◾മന്ത്രിസഭാ തീരുമാനമനുസരിച്ചാണു ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടന അനുശാസിക്കുന്നത് അങ്ങനെയാണെന്ന് സുപ്രീം കോടതി വിധി ഉദ്ധരിച്ച് മുഖ്യമന്ത്രി പറഞ്ഞു. വിയോജിപ്പ് അറിയിക്കാന്‍ നിയതമായ മാര്‍ഗമുണ്ട്. രാജ്ഭവനിലെ വാര്‍ത്താസമ്മേളനം അസാധാരണ നടപടിയാണ്. ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ അറിയാഞ്ഞിട്ടാണ്. ആര്‍എസ്എസിനെ റിപ്പബ്ലിക് ദിന പരേഡിലേക്ക് നെഹ്റു ക്ഷണിച്ചെന്നു പറയുന്ന ഗവര്‍ണര്‍ സംഘപരിവാര്‍ വാട്സാപ് ഗ്രൂപ്പില്‍നിന്നാണോ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
◾സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനത്തിനുള്ള ക്ഷണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിരസിച്ചു. തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷും ചീഫ് സെക്രട്ടറി വി.പി. ജോയിയുമാണ് ഗവര്‍ണറെ രാജ്ഭവനിലെത്തി ക്ഷണിച്ചത്. ഓണം വാരാഘോഷ പരിപാടിയിലേക്കു ക്ഷണിക്കാത്തതിന്റെ അതൃപ്തിയും ഗവര്‍ണര്‍ അറിയിച്ചു. ഒക്ടോബര്‍ രണ്ടിനാണ് ലഹരി വിരുദ്ധ പരിപാടി.
◾
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾മുന്‍ സുപ്രീംകോടതി ജസ്റ്റിസ് കെ.ടി തോമസിനെ പിഎം കെയര്‍ ഫണ്ട് ട്രസ്റ്റിയായി നിയമിച്ചു. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കരിയ മുണ്ട, വ്യവസായി രത്തന്‍ ടാറ്റ എന്നിവരെയും ട്രസ്റ്റിമാരായി നിയമിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന പിഎം കെയര്‍ ട്രസ്റ്റി യോഗത്തില്‍ ഇവര്‍ പങ്കെടുത്തു.
◾മലങ്കര സഭാതര്‍ക്കം പരിഹരിക്കാന്‍ ഏകദേശ ധാരണ. പരിഹാര നിര്‍ദേശങ്ങള്‍ തയാറാക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. യാക്കോബായ- ഓര്‍ത്തഡോക്സ് സഭ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മുഖ്യമന്ത്രി എടുത്ത നിലപാടുകള്‍ക്ക് ഇരു സഭകളും പിന്തുണ അറിയിച്ചു.
◾കണ്ണൂര്‍ വിസി നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടത് സ്വജനപക്ഷപാതവും അഴിമതിയുമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നിയമ നടപടികളിലേക്ക്. ഗവര്‍ണറുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖
◾പറമ്പിക്കുളം ഡാമിന്റെ തകര്‍ന്ന ഷട്ടര്‍ പത്തു ദിവസത്തിനകം പുന:സ്ഥാപിക്കുമെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകന്‍. ഷട്ടറുകളെ ബന്ധിപ്പിക്കുന്ന ചങ്ങല പൊട്ടി. കോണ്‍ക്രീറ്റ് ബീം അടര്‍ന്നതാണ് കാരണമെന്നും മന്ത്രി പറഞ്ഞു.
◾പറമ്പികുളം ഡാം കേരളത്തിലെ സാങ്കേതിക വിദഗ്ധരുടെ സംഘം സന്ദര്‍ശിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാടിന് കത്തയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് നെടുമ്പാശ്ശേരി അത്താണിയില്‍ സ്ഥാപിച്ച ഫ്ളക്സില്‍ സവര്‍ക്കറുടെ ചിത്രവും. വിവാദമായതോടെ ഗാന്ധിജിയുടെ ചിത്രംകൊണ്ട് സവര്‍ക്കറുടെ ചിത്രം മറച്ചു. സവര്‍ക്കറുടെ ചിത്രമുള്ള ഫ്ളക്സ് സ്ഥാപിച്ച ഐഎന്‍ടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ സസ്പെന്‍ഡ് ചെയ്തു. ഫ്ളക്സ് പ്രിന്റു ചെയ്ത സ്ഥാപനത്തിലെ ഡിസൈനറാണ് സവര്‍ക്കറുടെ ചിത്രം ചേര്‍ത്തതെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.
◾തിരുവനന്തപുരം കാട്ടാക്കടയില്‍ അച്ഛനെയും മകളേയും മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്ത് പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. രേഷ്മയുടെയും സുഹൃത്ത് അഖിലയുടേയും മൊഴി പ്രകാരമാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്.
◾കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച കേസില്‍ മെഡിക്കല്‍ കോളേജിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌കുകള്‍ പൊലീസ് ശേഖരിച്ചു. മാഞ്ഞുപോയ ദൃശ്യങ്ങള്‍ വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് ഹാര്‍ഡ് ഡിസ്‌ക് വാങ്ങിയത്. അക്രമമുണ്ടായി രണ്ടാഴ്ച കഴിഞ്ഞാണ് ദൃശ്യങ്ങളുടെ ഹാര്‍ഡ് ഡിസ്‌ക് ആവശ്യപ്പെട്ട് പൊലീസ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് കത്തു നല്‍കിയത്.
◾അഭിഭാഷകനെ മര്‍ദ്ദിച്ച കേസില്‍ നാലു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കരുനാഗപ്പളളി എസ്എച്ച്ഒ, എസ് ഐ എന്നിവര്‍ ഉള്‍പ്പെടെ നാലു പേരെയാണ് സസ്പെന്‍ഡ് ചെയ്തത്.
◾ദേവസ്വം ബോര്‍ഡിലും ബിവറേജസ് കോര്‍പറേഷനിലും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തൃക്കുന്നപ്പുഴ വലിയപറമ്പ് കിഴക്കേക്കര വടക്ക് തെറ്റിക്കാട്ടില്‍ വൈശാഖ് (24) ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
◾പ്രായപൂര്‍ത്തിയാകാത്ത വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ചതിന് കോഴിക്കോട് പന്തീരങ്കാവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കും ഭാര്യക്കുമെതിരേ കേസ്. ഡോ. മിര്‍സ മുഹമ്മദ് ഖാന്‍, ഭാര്യ റുഹാന എന്നിവര്‍ക്കെതിരേയാണ് കേസ്. പതിനഞ്ചു വയസുള്ള പെണ്‍കുട്ടിയെ ബെല്‍റ്റുകൊണ്ട് അടിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തെന്നാണ് കേസ്. കുട്ടിയെ ബാലികാ മന്ദിരത്തിലേക്കു മാറ്റി.
◾കേരള ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കത്തു നല്‍കി. വീടിനു മുന്നില്‍ കേരള ബാങ്ക് ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് കൊല്ലം ശാസ്താംകോട്ടയില്‍ ബിരുദ വിദ്യാര്‍ഥി അഭിരാമി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്.
◾പഞ്ചാബിലെ സ്വകാര്യ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി ചേര്‍ത്തല സ്വദേശി അഗിന്‍ എസ് ദിലീപ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോഴിക്കോട് എന്‍ഐടി ഡയറക്ടര്‍ക്കെതിരെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശം. എന്‍ഐടിയിലെ പഠനം ഉപേക്ഷിക്കാന്‍ പ്രൊഫ. പ്രസാദ് കൃഷ്ണ സമ്മര്‍ദം ചെലുത്തിയെന്നാണ് ആത്മഹത്യാ കുറിപ്പില്‍ ആരോപിക്കുന്നത്.
◾വയനാട് പനമരം കൈതക്കലില്‍ കെഎസ്ആര്‍ടിസി ബ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ പിതാവും മകനും മരിച്ചു. കല്‍പറ്റ പെരുന്തട്ട് സ്വദേശി മണ്ടോടന്‍ സുബൈര്‍ (41), മകന്‍ മിഥ്ലാജ് (12) എന്നിവരാണു മരിച്ചത്.
◾മരച്ചില്ല വീണതിന് അയല്‍വാസിയായ ദളിത് യുവാവിനെ തല്ലിക്കൊന്ന കേസില്‍ മുഖ്യപ്രതി പിടിയില്‍. കൊല്ലം കുന്നിക്കോട് ദമീജ് അഹമ്മദാണ് അറസ്റ്റിലായത്. അനില്‍കുമാറാണു കൊല്ലപ്പെട്ടത്. ദമീജിന്റെ പിതാവ സലാഹുദ്ദീന്‍ നേരത്തെ പിടിയിലായിരുന്നു.
◾നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടു കോടിയോളം രൂപ വിലവരുന്ന നാലേകാല്‍ കിലോ സ്വര്‍ണവുമായി അഞ്ചു യാത്രക്കാര്‍ പിടിയിലായി. രണ്ട് ദമ്പതിമാരും ഒരു മലേഷ്യന്‍ പൗരയായ ഇന്ത്യന്‍ വംശജയും അടക്കമുള്ളവരാണു പിടിയിലായത്.
◾ഹരിപ്പാട് കെവി ജെട്ടി ജംഗ്ഷനരികില്‍ എഡിജിപി മനോജ് എബ്രഹാമിന്റെ വാഹനമിടിച്ച് ഒരാള്‍ക്കു പരിക്ക്. അമ്പലപ്പുഴ കരൂര്‍ ഉമേഷ് ഭവനത്തില്‍ സന്തോഷി (48) നാണ് പരിക്കേറ്റത്.
◾തിരുവനന്തപുരം ബാലരാമപുരത്ത് 158 കോടി രൂപ വിലവരുന്ന ഹെറോയിന്‍ ഡിആര്‍ഐ പിടികൂടി. ആഫ്രിക്കയില്‍ നിന്ന് എത്തിച്ച ഹെറോയിന്‍ സൂക്ഷിച്ചിരുന്ന രമേശ്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു.
◾കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 600 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി എന്‍ എം ജാഫറിനെ അറസ്റ്റ് ചെയ്തു.
◾ആലപ്പുഴയില്‍ 22 വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ നാലുപേരെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എണ്ണക്കാട് സ്വദേശി നന്ദു (22)വിനെ കയറ്റി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കായംകുളം പത്തിയൂര്‍ സ്വദേശി തക്കാളി ആഷിഖ് (27), രജിത്ത് (22), അരുണ്‍ വിക്രമന്‍ (26), ഉമേഷ് (26) എന്നിവരാണു പിടിയിലായത്.
◾തിരുവല്ലയില്‍ സ്വകാര്യ സ്‌കൂളിലെ ഹോസ്റ്റലില്‍ പന്ത്രണ്ടു വയസുകാരനെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നു പരാതി. പതിനഞ്ച് വയസുകാരായ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ പോലീസ് കേസെടുത്തു.
◾കട്ടപ്പനയില്‍നിന്ന് ആനക്കൊമ്പ് പിടികൂടിയ സംഭവത്തില്‍ ഒളിവിലായിരുന്ന ഒരു പ്രതികൂടി അറസ്റ്റിലായി. കുമളി വള്ളക്കടവ് സ്വദേശി തിരുവേലിയ്ക്കല്‍ ജിതേഷാണ് പിടിയിലായത്. രണ്ടും നാലും പ്രതികള്‍ ഒളിവിലാണ്.
◾പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ തന്നെ പൊലീസ് ഇന്‍സ്‌പെക്ടര്‍ അധിക്ഷേപിച്ചെന്നു പരാതിയുമായി ട്രാന്‍സ്ജന്‍ഡര്‍. കോഴിക്കോട് നടക്കാവ് ഇന്‍സ്‌പെക്ടര്‍ ജിജീഷിനെതിരെ ട്രാന്‍സ്ജന്‍ഡര്‍ ദീപ റാണിയാണ് പരാതി നല്‍കിയത്. ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തിയ ആള്‍ക്കെതിരെ പരാതി നല്‍കിയപ്പോള്‍ ഇടപാടുകാരനാകുമെന്ന് അധിക്ഷേപിച്ചെന്നാണു പരാതി.
◾തിരുവനന്തപുരം പോത്തന്‍കോട് വെള്ളയണിക്കല്‍ പാറയില്‍ പെണ്‍കുട്ടികളടക്കമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ സദാചാര ആക്രമണം. വെള്ളാണിക്കല്‍ പാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ കുട്ടികളെയാണ് അക്രമിസംഘം വടികൊണ്ട് അടിച്ചത്. സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികള്‍ സ്ഥലം കാണാനിറങ്ങിയപ്പോഴായിരുന്നു ആക്രമണം.
◾പഞ്ചാബില്‍ വിശ്വാസവോട്ടിനായി ഇന്നു നടത്താനിരുന്ന നിയമസഭ പ്രത്യേക സമ്മേളനം ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് റദാക്കി. നിയമസഭാ സമ്മേളനത്തിന് ആദ്യം അനുമതി നല്‍കിയ ഗവര്‍ണര്‍, വിശ്വാസ പ്രമേയത്തിനായി നിയമസഭാ സമ്മേളനം വിളിക്കാന്‍ ചട്ടമില്ലെന്നു പറഞ്ഞാണ് സമ്മേളനം റദ്ദാക്കിയത്. ആം ആദ്മി പാര്‍ട്ടിയുടെ 11 എംഎല്‍എമാരെ 25 കോടി രൂപ നല്‍കി വിലയ്ക്കെടുക്കാന്‍ ബിജെപി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് വിശ്വാസവോട്ടെടുപ്പിനു സഭാ സമ്മേളനം വിളിച്ചത്. ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് ഗവര്‍ണര്‍ നിയമസഭാ സമ്മേളനം റദ്ദാക്കിയതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ ആരോപിച്ചു.
◾റഷ്യയിലെ യുദ്ധതടവുകാരെ സൗദി കിരീടാവകാശിയുടെ മധ്യസ്ഥതയില്‍ വിട്ടയച്ചു. ഉക്രൈനില്‍ പിടിയിലായ മൊറോക്കൊ, അമേരിക്ക, ബ്രിട്ടന്‍, സ്വീഡന്‍, ക്രോയേഷ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള 10 തടവുകാരെയാണ് വിട്ടയച്ചത്. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ മധ്യസ്ഥശ്രമങ്ങളുടെ ഫലമായാണുു മോചനം.
◾ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 മത്സരം പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഇന്ത്യന്‍ ഫീല്‍ഡിംഗിന് എന്തുപറ്റിയെന്നാണ് ശാസ്ത്രി ചോദിക്കുന്നത്. ഇപ്പോഴത്തെ ടീം ഫീല്‍ഡിംഗിന്റെ കാര്യത്തില്‍ സ്‌കൂള്‍ നിലവാരം പോലും കാണിക്കുന്നില്ലെന്നും ഇതുകാരണം ബാറ്റിംഗ് ചെയ്യുന്നവര്‍ക്ക് 15-20 റണ്‍സെങ്കിലും കൂടുതലായി ലഭിക്കുന്നുണ്ടെന്നും ശാസ്ത്രി പറഞ്ഞു.
◾പ്രമുഖ വ്യവസായ ശൃംഖലയായ അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനി രാജ്യത്തെ ഏറ്റവും വലിയ സമ്പന്നന്‍. 10,94,400 കോടിയാണ് ഗൗതം ആദാനിയുടെ ആസ്തിമൂല്യം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയേയാണ് ഗൗതം അദാനി പിന്നിലാക്കിയത്. ലോകത്ത് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗൗതം അദാനി. മുകേഷ് അബാനിയേക്കാള്‍ ഏകദേശം മൂന്ന് ലക്ഷം കോടി രൂപ കൂടുതലാണ് ഗൗതം അദാനിയുടെ ആസ്തി. കഴിഞ്ഞവര്‍ഷം പ്രതിദിനം ശരാശരി 1600 കോടി രൂപ ആസ്തിയില്‍ കൂട്ടിച്ചേര്‍ത്താണ് ഗൗതം അദാനി കോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. കഴിഞ്ഞവര്‍ഷം മുകേഷ് അംബാനിയായിരുന്നു ഈ പദവി അലങ്കരിച്ചിരുന്നത്. ഗൗതം അദാനിയേക്കാള്‍ രണ്ടുലക്ഷം കോടി രൂപ അധികമായിരുന്നു മുകേഷ് അംബാനിയുടെ ആസ്തി. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മുകേഷ് അംബാനിയേക്കാള്‍ മൂന്ന് ലക്ഷം കോടി രൂപ അധികം സമ്പാദിച്ച് രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായി മാറിയിരിക്കുകയാണ് ഗൗതം അദാനി. അഞ്ചുവര്‍ഷത്തിനിടെ ആസ്തിയില്‍ 1440 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്.
◾യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് ( യുപിഐ) നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന റുപേ ക്രെഡിറ്റ് കാര്‍ഡ് റിസര്‍വ് ബാങ്ക് പുറത്തിറക്കി. പ്രമുഖ പൊതുമേഖല ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ ഉപഭോക്താക്കള്‍ക്കാണ് ഇത് ആദ്യം പ്രയോജനപ്പെടുക. ഇവര്‍ക്ക് യുപിഐ ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് പണമിടപാടുകള്‍ നിര്‍വഹിക്കാം. നിലവില്‍ ഡെബിറ്റ് കാര്‍ഡുകളെയും ബാങ്ക് അക്കൗണ്ടുകളെയുമാണ് യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്നത്. വിര്‍ച്വല്‍ പേയ്‌മെന്റ് അഡ്രസുമായാണ് റുപേ ക്രെഡിറ്റ് കാര്‍ഡുകളെ ബന്ധിപ്പിക്കുക. വിര്‍ച്വല്‍ പേയ്‌മെന്റ് അഡ്രസിനെയാണ് യുപിഐ ഐഡി എന്ന് പറയുന്നത്. ഇത് സുരക്ഷിതമായി പണമിടപാട് നടത്താന്‍ സഹായിക്കും.
◾ദുല്‍ഖര്‍ സല്‍മാന്റെ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം സീതാ രാമത്തിലെ പുതിയ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘ഒരു കരയരികെ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അരുണ്‍ ആലാട്ട് ആണ്. വിശാല്‍ ചന്ദ്രശേഖര്‍ ഈണം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷിബി ശ്രീനിവാസന്‍ ആണ്. മലയാളത്തിനൊപ്പം ഗാനത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളും പുറത്തെത്തിയിട്ടുണ്ട്. ഹനു രാഘവപ്പുഡിയുടെ സംവിധാനത്തിലെത്തിയ പിരീഡ് റൊമാന്റിക് ഡ്രാമ ചിത്രം ഓഗസ്റ്റ് 5 ന് തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലാണ് ആദ്യം പ്രദര്‍ശനത്തിന് എത്തിയത്. ചിത്രം തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളില്‍ നിന്നു മാത്രം 75 കോടി ആഗോള ഗ്രോസ് നേടിയിരുന്നു. ഒരു മാസത്തിനിപ്പുറം ചിത്രത്തിന്റെ ഹിന്ദി പതിപ്പും തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. രാശ്മിക മന്ദാനയും സുമന്ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍.
◾ബെന്യാമനും ജി ആര്‍ ഇന്ദുഗോപനും ഒത്തുചേര്‍ന്ന് തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ ആല്‍വിന്‍ ഹെന്റിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പൂവാര്‍ ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമാണ്. കടലും കായലും ചേരുന്ന പൊഴി പൂവാറിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ പ്രദേശത്തിന്റെ സംസ്‌കാരവും, ആചാരവും, ഭാഷയുമൊക്കെ പഞ്ചാത്തലമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം. മാത്യു തോമസ് നായകനാകുന്ന ഈ ചിത്രത്തില്‍ മാളവികാ മോഹനനാണ് നായിക. ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവന്‍, മുത്തുമണി. ജയാ എസ് കുറുപ്പ് , വീണാ നായര്‍ മഞ്ജു പത്രോസ്, സ്മിനു സിജോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണ്‍ ഇന്ത്യയില്‍ കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ കാറുകളുടെ വിലയില്‍ രണ്ടുശതമാനത്തിന്റെ വരെ വര്‍ധന വരുത്തുമെന്ന് കമ്പനി അറിയിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്നും കമ്പനി അറിയിച്ചു. വിര്‍റ്റസ്, ടൈഗണ്‍, ടിഗുവാന്‍ എന്നി ഫോക്‌സ് വാഗണ്‍ മോഡലുകള്‍ക്കെല്ലാം വില ഉയരും. ഒക്ടോബര്‍ ഒന്നുമുതല്‍ വിവിധ മോഡല്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് കമ്പനിയുടെ വക്താവ് അറിയിച്ചു. രണ്ടുശതമാനം വരെയാണ് വര്‍ധന ഉണ്ടാവുക. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതാണ് കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ പ്രേരണയായതെന്നും കമ്പനി വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.
◾വളര്‍ന്നു പന്തലിച്ച് ബഹുരൂപമാര്‍ന്ന് വഴുതിമാറുന്ന സമകാലത്തിന്റെ മുഖത്തേക്ക് പിടിക്കുന്ന കണ്ണാടികളാണ് അമലിന്റെ കഥകള്‍. അവിടെ ചരിത്രവും വികാരവിചാരഭാവങ്ങളും മതങ്ങളും രാഷ്ട്രീയവും തത്ത്വചിന്തകളും ഭൂതവര്‍ത്തമാനഭാവികാലങ്ങളും ഉടഞ്ഞു ചിതറിക്കാണപ്പെടുന്നു പ്രാദേശികതയെ ഉപയോഗിച്ചുതന്നെ ദേശീയതയും അന്തര്‍ദേശീയതയും നിര്‍മ്മിച്ചെടുക്കുന്ന ഈ സമാഹാരത്തിലെ കഥകളെല്ലാംതന്നെ അവശ്യം വായിച്ചിരിക്കേണ്ട സാംസ്‌കാരിക പഠനങ്ങള്‍തന്നെയാകുന്നു. ‘ഉരുവം’. ഡിസി ബുക്സ്. വില 209 രൂപ.
◾ആരോഗ്യകരമായ ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ആയുര്‍വേദം. ചില ഭക്ഷണങ്ങള്‍ ഒന്നിച്ച് കഴിക്കുന്നത് ശരീരത്തില്‍ വിഷം എത്തുന്നതിന് തുല്യമെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. ഇതാണ് വിരുദ്ധ ആഹാരങ്ങള്‍. ഇവ കഴിക്കുന്നതിലൂടെ പല തരത്തിലുള്ള അസുഖങ്ങളും ശാരീരിക അസ്വാസ്ഥ്യങ്ങളും ഉണ്ടാകുന്നു. കൂടാതെ ദഹനക്കേട്, അമിതവണ്ണം, ഓക്കാനം എന്നിവ വരുന്നതിനും കാരണമാകുന്നു. ഇത്തരത്തില്‍ ശരീരത്തിന് മാരകമായ പ്രശ്നങ്ങളുണ്ടാക്കുന്ന ആഹാരങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. പഴവും പാലും ദിവസവും കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ഇവ ഒന്നിച്ച് കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ചുമ, ജലദോഷം, അലര്‍ജി തുടങ്ങിയ പല പ്രശ്നങ്ങളിലേയ്ക്കും ഇത് നിങ്ങളെ നയിക്കുന്നു. ഇവ ഒന്നിച്ച് കഴിക്കുന്നത് ദഹനപ്രശ്നങ്ങളും ഉണ്ടാക്കുന്നു. രണ്ടും പാലില്‍ നിന്ന് ഉണ്ടാക്കുന്നതാണെങ്കിലും ഇവ ഒന്നിച്ച് കഴിക്കുന്നത് ദഹനക്കേട്, നെഞ്ചെരിച്ചില്‍, വയറുവേദന എന്നിവ വരുത്തും. ശരീരത്തില്‍ കഫത്തിന്റെ പ്രശ്നം കൂടുന്നതിനും ഇത് കാരണമാകുന്നു. തണ്ണിമത്തനില്‍ ജലാംശം ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ആപ്പിള്‍ പോലുള്ള മറ്റ് പഴങ്ങള്‍ക്കൊപ്പം കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകും. മുട്ടയില്‍ ധാരാളം പ്രോട്ടീനും ഉരുളക്കിഴങ്ങില്‍ അന്നജവും അടങ്ങിയിട്ടുണ്ട്. അന്നജത്തില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലേയ്ക്ക് പ്രോട്ടീന്‍ ആഗിരണം ചെയ്യുന്നതിനെ ഇത് തടസപ്പെടുത്തുന്നു. അതിനാല്‍ ഇവ ഒന്നിച്ച് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ അന്ന് ഒരുപാട് മദ്യപിച്ചാണ് വന്നത്. വീട്ടില്‍ വന്നതിന് ശേഷം അയാള്‍ പാത്രങ്ങള്‍ വലിച്ചെറിഞ്ഞ് പൊട്ടിക്കുകയും അവിടമാകെ ഛര്‍ദ്ദിച്ച് വൃത്തികേടാക്കുകയും ചെയ്തു. ഭാര്യ അതെല്ലാം വൃത്തിയാക്കുകയും അയാളെ കിടക്കയില്‍ കിടത്തുകയും ചെയ്തു. പിറ്റേന്ന് എഴുന്നേറ്റ അയാള്‍ക്ക് കാര്യങ്ങള്‍ എല്ലാം ഓര്‍മ്മവന്നു. ഒരു വലിയ വഴക്ക് പ്രതീക്ഷിച്ചാണ് അയാള്‍ എഴുന്നേറ്റ് വന്നത്. പക്ഷേ, ഭാര്യയെ അവിടെയെങ്ങും കണ്ടില്ല. തീന്‍മേശയില്‍ പാകം ചെയ്ത ഭക്ഷണത്തോടൊപ്പം ഒരു കുറിപ്പും കണ്ടു. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പുട്ടും കടലയും ഉണ്ട്. കഴിക്കുക. ഞാന്‍ കടയില്‍ പോയി ഉടനെ തിരികെത്താം. തിരിച്ചെത്തിയ ഭാര്യയോട് അയാള്‍ ചോദിച്ചു: ഇന്നലെ ഇത്രയൊക്കെ സംഭവിച്ചിട്ടും നീയെന്താണ് ഒരു വഴക്കും ഉണ്ടാക്കാത്തത്? ഭാര്യ പറഞ്ഞു: ഞാന്‍ ഇയാളെ പിടിച്ച് കിടത്താന്‍ ശ്രമിച്ചപ്പോള്‍ മദ്യലഹരിയിലും നിങ്ങള്‍ ഒരു വാചകം പറഞ്ഞു.. എന്നെ തനിയെ വിടൂ.. എനിക്കൊരു ഭാര്യയുണ്ട.് ചെറിയ കാര്യങ്ങളിലെ വിശ്വസ്തതയാണ് വലിയ കാര്യങ്ങളിലെ സാഹസികതയേക്കാള്‍ മതിപ്പുളവാക്കുക. സംശയിക്കുകയും അവഹേളിക്കുകയും ചെയ്യുന്നവരോട് ആര്‍ക്കും ഉള്ളില്‍ ഒരു മതിപ്പും ഉണ്ടാകില്ല, ഉള്ളില്‍ ആത്മാര്‍ത്ഥതയുള്ളവരുടെ ചെറിയ വീഴ്ചകളെകുറിച്ച് അധികമാരും ആകുലപ്പെടാറുമില്ല. പുറമെ നിഷ്‌കളങ്കത നടിക്കുകയും അകമെ കാപട്യം സൂക്ഷിക്കുകയും ചെയ്യുന്നവരേക്കാള്‍ ഭേദമാണ് പെരുമാറ്റത്തിലെ ന്യൂനതകള്‍ക്കിടയിലും തങ്ങളുടെ നെറിവ് നിലനിര്‍ത്തുന്നവര്‍.. എല്ലാ കാര്യങ്ങളിലും പൂര്‍ണ്ണതയുള്ളവരെയല്ല ആളുകള്‍ ആഗ്രഹിക്കുന്നത്, വിട്ടുവീഴ്ച ചെയ്യരുതാത്ത കാര്യങ്ങളില്‍ തങ്ങളുടേതായ നിലപാടുകള്‍ ഉളളവരെയാണ്. ഇരുളിലും വെളിച്ചത്തും സുബോധത്തിലും അബോധത്തിലുമെല്ലാം ഒരേ ആളാകാന്‍ നമുക്ക് സാധിക്കട്ടെ – ശുഭദിനം