◾ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കും. ഇതിനുള്ള അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കും. മന്ത്രി എം.ബി. രാജേഷ് വിളിച്ച വിവിധ വകുപ്പു മേധാവികളുടെ യോഗത്തിലാണ് തീരുമാനം. നായ്ക്കളെ കൊല്ലുന്നതിനുള്ള നിയമതടസം നീക്കാനാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. തെരുവു നായ ശല്യം നിയന്ത്രിക്കാന്‍ ഈ മാസം 20 മുതല്‍ ഒക്ടോബര്‍ 20 വരെ വാക്സിനേഷന് ഡ്രൈവ് നടത്തും. ഇതിനു പ്രത്യേക വാഹനങ്ങള്‍ വാടകയ്ക്കെടുക്കും. പരിശീലനം ലഭിച്ചവരുടെ സേവനം പ്രയോജനപ്പെടുത്താനും തീരുമാനിച്ചു. (ഈ ലോകം ആരുടേതാണ്. ഡെയ്ലി ന്യൂസ് ഫ്രാങ്ക്ലി സ്പീക്കിംഗ്. https://youtu.be/_HIISe_ONuI )
◾ആസാദ് കഷ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരെ കേസെടുക്കാന്‍ ഡല്‍ഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടു. സമാന പരാതിയില്‍ കേരളത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കോടതി നിര്‍ദേശിച്ചാല്‍ പുതിയ കേസെടുക്കാമെന്നുമായിരുന്നു തിലക് മാര്‍ഗ് പൊലീസ് കോടതിയെ അറിയിച്ചത്.
◾പണപ്പെരുപ്പം ഏഴു ശതമാനമായി. ഭഷ്യ വസ്തുക്കളുടെ വില വര്‍ധനയാണ് പണപ്പെരുപ്പം ഉയര്‍ത്തിയത്. ജൂലൈയില്‍ രാജ്യത്തെ പണപ്പെരുപ്പം 6.71 ശതമാനമായിരുന്നു.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഎം. ബിജെപിയോടും ആര്‍എസ്എസിനോടും പോരാടാനെന്ന പേരില്‍ നടത്തുന്ന രാഹുലിന്റെ യാത്ര 18 ദിവസം കേരളത്തിലാണ്. ബിജെപി ഭരിക്കുന്ന യുപിയില്‍ വെറും രണ്ടു ദിവസം മാത്രമാണ് രാഹുലിന്റെ യാത്രയെന്നും സിപിഎം കുറ്റപ്പെടുത്തി. ‘മുണ്ടുമോദി’ യുടെ നാട്ടിലെ ബിജെപിയുടെ എ ടീമാണ് സിപിഎമ്മെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് തിരിച്ചടിച്ചു.
◾ബിജെപി രാജ്യത്ത് വെറുപ്പും വിദ്വേഷ്യവും വളര്‍ത്തുകയാണെന്ന് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രക്കിടെ സംസ്ഥാനത്തെ സാംസ്കാരിക പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടു. കര്‍ദിനാള്‍ മാര്‍ ക്ലീമീസ്, പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പെരുമ്പടവം ശ്രീധരന്, സൂര്യ കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ പങ്കെടുത്തു. പട്ടം സെന്റ് മേരീസ് സ്കൂളില്‍ ഉച്ചവിരുന്നോടെയാണ് പൗരപ്രമുഖരുടെ സംഗമം ഒരുക്കിയത്.
◾വിഴിഞ്ഞം സമരത്തിനു രാഹുല്‍ ഗാന്ധിയുടെ പിന്തുണ തേടി സമര സമിതി. വിഴിഞ്ഞം പദ്ധതിക്കാര്യത്തില്‍ കെപിസിസിയോട് രാഹുല്‍ നിലപാട് തേടി. രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് സമര സമിതി പ്രവര്‍ത്തകര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിഴിഞ്ഞം പദ്ധതിയെ തുടര്‍ന്നുള്ള തീരശോഷണവും വീടുകള്‍ കടലെടുത്തു പോയതും ഉപജീവനത്തിലെ പ്രതിസന്ധിയും അദ്ദേഹത്തെ ബോധ്യപ്പെടുത്തി.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾സിപിഐ ഭാരവാഹികള്‍ക്ക് പ്രായപരിധി നിബന്ധന ഏര്‍പ്പെടുത്തുന്നതില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിനെ പിന്തുണച്ച് അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. സംസ്ഥാന തലത്തില്‍ പ്രായപരിധി 75 വയസും ജില്ലാ സെക്രട്ടറിക്ക് 65 വയസും മണ്ഡലം സെക്രട്ടറിക്ക് 60 വയസുമാക്കാനാണു നിര്‍ദേശം. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഈ നിര്‍ദേശത്തെ കെ ഇ ഇസ്മയില്‍ പക്ഷ നേതാക്കള്‍ എതിര്‍ത്തു.
◾കൊല്ലം കോടതിയില്‍ അഭിഭാഷകരും പോലീസും തമ്മില്‍ കൈയാങ്കളി. മര്‍ദ്ദനമേറ്റ പള്ളിത്തോട്ടം സ്റ്റേഷനിലെ എഎസ്ഐ മനോരഥന്‍ പിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പിന്റെ ചില്ല് തകര്‍ത്തു. കരുനാഗപ്പള്ളിയില്‍ ജയകുമാര്‍ എന്ന അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുന്നതുവരെ കോടതി ബഹിഷ്കരിക്കുമെന്ന് കൊല്ലം ബാര്‍ അസോസിയേഷന്.
◾സംസ്ഥാന സര്‍ക്കാരുമായി ഒരു പ്രശ്നവുമില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന പ്രചാരണം ശരിയല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കൊപ്പം ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ രണ്ടു മാസം മുമ്പു വന്ന ക്ഷണം സന്തോഷപൂര്‍വം സ്വീകരിച്ചു. ആദിവാസി സമൂഹത്തോടു ഇഷ്ടമുള്ളതിനാലാണ് അങ്ങനെ ചെയ്തതെന്നും ഗവര്‍ണര്‍.
◾അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മധുവിന്റെ അമ്മയെ ആശ്വസിപ്പിച്ചു. മധുവിന്റെ കുടുംബത്തിന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു.
◾കണ്ണൂര്‍ മെഡിക്കല്‍ കോളജിന്റെ വികസനത്തിന് 20 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആശുപത്രി ഉപകരണങ്ങളും ശസ്ത്രക്രിയ ഉപകരണങ്ങളും വാങ്ങാനായി 9.90 കോടി രൂപയും ലാബ് അനുബന്ധ ഉപകരണങ്ങള്‍ക്കായി ആറു കോടി രൂപയും അനുവദിച്ചു.
◾ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് തിരുവനന്തപുരത്ത് വര്‍ണാഭമായ ഘോഷയാത്ര. സാംസ്കാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങള്‍ അണിനിരന്ന ഘോഷയാത്ര കാണാന്‍ ആയിരങ്ങളാണ് എത്തിയത്. മാനവീയം വീഥിയില്‍ മുഖ്യമന്ത്രി ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ട വരെയുള്ള റോഡിനിരുവശവും ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു.
◾കന്യാകുമാരിയില്‍നിന്നും കാഷ്മീര്‍ വരെ ജോഡോ യാത്ര പോകേണ്ട രാഹുലിന് ഏതോ പിള്ളേര് എളുപ്പവഴി കാണിച്ച് കൊടുത്തതാണെന്നാണ് സിപിഎം നേതാവ് എം.എം മണിയുടെ പരിഹാസം. ജോഡോ യാത്ര കടന്നു പോകുന്ന മാപ്പ് പങ്കുവച്ച എം.എം മണി ബിജെപിയെ പേടിച്ചിട്ടല്ല കേട്ടോയെന്നും ഫേസ്ബുക്കില്‍ കുറിച്ചു.
◾തീരദേശ പരിപാലന ചട്ടം ലംഘിച്ചു പണിത ആലപ്പുഴ നെടിയന്‍ത്തുരുത്തിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കാനുള്ള പ്രാഥമിക നടപടികളുമായി ജില്ല ഭരണകൂടം. ജില്ല കളക്ടര്‍ വി.ആര് കൃഷ്ണതേജ റിസോര്‍ട്ട് അധികൃതര്‍ കൈയ്യേറിയ ഭൂമി തിരിച്ചുപിടിച്ചു. സുപ്രീം കോടതി ഉത്തരവ് പ്രകാരം റിസോര്‍ട്ട് പൊളിച്ച് നീക്കാനുള്ള രൂപരേഖ തയ്യാറാക്കാന്‍ പാണാവള്ളി പഞ്ചായത്തിനു നിര്‍ദേശം നല്കി.
◾പാലക്കാട് ജില്ലയിലെ പിരായിരി പഞ്ചായത്തിന്റെ ജീപ്പ് നിയന്ത്രണം വിട്ട് കുളത്തില്‍ വീണു. ജീപ്പിലുണ്ടായിരുന്ന പതിനൊന്നാം വാര്‍ഡ് മെമ്പര്‍ സൗജയ്ക്ക് പരിക്കേറ്റു. പേഴുംകര ചിറക്കുളത്തിലേക്കാണ് ജീപ്പ് മറിഞ്ഞത്.
◾ഇടുക്കി സേനാപതിക്കു സമീപം മാങ്ങാത്തൊട്ടിയില്‍ നിയന്ത്രണം വിട്ട ബൊലേറോ ജീപ്പ് കിണറ്റില്‍ വീണു. വാഹനം ഓടിച്ചിരുന്ന ചെരുവില്‍ പ്രിന്‍സ് അത്ഭുകരമായി രക്ഷപ്പെട്ടു. അലക്കുന്നേല്‍ ഗോപിയുടെ വീട്ടുവളപ്പിലെ പത്തടി ആഴമുള്ള കിണറ്റിലാണ് രാത്രി വാഹനം വീണത്.
◾ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ ഒന്നാം പ്രതി പിടിയിയില്‍. കണ്ണൂര്‍ ശങ്കരനല്ലൂര്‍ സ്വദേശി ഹാരിസാണ് ആലുവ പൊലീസിന്റെ പിടിയിലായത്. ജൂണ്‍ അഞ്ചിനാണ് ആലുവ സ്വദേശി സഞ്ജയുടെ വീട്ടില്‍നിന്ന് പ്രതികള്‍ 50 പവന് സ്വര്‍ണവും 1,80,000 രൂപയും കവര്‍ന്നത്.
◾മലയാളി പൈലറ്റ് ഡല്‍ഹിയിലെ ഹോട്ടല്‍മുറിയില്‍ ആത്മഹത്യ ചെയ്തത് മേലദ്യോഗസ്ഥരുടെ പീഡനംമൂലമെന്ന് ബന്ധുക്കള്‍. അലയന്‍സ് എയറില്‍ പൈലറ്റായ തലശ്ശേരി കരിയാട് സ്വദേശി മുഹമ്മദ് ഷാഫി (32) ആണു മരിച്ചത്. പൊലീസിലും ഡിജിസിഎക്കും പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.
◾ഖത്തറില്‍ സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി നാലു വയസുകാരി മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശി അഭിലാഷിന്റെ മകള്‍ മിന്‍സയാണ് അടച്ചിട്ട സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിച്ചത്. സംഭവത്തില്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയവും പോലീസും അന്വേഷണം നടത്തുന്നുണ്ട്.
◾നെടുമ്പാശേരിയില്‍ 42 ലക്ഷം രൂപയുടെ 919 ഗ്രാം തങ്കവുമായി മണ്ണാര്‍ക്കാട് സ്വദേശിയായ യാത്രക്കാരനെ പിടികൂടി. കണ്ണൂര്‍ വിമാനത്താവളത്തില്‍ 21 ലക്ഷം വില വരുന്ന അര കിലോ സ്വര്‍ണവുമായി ബെംഗളൂരുവിലേക്ക് പോകാനെത്തിയ കണ്ണൂര്‍ സ്വദേശി ജസീലിനെ സിആര്‍പിഎഫ് പിടികൂടി.
◾മണാലിയില്‍നിന്നു വാങ്ങിയ 20 ഗ്രാം ചരസുമായി ഒരു യുവതിയടക്കം മൂന്നു പേര് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ പിടിയിലായി. നാട്ടിക ബീച്ച് സ്വദേശി ആഷിക് (24), പൂത്തോള്‍ സ്വദേശി ബാബുവിന്റെ മകള്‍ അശ്വതി (24) തൃശൂര്‍ കാര സ്വദേശി അജയ് (21) എന്നിവരാണു പിടിയിലായത്.
◾തിരുവനന്തപുരം കട്ടായിക്കോണത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജിക്കു നേരെ ആക്രമണം. വാഹനം സൈഡ് കൊടുക്കാത്തില്ലെന്ന തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഷാജിയെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
◾മുത്തങ്ങ ചെക്ക്പോസ്റ്റില്‍ കഞ്ചാവും കര്‍ണാടക മദ്യവുമായി ബസ് യാത്രക്കാരെ അറസ്റ്റ് ചെയ്തു. അരക്കിലോഗ്രാം കഞ്ചാവുമായി ഒറീസ സ്വദേശിയായ ജയന്ത് മൊഹന്ദിയും (28) നാലു ലിറ്റര്‍ കര്‍ണാടക വിദേശമദ്യവുമായി മുത്തങ്ങ സ്വദേശി സി. ബാലനുമാണ് (56) പിടിയിലായത്.
◾പൗരത്വനിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ചത്തേക്കു മാറ്റിവച്ചു. മുതിര്‍ന്ന അഭിഭാഷകരുടെ അപേക്ഷ പ്രകാരമാണു 220 ഹര്‍ജികള്‍ മാറ്റിയത്.
◾ജ്ഞാന്‍വാപി മസ്ജിദില്‍ അരാധനാവകാശം തേടിയുള്ള ഹര്‍ജികള്‍ നിലനില്‍ക്കുന്നതാണെന്നും ഹര്‍ജിയില്‍ വാദം കേള്‍ക്കാവുന്നതാണെന്നും വാരാണസി ജില്ലാ കോടതി വിധിച്ചു. അഞ്ചു ഹിന്ദു സ്ത്രീകള്‍ നല്കിയ ഹര്‍ജിയെ എതിര്‍ത്ത് മസ്ജിദ് കമ്മിറ്റി നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. നിത്യാരാധന വേണമെന്ന ആവശ്യത്തില്‍ തുടര്‍വാദം നടക്കുമെന്നും കോടതി വ്യക്തമാക്കി.
◾കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയതിനെതിരായ ഹര്‍ജികളില്‍ ഈയാഴ്ച വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. നാളെയോടെ ഹര്‍ജിക്കാരുടെ വാദം തീര്‍ക്കണമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത നിര്‍ദ്ദേശിച്ചു. സിഖ് വിഭാഗം അണിയുന്ന തലപ്പാവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാവില്ലെന്ന് കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അദ്ധ്യക്ഷനായ ബഞ്ച് പരാമര്‍ശിച്ചിരുന്നു.
◾ലോകത്തെ മികച്ച കമ്പനികളുടെ തലപ്പത്ത് ഇന്ത്യക്കാരാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. ഏറ്റവും മികവു പുലര്‍ത്തുന്ന 500 കമ്പനികളുടെ സിഇഒമാരുടെ പട്ടികയില്‍ ഏറ്റവും മികച്ച 58 കമ്പനികളുടെ സിഇഒ പദവിയില്‍ ഇന്ത്യന്‍ വംശജരാണ്. ഇന്ത്യന്‍ മാനവവിഭവ ശേഷിയുടെ മികവാണു കാരണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കാഞ്ചീപുരത്തു ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
◾200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസില്‍ ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് നാളെ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഡല്‍ഹി പൊലീസിന്റെ നോട്ടീസ്. അറസ്റ്റിലായ ബംഗളൂരു സ്വദേശി സുകേഷ് ചന്ദ്രശേഖരനുമായി നടിക്കു ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മൂന്നാം തവണയാണ് ജാക്വിലിന് ഫെര്‍ണാണ്ടസിനെ പൊലീസ് ചോദ്യം ചെയ്യുന്നത്.
◾ഗുജറാത്ത് പോലീസ് തടഞ്ഞെങ്കിലും ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍ ഇന്നലെ അത്താഴം കഴിച്ചത് ഓട്ടോ ഡ്രൈവറുടെ വീട്ടില്‍നിന്ന്. അഹമ്മദാബാദിലെ ഓട്ടോഡ്രൈവര്‍മാരുടെ യോഗത്തിനിടയിലാണ് ഡ്രൈവറായ വിക്രം ലട്ലാനി കേജരിവാളിനെ അത്താഴത്തിനു വീട്ടിലേക്കു ക്ഷണിച്ചത്. രാത്രി ഓട്ടോ ഡ്രൈവറുടെ വീട്ടിലേക്കു പോയ കേജരിവാളിനെ ഗുജറാത്ത് പോലീസ് സുരക്ഷയുടെ പേരില്‍ തടഞ്ഞു. ഏറെനേരത്തെ തര്‍ക്കത്തിനൊടുവിലാണ് പോകാന്‍ അനുവദിച്ചത്.
◾അയോധ്യയില്‍ രാമക്ഷേത്രം നിര്‍മാണത്തിന് 1,800 കോടി രൂപ ചെലവാകുമെന്ന് ക്ഷേത്രനിര്‍മാണ ചുമതലയുള്ള ട്രസ്റ്റ്. അനുബന്ധ നിര്‍മിതികള്‍ക്കു വേറെ തുക കണ്ടെത്തേണ്ടിവരും. അടുത്ത വര്‍ഷം ഡിസംബറോടെ പണി പൂര്‍ത്തിയാക്കുമെന്നാണു പ്രതീക്ഷ. 2024 ജനുവരിയില്‍ പ്രതിഷ്ഠ നടത്താനാകും. ഇന്നലെ ചേര്‍ന്ന ട്രസ്റ്റ യോഗമാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
◾ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഹോസ്റ്റല്‍ വാര്ഡന് അറസ്റ്റില്‍. കുട്ടികള്‍ ശുചിമുറി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പോക്സോ വകുപ്പുകളിലടക്കം കേസെടുത്ത് വാര്ഡന് മുരം കൃഷ്ണനെ റിമാന്‍ഡ് ചെയ്തു.
◾ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മൂന്നാം ഇന്ത്യയില്‍ പതിമ്മൂന്നേകാല് ലക്ഷം വീഡിയോകള്‍ യുട്യൂബ് നീക്കം ചെയ്തു. 13,24,634 വിഡിയോകളാ നീക്കിയത്. യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്ലൈന്‍സ് എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരം. യുഎസില്‍ നിന്ന് നീക്കം ചെയ്തത് 4,45,148 വിഡിയോകളാണ്. 4,27,748 വീഡിയോകളാണ് ഇന്തൊനേഷ്യയില്‍നിന്ന് നീക്കിയത്.
◾ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ രോഹിത് ശര്‍മ നയിക്കും. കെ.എല്‍.രാഹുലാണ് ഉപനായകന്‍. മലയാളി താരം സഞ്ജു സാംസണ് ടീമിലില്ല. പരിക്കില്‍ നിന്ന് മോചിതനായ ജസ്പ്രീത് ബുംറ ടീമില്‍ തിരിച്ചെത്തി. പരിക്കിന്റെ പിടിയിലായ രവീന്ദ്ര ജഡേജയും ടീമിലില്ല. ഇതോടൊപ്പം ലോകകപ്പിനു മുന്നോടിയായി കളിക്കുന്ന ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ പരമ്പരയ്ക്കുള്ള ടീമുകളെയും പ്രഖ്യാപിച്ചു. ഈ ടീമുകളിലും സഞ്ജുവിന് ഇടം ലഭിച്ചില്ല. ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെയാണ് ലോകകപ്പ്. ഇത്തവണ ഓസ്ട്രേലിയയാണ് ട്വന്റി 20 ലോകകപ്പിന് വേദിയാകുന്നത്.
◾ഗോള്‍ഡ് ഇ.ടി.എഫില്‍ നിന്ന് ഇക്കഴിഞ്ഞ ജൂലായില്‍ 457 കോടി രൂപയുടെ നിക്ഷേപം കൊഴിഞ്ഞുവെന്ന് സേവനം ലഭ്യമാക്കുന്ന മ്യൂച്വല്‍ഫണ്ടുകളുടെ കൂട്ടായ്മയായ അസോസിയേഷന് ഒഫ് മ്യൂച്വല്‍ഫണ്ട്സ് ഇന്‍ ഇന്ത്യ (ആംഫി) വ്യക്തമാക്കി. കഴിഞ്ഞ അഞ്ചുമാസത്തിനിടെ നിക്ഷേപം ഇടിഞ്ഞത് ആദ്യമാണ്. 2022ല്‍ ഇത് മൂന്നാംതവണയാണ് നിക്ഷേപം ഇടിയുന്നത്. നിക്ഷേപകര്‍ ഗോള്‍ഡ് ഇ.ടി.എഫില്‍ നിന്ന് പണം പിന്‍വലിച്ച് ഓഹരികളിലേക്കും സ്ഥിരനിക്ഷേപങ്ങളിലേക്കും ഒഴുക്കുകയാണ്. ഓഹരിവിപണി ഇടിയുമ്പോള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ ആശ്രയിക്കാറുണ്ട്. അതുപോലെ ഓഹരികള്‍ മുന്നേറുമ്പോള്‍ സ്വര്‍ണനിക്ഷേപം ഇടിയുകയും ചെയ്യും. ജൂലായില്‍ ഇന്ത്യന്‍ ഓഹരി സൂചിക 9 ശതമാനത്തോളം മുന്നേറിയിരുന്നു. സ്വാഭാവികമായി ഗോള്‍ഡ് ഇ.ടി.എഫ് നിക്ഷേപം ഇടിയുകയും ചെയ്തു.
◾നഷ്ടത്തിലായിരുന്ന 19 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടി ലാഭപാതയിലേറിയെന്ന് 2020-21ലെ പബ്ളിക് സെക്ടര്‍ എന്റര്‍പ്രൈസസ് സര്‍വേ റിപ്പോര്‍ട്ട്. റിഫൈനറി, വളം, ധനകാര്യം, വ്യവസായം, കണ്‍സ്യൂമര്‍ ഗുഡ്സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള കമ്പനികളാണ് ലാഭട്രാക്കില്‍ തിരിച്ചെത്തിയത്. കൂടുതല്‍ സ്ഥാപനങ്ങള്‍ ലാഭത്തിലേറിയെങ്കിലും വരുമാനത്തിലെ ഇടിവ് നികത്താനായിട്ടില്ല. 255 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളാണ് സജീവമായുള്ളത്. ഇവ സംയുക്തമായി 2020-21ല്‍ നേടിയ വരുമാനം 24.26 ലക്ഷം കോടി രൂപ. 2019-20ലെ 24.58 ലക്ഷം കോടി രൂപയേക്കാള്‍ 1.30 ശതമാനം കുറവാണിത്. 255 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ 177 എണ്ണമാണ് 2020-21ല്‍ ലാഭം രേഖപ്പെടുത്തിയത്. 77 എണ്ണം നഷ്ടത്തിലായി. ഫുഡ് കോര്പ്പറേഷന് ഒഫ് ഇന്ത്യയ്ക്ക് ലാഭമോ നഷ്ടമോയില്ല. 1.9 ലക്ഷം കോടി രൂപയാണ് സംയുക്തലാഭം. 2019-20ലെ 1.4 ലക്ഷം കോടി രൂപയേക്കാള്‍ 37.53 ശതമാനം അധികം.
◾ബോളിവുഡ് പ്രേക്ഷകരുടെ മനംകവരാന്‍ ദുല്‍ഖര്‍ വീണ്ടും എത്തുകയാണ്. ആര് ബല്‍കിയുടെ സംവിധാനത്തിലുള്ള ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ വീണ്ടും ബോളിവുഡിലെത്തുന്നത്. രചനയും ബല്‍കിയുടേതാണ്. ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റി’ലെ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. ‘ഗയ ഗയ ഗയ’ എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ദുല്‍ഖറിന്റെ പ്രണയ രംഗങ്ങളും ചിത്രത്തിലെ നിര്‍ണായക സന്ദര്‍ഭങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുന്നു. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’.
◾ദുല്‍ഖര്‍ സല്മാന് നായകനായ ഹേയ് സിനാമികക്കുശേഷം ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ചിത്രത്തിലെ അഭിനേതാക്കളെ അവതരിപ്പിക്കുന്ന ചടങ്ങ് ചെന്നൈ സത്യം തിയറ്ററില്‍ നടന്നു. കുമരി മാവട്ടം തഗ്സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മുഴുനീള ആക്ഷന്‍ ചിത്രത്തില്‍ നായകനാവുന്നത് ഹൃദു ഹറൂണ്‍ ആണ്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ഏറെ ഹിറ്റ് ആയ ക്രാഷ് കോഴ്സ് സീരിസിലെ മുഖ്യ വേഷത്തിലെത്തിയ ഹൃദു സന്തോഷ് ശിവന് സംവിധാനം ചെയ്ത മുംബൈക്കറിലെ കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുണ്ട്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സിംഹാ, ആര് കെ സുരേഷ്, മുനിഷ് കാന്ത്, അനശ്വരാ രാജന് തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്.
◾ഇന്ത്യയില്‍ ഫാസിനോ 125 സ്കൂട്ടര്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേക കിഴിവ് അവതരിപ്പിച്ചുകൊണ്ട് ഇന്ത്യ യമഹ മോട്ടോര്‍ ഉത്സവകാല ഓഫറുകള്‍ ആരംഭിച്ചു. ഫാസിനോ 125 ഡ്രം ബ്രേക്ക് വേരിയന്റിന്റെ (വെള്ളി നിറം ഒഴികെ) ഉപഭോക്താക്കള്‍ക്ക് 1,500 രൂപ ക്യാഷ്ബാക്ക് ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഓഫര്‍ 2022 സെപ്റ്റംബര്‍ 30 വരെ സാധുതയുള്ളതാണ്. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഒറീസ, ഗുജറാത്ത് (ബറോഡ, സൂറത്ത്, അഹമ്മദാബാദ്) തുടങ്ങിയ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ആണ് ഈ ഓഫര്‍ ലഭ്യമാകുക. ഫാസിനോ 125 ഹൈബ്രിഡിന്റെ ഏറ്റവും താങ്ങാനാവുന്ന ഡ്രം ബ്രേക്ക് വേരിയന്റിന് 76,100 രൂപയാണ് വില. ഇത് അഞ്ച് വ്യത്യസ്ത വേരിയന്റുകളില്‍ ലഭ്യമാണ്, ടോപ്പ്-എന്‍ഡ് സ്പെഷ്യല്‍ എഡിഷന് ട്രിം (ഫ്രണ്ട് ഡിസ്കിനൊപ്പം) 87,303 രൂപയ്ക്ക് സ്വന്തമാക്കാം.
◾നിസ്സാരമെന്ന് മറ്റുള്ളവര്‍ക്ക് തോന്നാവുന്ന എത്രയോ അനുഭവങ്ങളുടെ അത്യപൂര്‍വ്വ സഞ്ചയമാണിത്. പാലാ എന്ന പ്രദേശത്തെ ഇതിലും നന്നായി ആവാഹിക്കാന്‍ ആര്‍ക്കും ഇതിന് മുമ്പ് കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. 2021 കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി.’അ ഫോര്‍ അന്നാമ്മ’. രണ്ടാം പതിപ്പ്. ആന്‍ പാലി. സൈകതം ബുക്സ്. വില 180 രൂപ.
◾മോരാണ് തൈരിനേക്കാള്‍ ഫലപ്രദമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തൈര് ശരീരത്തെ കൂടുതല്‍ ചൂടാക്കുമെങ്കില്‍ മോര് ശരീരത്തെ തണുപ്പിക്കുകയാണ് ചെയ്യുന്നത്. ഇതാണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം. തൈരില്‍ ഉള്ള ബാക്ടീരിയ ചൂടുമായി സമ്പര്‍ക്കത്തിലാകുമ്പോള്‍ പുളിക്കും. അതുകൊണ്ട് നമ്മള് തൈര് കഴിക്കുമ്പോള്‍ അത് ആമാശയത്തിലെ ചൂടിലേക്കെത്തുമ്പോള്‍ പുളിക്കുകയാണ് ചെയ്യുന്നത്. ഇതാണ് ശരീരം തണുക്കുന്നതിന് പകരം ചൂടാകും എന്ന് പറയുന്നതിന്റെ കാരണം. എന്നാല്‍ മോരിന്റെ കാര്യത്തില്‍ ഇത് സംഭവിക്കുകയില്ല. കാരണം വെള്ളം ചേര്‍ക്കുമ്പോള്‍ തന്നെ ഫെര്മെന്റേഷന് പ്രക്രിയ അവിടെ അവസാനിക്കും. അമിതവണ്ണം, കഫകെട്ട്, രക്തസ്രാവം, ആര്‍ത്രൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കില്‍ തൈര് ഒഴിവാക്കണം. രാത്രിയില്‍ തൈര് കുടിക്കുന്നതും നല്ലതല്ല. കാരണം തൊണ്ടവേദന സൈനസൈറ്റിസ് പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇത് വഴിവയ്ക്കും. ചര്‍മ്മപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും തലവേദന, ഉറക്കപ്രശ്നങ്ങള്‍, ദഹനത്തിന് ബുദ്ധിമുട്ട് എന്നിവയുള്ളവര്‍ക്കും തൈര് നല്ലതല്ല.