ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ നിഖില്‍ പ്രേംരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ആനപ്പറമ്പിലെ വേള്‍ഡ്കപ്പ്’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. ‘പന്തുമായി ദൂരേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജോ പോള്‍ ആണ്. ജേക്സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സായ് ലക്ഷ്മി, ശ്രീഹരി, അക്ഷിത്, റിച്ചു എന്നിവര്‍ ചേര്‍ന്നാണ്. ഫുട്ബോള്‍ വേള്ഡ്കപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. കടുത്ത ഫുട്ബോള്‍ പ്രേമിയായ ഒന്‍പത് വയസ്സുകാരന്റെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി കടന്നുവരുന്നതും തുടര്‍ന്ന് അവന്റെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. ടി ജി രവി, ബാലു വര്‍ഗീസ്, ലുക്മാന്, ഐ എം വിജയന്, ആദില്‍ ഇബ്രാഹിം, നിഷാന്ത് സാഗര്‍, ജോപോള്‍ അഞ്ചേരി, ആസിഫ് സഹീര്‍, അര്‍ച്ചന വാസുദേവ്, ജെയ്സ് ജോസ്, ദിനേശ് മോഹന്‍, ഡാനിഷ്, അമല്‍, ബാസിത്ത്, ശിവപ്രസാദ്, റിത്വിക്, കാശിനാഥ്, ഇമ്മാനുവല്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.