ധനുഷ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘തിരുച്ചിദ്രമ്പലം’. മിത്രന്‍ ജവഹര്‍ ആണ് സംവിധാനം. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസന്‍ എന്നിവരുമായി ചേര്‍ന്ന് മിത്രന്‍ ജവഹര്‍ തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ‘തിരുച്ചിദ്രമ്പലം’ എന്ന ധനുഷ് ചിത്രത്തിന്റെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘മയക്കമാ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഓഗസ്റ്റ് 18ന് ആണ് ചിത്രം റിലീസ് ചെയ്തത്. നിത്യ മേനന്‍, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പ്രകാശ് രാജും ചിത്രത്തിലുണ്ട്.
അടിപൊളി മേക്കോവറില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. നവാഗതനായ അക്ഷത് അജയ് ശര്‍മ്മ സംവിധാനം ചെയ്യുന്ന നഡ്ഡി എന്ന ചിത്രത്തിലാണ് നവാസുദ്ദീന്‍ ഇതുവരെ കാണാത്ത മേക്കോവറില്‍. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെയാണ് ആരാധകര്‍ ഇക്കാര്യം അറിയുന്നത്. വ്യത്യസ്തവും രസകരവുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇതെന്ന് നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നു. അടുത്ത വര്‍ഷം ചിത്രം തിയേറ്ററില്‍ എത്തും. സീ സ്റ്റുഡിയോസ്, ആനന്ദിത സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം.
സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുത്തനെ ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് സംസ്ഥാനത്ത് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ട് ദിനംകൊണ്ട് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 38,120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ കുറഞ്ഞു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 4730 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 30 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3,900 രൂപയാണ്.
സ്വകാര്യമേഖലയിലെ പ്രമുഖ ദേശീയ മാദ്ധ്യമസ്ഥാപനമായ എന്‍.ഡി.ടിവിയുടെ നിയന്ത്രണം സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ തര്‍ക്കങ്ങളില്‍ മുങ്ങിനില്‍ക്കേ, ബിസിനസ് വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായി രണ്ട് സിമന്റ് കമ്പനികളെയും ഏറ്റെടുക്കാനുള്ള ഓപ്പണ്‍ ഓഫര്‍ പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്. സ്വിസ് സ്ഥാപനമായ ഹോള്‍സിം ലിമിറ്റഡിന് കീഴിലുള്ള ലിസ്റ്റഡ് ഇന്ത്യന്‍ കമ്പനികളായ എ.സി.സി., അംബുജ സിമന്റ്സ് എന്നിവയുടെ 26 ശതമാനം വീതം ഓഹരികള്‍ കൂടി ഏറ്റെടുക്കാനുള്ള 31,000 കോടി രൂപയുടെ ഓപ്പണ്‍ ഓഫറാണ് പ്രഖ്യാപിച്ചത്. ഇതിന് സെബിയുടെ അനുമതിയും ലഭിച്ചു. അംബുജ സിമന്റ്സ് ഓഹരിയൊന്നിന് 385 രൂപ നിരക്കിലും എ.സി.സിയുടേത് 2,300 രൂപനിരക്കിലുമാണ് ഏറ്റെടുക്കുക.
വരാനിരിക്കുന്ന ഹ്യുണ്ടായ് വെന്യു എന്‍ ലൈന്‍ എസ്യുവിയെ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഔദ്യോഗിക ചിത്രങ്ങള്‍ വഴി വെളിപ്പെടുത്തി. മോഡല്‍ 2022 സെപ്റ്റംബര്‍ 6- ന് വില്‍പ്പനയ്ക്കെത്തും. വിപണിയിലെ വരവിനു മുന്നോടിയായി, വെന്യു എന്‍ ലൈനിന്റെ ബുക്കിംഗു കമ്പനി തുടങ്ങി. ടോക്കണ്‍ തുകയായ 21,000 രൂപയ്ക്കാണ് കമ്പനി ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയത്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇത് ഹ്യൂണ്ടായ് ക്ലിക്ക് ടു ബൈ പ്ലാറ്റ്ഫോമിലോ രാജ്യത്തുടനീളമുള്ള ഹ്യുണ്ടായ് സിഗ്‌നേച്ചര്‍ ഔട്ട്ലെറ്റുകളിലോ ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്ക് ചെയ്യാം.
ജ്ഞാനപീഠജേതാവായ എസ്.കെ. പൊറ്റെക്കാട്ടിനെക്കുറിച്ച് മകള്‍ സുമിത്ര ജയപ്രകാശ് എഴുതിയ ഓര്‍മ്മകളുടെ സമാഹാരമാണ് ‘അച്ഛനാണ് എന്റെ ദേശം’. എസ്.കെയുടെ എഴുത്തു ജീവിതത്തിലൂടെയും വ്യക്തിജീവിതത്തിലൂടെയും സാമൂഹ്യജീവിതത്തിലൂടെയും നടത്തുന്ന ഈ സഞ്ചാരം ആ വിശിഷ്ടവ്യക്തിത്വത്തിന്റെ നാനാമേഖലകളെയും കാണിച്ചുതരുന്നു. എസ്.കെ. പൊറ്റെക്കാട്ടെന്ന മഹാ സാഹിത്യകാരനെ കുട്ടിക്കാലം മുതല്‍ ആരാധിച്ചുപോന്ന എം.ടി. വാസുദേവന്‍ നായരുടെ അവതാരികയും. ഡിസി ബുക്‌സ്. വില 142 രൂപ.
പോഷകങ്ങളുടെ കാര്യമെടുത്താല്‍ എന്തും കഴിക്കാം എന്തിനൊപ്പവും കഴിക്കാം എന്നാണ് പൊതുവെയുള്ള ധാരണ എന്നാല്‍ അത് ശരിയല്ല. ഒരിക്കലും ഒരുമിച്ചു കഴിക്കാന്‍ പാടില്ലാത്ത വൈറ്റമിനും ധാതു സപ്ലിമെന്റും ഉണ്ട്. അത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. വൈറ്റമിന്‍ എ യും ബീറ്റാകരോട്ടിനും ആണ് ഒരുമിച്ച് കഴിക്കാന്‍ പാടില്ലാത്ത രണ്ട് കാര്യങ്ങള്‍. വൈറ്റമിന്‍ എ ഒരു ആന്റിഓക്‌സിഡന്റാണ്. ബീറ്റാകരോട്ടിന്‍ ആകട്ടെ ഒരു സസ്യാധിഷ്ഠിത കരോട്ടിനോയ്ഡും. ഇവ രണ്ടും ചേര്‍ന്നാല്‍ കാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണത്രേ. വൈറ്റമിന്‍ എ യും ബീറ്റാകരോട്ടിനും ചേരുന്നത് പുകവലിക്കാരിലും ആസ്ബറ്റോസുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരിലും ശ്വാസകോശാര്‍ബുദത്തിനുള്ള സാധ്യത 28 ശതമാനം വര്‍ധിപ്പിക്കുമെന്ന് ദി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കണ്ടു. പുകവലിക്കാര്‍ ദീര്‍ഘകാലം ബീറ്റാകരോട്ടിന്‍ സപ്ലിമെന്റുകള്‍ ഉപയോഗിക്കരുതെന്ന് മയോക്ലിനിക്കും മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ബീറ്റാകരോട്ടിന്‍ അടങ്ങിയ ഭക്ഷണം സുരക്ഷിതമാണെന്നു മാത്രമല്ല ചിലയിനം കാന്‍സറുകള്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. കാരറ്റ്, ചുവന്ന കാപ്‌സിക്കം, മഞ്ഞ നിറത്തിലുള്ള പച്ചക്കറികള്‍, ചീര, ആപ്രിക്കോട്ട്, മാങ്ങ, പപ്പായ ഇവയെല്ലാം ബീറ്റാകരോട്ടിന്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ആണ്. എന്നാല്‍ ബീറ്റാ കരോട്ടിന്‍ സപ്ലിമെന്റുകളെ ആശ്രയിക്കുന്നവര്‍ ഒരു ദിവസം 7 മില്ലിഗ്രാമിലധികം ബീറ്റാകരോട്ടിന്‍ ഉപയോഗിക്കാന്‍ പാടില്ല. പ്രത്യേകിച്ചും ഒരു ഡോക്ടറുടെ നിര്‍ദേശമില്ലാതെ സപ്ലിമെന്റുകള്‍ ഉപയോഗിക്കാനേ പാടില്ല.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.97, പൗണ്ട് – 93.96, യൂറോ – 79.68, സ്വിസ് ഫ്രാങ്ക് – 82.84, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.10, ബഹറിന്‍ ദിനാര്‍ – 212.20, കുവൈത്ത് ദിനാര്‍ -259.89, ഒമാനി റിയാല്‍ – 207.77, സൗദി റിയാല്‍ – 21.29, യു.എ.ഇ ദിര്‍ഹം – 21.77, ഖത്തര്‍ റിയാല്‍ – 21.96, കനേഡിയന്‍ ഡോളര്‍ – 61.35.