സ്റ്റാര്‍ട്ടപ്പുകള്‍ക്കു മികച്ച സ്ഥലമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തെ നോളജ് എക്കോണമിയായി ഉയര്‍ത്തും. സ്റ്റാര്‍ട്ടപ്പുകളിലൂടെ ഓരോ മേഖലയിലും വികസനം ഉണ്ടാകുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ഹഡില്‍ ഗ്ലോബല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവതലമുറ സാങ്കേതികവിദ്യ സ്റ്റാര്‍ട്ടപ്പ് ഹബ്ബ് തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്നും സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യ വികസനത്തിന് ഇത് മുതല്‍ക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസം വ്യവസായത്തെയും സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികൾ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ പ്രയാണത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐടി, വിടി (വെര്ച്വലൈസേഷന് ടെക്നോളജി), ഭക്ഷ്യസംസ്ക്കരണം മുതലായ വിവിധ മേഖലകളില്‍ കേരളത്തില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കുള്ള മികച്ച അവസരമുണ്ട്.
ഈ സര്‍ക്കാരിന്റെ കാലത്ത് 15,000 സ്റ്റാര്‍ട്ടപ്പുകളും രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് ലക്ഷ്യം. ടൂറിസം ഡെസ്റ്റിനേഷനുകളെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുമായി ബന്ധിപ്പിക്കാന്‍ നടപടിയെടുക്കും. ഈ സാമ്പത്തികവര്‍ഷത്തില്‍ മാത്രം ഒരു ലക്ഷം പുതിയ വ്യവസായ സംരംഭങ്ങളാണ് കേരളത്തിലുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ കേരള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ അഞ്ചാമത് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പുറത്തിറക്കി. കേരളത്തിന്റെ അഭിമാനമായ സാമൂഹ്യ സ്റ്റാര്‍ട്ടപ്പായ ജെൻ റോബോട്ടിക്സ്ന് പ്രൈഡ് ഓഫ് കേരള പുരസ്കാരം
അഴുക്കുചാലുകളും മാന്‍ഹോളുകളും വൃത്തിയാക്കുന്നതിനായി റോബോട്ട് നിര്‍മ്മിച്ച കമ്പനിയാണ് ജെന്‍ റോബോട്ടിക്സ് .