ദേശീയ കലാ ഉത്സവിൽ പങ്കെടുക്കാനുള്ള പ്രതിഭകളെ കണ്ടെത്താനുള്ള സംസ്ഥാനതല മത്സരങ്ങൾ കലാഉത്സവ് 23 ഈ മാസം 27 ന് മലപ്പുറത്ത് നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കലാമത്സരങ്ങൾ മലപ്പുറം ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍ ഗേള്‍സ് & ബോയ്സിലും, ഗവ.എല്‍.പി.സ്കൂളും വേദിയാകും. പത്ത് വേദികളിലായിട്ടാണ് പതിനാല് ജില്ലകളില്‍ നിന്നുള്ള ആണ്-പെണ് വിഭാഗങ്ങളിലെ 280 കുട്ടികള്‍ മാറ്റുരയ്ക്കുന്നത്. ഇക്കുറി പത്തിനങ്ങളിലാണ് സംസ്ഥാനതല കലാഉത്സവ് അരങ്ങേറുക. ശാസ്ത്രീയ-നാടോടി നൃത്തയിനങ്ങള്‍, നാടകം, ശാസ്ത്രീയ സംഗീതം, പരമ്പരാഗത സംഗീതം, ഉപകരണ സംഗീതം, തദ്ദേശീയ കളിയുപകരണ നിര്‍മാണം, ചിത്രരചന എന്നിവയിലാണ് ആണ്-പെണ് വിഭാഗത്തിലായി മത്സരങ്ങള്‍ നടക്കുന്നത്.
പൊതുവിദ്യാലയങ്ങളില്‍ നിന്നും പ്രത്യേകമായി തെരഞ്ഞെടുത്തതും ബി.ആര്.സി.തലത്തില്‍ മത്സരിച്ച് വിജയിച്ച കുട്ടികളില്‍ നിന്നും ജില്ലാതല മത്സര വിജയികളായവരെ പങ്കെടുപ്പിച്ചാണ് സംസ്ഥാനതലത്തില്‍ കലാഉത്സവ് സംഘടിപ്പിക്കുന്നത്. കോവിഡ് മൂലം കഴിഞ്ഞ വർഷങ്ങളിൽ ഓൺലൈൻ ആയി നടന്ന മത്സരങ്ങൾ ഇക്കുറി കുട്ടികൾ നേരിട്ട് വേദികളിലെത്തുമെന്നതാണ് പ്രത്യേകത .