ഹ്യുണ്ടേയ് പ്രീമിയം ഹാച്ച്ബാക്ക് ഐ 10 നിയോസിന്റെ പരിഷ്‌കരിച്ച പതിപ്പ് വിപണിയില്‍. ഇറ, മാഗ്‌ന, സ്‌പോര്‍ട്‌സ്, അസ്ത എന്നീ നാലു വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ വില 5.68 ലക്ഷം മുതല്‍ 8.11 ലക്ഷം രൂപ വരെയാണ്. ജനുവരി ആദ്യം ഹ്യുണ്ടേയ് ഗ്രാന്‍ഡ് ഐ10 നിയോസിന്റെ ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിരുന്നു. ഏറെ മാറ്റങ്ങളുമായിട്ടാണ് പുതിയ വാഹനം വിപണിയിലെത്തിയത്. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് പുതിയ മോഡലിലും. 83 ബിഎച്ച്പി കരുത്തും 113.8 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും ഈ എന്‍ജിന്‍. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി എന്നിവയാണ് ഗീയര്‍ബോക്‌സ് ഓപ്ഷനുകള്‍. പെട്രോള്‍ കൂടാതെ സിഎന്‍ജി കിറ്റോടു കൂടിയും 1.2 ലീറ്റര്‍ എന്‍ജിന്‍ എത്തിയിട്ടുണ്ട്. 69 എച്ച്പി കരുത്തും 95.2 എന്‍എം ടോര്‍ക്കുമുണ്ട് സിഎന്‍ജിന് പതിപ്പിന്. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. മുന്‍ പതിപ്പിലുണ്ടായിരുന്ന ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഒഴിവാക്കിയിരിക്കുന്നു. പെട്രോള്‍ മാനുവലിന് ലീറ്ററിന് 20.7 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക്കിന് 20.1 കിലോമീറ്ററും സിഎന്‍ജി പതിപ്പിന് 27.3 കീലോമീറ്ററുമാണ് ഇന്ധനക്ഷമത.