‘ഇഷ്‌ക്’ന് ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന ‘നരിവേട്ട’ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. സെന്‍സര്‍ ബോര്‍ഡിന്റെ മികച്ച പ്രതികരണത്തോടെ യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫ് തിരക്കഥ രചിച്ച ചിത്രം വര്‍ഗീസ് പീറ്റര്‍ എന്ന സാധാരണക്കാരനായ പൊലീസ് കൊണ്‍സ്റ്റബിളിന്റെ ഔദ്യോഗികജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറയുന്നതിനോടൊപ്പമാണ് സംഘര്‍ഷഭരിതമായ, സ്വന്തം ഊര് സ്ഥാപിക്കാനുള്ള ആദിവാസി സമൂഹത്തിന്റെ ശ്രമത്തെ കുറിച്ച് കൂടി ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. ചിത്രത്തില്‍ സി.കെ. ജാനുവായാണ് ആര്യ സലിം എത്തുന്നത് എന്നാണ് ട്രെയിലര്‍ കണ്ട പ്രേക്ഷകരും പറയുന്നത്. വലിയ ക്യാന്‍വാസില്‍, വന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന നരിവേട്ട’യിലൂടെ തമിഴ് താരം ചേരന്‍ ആദ്യമായി മലയാള സിനിമയില്‍ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാര്‍, എന്നിവരും ചിത്രത്തിലുണ്ട്.