കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബിബിഎസ് ക്ലാസിൽ പ്ലസ് ടു വിദ്യാർത്ഥിനി കയറിയിരുന്ന സംഭവത്തിൽ വിശദീകരണവുമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. മെഡിക്കൽ കോളേജിൽ പുതിയ എംബിബിഎസ് ക്ലാസ് രണ്ടാമത്തെ കൗൺസിലിംഗ് കഴിഞ്ഞ ഉടൻ തന്നെ തുടങ്ങിയെന്നും രാവിലെ കുറച്ചു കുട്ടികൾ മാത്രമേ എത്തിയിരുന്നുള്ളൂ എന്നും പിന്നീട് കുട്ടികൾ കൂട്ടമായെത്തിയപ്പോൾ എല്ലാവരുടെയും അഡ്മിറ്റ് കാർഡ് പരിശോധിക്കാൻ കഴിഞ്ഞില്ല എന്നുമാണ് പ്രിൻസിപ്പൽ പറഞ്ഞത്.
പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാതെ പ്ലസ് ടു വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് ക്ലാസിൽ ഇരുന്നത് നാല് ദിവസമാണ്. നവംബർ 29ന് തുടങ്ങിയ ഒന്നാം വർഷ ക്ലാസിൽ 245 പേർക്കാണ് പ്രവേശനം ലഭിച്ചത്. ഇതിലാണ് പ്ലസ് ടു വിദ്യാർഥിനി കടന്നുകൂടിയത്. സംഭവത്തില്‍ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇന്നലെ രാത്രി പൊലീസിൽ പരാതി നൽകി. വിദ്യാർത്ഥികളുടെ പ്രവേശന പട്ടികയിൽ പേരില്ലെങ്കിലും ഹാജർ പട്ടികയിൽ കുട്ടിയുടെ പേര് വന്നത് ദുരൂഹമാണെന്ന് പൊലീസ് പറയുന്നു. വിദ്യാർത്ഥിനി മലപ്പുറം സ്വദേശിയാണ്.