വര്‍ണം. മാര്‍വിന്‍ ബ്രേസി വെള്ളിയും ട്രെയ്വോണ്‍ ബ്രോമെല്‍ വെങ്കലവും സ്വന്തമാക്കി.
യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ വിലയിടിവു പിടിച്ചുനിര്‍ത്താന്‍ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍നിന്ന് ഇന്ത്യയ്ക്കു ചെലവിടേണ്ടിവരുന്നതു വന്‍ തുക. ഒക്ടോബറില്‍ 64,000 കോടി ഡോളറുണ്ടായിരുന്ന ശേഖരം ഇപ്പോള്‍ (ജൂലൈ 8ന്റെ കണക്ക്) 58,025.2 കോടി ഡോളര്‍ മാത്രമാണ്. ജൂലൈ ഒന്നിന്റെ കണക്കനുസരിച്ച് 58,831.4 കോടി ഡോളര്‍ ആയിരുന്നു കരുതല്‍ശേഖരം. ഒറ്റ ആഴ്ച കൊണ്ട് 806.2 കോടി ഡോളറിന്റെ കുറവ്.
നടപ്പുവര്‍ഷത്തെ (2022-23) കെ.എസ്.എഫ്.ഇയുടെ ആദ്യ ചിട്ടിപദ്ധതിക്ക് മികച്ച വിജയം. 200 കോടി രൂപ സലയുടെ പുതിയ ചിട്ടി ബിസിനസ് ലക്ഷ്യമിട്ടതിനേക്കാള്‍ എട്ടുകോടിയിലേറെ രൂപ അധികം നേടി. ജൂലായ് 15ന് സമാപിച്ച ചിട്ടിയിലൂടെ ശേഖരിച്ചത് സര്‍വകാല റെക്കാഡായ 208.09 കോടി രൂപയാണ്. നടപ്പുവര്‍ഷം കെ.എസ്.എഫ്.ഇ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുമെന്നതിന്റെ സൂചനയാണ് ആദ്യ ചിട്ടിയുടെ വിജയമെന്ന് ചെയര്‍മാന്‍ കെ.വരദരാജന്‍, മാനേജിംഗ് ഡയറക്ടര്‍ വി.പി.സുബ്രഹ്‌മണ്യന്‍ എന്നിവര്‍ പറഞ്ഞു. ഓണത്തോട് അനുബന്ധിച്ച് പുതിയ ചിട്ടിപദ്ധതി നടപ്പാക്കും. നിരവധി സമ്മാനങ്ങളും ആനുകൂല്യങ്ങളും കോര്‍ത്തിണക്കിയ ആകര്‍ഷക പദ്ധതിയാണിതെന്നും അവര്‍ പറഞ്ഞു.
ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തല്ലുമാല’. ടൊവീനോ തോമസ്, ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആക്ഷനും മാസും കോമഡിയും നിറഞ്ഞ കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആകും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മണവാളന്‍ വസീം ആയി ടൊവിനോയും വോഗ്ലര്‍ ബീത്തുവായി കല്യാണിയും പവര്‍പാക്ക് പെര്‍ഫോമന്‍സാണ് കാഴ്ചവയ്ക്കുന്നത്. പൊലീസായി എത്തുന്ന ഷൈന്‍ ടോം ചാക്കോയുടെ കഥാപാത്രം കോമഡി നിറഞ്ഞതാണെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 12നാണ് തല്ലുമാല റിലീസ് ചെയ്യുന്നത്. ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിവിന്‍ പോളി നായകനായി ‘മഹാവീര്യര്‍’ എന്ന ചിത്രമാണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ജൂലൈ 21ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിയും പ്രധാന കഥാപാത്രത്തില്‍ എത്തുന്നു. എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘മഹാവീര്യര്‍’ എന്ന ചിത്രത്തിന്റെ ഒരു പ്രൊമൊ സോംഗ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൈം ട്രാവലും ഫാന്റസിയുമൊക്കെ കടന്നുവരുന്നുണ്ട്. നര്‍മ്മ, വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്. പ്രമുഖ എഴുത്തുകാരന്‍ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ തിരക്കഥയൊരുക്കിയിരിക്കുന്നത്.
എസ്.യു.വികളുടെ ‘ബിഗ് ഡാഡി’ എന്ന വിശേഷണത്തോടെ മഹീന്ദ്ര അവതരിപ്പിക്കുന്ന പുത്തന്‍ സ്‌കോര്‍പ്പിയോ-എന്‍ വിപണിയിലേക്ക്. മുപ്പതോളം നഗരങ്ങളിലായി ഈമാസം ആദ്യംമുതല്‍ ടെസ്റ്റ് ഡ്രൈവിംഗിന് സ്‌കോര്‍പ്പിയോ-എന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായിരുന്നു. ജൂലായ് 30ന് രാവിലെ 11 മുതല്‍ ഓണ്‍ലൈനിലും ഡീലര്‍ഷിപ്പുകളിലും ബുക്ക് ചെയ്യാം. ഇസഡ് 2, ഇസഡ് 4, ഇസഡ് 6, ഇസഡ് 8, ഇസഡ് 8 എല്‍., ഇസഡ് 8എല്‍ (6 എസ്) എന്നീ വേരിയന്റുകളാണുള്ളത്. ഇസഡ് 2ന് 11.99 ലക്ഷം രൂപയും ഇസഡ് 8എല്‍ പതിപ്പിന് 18.99 ലക്ഷം രൂപയുമാണ് പ്രാരംഭ എക്‌സ്‌ഷോറൂം വില. ഇസഡ് 8എല്‍ (6 എസ്) പതിപ്പിന്റെ വില 21ന് അറിയാം.
വായിക്കുന്ന ഏതൊരാളിനെയും ബാല്യത്തിന്റെ നിഷ്‌കളങ്കതയിലേക്കു തിരികെക്കൊണ്ടുപോകുന്ന, വിസ്മയകരമായ രചന. ഒറ്റവായനയില്‍, വാരിവിതറിയിട്ട കുറേ ഓര്‍മത്തുരുത്തുകളാണെന്നു തോന്നുമെങ്കിലും സൂക്ഷ്മവായനയില്‍, പല തരത്തിലുള്ള പൂക്കള്‍ ഒന്നിച്ചു വിരിഞ്ഞുനില്‍ക്കുന്ന പൂന്തോട്ടത്തിന്റെ അനന്യകാന്തിയാണു കാണുക. ‘കുന്നിറങ്ങുന്ന കുഞ്ഞോര്‍മകള്‍’. മിനിറോസ് ആന്റണി.
മഴക്കാലം പകര്‍ച്ചവ്യാധികളുടെ ദുരിത കാലം കൂടിയാണ്. ജലദോഷം, ചുമ, പനി, ടൈഫോയ്ഡ്, മലേറിയ, അതിസാരം, ഡെങ്കിപ്പനി എന്നിങ്ങനെ പല രോഗങ്ങളും മഴയെത്തി കഴിഞ്ഞാല്‍ നാട്ടില്‍ പടര്‍ന്നു പിടിക്കാറുണ്ട്. ഇതുകൊണ്ടുതന്നെ മഴക്കാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടാനും രോഗങ്ങള്‍ വരാതെ സൂക്ഷിക്കാനും ഇനി പറയുന്ന ഔഷധച്ചെടികള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കാം. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ തുളസിയില അണുബാധകളെയും ചെറുക്കും. തുളസി ഇട്ട് ചായ കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായകമാണ്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാന്‍ സഹായിക്കുന്ന അദ്ഭുത മരുന്നാണ് ചിറ്റമൃത്. ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാനും പ്രമേഹം അകറ്റാനുമെല്ലാം ചിറ്റമൃത് സഹായിക്കും. മഞ്ഞളും മഴക്കാലത്തെ രോഗപ്രതിരോധത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നു. പാലില്‍ മഞ്ഞള്‍ പൊടി കലക്കി കുടിക്കുന്നത് രോഗപ്രതിരോധം വര്‍ധിപ്പിക്കുന്നു. വരണ്ട ചര്‍മത്തിന് ജലാംശം നല്‍കാനും മഞ്ഞള്‍ ഉത്തമമാണ്. ശരീരത്തിന്റെ ചായപചയവും മഞ്ഞള്‍ മെച്ചപ്പെടുത്തുന്നു. മഞ്ഞള്‍ ഉപയോഗിച്ച് തയാറാക്കുന്ന കാഥ എന്ന പാനീയം മഴക്കാലത്ത് ഉപയോഗിക്കാന്‍ പറ്റിയതാണ്. ജലദോഷം, ചുമ, അതിസാരം, ആസ്മ, പനി, തലവേദന, തൊണ്ട വേദന തുടങ്ങിയ പല വ്യാധികള്‍ക്കുമുള്ള ആയുര്‍വേദ മരുന്നാണ് നെല്ലിക്കയും കടുക്കയും താന്നിക്കയും ചേരുന്ന ത്രിഫല. മഴക്കാലത്ത് പൊതുവേ ദഹനസംവിധാനത്തിന്റെ വേഗം കുറയാറുണ്ട്. ദഹനത്തെ മെച്ചപ്പെടുത്താനും ത്രിഫല ഇക്കാലത്ത് ഉപയോഗിക്കപ്പെടുന്നു. രക്തം ശുദ്ധീകരിക്കാനും മഴക്കാലത്ത് പലര്‍ക്കും ഉണ്ടാകാറുള്ള മലബന്ധത്തെ പരിഹരിക്കാനും ത്രിഫല സഹായകമാണ്. വൈറസിനും ബാക്ടീരിയയ്ക്കും അണുബാധയ്ക്കുമെതിരെ പൊരുതുന്ന ഇഞ്ചി ശരീരത്തിന്റെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. തൊണ്ടവേദന, ജലദോഷം, ചുമ, ജലദോഷം എന്നിവയ്ക്കെല്ലാം ഇഞ്ചി ഉപയോഗിക്കുന്നത് ഉത്തമമാണ്. ആസ്മ പോലുള്ള ശ്വസന പ്രശ്നങ്ങളുള്ളവര്‍ക്കും കഠിനമായ തുമ്മല്‍, നെഞ്ചില്‍ കഫക്കെട്ട് എന്നിവയെല്ലാം ഉള്ളവര്‍ക്കും ആശ്വസം നല്‍കുന്ന ഔഷധസസ്യമാണ് ഇരട്ടിമധുരം. ഇവയുടെ ആന്റി-വൈറല്‍ ഗുണങ്ങള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.