വിശ്വാസം രാഷ്ട്രിയവൽകരിക്കുന്നതിനോട് യോജിപ്പില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. ക്ഷേത്ര കലശത്തിൽ പാർട്ടി നേതാക്കളുടെ ചിത്രം പതിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. കതിരൂർ പാട്യം നഗറിലെ കുറുമ്പക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിലാണ് പി ജയരാജന്റെ ചിത്രവും ഉൾപ്പെടുത്തിയത്.കലശം, ഘോഷയാത്ര ഇവയെല്ലാം രാഷ്ട്രീയ ചിഹ്നങ്ങളും രാഷ്ട്രീയ നേതാക്കളുടെ ചിത്രവുമില്ലാതെയാണ് പോകേണ്ടത്. വിശ്വാസം എന്നത് രാഷ്ട്രീയവത്കരിക്കാൻ പാടില്ല. വിശ്വാസത്തിന്റെ ഭാഗമായി വർഗീയ സംഘടനകൾ രാഷ്ട്രീയത്തെയും രാഷ്ട്രീയം വിശ്വാസത്തെയും ഉപയോഗപ്പെടുത്താൻ പാടില്ലെന്നതാണ് ഞങ്ങളുടെ നിലപാടെന്ന് എംവി ജയരാജൻ പറഞ്ഞു.ഒരിടവേളയ്ക്ക് ശേഷമാണ് കണ്ണൂരിൽ വ്യക്തിപൂജയുമായി ബന്ധപ്പെട്ട് വിവാദം ഉടലെടുക്കുന്നത്. സംഭവം നടന്ന കതിരൂർ പി ജയരാജന് വലിയ പിന്തുണയുള്ള പ്രദേശമാണ്. സിപിഎം അനുഭാവികളായ പ്രവർത്തകരാണ് പി ജയരാജന്റെയും ചെഗുവേരയുടെയും ചിത്രമുള്ള കലശം എടുത്ത് ക്ഷേത്രത്തിലേക്ക് പോയത്. പി ജയരാജനെ കേന്ദ്രീകരിച്ചുള്ള വ്യക്തിപൂജാ വിവാദം കണ്ണൂരിൽ നേരത്തെ തന്നെ വലിയ വിവാദമായിരുന്നു.