2024ന്റെ തുടക്കത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ഹ്യുണ്ടായ് ക്രെറ്റയുടെ അപ്ഡേറ്റ് ചെയ്ത പതിപ്പിന്റെ വരവ് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യന്‍ വാഹനലോകം. 2024 ജനുവരിയില്‍, ഈ എസ്യുവിയുടെ പുതിയ മോഡല്‍ അനാച്ഛാദനം ചെയ്യും, ഫെബ്രുവരിയില്‍ വിപണിയില്‍ ലോഞ്ച് ചെയ്യാന്‍ സാധ്യതയുണ്ട്. തിരഞ്ഞെടുത്ത ആഗോള വിപണികളില്‍ ലഭ്യമായ പാലിസേഡ് എസ്യുവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് വാഹനത്തിന്റെ പുറംഭാഗം കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമാകും. പുതുതായി രൂപകല്പന ചെയ്ത അലോയ് വീലുകള്‍ക്ക് പുറമെ, സൈഡ് പ്രൊഫൈല്‍ നിലവിലെ മോഡലുമായി സാമ്യമുള്ളതാണ്. എന്നിരുന്നാലും, പുതുതായി രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ടെയില്‍ലാമ്പുകളും പരിഷ്‌ക്കരിച്ച ബമ്പറും ഉള്‍പ്പെടെ, ശ്രദ്ധേയമായ ചില ക്രമീകരണങ്ങള്‍ പിന്‍ വിഭാഗത്തിനായി നല്‍കിയേക്കും. അതേസമയം പുതിയ ക്രെറ്റയുടെ അളവുകള്‍ മാറ്റമില്ലാതെ തുടരും. 2024 ഹ്യുണ്ടായ് ക്രെറ്റ ഫെയ്സ്ലിഫ്റ്റില്‍ വെര്‍ണയുടെ 1.5 എല്‍ ടര്‍ബോ പെട്രോള്‍ ഇടംപിടിക്കും. ഈ എഞ്ചിന്‍ 160 ബിഎച്ച്പി നല്‍കാന്‍ ശേഷിയുള്ളതാണ്. മാനുവല്‍, ഡിസിടി ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ഇത് നല്‍കാനാണ് സാധ്യത. നിലവിലുള്ള 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ പുതിയ മോഡലും നിലനിര്‍ത്തും, ഓരോന്നും 115 ബിഎച്ച്പി ഉത്പാദിപ്പിക്കും.