മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരനും തിരക്കഥാകൃത്തും സംവിധായകനുമായ എം ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി, മലയാളത്തിലെ മുന്‍നിര സംവിധായകര്‍ ഒരുക്കുന്ന ആന്തോളജി ചിത്രം ‘മനോരഥങ്ങള്‍’ റിലീസിനൊരുങ്ങുന്നു. ഓണത്തിനാണ് മനോരഥങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്. സീ 5-ലൂടെ ഓരോ സിനിമയായി ചിത്രം പ്രേക്ഷകര്‍ക്ക് കാണാവുന്നതാണ്. ചിത്രങ്ങളുടെ ട്രെയ്ലര്‍ പുറത്തുവിട്ടു. കമല്‍ ഹാസനാണ് ട്രെയ്ലര്‍ ലോഞ്ച് ചെയ്തത്. മോഹന്‍ലാലിനെ നായകനാക്കി ‘ഓളവും തീരവും’, ബിജു മേനോന്‍ നായകനാവുന്ന ‘ശിലാലിഖിതം’ എന്നീ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശന്‍ ആണ്. എംടിയുടെ ആത്മകഥാംശമുള്ള ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ആണ് സംവിധാനം ചെയ്യുന്നത്. എംടിയുടെ ഏറ്റവും മികച്ച ചെറുകഥകളില്‍ ഒന്നെന്ന് വിലയിരുത്തപ്പെടുന്ന ‘ഷെര്‍ലക്ക്’ സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനും നായകനായി എത്തുന്നത് ഫഹദ് ഫാസിലുമാണ്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്നത് ‘അഭയം തേടി’ എന്ന ചെറുകഥയാണ്, സിദ്ദിഖ് ആണ് അഭയം തേടിയില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. നെടുമുടി വേണു, സുരഭി ലക്ഷ്മി, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘സ്വര്‍ഗം തുറക്കുന്ന സമയം’ സംവിധാനം ചെയ്യുന്നത് ജയരാജ് ആണ്. എംടിയുടെ മകള്‍ അശ്വതിയും മനോരഥങ്ങളിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിക്കുകയാണ്. ആസിഫ് അലി, മധുബാല എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘വില്പന’യാണ് അശ്വതി സംവിധാനം ചെയ്യുന്നത്. പാര്‍വതി തിരുവോത്ത് നായികയായെത്തുന്ന ‘കാഴ്ച’ സംവിധാനം ചെയ്യുന്നത് ശ്യാമ പ്രസാദ് ആണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘കടല്‍ക്കാറ്റി’ല്‍ ഇന്ദ്രജിത്തും അപര്‍ണ്ണ ബാലമുരളിയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.