വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിക്കുന്ന ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്ന ചിത്രത്തിലെ പുതിയ ഗാനം യൂട്യൂബില്‍ തരംഗമാകുന്നു. ‘പ്യാരാ മേരാ വീരാ’ എന്ന പാട്ടിന്റെ ലിറിക്കല്‍ വിഡിയോ ആണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. വിനീത് ശ്രീനിവാസന് വരികള്‍ കുറിച്ച പാട്ടിന് ഗായിക ബോംബെ ജയശ്രീയുടെ മകന് അമൃത് രാംനാഥ് ഈണമൊരുക്കി. സിദ്ധാര്‍ഥ് ബസ്റുര്‍ ആണ് ഗാനം ആലപിച്ചത്. ട്രെന്‍ഡിങ്ങില്‍ മുന്‍നിരയിലുണ്ട് പാട്ട്. നിവിന്‍ പോളിയുടെ ആഘോഷത്തിമിര്‍പ്പ് ആണ് ഗാനരംഗത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും ആസ്വാദകശ്രദ്ധ നേടിയിരുന്നു. ഹൃദയത്തിനു ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്കു ശേഷം’. ഹൃദയം നിര്‍മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ‘വര്‍ഷങ്ങള്‍ക്കു ശേഷം’ നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസന് തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പ്രണവിനെ കൂടാതെ ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ്, കല്യാണി പ്രിയദര്ശന്, ബേസില്‍ ജോസഫ്, നീരജ് മാധവ്, നീത പിള്ളൈ, അര്ജുന് ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്മാന്, നിവിന്‍ പോളി തുടങ്ങിയവരും വേഷമിടുന്നു. ഏപ്രില്‍ 11ന് ചിത്രം പ്രദര്‍ശനത്തിനെത്തും.