ശക്തിമാന്‍ സിനിമയാകുന്നുവെന്ന വാര്‍ത്തയ്ക്കു പിന്നാലെ പുതിയ അപ്ഡേഷനുമായി എത്തിയിരിക്കുകയാണ് നടന്‍ മുകേഷ് ഖന്ന. തന്റെ യൂട്യൂബ് ചാനലായ ഭീഷ്മ ഇന്റര്‍നാഷണലിലെ വീഡിയോയിലൂടെയാണ് മുകേഷ് അപ്ഡേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ”കരാര്‍ ഒപ്പിട്ടു. വളരെ വലിയ രീതിയിലായിരിക്കും ഈ ചിത്രം നിങ്ങളിലേക്കെത്തുക. 200-300 കോടി രൂപ ചെലവിലായിരിക്കും ചിത്രമെത്തുക. സ്പൈഡര്‍മാന്‍ പോലെയുള്ള ചിത്രങ്ങള്‍ നിര്‍മ്മിച്ച സോണി പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ശക്തിമാന്റെ ഗെറ്റപ്പില്‍ ഞാന്‍ ഇപ്പോള്‍ അഭിനയിക്കുന്നില്ല. ഒരു താരതമ്യവും വരാതിരിക്കാന്‍ വേണ്ടിയാണ് ഞാന്‍ അത് നിര്‍ത്തുന്നത്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഞാന്‍ തീര്‍ച്ചയായും സിനിമയുമായി ബന്ധപ്പെട്ടിരിക്കും. ഇതൊരു ഇന്റര്‍നാഷ്ണല്‍ സിനിമയായിരിക്കുമെന്ന് മനസിലാക്കുക”- മുകേഷ് പറഞ്ഞു. അധികം വൈകാതെ തന്നെ താരങ്ങള്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.