◾നവംബര്‍ മുതല്‍ ആധുനിക റോബോട്ടിക് സംവിധാനം ഉപയോഗിച്ച് ഒരേസമയം 200 വില്ലേജുകളില്‍ റീസര്‍വേ നടത്തുമെന്ന് റവന്യു മന്ത്രി കെ രാജന്‍. നാലുവര്‍ഷംകൊണ്ട് സംസ്ഥാനത്തെ 1550 വില്ലേജുകളിലും ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കും. ഇതിനായി 4,700 താല്‍കാലിക സര്‍വേ ജീവനക്കാരെ നിയമിക്കും. റവന്യു വകുപ്പില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പാക്കിവരികയാണ്. മന്ത്രി തൃശൂരില്‍ പറഞ്ഞു.
◾തെരുവുനായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്. തെരുവ് നായ ശല്യം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ റിപ്പോര്‍ട്ട് ഹൈക്കോടതി പരിഗണിക്കും. നായ്ക്കളെ പിടികൂടി വാക്സിനേഷന്‍ നല്‍കുകയും വളര്‍ത്തു നായ്ക്കള്‍ക്കു വാക്സിനേഷനും ലൈസന്‍സും നിര്‍ബന്ധമാക്കുകയും ചെയ്യുന്നുണ്ട്. തെരുവുനായ്ക്കള്‍ക്കായി വാങ്ങിയ പത്തു ലക്ഷം ഡോസ് വാക്സിനു പുറമേ, നാലു ലക്ഷം ഡോസുകൂടി വാങ്ങുന്നുണ്ട്.
◾
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾കെപിസിസി പ്രസിഡന്റു സ്ഥാനത്തേക്ക് മത്സരിക്കുമെന്നു പ്രഖ്യാപിച്ച ശരത്ചന്ദ്രപ്രസാദിനെ നേതാക്കള്‍ അനുനയിപ്പിച്ചു പിന്മാറ്റിച്ചു. കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കാന്‍ എല്ലാ ഗ്രൂപ്പു നേതാക്കളും തമ്മില്‍ ധാരണയുണ്ടാക്കിയിരുന്നു. എന്നാല്‍ സുധാകരന്റെ ശൈലിയോടു വിയോജിപ്പു പ്രകടിപ്പിച്ചാണു ശരത്ചന്ദ്രപ്രസാദ് പത്രിക നല്‍കാനൊരുങ്ങിയത്. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ എഐസിസി അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന പ്രമേയം യോഗം പാസാക്കി.
◾രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഭാരത് ജോഡോ യാത്രയെ എതിര്‍ക്കേണ്ടെന്ന് സിപിഎം. കേരളത്തില്‍ 18 ദിവസം യാത്ര നടത്തുന്നത് കോണ്‍ഗ്രസിനു കേരളത്തിലുള്ള സ്വാധീനം പരിഗണിച്ചാകുമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ വിലയിരുത്തി. തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിനു പ്രാധാന്യം നല്‍കണമെന്ന നിര്‍ദേശവും ഉയര്‍ന്നു.
◾വഖഫ് നിയമഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. വഖഫ് നിയമനങ്ങള്‍ പിഎസ്സിക്കു വിട്ടുള്ള തീരുമാനം റദ്ദാക്കി നിയമസഭ പാസാക്കിയ ബില്ലിനാണ് അംഗീകാരം. എന്നാല്‍ നിയമസഭ പാസാക്കിയ സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പുവച്ചിട്ടില്ല. ഒപ്പുവയ്ക്കില്ലെന്ന സൂചനയാണു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയത്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖
◾അറ്റക്കുറ്റപ്പണിക്കുശേഷം വീണ്ടും തകര്‍ന്ന ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് അബോധാവസ്ഥയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. മാറമ്പിള്ളി സ്വദേശി കുഞ്ഞുമുഹമ്മദാണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
◾തിരുവനന്തപുരം പാറശാലയില്‍ അമ്മ ഓടിച്ച സ്‌കൂട്ടര്‍ തോട്ടിലേക്കു മറിഞ്ഞ് അഞ്ചു വയസുകാരന്‍ മരിച്ചു. പാറശാല ചാരോട്ടുകോണം സുനിലിന്റെയും മഞ്ജുവിന്റെയും മകന്‍ പവിന്‍ സുനിലാണ് മരിച്ചത്. ഇരട്ടക്കുട്ടികളുമായി സ്‌കൂട്ടറില്‍ യാത്ര ചെയ്യവേയാണ് അപകടം.
◾അട്ടപ്പാടി മധു കൊലക്കേസില്‍ നാലു സാക്ഷികള്‍കൂടി കൂറുമാറി. മനാഫ്, രഞ്ജിത്, മണികണ്ഠന്‍, അനൂപ് എന്നിവരാണു മൊഴി തിരുത്തിയത്. ഇതോടെ കൂറുമാറിയവരുടെ എണ്ണം 20 ആയി.
◾തീരദേശ പരിപാലന നിയമം ലംഘിച്ച് വേമ്പനാട് കായല്‍ കയ്യേറി അനധികൃതമായി നിര്‍മ്മിച്ച കാപിക്കോ റിസോര്‍ട്ട് പൊളിച്ചു തുടങ്ങി. അനധികൃത നിര്‍മ്മാണത്തിന് ഒത്താശ നല്‍കിയ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ അന്വേഷണം വരുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ പറഞ്ഞു.
◾
◾കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിച്ച കേസിന്റെ പേരില്‍ പൊലീസ് നിരപരാധികളെ വേട്ടയാടുന്നെന്ന് ഡി വൈ എഫ് ഐ മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും പരാതി നല്‍കി. പ്രതികളുടെ ബന്ധുവീടുകളില്‍ അടക്കം എത്തി സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ പൊലീസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയാണെന്നാണ് ആരോപണം.
◾വയനാട് ജില്ലയിലെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ രേഖകളില്ലാതെ കടത്തിയ 22 ലക്ഷം രൂപ എക്സൈസ് പിടികൂടി. നിലമ്പൂരിലേക്കു മരക്കച്ചവടത്തിനു കൊണ്ടുപോകുകയായിരുന്ന 13 ലക്ഷം രൂപയുമായി കര്‍ണാടക മാണ്ഡ്യ സ്വദേശികളായ എസ്. ദീപക് കുമാര്‍ (37), ബസവ രാജു (45), ബി.ബി. രവി (45) എന്നിവരും ഒമ്പത് ലക്ഷം രൂപയുമായി കോഴിക്കോട് സ്വദേശികളായ സബീര്‍, കണ്ണൂര്‍ സ്വദേശി നൗഷാദ് എന്നിവരുമാണ് പിടിയിലായത്.
◾ഹരിപ്പാട് നിസ്‌കാരത്തിനിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു. യു.എം ഹനീഫ മുസ്ലിയാര്‍ (55) ആണ് മരിച്ചത്.
◾കൊല്ലം ചടയമംഗലത്ത് ഗാര്‍ഹിക പീഡനംമൂലം അഭിഭാഷക തൂങ്ങി മരിച്ചു. ഇട്ടിവ തുടയന്നൂര്‍ സ്വദേശി ഐശ്വര്യയാണ് മരിച്ചത്. ഐശ്വര്യയുടെ കുടുംബം നല്‍കിയ പരാതിയില്‍ ചടയമംഗലം പൊലീസ് കേസെടുത്തു.
◾ആലപ്പുഴ ചുനക്കരയില്‍ വഴിത്തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ കല്ലുകൊണ്ട് നെഞ്ചിനിടിച്ച് കൊലപ്പെടുത്തി. ചുനക്കര സ്വദേശി ദിലീപ് ഖാനാണ്(45) കൊല്ലപ്പെട്ടത്. സഹോദരങ്ങളായ യാക്കൂബ്, സുബൈദ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾കൊറിയര്‍ വഴി ലക്ഷങ്ങളുടെ മയക്കുമരുന്നു കടത്തിയ യുവാവ് പിടിയില്‍. എറണാകുളം ചെങ്ങമനാട് നീലത്ത് പള്ളത്ത് വീട്ടില്‍ അജ്മല്‍ (24) നെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. 200 ഗ്രാം എം.ഡി.എം.എ, 3.89 ഗ്രാം ഹാഷിഷ് ഓയില്‍, മൂന്ന് എല്‍.എസ്.ഡി സ്റ്റാമ്പ് എന്നിവയാണ് കൊറിയര്‍ വഴി വന്നത്. എം.ഡി.എം.എയ്ക്ക് മാത്രം 20 ലക്ഷേം രൂപ വിലവരും.
◾മൊറയൂരില്‍ ബസ് തടഞ്ഞ് ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്തു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. കോഴിക്കോട് പാലക്കാട് റൂട്ടില്‍ ഓടുന്ന ബസിന്റെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമാണ് മര്‍ദ്ദനമേറ്റത്.
◾പേയിളകിയ പശുവിനെ വെടിവച്ചുകൊന്നു. തൃശൂര്‍ പാലപ്പിള്ളി എച്ചിപ്പാറയില്‍ ചക്കുങ്ങല്‍ ഖാദറിന്റെ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നത്. പൊലീസിന്റെയും വെറ്ററിനറി സര്‍ജന്റെയും അനുമതിയോടെ വെടിവയ്ക്കാന്‍ തോക്കിന് ലൈസന്‍സുള്ളയാളാണ് വെടിവച്ചത്.
◾ഓട്ടോറിക്ഷയും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തിയ യുവതി മരിച്ചു. പറവൂര്‍ സ്വദേശിനി വിജി (45) ആണ് മരിച്ചത്. ഓട്ടോയില്‍ ഉണ്ടായിരുന്ന നാലു പേര്‍ക്ക് പരിക്കേറ്റു.
◾കോഴിക്കോട് തൊണ്ടയാട് പ്രവാസിയുടെ കടയില്‍ ചരക്കിറക്കാന്‍ അനുവദിക്കാതെ ചുമട്ടുതൊഴിലാളികള്‍. നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കെഇആര്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലേക്കു വന്ന ലോഡ് സ്ഥാപനത്തിലെ ജീവനക്കാരെക്കൊണ്ട് ഇറക്കാന്‍ അനുവദിച്ചില്ല. ചരക്കുലോറി തിരിച്ചയച്ചെന്ന് കടയുടമയായ റഷീദ് പറഞ്ഞു.
◾വീട് കുത്തിത്തുറന്ന് 30 പവന്‍ സ്വര്‍ണവും 30,000 രൂപയും മോഷ്ടിച്ച മൂന്നുപേര്‍ പിടിയില്‍. വെങ്ങാട് നായര്‍പ്പടിയില്‍ കവര്‍ച്ച നടത്തിയ കൊപ്ര ബിജു എന്ന രാജേഷും സംഘത്തിലെ കടക്കല്‍ സ്വദേശി പ്രവീണ്‍, ആലുവ സ്വദേശി സലിം എന്നിവരും പിടിയിലായി.
◾എംഡിഎംഎയുമായി ഉണ്ണിയാല്‍ പുതിയകടപ്പുറം സ്വദേശി മുസ്ലിയാര്‍ വീട്ടില്‍ ജംഷീറി (22) നെ താനൂര്‍ പൊലീസ് പിടികൂടി. എല്‍എസ്ഡി സ്റ്റാമ്പുകളും പിടികൂടി.
◾മകന്‍ പഠനത്തില്‍ മോശമായെന്ന് ആരോപിച്ച് രക്ഷിതാവ് ക്ലാസുമുറിയില്‍ കയറി അധ്യാപികയെ മര്‍ദ്ദിച്ചു. തമിഴ്നാട് പുതുക്കോട്ട ആലങ്കുടിയില്‍ കന്യന്‍ കൊല്ലിയിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലാണ് മദ്യപിച്ചെത്തിയ രക്ഷിതാവ് വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ അധ്യാപികയെ മര്‍ദിച്ചത്. ചിത്രവേല്‍ എന്നയാള്‍ക്കെതിരേ പൊലീസ് കേസെടുത്തു.
◾ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാരിന്റെ മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ പ്രതിയുടെ ഒളിക്യാമറ ദൃശ്യങ്ങള്‍ ബിജെപി പുറത്തുവിട്ടു. മദ്യലോബിക്കാരെ സഹായിച്ച അഴിമതിയിലൂടെ നേടിയ പണം പഞ്ചാബിലെ തെരഞ്ഞെടുപ്പിന് ഇറക്കിയെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.
◾കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് സമന്‍സ്. സഹകരിക്കാം, എന്നാല്‍ ഭരണഘടനാപരവും രാഷ്ട്രീയവുമായ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് തടസമാകുന്നതിനാല്‍ ഹാജരാകാനുള്ള സമയം മാറ്റണമെന്ന് ആവശ്യപ്പെടുമെന്നു ശിവകുമാര്‍ പറഞ്ഞു.
◾സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ള എല്ലാവരും ആം ആദ്മി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് ഗുജറാത്തില്‍ ആഹ്വാനം ചെയ്തതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്.
◾വൈദ്യുതി മുടങ്ങിയതുമൂലം കര്‍ണാടകയിലെ ബെല്ലാരി സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടു രോഗികള്‍ മരിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്ന രണ്ടു രോഗികളാണ് മരിച്ചത്. ജനറേറ്റര്‍ ഉണ്ടായിരുന്നിട്ടും നാലു മണിക്കൂറോളം വൈദ്യുതി മുടങ്ങി.
◾തമിഴ്നാട്ടിലെ അഴിമതി വിരുദ്ധ പ്രവര്‍ത്തകനും ബ്ലോഗറുമായ എം. ശങ്കറിനെ കോടതിയലക്ഷ്യ കേസില്‍ ആറുമാസത്തെ തടവിനു ശിക്ഷിച്ചു. ജഡ്ജിമാര്‍ പണം വാങ്ങിയാണ് കേസുകളില്‍ വിധി പ്രസ്താവിക്കുന്നതെന്ന് തന്റെ സുവക്കു ശങ്കര്‍ എന്ന ബ്ലോഗിലൂടെ പ്രചരിപ്പിച്ചതിനെതിരേയാണ് കോടതി സ്വമേധയാ കേസെടുത്തത്.
◾റഷ്യ മിസൈല്‍ ആക്രമണത്തിലൂടെ യുക്രൈനിലെ അണക്കെട്ട് തകര്‍ത്തു. കിഴക്കന്‍ യുക്രൈന്‍ നഗരമായ ക്രീവി റിയയിലെ ജലസംഭരണിയാണ് തകര്‍ത്തത്. യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കിയുടെ ജന്മനാടാണ് ക്രീവി റിയ.
◾റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടെന്ന് റിപ്പോര്‍ട്ട്. പുടിന്റെ ലിമോസിന്‍ വാഹനത്തിന്റെ ഇടത് മുന്‍ ചക്രത്തില്‍ വലിയ ശബ്ദത്തോടെ എന്തോ വന്ന് ഇടിച്ചെന്നാണ് യൂറോ വീക്കിലി റിപ്പോര്‍ട്ട് ചെയ്തത്. വാഹനത്തിനു മുന്നില്‍ പുക ഉയര്‍ന്നെങ്കിലും അപകടമുണ്ടായില്ല.
◾ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സ്വിസ് ഇതിഹാസതാരം റോജര്‍ ഫെഡറര്‍. അടുത്തയാഴ്ച ലണ്ടനില്‍ നടക്കുന്ന ലേവര്‍കപ്പാകും ഫെഡററിന്റെ അവസാന മത്സരം. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യമറിയിച്ചത്. ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡറര്‍ 20 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടി ചരിത്രം കുറിച്ചിട്ടുണ്ട്.
◾ഓണ്‍ലൈന്‍ കാപ്പി വില്‍പനയ്ക്ക് ആമസോണുമായി കരാര്‍ ഒപ്പിട്ട് ഇന്ത്യ കോഫി ബോര്‍ഡ്. ഇന്ത്യ കോഫി ബ്രാന്‍ഡിലുള്ള 5 തരം കാപ്പിപ്പൊടികളാണ് ആദ്യഘട്ടത്തില്‍ ലഭിക്കുന്നത്. കൂര്‍ഗ് അറബിക്ക കോഫി, ചിക്കമംഗളൂരു അറബിക്ക കോഫി, അറബിക്ക കോഫി, ബ്ലെന്‍ഡ് അറബിക്ക, ബ്ലെന്‍ഡ് റോബസ്റ്റ് എന്നീ ഇനങ്ങള്‍ ആമസോണില്‍ നിന്ന് ബുക്ക് ചെയ്യാം. ആഭ്യന്തര വിപണിയില്‍ വില്‍പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ വില്‍പന തുടങ്ങുന്നത്.
◾ദിലീപിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘വോയ്സ് ഓഫ് സത്യനാഥന്‍’. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് റാഫിയാണ്. ചിത്രത്തില്‍ നടന്‍ ജോജു ജോര്‍ജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റേതായി പുറത്തുവന്നൊരു സ്റ്റില്ലാണ് ശ്രദ്ധനേടുന്നത്. രാജസ്ഥാനിലാണ് നിലവില്‍ ‘വോയ്സ് ഓഫ് സത്യനാഥന്റെ’ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഇവിടെ നിന്നുമുള്ള ദിലീപിന്റെ ഫോട്ടോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ദിലീപിനൊപ്പം രാജസ്ഥാന്റെ ട്രെഡീഷണല്‍ വസ്ത്രങ്ങണിഞ്ഞ് ഡാന്‍സ് ചടുവടുവയ്ക്കുന്നവരെയും ചിത്രത്തില്‍ കാണാം. സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ സ്‌ക്രീനില്‍ എത്തിക്കുന്നത്.
◾നവാഗതനായ ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ നായകന്‍. സഹോദരനും തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവുമായ മുഹ്‌സിന്‍ പരാരിയുടെ രചനയിലാണ് ചിത്രം. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മ്മാണം.ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാനാണ തീരുമാനം. തല്ലുമാലയുടെ മികച്ച വിജയത്തിനുശേഷം ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണിത്. അതേസമയം തല്ലുമാല, കുടുക്ക് എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനവുമായി യാത്രയിലാണ് ഷൈന്‍ ടോം ചാക്കോ. മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ എന്ന ചിത്രത്തില്‍ ഷൈന്‍ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയോടൊപ്പം ഭീഷ്മപര്‍വ്വത്തില്‍ മികച്ച അഭിനയമാണ് കാഴ്ചവച്ചത്.
◾മാരുതി സുസുക്കിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗ്രാന്‍ഡ് വിറ്റാര എസ്യുവി 2022 സെപ്റ്റംബര്‍ അവസാന വാരം ഷോറൂമുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. വിപണിയില്‍ എത്തുന്നതിന് മുന്നേ തന്നെ മോഡലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിന്റെ തെളിവാണ് മാരുതി ഗ്രാന്‍ഡ് വിറ്റാര അതിന്റെ വില പ്രഖ്യാപനത്തിന് മുമ്പ് തന്നെ 53,000 ബുക്കിംഗുകള്‍ നേടിയത്. 11,000 രൂപ ടോക്കണ്‍ തുകയ്ക്ക് ജൂലൈ 11 ന് ആണ് കമ്പനി വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചത് . രാജ്യത്തെ എല്ലാ മാരുതി സുസുക്കി നെക്‌സ ഡീലര്‍ഷിപ്പുകളിലും ഇത് ലഭ്യമാകും.
◾സ്‌നേഹാന്വേഷണത്തിന്റെ മഴവില്ലെഴുത്തുകളാണ് ഈ സമാഹാരത്തിലെ കവിതകള്‍. പ്രണയം മാത്രമല്ല. പക്ഷിയും വൃക്ഷവും നക്ഷത്രവുമെല്ലാം ഈ സ്‌നേഹ അന്വേഷണത്തില്‍ പെടുന്നു. അത് കീറസ്സാരിയില്‍ ഒളിപ്പിച്ച കുഞ്ഞുപാവയായും കാട്ടുപൂവിന്റെ കാത്തിരിപ്പായും വലിച്ചെറിയപ്പെട്ട പിഞ്ചുകുഞ്ഞായും പടിയിറങ്ങിപ്പോയ മക്കളായും മഞ്ഞുകണംപോല്‍ ശുദ്ധമായ മനസ്സായും ഒക്കെ വെളിച്ചപ്പെടുന്നു. ‘ഒറ്റനക്ഷത്രം’. ഉമ. ഗ്രീന്‍ ബുക്സ്. വില 160 രൂപ.
◾ഉദരസംബന്ധമായ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണ് നമ്മളില്‍ പലരും. ശരിയായ സമയത്ത് ഭക്ഷണം കഴിക്കാത്തതും ദഹന പ്രശ്നങ്ങളും അസിഡിറ്റി പോലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. തുടക്കത്തില്‍ തന്നെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞാല്‍ ഏറെ നല്ലതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മരുന്നുകള്‍ കഴിക്കുന്നതിന് പകരം വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ഒരെളുപ്പവഴിയുണ്ട്. ഉദരസംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ജീരകം വറുത്ത വെള്ളം. ജീരകത്തില്‍ നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ധാരാളം ആന്റിഓക്സിഡന്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും തടി കുറയാനും ജീരകം വറുത്ത വെള്ളം കുടിക്കുന്നതിലൂടെ സാധിക്കുന്നു. ജീരകം ചെറുതീയില്‍ വറുത്ത്, അതിലേക്ക് അല്‍പം പഞ്ചസാര ചേര്‍ക്കുക. പഞ്ചസാര ഉരുകി വരുമ്പോള്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഇളക്കുക. ഇത് നന്നായി തിളപ്പിക്കണം, പഞ്ചസാര വെള്ളത്തിലലിഞ്ഞ് ബ്രൗണ്‍ നിറമാകും. ഇത് ചെറുചൂടോടെ കുടിക്കാം. ഉദരസംബന്ധമായ ഒട്ടുമിക്ക രോഗങ്ങളും പരിഹരിക്കാന്‍ ഇത് സഹായിക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ വൃദ്ധന്‍ മരണാസന്നനായി കിടക്കുകയാണ്. അപ്പോള്‍ ഒരാള്‍ അയാളോട് ചോദിച്ചു: എന്തുകൊണ്ടാണ് കല്യാണം കഴിക്കാതിരുന്നത്? വൃദ്ധന്‍ പറഞ്ഞു: ഞാന്‍ കല്യാണത്തിന് എതിരല്ല. എല്ലാം തികഞ്ഞ ഒരു സ്ത്രീയെ അന്വേഷിക്കുകയായിരുന്നു. അതിങ്ങനെയായി. എല്ലാം തികഞ്ഞ ഒരു സ്ത്രീയെപ്പോലും കണ്ടുകിട്ടിയില്ലേ? അയാള്‍ ചോദിച്ചു. കണ്ടു. പക്ഷേ, ഒരു കുഴപ്പമുണ്ടായിരുന്നു. അവള്‍ക്ക് വേണ്ടത് എല്ലാം തികഞ്ഞ പുരുഷനെയായിരുന്നു. തിരിച്ചറിവുകള്‍ക്ക് നേരമോ കാലമോ പദവിയോ ഇല്ല. അത് കൗമാരത്തിലോ യൗവനത്തിലോ വാര്‍ദ്ധക്യത്തിലോ സംഭവിക്കാം. എത്ര നേരത്തെ ഉള്‍ക്കാഴ്ച ലഭിക്കുന്നോ അത്രയും ക്രിയാത്മകവും പ്രയോജനപ്രദവുമായിരിക്കും കര്‍മ്മരംഗം. അനുഭവങ്ങളുണ്ടാകണമെങ്കില്‍ പലവിധ പാതകളിലൂടെ സഞ്ചരിക്കുകയും പലരുമായും സമ്പര്‍ക്കം പുലര്‍ത്തുകയും വേണം. ഒരേ തീരത്തിരുന്നു ഒരേ ദിശയിലേക്ക് നോക്കിയാല്‍ ഒരേ തരം കാഴ്ചകള്‍ മാത്രമേ കാണൂ. വല്ലപ്പോഴുമെങ്കിലും ഇരിപ്പിടം മാറുകയും വേണം. തിരിച്ചറിവുകള്‍ എപ്പോഴെങ്കിലും ലഭിച്ചിട്ടുകാര്യമില്ല. തിരിച്ചു നടക്കാനുള്ള സമയവും കൂടെ ലഭിക്കേണ്ടേ. അതുകൊണ്ട് തിരിച്ചറിയാന്‍ വൈകാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം – ശുഭദിനം.