വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. ഏറെ രസകരമായ വക്കീല്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തന്‍വിറാം, ജഗദീഷ് , മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ്ജ് കോര,ആര്‍ഷ ചാന്ദിനി ബൈജു , നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോയി മൂവിസിന്റെ ബാനറില്‍ ഡോക്ടര്‍ അജിത്ത് ജോയിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘തങ്കളാന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. വിക്രമിനൊപ്പം മലയാളി താരം പാര്‍വ്വതി തിരുവോത്തും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് ആണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം. വിക്രത്തിന്റെ കരിയറിലെ 61-ാം ചിത്രം കൂടിയാണിത്.
ഇന്ത്യയുടെ വിദേശ നാണയശേഖരം ഒക്ടോബര്‍ 14ന് സമാപിച്ച ആഴ്ചയിലും നേരിട്ടത് കനത്ത തകര്‍ച്ച. 450 കോടി ഡോളര്‍ ഇടിഞ്ഞ് നിരവധി വര്‍ഷങ്ങളിലെ താഴ്ചയായ 52,837 കോടി ഡോളറിലേക്കാണ് ശേഖരം ഇടിഞ്ഞത്. വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 283 കോടി ഡോളര്‍ താഴ്ന്ന് 46,867 കോടി ഡോളറായി. കരുതല്‍ സ്വര്‍ണശേഖരം 150 കോടി ഡോളര്‍ താഴ്ന്ന് 3,745 കോടി ഡോളറിലെത്തി. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ മൂന്നിന് അവസാനിച്ച ആഴ്ചയിലെ 64,245.3 കോടി ഡോളറാണ് ഇന്ത്യന്‍ വിദേശ നാണയശേഖരത്തിന്റെ എക്കാലത്തെയും ഉയരം. തുടര്‍ന്ന് ഇതുവരെ ശേഖരത്തിലുണ്ടായ ഇടിവ് 11,408 കോടി ഡോളര്‍.
പ്രമുഖ ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ സാംസങ് ഇന്ത്യ ഇലക്ട്രോണിക്‌സ് കമ്പനിയുടെ ലാഭം 5% ഇടിഞ്ഞു. 3844.4 കോടി രൂപയാണ് 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നികുതി കഴിഞ്ഞ് 4040.8 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. 2020-21 സാമ്പത്തികവര്‍ഷത്തെ ആകെ വരുമാനം 75,886.3 കോടി രൂപയായിരുന്നു. 2021 – 22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ആകെ വരുമാനം 8.65 ശതമാനം ഉയര്‍ന്ന് 82,451.60 കോടി രൂപയായി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് 2022 ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആകെ ചെലവ് 79758.9 കോടി രൂപയായി ഉയര്‍ന്നു. ഇതാണ് ലാഭം കുറയാന്‍ കാരണമായത്.
റോള്‍സ്-റോയ്‌സ് കമ്പനിയുടെ ആദ്യ ഇലക്ട്രിക് കാര്‍ ‘സ്പെക്ടര്‍’ വില്പനയ്‌ക്കെത്തിക്കഴിഞ്ഞു. ആഡംബരത്തിന്റെ ആര്‍ക്കിടെക്ചറില്‍ ഒരുക്കിയ ഈ ഇലക്ട്രിക് സൂപ്പര്‍ കൂപ്പേയുടെ ബുക്കിംഗ് ആരംഭിച്ചു. ഡെലിവറി 2023 അവസാനമേയുണ്ടാകൂ. 577 ബി.എച്ച്.പി കരുത്തും 900 എന്‍.എം ടോര്‍ക്കും അവകാശപ്പെടുന്നതാണ് സ്പെക്ടറിന്റെ ഹൃദയം. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സ്പെക്ടറിന് വെറും 4.5 സെക്കന്‍ഡ് മതി. ബാറ്ററി ഒറ്റത്തവണ ഫുള്‍ചാര്‍ജില്‍ 520 കിലോമീറ്റര്‍ വരെ ഓടാം. വിപണിയിലെ മറ്റേതൊരു ഇലക്ട്രിക് കാറിനെയും വെല്ലുന്ന റേഞ്ച് തന്നെയാണിത്.
‘രാജമുദ്ര കേസ് ഡയറി’യിലെ കുറ്റകൃത്യത്തെക്കുറിച്ചുള്ള കൃത്യവും സൂക്ഷമവുമായ നിരീക്ഷണങ്ങളും കുറ്റാന്വേഷണത്തിലെ ശാസ്ത്രീയമായ സമീപനങ്ങളും സമര്‍ത്ഥനായൊരു കുറ്റാന്വേഷകന്റെ പ്രവര്‍ത്തന ശൈലിയാണ് നമുക്ക് മനസ്സിലാക്കി തരുന്നത്. സുരേന്ദ്രന്‍ മങ്ങാട്ട്. കറന്റ് ബുക്‌സ് തൃശൂര്‍. വില 190 രൂപ.
അഞ്ച് മണിക്കൂറോ അതില്‍ താഴെയോ പ്രതിദിനം ഉറങ്ങുന്നവരെ തങ്ങളുടെ അന്‍പതുകളില്‍ കാത്തിരിക്കുന്നത് മാറാരോഗങ്ങളെന്ന് പഠനം. ഏഴ് മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഇവര്‍ക്ക് രണ്ടോ അതിലധികമോ മാറാരോഗങ്ങള്‍ മധ്യവയസ്സില്‍ ഉണ്ടാകുമെന്ന് ബ്രിട്ടനില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. ഹൃദ്രോഗം, അര്‍ബുദം, പ്രമേഹം, പക്ഷാഘാതം, ആര്‍ത്രൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളാണ് ശരിയായി ഉറങ്ങാത്തവര്‍ക്ക് ഭാവിയില്‍ വരുകയെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് ഗവേഷണം നടത്തിയത്. മോശം ഉറക്ക ശീലങ്ങള്‍ മാറാരോഗങ്ങള്‍ക്കുള്ള സാധ്യത 20 ശതമാനം വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. 50കളിലും 60കളിലും 70കളിലും അഞ്ച് മണിക്കൂറില്‍ താഴെ പ്രതിദിനം ഉറങ്ങുന്നത് പലവിധ മാറാ രോഗങ്ങള്‍ക്കുള്ള സാധ്യത 30-40 ശതമാനം വര്‍ധിപ്പിക്കും. അകാലമരണത്തിന്റെ സാധ്യതയും ഉറക്കക്കുറവ് വര്‍ധിപ്പിക്കുമെന്ന് പിഎല്‍ഒഎസ് മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം കൂട്ടിച്ചേര്‍ക്കുന്നു. പ്രതിദിനം ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നതാണ് ആരോഗ്യത്തിന് ഉത്തമമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയവര്‍ ശുപാര്‍ശ ചെയ്യുന്നു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.77, പൗണ്ട് – 93.75, യൂറോ – 81.40, സ്വിസ് ഫ്രാങ്ക് – 82.78, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.13, ബഹറിന്‍ ദിനാര്‍ – 219.66, കുവൈത്ത് ദിനാര്‍ -266.69, ഒമാനി റിയാല്‍ – 215.28, സൗദി റിയാല്‍ – 22.02, യു.എ.ഇ ദിര്‍ഹം – 22.53, ഖത്തര്‍ റിയാല്‍ – 22.73, കനേഡിയന്‍ ഡോളര്‍ – 60.26.