കോവിഡ്കാലത്തെ മലയാളികളുടെ ജീവിതാവസ്ഥകളെ അടയാളപ്പെടുത്തുന്ന നോവല്‍. ഭീതിദമായ കോവിഡുകാലത്തെ ആതുരാലയത്തിനുള്ളില്‍ നിന്നുള്ള അനുഭവങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ സാധാരണക്കാര്‍ക്ക് അത് നവ്യാനുഭവമാകുന്നുണ്ട്. കോവിഡ് ലോക്ഡൗണും കണ്ടെയ്ന്‍മെന്റ് സോണുകളും നമുക്ക് ചിരപരിചിതമാക്കിയപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ കോഡ് വൈറ്റിനും കോഡ് ബ്ലൂവിനും ഇടയില്‍ കോവിഡ് കോവിഡേതര രോഗികള്‍ക്കിടയില്‍ ജീവനുകള്‍ക്കുവേണ്ടി അലഞ്ഞു. ജനമനസ്സുകളില്‍ ആതുരാലയങ്ങള്‍ ദേവാലയങ്ങളായി മാറിയ കാലം. മരണം തണുത്ത വിരല്‍കൊണ്ട് തൊടാന്‍ മുന്നിലുള്ളപ്പോഴും ധര്‍മ്മപരിപാലനവുമായി ജീവിതത്തെ കര്‍മ്മനിരതമാക്കിയ ഡോ. ചിന്മയിയുടെ കഥാകാഴ്ച മനോഹരമായ വായനാനുഭവം നല്‍കും. ദുഃഖച്ഛായ പടര്‍ന്ന ആതുരാലയ കോവിഡ് ദിനങ്ങളെ സാന്ദ്രമായി സ്‌നേഹമസൃണമായി പറയുന്ന നോവലാണ് ‘മൃതസാന്ദ്രമീ മൗനം’. ഡോ പി എസ് രമണി. ഗ്രീന്‍ ബുക്‌സ്. വില 266 രൂപ.