യുട്യൂബ് പ്രീമിയം വരിക്കാരായ പോഡ്കാസ്റ്റ് ആസ്വാദകര്‍ക്കായി കമ്പനി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. ഓണ്‍-ദി-ഗോ മോഡ്, ഓട്ടോ സ്പീഡ്, ആസ്‌ക് മ്യൂസിക് എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ മൂന്ന് ഫീച്ചറുകള്‍. യാത്രകളില്‍ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ‘ലിസണര്‍ ഫ്രണ്ട്‌ലി’ നിയന്ത്രണങ്ങളാണ് ഓണ്‍-ദി-ഗോ മോഡ് നല്‍കുന്നത്. ആദ്യഘട്ടത്തില്‍ ആന്‍ഡ്രോയിഡിലും വൈകാതെ ഐ.ഒ.എസിലും ലഭ്യമാകുന്ന ഈ ഫീച്ചര്‍, ഉപഭോക്താവ് ചലിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ എളുപ്പത്തില്‍ ഉപയോഗിക്കാനാകും വിധം ക്രമീകരിച്ചിട്ടുള്ള കണ്‍ട്രോള്‍ പേജാണ്. സംഭാഷണവേഗത കുറഞ്ഞ ഭാഗങ്ങളിലോ ഒരുപാട് കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗങ്ങളിലോ പ്ലേബാക്ക് വേഗത ബുദ്ധിപരമായി ക്രമീകരിക്കാന്‍ പുതിയ ഓട്ടോ സ്പീഡ് ഫീച്ചറിന് കഴിയും. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള പുതിയ പോഡ്കാസ്റ്റുകള്‍ കണ്ടെത്തി നല്‍കുന്ന ഫീച്ചറാണ് ‘ആസ്‌ക് മ്യൂസിക്’.
