നാട്യം അളന്ന തേള്‍വിഷം
മിത്തുകള്‍, മുത്തുകള്‍ -7
വിക്രമാദിത്യകഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്
ദേവലോകത്തെ അപ്സരസുകളാണ് രംഭയും ഉര്‍വശിയും. സൗന്ദര്യത്തിലും നടനത്തിലും അവരെ വെല്ലാന്‍ ആരുമില്ല. ഏതു ശിലാഹൃദയനെയും മയക്കുന്ന സൗന്ദര്യവും നൃത്തപാടവവും. ദേവസദസില്‍ നൃത്തമവതരിപ്പിക്കാറുള്ള ഇരുവരും തമ്മില്‍ മല്‍സരമായി. ആരുടെ നൃത്തമാണ് ഏറ്റവും മികച്ചത്? ഇരുവരും തന്റേതാണ് നല്ല നൃത്തമെന്ന് വാദിച്ചു. തര്‍ക്കമായി. രണ്ടുംപേരും മറ്റു ദേവന്‍മാരെയും ദേവകളെയും സമീപിച്ചു.
വളരെ ചുരുക്കം പേര്‍ പക്ഷം ചേര്‍ന്നു. രംഭയാണ് കേമിയെന്ന് ചിലര്‍. അല്ല, ഉര്‍വശിയാണെന്ന് മറ്റു ചിലര്‍. എങ്കിലും ബഹുഭൂരിപക്ഷം പേര്‍ക്കും ആരാണ് നല്ല നര്‍ത്തകിയെന്നു പറയാനായില്ല. രംഭയും ഉര്‍വശിയും ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നവരാണ്. തര്‍ക്കം വഴക്കിലേക്കു നീങ്ങുന്നുവെന്നു കണ്ട ചില ദേവന്‍മാര്‍ ദേവേന്ദ്രനെ കാര്യം ധരിപ്പിച്ചു. ആരാണ് നല്ല നര്‍ത്തകിയെന്നു തീര്‍പ്പാക്കിയില്ലെങ്കില്‍ ദേവലോകത്തു കലാപമുണ്ടാകുമെന്നാണു മുന്നറിയിപ്പ്.
ദേവേന്ദ്രന്‍ ഇരുവരുടേയും നൃത്തം പലതവണ ആസ്വദിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ക്കൂടി നൃത്തമവതരിപ്പിക്കാന്‍ ഉത്തരവിട്ടു. ഇക്കുറി ആരുടെ നൃത്തമാണ് നല്ലതെന്ന വിധിപ്രഖ്യാപനമുണ്ടാകുമെന്നാണ് എല്ലാവരും കരുതിയത്. ഒന്നിനൊന്നു വെല്ലുന്ന നൃത്ത പ്രകടനം കണ്ട ദേവേന്ദ്രനു പക്ഷേ, വിധി നിര്‍ണയിക്കാന്‍ കഴിഞ്ഞില്ല.
ദേവേന്ദ്രന്റെ നിസഹായാവസ്ഥ മനസിലാക്കിയ നാരദമുനി സദസില്‍നിന്ന് എഴുന്നേറ്റു. പതിവുപോലെ എന്തെങ്കിലും കുതന്ത്രം ഒപ്പിക്കാനായിരിക്കും നാരദന്റെ ശ്രമമെന്ന് എല്ലാവരും സംശയിച്ചു.
‘പ്രഭോ! ഈ തര്‍ക്കം നമുക്കിവിടെ പരിഹരിക്കാനാവില്ല. ഭൂമിയില്‍ ഒരു ചക്രവര്‍ത്തിയുണ്ട്. വിക്രമാദിത്യന്‍ എന്നാണ് പേര്. സകലകലാവല്ലഭനും ധര്‍മ്മിഷ്ഠനുമാണദ്ദേഹം. ഇക്കാര്യത്തില്‍ ന്യായമായ തീരുമാനമെടുക്കാന്‍ അദ്ദേഹത്തിനേ കഴിയൂ.’ നാരദന്‍ പറഞ്ഞു.
ഉടന്‍തന്നെ ദേവേന്ദ്രന്‍ തന്റെ അശ്വരഥസാരഥിയായ മാതലിയെ ഭൂമിയിലേക്കയച്ചു. വിക്രമാദിത്യ ചക്രവര്‍ത്തിയെ കൂട്ടിക്കൊണ്ടുവരാന്‍.
വിക്രമാദിത്യന്‍ മാതലിയെ തിരിച്ചറിഞ്ഞില്ലെങ്കിലും അദ്ദേഹം സ്വീകരിച്ചിരുത്തി. മാതലി സ്വയം പരിയപ്പെടുത്തിയശേഷം പറഞ്ഞു. ‘ദേവലോകത്തേയ്ക്കു ക്ഷണിക്കാനാണു ഞാന്‍ വന്നത്. ദേവേന്ദ്രന്റെ ക്ഷണമാണ്. അങ്ങയെ കൂട്ടിക്കൊണ്ടു വരാനാണു കല്പന.’
വിക്രമാദിത്യന് വിസ്മയമായി. ദേവലോകത്തേക്കു തന്നെപ്പോലെ ഒരു മനുഷ്യനെ ക്ഷണിച്ചുകൊണ്ടു പോകുകയോ? ദേവേന്ദ്രന്റെ ക്ഷണമല്ലേ. പൊയ്ക്കളയാം. മാതലിയുടെ വ്യോമരഥത്തില്‍ കയറി യാത്രയായി. മിന്നല്‍ വേഗത്തില്‍ ദേവലോകത്തെത്തി.
ദേവേന്ദ്ര സന്നിധിയില്‍ വിക്രമാദിത്യന് ഊഷ്മള സ്വീകരണം. കുശലാന്വേഷണങ്ങള്‍ക്കെല്ലാം വിക്രമാദിത്യന്‍ വിനയപൂര്‍വം മറുപടി നല്കി. ദേവേന്ദ്രന്റെ വിശിഷ്ടാതിഥിയായി രണ്ടാഴ്ച്ച അദ്ദേഹം ദേവലോകത്തു കഴിഞ്ഞു. അദ്ദേഹത്തിന്റെ ബുദ്ധിശക്തിയും കൗശലങ്ങളും വിനയമുള്ള പെരുമാറ്റവും എല്ലാവരെയും ആകര്‍ഷിച്ചു.
പതിനഞ്ചാം ദിവസം ദേവേന്ദ്രന്‍ വിക്രമാദിത്യനോട് പറഞ്ഞു: ‘ദേവലോകത്തെ അപ്സരസുകളായ നര്‍ത്തകിമാരാണ് രംഭയും ഉര്‍വശിയും ഇവരില്‍ ആരാണ് മികച്ച നര്‍ത്തകിയെന്ന തര്‍ക്കം മൂലം ദേവലോകം കലുഷിതമാണ്. നല്ല നര്‍ത്തകിയെ കണ്ടെത്തി പ്രശ്നം പരിഹരിക്കണം. അതിനാണ് വിക്രമാദിത്യനെ വരുത്തിയത്.’
ചക്രവര്‍ത്തിക്കു വിശ്വസിക്കാനായില്ല. അല്പസമയം സ്തംഭിച്ചിരുന്നു പോയി. ദേവലോകത്തെ തര്‍ക്കം തീര്‍ക്കാന്‍ ഞാനോ? തര്‍ക്കത്തില്‍നിന്നു തലയൂരിയാല്‍ ദേവന്‍മാരൊന്നാകെ തന്നോടു കോപിക്കും. മധ്യസ്ഥതയ്ക്കു ശ്രമിക്കാനിറങ്ങാമെന്നുവ ച്ചാല്‍ നൃത്ത വൈഭവം എങ്ങനെ അളക്കും?
‘അങ്ങയുടെ ആജ്ഞ അനുസരിക്കേണ്ടവനാണു ഞാന്‍. അങ്ങയുടെ അനുഗ്രഹമുണ്ടെങ്കില്‍ പ്രശ്നം പരിഹരിക്കാന്‍ എനിക്കാവും.’ ധൈര്യമവലംബിച്ച് വിക്രമാദിത്യന്‍ പറഞ്ഞു. ദേവേന്ദ്രന്‍ ഉടനെ ദേവസദസു വിളിച്ചുകൂട്ടി. നൃത്തമവതരിപ്പിക്കാന്‍ രംഭയ്ക്കും ഉര്‍വശിക്കും നിര്‍ദ്ദേശം നല്കി.
പൂക്കുലകള്‍ ചേര്‍ത്തുകെട്ടി രണ്ടു ബൊക്കെ ഉണ്ടാക്കിത്തരാന്‍ വിക്രമാദിത്യന്‍ ആവശ്യപ്പെട്ടു. രണ്ടു ബോക്കെ തയാറായി. ഉര്‍വശിയും രംഭയും കനകച്ചിലങ്കകളും കോസ്റ്റിയൂംസുമെല്ലാം അണിഞ്ഞു വേദിയിലെത്തി. സദസില്‍ എല്ലാവരും ശ്വാസം അടക്കിപ്പിടിച്ച് ഇരിക്കുകയാണ്.
പശ്ചാത്തല സംഗീതം ഉയര്‍ന്നു തുടങ്ങി. രംഭയും ഉര്‍വശിയും ചുവടുവയ്ക്കും മുമ്പ് വിക്രമാദിത്യന്‍ രണ്ടു പൂക്കെട്ടുമായി വേദിയലേക്കു നടന്നു. ഒരു ബൊക്കെ ഉര്‍വശിക്കും മറ്റേതു രംഭയ്ക്കും നല്കി.
‘ഇക്കുറി ഇവരിരുവരും ഒരു കൈയില്‍ ബൊക്കെയുമേന്തിയാണ് നൃത്തം ചെയ്യുക.’-വിക്രമാദിത്യന്‍ വേദിയില്‍ നിന്ന് പ്രഖ്യാപിച്ചു. ഉടനെ തന്നെ തന്റെ സിംഹാസനത്തിലേക്കു മടങ്ങുകയും ചെയ്തു.
വിക്രമാദിത്യന്‍ ആംഗ്യം കാണിച്ചതനുസരിച്ചു പശ്ചാത്തല സംഗീതം ഇരമ്പി; ഉര്‍വശിയും രംഭയും ഒരു കൈയില്‍ ബൊക്കെയുമായി നൃത്തംവയ്ക്കാന്‍ തുടങ്ങി. പെട്ടെന്ന് വേദിയില്‍നിന്ന് ഒരു നിലവിളി. രംഭയാണ്. മദ്യപാനിയുടേതുപോലെ ഉറയ്ക്കാത്ത, താളം പിഴച്ച ചുവടുകളുമായി അവള്‍ വേദിയില്‍ കുറെസമയം ആടി. പിന്നെ കുഴഞ്ഞു വീണു. ഉര്‍വശിയാകട്ടേ, ഇതൊന്നും നോക്കാതെ സംഗീതത്തിനനുസരിച്ച് തിമിര്‍ത്തു നൃത്തം ചവിട്ടുകയാണ്.
സംഗീതത്തിനൊടുവില്‍ ഉര്‍വശിയുടെ നൃത്തം അവസാനിച്ചു. വേദിയില്‍ത്തന്നെ അവള്‍ കുഴഞ്ഞുവീണു. വിക്രമാദിത്യന്‍ എഴുന്നേറ്റു നിന്നു.
സദസിലെ ദേവീ ദേവന്മാര്‍ ചെവി കൂര്‍പ്പിച്ചു.
”ഇന്നത്തെ പ്രകടനമനുസരിച്ച് ഉര്‍വശിയാണു നല്ല നര്‍ത്തകിയെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു.’ -വിക്രമാദിത്യന്‍ പ്രഖ്യാപിച്ചു.
പിന്നെ അദ്ദേഹം വേദിയിലേക്ക് കയറി. ഇരു നര്‍ത്തകികള്‍ക്കും താന്‍ നല്കിയിരുന്ന ബൊക്കെകള്‍ ഉയര്‍ത്തി ക്കാണിച്ചുകൊണ്ടു തുടര്‍ന്നു.
”ഈ രണ്ടു ബൊക്കകളിലും ഞാന്‍ ഓരോ തേളിനെ ഒളിപ്പിച്ചിരുന്നു. ബൊക്കെയും പിടിച്ചു നൃത്തം ചെയ്ത രംഭയേയും ഉര്‍വശിയേയും തേളു കുത്തി. ഉര്‍വശി നൃത്തത്തില്‍ ലയിച്ചിരുന്നതുകൊണ്ട് തേളുകുത്തിയത് അറിഞ്ഞതേയില്ല. അത്രയും നിശ്ചയ ദാര്‍ഡ്യവും ഏകാഗ്രതയും അവളുടെ നൃത്തത്തിനുണ്ടായിരുന്നു. എന്നാല്‍ രംഭ ഈ നൃത്തമല്‍സരത്തെ കാര്യമാ യെടുത്തില്ല. അഹങ്കാരം കൊണ്ടാകാം വേണ്ടത്ര ഏകാഗ്രതയുമുണ്ടായില്ല. തേള്‍ കുത്തിയപ്പോഴേക്കും അവള്‍ വേദ നയറിഞ്ഞു നിലവിളിച്ചു. ചുവടു പിഴച്ചു. തേള്‍ വിഷം മൂലം അവള്‍ ബോധം കെട്ടു വീണു. ഉര്‍വശിയുടെ ശരീരത്തിലും തേള്‍ വിഷം പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷ, അവളുടെ നിശ്ചയദാര്‍ഡ്യവും ഏകാഗ്രതയും അതിനേക്കാള്‍ വീര്യമുള്ളതായിരുന്നു. നൃത്തം കഴിഞ്ഞപ്പോള്‍ അവള്‍ കുഴഞ്ഞു വീണതു തേള്‍ വിഷമുള്ളതുകൊണ്ടാണ്.
വിക്രമാദിത്യന്റെ വാക്കുകേട്ട് ഹര്‍ഷപുളകിതരായി എല്ലാവരും കൈയടിച്ചു. ‘ഇനി ഇരുവരുടേയും ശരീരത്തിലെ വിഷം മാറ്റാനുള്ള ചികില്‍സ നല്കാം.’-വിക്രമാദിത്യന്‍ നിര്‍ദ്ദേശിച്ചു. ചക്രവര്‍ത്തിയുടെ സാന്നിധ്യത്തില്‍ത്തന്നെ ഉര്‍വശിയെ ദേവസദസിലെ നര്‍ത്തകിയായി വാഴിച്ചു. ദേവേന്ദ്രന്‍ അമൂല്യമായ ഒട്ടേറെ പാരിതോഷികങ്ങള്‍ നല്കി വിക്രമാദിത്യനെ ഭൂമിയിലേക്കു തിരിച്ചയച്ചു.