◾ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തുറന്ന യുദ്ധത്തിനിടെ നിയമസഭാ സമ്മേളനം ഇന്നു തുടങ്ങും. ഗവര്‍ണര്‍ ഒപ്പിടാതെ റദ്ദായ 11 ഓര്‍ഡിനന്‍സുകള്‍ പാസാക്കാനാണ് പ്രത്യേക നിയമസഭാ സമ്മേളനം. ഇന്ന് സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികാഘോഷം മാത്രമാണ് സഭ പരിഗണിക്കുക. ലോകായുക്ത നിയമ ഭേദഗതിയില്‍ സിപിഐ നിലപാടു മയപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി എകെജി സെന്ററില്‍ അര മണിക്കൂറോളം ചര്‍ച്ച നടത്തി. നിയമമന്ത്രി പി. രാജീവും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും കൂടെയുണ്ടായിരുന്നു. സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമവും പരിഗണനയിലുണ്ട്.
◾കണ്ണൂര്‍ വിസി ക്രിമിനലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍. കറുത്ത ഷര്‍ട്ടു ധരിച്ചാല്‍ അറസ്റ്റു ചെയ്യുന്ന പോലീസുള്ള കേരളത്തില്‍ തന്നെ ആക്രമിച്ചവരെയും ഒത്താശ ചെയ്തവരേയും സംരക്ഷിച്ചെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൈയേറ്റം വൈസ് ചാന്‍സലര്‍ പോലീസില്‍ അറിയിച്ചു നടപടിയെടുപ്പിച്ചില്ല. അതിനാല്‍ വിസിക്കു ഗൂഡാലോചനയില്‍ പങ്കുണ്ടെന്നു സംശയിക്കണം. കൈയേറ്റം അക്കാദമിക് പ്രവര്‍ത്തനമോ ഗുണ്ടായിസമോ എന്നും ഗവര്‍ണര്‍ ചോദിച്ചു.
◾കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറെ ക്രിമിനലെന്ന് വിശേഷിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന ഭരണഘടനാ പദവിക്കു ചേര്‍ന്നതല്ലെന്നു കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്. ഗവര്‍ണര്‍ വിവാദങ്ങളുണ്ടാക്കുകയാണ്. സര്‍വകലാശാലാ നിയമങ്ങള്‍ പൂര്‍ണമായി ഗവര്‍ണര്‍ മനസിലാക്കിയിട്ടില്ലെന്നും സിന്‍ഡിക്കേറ്റ് കുറ്റപ്പെടുത്തി.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ അറസ്റ്റു ചെയ്യണമെന്ന് പോലീസില്‍ പരാതി. 2019 ഡിസംബര്‍ 28 ന് സര്‍വകലാശാലയില്‍ നടന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിലുണ്ടായ ആക്രമണത്തില്‍ വിസിക്കു പങ്കുണ്ടെന്ന് ഗവര്‍ണര്‍ ആരോപിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരാതി. ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.വി. മനോജ്കുമാറാണ് പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയത്.
◾നിര്‍മാണം പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖത്തെ കടലിലും കരയിലും വളഞ്ഞുള്ള ഉപരോധസമരവുമായി മല്‍സ്യത്തൊഴിലാളികളും തീരവാസികളും. ഇന്നു മുതല്‍ സമരം ശക്തമാക്കുമെന്ന് നേരത്തെ സമരസമിതി പ്രഖ്യാപിച്ചിരുന്നു. മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലെ ധാരണകള്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച് തീര്‍പ്പാക്കണമെന്നാണ് ആവശ്യം. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണു സമരം. കടലാക്രമണം മൂലം വീടുകള്‍ നഷ്ടപ്പെട്ടവരുടെ പ്രതിസന്ധി അതീവ ഗുരുതരമാണെന്നും പരിഹാരം വേണമെന്നും കെസിബിസി. (ജീവന്മരണ പോരാട്ടം- ഫ്രാങ്ക്ലി സ്പീക്കിംഗ്. https://youtu.be/QqrdL_ow7O0 )
◾തിരുവന്തപുരത്തു സമരത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പദ്ധതി ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന്. ഫിഷറീസ് മന്ത്രി അബ്ദുറഹ്‌മാന്റെ അധ്യക്ഷതയില്‍ മന്ത്രിമാരായ കെ രാജന്‍, എം വി ഗോവിന്ദന്‍, ആന്റണി രാജു, ചിഞ്ചുറാണി എന്നിവര്‍ പങ്കെടുക്കും.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾ജഡ്ജിയുടെ ഭര്‍ത്താവും പ്രതി ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ചും വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടും അതിജീവിത വീണ്ടും കോടതിയില്‍. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ആണ് ഹര്‍ജി പരിഗണിക്കുക. കേസില്‍നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത് പിന്മാറിയിരുന്നു.
◾കോഴിക്കോട് ബീച്ചില്‍ സംഗീതപരിപാടിക്കിടെ സംഘര്‍ഷം, 63 പേര്‍ക്കു പരിക്ക്. കോഴിക്കോട് ജെഡിടി കോളേജിലെ വിദ്യാര്‍ത്ഥികള്‍ പാലിയേറ്റീവ് കെയര്‍ പദ്ധതിക്കു ധനസമാഹരണത്തിനായി നടത്തിയ പരിപാടിയിലേക്കു ജനം ഇരച്ചെത്തി. സീറ്റുകളെല്ലാം നിറഞ്ഞിട്ടും ടിക്കറ്റെടുത്ത അനേകംപേര്‍ അകത്തേക്കു തള്ളിക്കയറാന്‍ ശ്രമിച്ചു. ഇതോടെയാണു സംഘര്‍ഷമുണ്ടായത്. തിരക്കു നിയന്ത്രിക്കാനാകാതെ ക്ളേശിച്ച പോലീസിനുനേരെ ജനം കല്ലും മണലുമെറിഞ്ഞു. ഇതോടെ കൂടുതല്‍ പോലീസെത്തി ലാത്തിച്ചാര്‍ജു നടത്തി.
◾ഇന്നു മുതല്‍ മൂന്നു ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. നാളെ എറണാകുളം ഇടുക്കി ജില്ലകളിലും 24 ന് കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിലും 25 ന് ഇടുക്കിയിലും യെല്ലോ അലര്‍ട്ട്.
◾ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി സുപ്രീം കോടതിയിലേക്ക്. 12 വര്‍ഷമായി സ്‌ട്രോക്ക് ബാധിച്ച് ശയ്യാവലംബിയായ തന്റെ പിതാവിനെ കാണുവാനുള്ള അനുവാദവും മഅ്ദനി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
◾സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും. സംസ്ഥാനതല ഉദ്ഘാടനം ഇന്നു നാലിനു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നാളേയും ബുധനാഴ്ചയും മഞ്ഞ കാര്‍ഡുടമകള്‍ക്കും 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡുടമകള്‍ക്കും 29, 30, 31 തിയതികളില്‍ നീല കാര്‍ഡുകാര്‍ക്കും സെപ്റ്റംബര്‍ 1, 2, 3 തിയതികളില്‍ വെള്ള കാര്‍ഡുടമകള്‍ക്കുമാണ് കിറ്റുകള്‍ വിതരണം ചെയ്യുക. വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെപ്റ്റംബര്‍ 4, 5, 6, 7 തീയതികളില്‍ കിറ്റ് നല്‍കും.
◾തൃശൂരില്‍ നവജാത ശിശുവിനെ കാണാനെത്തിയ ഭര്‍ത്താവിന്റെ വെട്ടേറ്റു യുവതി മരിച്ചു. തൃശൂര്‍ തളിക്കുളം നമ്പിക്കടവ് സ്വദേശിനി ഹഷിതയാണ് മരിച്ചത്. 25 വയസായിരുന്നു. തളിക്കുളം നമ്പികടവില്‍ ഹഷിതയേയും മാതാപിതാക്കളേയും വെട്ടിയ ഭര്‍ത്താവ് കാട്ടൂര്‍ സ്വദേശി മംഗലത്ത് വീട്ടില്‍ മുഹമ്മദ് ആഷിഫ് ഒളിവിലാണ്.
◾ഭര്‍ത്താവ് ആത്മഹത്യ ചെയ്തു, പിറകേ ഭാര്യയും ജീവനൊടുക്കി. നെടുമങ്ങാട് ഉഴമലയ്ക്കല്‍ പരുത്തി കുഴിയിലാണ് പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപര്‍ണ (26) എന്നിവര്‍ മരിച്ചത്. ഇരുവര്‍ക്കും മൂന്നര വയസുള്ള മകളുണ്ട്. രണ്ടാഴ്ചയായി ദമ്പതികള്‍ അസ്വാരസ്യങ്ങള്‍ മൂലം പിരിഞ്ഞു താമസിക്കുകയായിരുന്നു.
◾എറണാകുളം ആലങ്ങാട് രണ്ടു ബൈക്കു യാത്രക്കാരുടെ മര്‍ദനത്തിനിടെ കുഴഞ്ഞുവീണു മരിച്ച വിമല്‍കുമാറിന്റെ മരണകാരണം ഹൃദയസ്തംഭനമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും സംഭവത്തില്‍ കേസെടുക്കുന്നില്ലെന്നും ആലുവ വെസ്റ്റ് പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടു പേരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. മകനെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെയാണ് വിമല്‍ കുമാറിനെ മര്‍ദ്ദിച്ചത്.
◾തൃശൂരിലെ മസാജ് കേന്ദ്രത്തില്‍ എക്സൈസ് പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടി. കഞ്ചാവും എം.ഡി.എം.എ.യുമാണ് കണ്ടെത്തിയത്. ശങ്കരയ്യ റോഡിലെ ഡ്രീംസ് യൂണിസെക്‌സ് ബ്യൂട്ടി സലൂണ്‍ നടത്തിപ്പുകാരായ പട്ടാമ്പി സ്വദേശി മാര്‍ക്കശേരി അഭിലാഷ്, മൈലിപ്പാടം സ്വദേശിനി അന്തിക്കാടന്‍ വീട്ടില്‍ ആസീന (35) എന്നിവരെ കസ്റ്റഡിയിലെടുത്തു. മസാജ് കേന്ദ്രത്തിനു താഴെ പാര്‍ക്കിംഗിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനു പിറകേയാണ് എക്സൈസ് പരിശോധന നടത്തിയത്.
◾മലപ്പുറം ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ നഗ്നനായി കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍. മലപ്പുറം മഞ്ചേരി സ്വദേശിയായ അബ്ദുല്‍ കബീര്‍ എന്ന വാട്ടര്‍ മീറ്റര്‍ കബീറിനെയാണ് (56) അറസ്റ്റു ചെയ്തത്. ഗൂഡല്ലൂര്‍ ബിതര്‍ക്കാടാണ് താമസം.
◾കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് സ്റ്റീയറിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാന യോഗങ്ങളില്‍ തന്നെ ക്ഷണിക്കുന്നില്ലെന്ന് വിമര്‍ശിച്ചാണ് രാജിക്കത്തു സോണിയാഗാന്ധിക്കു നല്‍കിയത്. ഹിമാചലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി ഇറങ്ങുമെന്ന് ആനന്ദ് ശര്‍മ അറിയിച്ചു.
◾അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനം നരേന്ദ്രമോദിക്കു ലുക്കൗട്ട് നോട്ടീസ് നല്‍കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. സിസോദിയ അടക്കമുള്ള പ്രതികള്‍ക്കെതിരെ സിബിഐ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയതിനെ വിമര്‍ശിച്ചാണ് ഇങ്ങനെ പ്രതികരിച്ചത്.
◾കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്കു മുന്നോടിയായി രാഹുല്‍ ഗാന്ധി ഇന്നു ഡല്‍ഹിയിലെ പൗരപ്രമുഖരുമായി സംവദിക്കും. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലാണ് കൂടിക്കാഴ്ച ഒരുക്കിയിരിക്കുന്നത്. വിവിധ ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. അടുത്ത മാസം ഏഴിനാണ് കന്യാകുമാരി മുതല്‍ കാഷ്മീര്‍ വരെ രാഹുലിന്റെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടത്തുന്നത്.
◾കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറുമായി കൂടിക്കാഴ്ച നടത്തി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തെലുങ്കാനയിലെ മുനുഗോഡില്‍ പ്രചാരണത്തിനായി എത്തിയതായിരുന്നു അമിത് ഷാ. തെന്നിന്ത്യയില്‍ പാര്‍ട്ടിയെ ശക്തമാക്കാനുള്ള നീക്കങ്ങള്‍ക്കിടെയാണ് താരത്തിന്റെ സന്ദര്‍ശനം.
◾ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കു ശക്തനായ സ്ഥാനാര്‍ത്ഥിയാണെന്നു ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. 37 വര്‍ഷത്തെ രാഷ്ട്രീയ പരിചയവും നല്ല പ്രതിച്ഛായയുമള്ള നേതാവാണ് നിതീഷ് കുമാറെന്നും തേജസ്വി യാദവ് പറഞ്ഞു.
◾ക്ളിനിക്കില്‍ മകള്‍ ഡോക്ടറെ കയ്യേറ്റം ചെയ്തതിനു മാപ്പുപറഞ്ഞ് മിസോറാം മുഖ്യമന്ത്രി സോറംതംഗ. മുഖ്യമന്ത്രിയുടെ മകള്‍ മിലാരി ചാങ്തേ ഡോക്ടറെ അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ വന്‍പ്രതിഷേധമാണ് മിസോറാമില്‍. ഇതിനു പിറകേയാണ് മുഖ്യമന്ത്രി ഖേദപ്രകടനം നടത്തിയത്. ബുക്കു ചെയ്യാതെ കാണാനാവില്ലെന്നു പറഞ്ഞതിനാണ് കൈയേറ്റം.
◾അഭിഭാഷകന്റെ ശല്യത്തിനെതിരേ വനിതാ ജഡ്ജി പോലീസില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുരിലെ മുഹമ്മദ് ഹാറൂണ്‍ എന്ന അഭിഭാഷകന്‍ തന്നെ പിറകെനടന്ന് ശല്യപ്പെടുത്തുകയും അശ്ലീല കമന്റടിക്കുകയും ചെയ്യുന്നുവെന്നാണ് വനിതാ ജഡ്ജിയുടെ പരാതി.
◾കൊലക്കേസ് പ്രതിക്കു കാമുകിക്കൊപ്പം ഹോട്ടല്‍ മുറിയില്‍ സംഗമിക്കാന്‍ സൗകര്യം നല്‍കിയ രണ്ടു പോലീസുകാര്‍ക്കെതിരേ കേസ്. കര്‍ണാടകയിലെ ധര്‍വാഡ് കോടതിയില്‍ ഹാജരാക്കിയശേഷമാണ് ബച്ചാ ഖാന്‍ എന്ന തടവുകാരനു ഹോട്ടലില്‍ സൗകര്യം നല്‍കിയത്.
◾റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ അടുത്ത സുഹൃത്തിന്റെ മകള്‍ മോസ്‌കോയ്ക്കു സമീപം കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ‘പുടിന്റെ ബ്രെയിന്‍’ എന്നറിയപ്പെടുന്ന അലക്സാണ്ടര്‍ ഡുഗിന്റെ മകള്‍ ഡാരിയ ഡുഗിനാണ് കൊല്ലപ്പെട്ടത്. അലക്സാണ്ടര്‍ ഡുഗിനെ കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ മകള്‍ കുടുങ്ങിയതാണെന്നും റിപ്പോര്‍ട്ടുണ്ട്.
◾പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗം തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നതു പാക്കിസ്ഥാന്‍ നിരോധിച്ചു. ഇമ്രാന്‍ ഖാന്റെ പ്രസംഗം പ്രകോപനപരമാണെന്നു ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ മീഡിയ റെഗുലേറ്റിംഗ് അതോററ്റിയാണ് വിലക്കിയത്.
◾ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് സമനില. ന്യൂകാസില്‍ യുണൈറ്റഡാണ് സിറ്റിയെ സമനിലയില്‍ തളച്ചത്. ഇരു ടീമുകളും മൂന്ന് ഗോളുകളാണ് നേടിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ ചെല്‍സിക്ക് ഞെട്ടിക്കുന്ന തോല്‍വി. ലീഡ്‌സ് യുണൈറ്റഡാണ് മുന്‍ ചാമ്പ്യന്‍മാരെ തകര്‍ത്തത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ലീഡ്‌സിന്റെ വിജയം.
◾ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നുഴഞ്ഞുകയറിയിരിക്കുന്ന 35 മാല്‍വെയര്‍ ആപ്ലിക്കേഷനുകളെ കുറിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇന്റര്‍നെറ്റ് സുരക്ഷാ ഗവേഷകരായ ബിറ്റ്ഡിഫെന്‍ഡര്‍. ബാങ്കിങ് ആപ്പുകളിലും മറ്റും നുഴഞ്ഞുകയറി പണം നഷ്ടപ്പെടുത്തി ഒരു തെളിവും അവശേഷിപ്പിക്കാതെ മുങ്ങാന്‍ ഈ മാല്‍വെയറുകള്‍ക്ക് കഴിയും. അത്തരത്തിലുള്ള ആപ്പുകളാണ് ജിപിഎസ് ലൊക്കേഷന്‍ ഫൈന്‍ഡര്‍, ജിപിഎസ് ലൊക്കേഷന്‍ മാപ്പ്സ്, ഫാസ്റ്റ് ഇമോജി കീബോര്‍ഡ്, ക്രീയേറ്റ് സ്റ്റിക്കര്‍ ഫോര്‍ വാട്സാപ്പ്, ബിഗ് ഇമോജി – കീബോര്‍ഡ്, വാള്‍സ് ലൈറ്റ് – വാള്‍പേപ്പേഴ്സ് പാക്ക്, ഫോട്ടോപിക്സ് ഇഫക്റ്റുകള്‍ – ആര്‍ട്ട് ഫില്‍ട്ടര്‍, ക്യൂആര്‍ ക്രിയേറ്റര്‍, ഗ്രാന്‍ഡ് വാള്‍പേപ്പേഴ്സ് -3ഡി ബാക്ക്ഡ്രോപ്പ്സ്, സ്റ്റോക്ക് വാള്‍പേപ്പര്‍ – 4കെ & എച്ച്ഡി, എന്‍ജിന്‍ വാള്‍പേപ്പര്‍ -ലൈവ് ആന്‍ഡ് 3 ഡി, സ്മാര്‍ട്ട് ക്യൂആര്‍ സ്‌കാനര്‍, ക്യാറ്റ് സിമുലേറ്റര്‍, മീഡിയ വോളിയം സ്ലൈഡര്‍, പിഎച്ച്ഐ 4കെ വാള്‍പേപ്പര്‍ – ആനിമേഷന്‍ എച്ച്ഡി, മൈ ജിപിഎസ് ലൊക്കേഷന്‍, ഇമേജ് വാര്‍പ്പ് ക്യാമറ, ആര്‍ട്ട് ഗേള്‍സ് വാള്‍പേപ്പര്‍ എച്ച്ഡി, സ്മാര്‍ട്ട് ക്യൂആര്‍ ക്രിയേറ്റര്‍,എഫക്റ്റ്മാനിയ – ഫോട്ടോ എഡിറ്റര്‍, ആര്‍ട്ട് ഫില്‍ട്ടര്‍ – ഡീപ് ഫോട്ടോ ഇഫക്റ്റ്, കണക്ക് സോള്‍വര്‍ – ക്യാമറ ഹെല്‍പ്പര്‍, ലെഡ് തീം – കളര്‍ഫുള്‍ കീബോര്‍ഡ്, കീബോര്‍ഡ് – ഫണ്‍ ഇമോജി സ്റ്റിക്കര്‍, സ്മാര്‍ട്ട് വൈഫൈ, കളറൈസ് ഓള്‍ഡ് ഫോട്ടോ, ഗേള്‍സ് ആര്‍ട്ട് വാള്‍പേപ്പര്‍, വോളിയം കണ്‍ട്രോള്‍, സീക്രട്ട് ഹോറോസ്‌കോപ്പ്, സ്മാര്‍ട്ട് ജിപിഎസ് ലൊക്കേഷന്‍, ആനിമേറ്റഡ് സ്റ്റിക്കര്‍ മാസ്റ്റര്‍,പേഴ്സണാലിറ്റി ചാര്‍ജിംഗ് ഷോ,സ്ലീപ്പ് സൗണ്ട്സ്, സീക്രട്ട് ആസ്ട്രോളജി, കളറൈസ് ഫോട്ടോസ് തുടങ്ങിയവ. ഈ ലിസ്റ്റിലുള്ള ആപ്പുകളില്‍ ഏതെങ്കിലും നിങ്ങളുടെ ഹാന്‍ഡ്സെറ്റില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവ ഉടനടി നീക്കം ചെയ്യുക.
◾ചില രാജ്യങ്ങളിലെ സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ ദിവസം ഏകദേശം 5.7 മണിക്കൂര്‍ വരെ ആപ്പുകളില്‍ ചെലവഴിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളെല്ലാം ആപ്പുകളില്‍ ദിവസം 4 മണിക്കൂറോ അതില്‍ കൂടുതലോ ചെലവഴിക്കുന്നവരാണ്. ഇന്തൊനേഷ്യയിലെയും സിംഗപ്പൂരിലെയും ഉപയോക്താക്കള്‍ ഇപ്പോള്‍ മൊബൈലില്‍ ദിവസം 5.7 മണിക്കൂര്‍ സമയം ചെലവഴിക്കുന്നുണ്ട്. ഇന്ത്യയില്‍ സ്മാര്‍ട് ഫോണ്‍ ഉടമകള്‍ 2021 ല്‍ പ്രതിദിനം ശരാശരി 4.7 മണിക്കൂറോളം സമയം ആപ്പുകള്‍ ഉപയോഗിച്ചു. 2020 ല്‍ ഇത് 4.5 മണിക്കൂറും 2019 ല്‍ 3.7 മണിക്കൂറും ആയിരുന്നു. മൊബൈല്‍ ആപ് അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോമായ ആപ് ആനിയുടെ പുതിയ റിപ്പോര്‍ട്ടനുസരിച്ച് ഈ വര്‍ഷം ജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ പ്രതിദിനം ശരാശരി 4 മണിക്കൂറിലധികം ആപ്പുകളില്‍ ചെലവഴിച്ചു എന്നാണ്.
◾ലൂസിഫര്‍ ചിത്രം നേടിയ വന്‍ വിജയത്തിനു പിന്നാലെയായിരുന്നു തെലുങ്ക് റീമേക്കിന്റെ പ്രഖ്യാപനം. ഗോഡ്ഫാദര്‍ എന്നു പേരിട്ടിരിക്കുന്ന ലൂസിഫര്‍ റീമേക്കിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിരഞ്ജീവിയാണ് നായകന്‍. മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി നയന്‍താരയും പൃഥ്വിരാജിന്റെ ഗസ്റ്റ് റോളില്‍ സല്‍മാന്‍ ഖാനുമാണ് എത്തുക. ടോളിവുഡ് ഈ വര്‍ഷം കാത്തിരിക്കുന്ന വലിയ പ്രോജക്റ്റുകളില്‍ ഒന്നാണ് ഇത്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രവുമാണ് ഇത്. ചിരഞ്ജീവിയുടെ പിറന്നാളിന് തലേദിവസമാണ് ടീസര്‍ പുറത്തെത്തിയിരിക്കുന്നത്. സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
◾നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തി വന്‍ ഹിറ്റായി മാറിയ സിനിമയാണ് ‘കുറുപ്പ്’. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ റോളിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തിയത്. ഇപ്പോഴിതാ ആഗോളതലത്തില്‍ ചിത്രം നേടിയിരിക്കുന്നത് 112 കോടിയാണെന്ന വിവരം പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ചിത്രം മെഗാ ബ്ലോക്ക് ബസ്റ്റര്‍ എന്ന ഖ്യാതി കൂടി നേടിയിരിക്കുകയാണ്. 35 കോടി ആയിരുന്നു കുറുപ്പിന്റെ മുതല്‍ മുടക്ക്. തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് ദുല്‍ഖര്‍ സന്തോഷ വിവരം പങ്കുവച്ചത്. ഒപ്പം ‘കുറുപ്പി’ന്റെ സംപ്രേഷണാവകാശം സീ കമ്പിനിയ്ക്ക് നല്‍കിയെന്നും താരം അറിയിച്ചു. വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ന്റ്മെന്റസുമാണ് സംപ്രേഷണാവകാശം സീ കമ്പിനിയ്ക്ക് നല്‍കിക്കൊണ്ടുള്ള കരാറില്‍ ഒപ്പിട്ടത്. ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായികയായി എത്തിയത്.
◾ടിയാഗോ നിരയില്‍ ടാറ്റ മോട്ടോഴ്‌സ് ഒരു പുതിയ എക്സ് ടി റിഥം വേരിയന്റ് അവതരിപ്പിച്ചു . 6.45 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയുള്ള എക്സ് ടി റിഥം വേരിയന്റിന് മിഡ് എക്സ് ടി ടോപ്പ് എക്സ്ഇസെഡ്+ വേരിയന്റുകള്‍ക്ക് ഇടയിലാണ് സ്ഥാനം നല്‍കിയിരിക്കുന്നത്. വാഹനത്തിന് മുന്‍ ട്രിമ്മിനെ അപേക്ഷിച്ച് 30,000 രൂപ കൂടുതലാണ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായി ടിയാഗോ എക്സ്ടി റിഥം വേരിയന്റ് എത്തുന്നത്. മെക്കാനിക്കലായി, ടാറ്റ ടിയാഗോയില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തുടരുന്നു. ഈ പെട്രോള്‍ മോട്ടോര്‍ 85 ബിഎച്ച്പിയും 113 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. അഞ്ച് സ്പീഡ് മാനുവലും എഎംടി യൂണിറ്റുമാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്.
◾ലളിതമായ ആഖ്യാനരീതികളിലൂടെ മനുഷ്യജീവിതത്തിലെ സങ്കീര്‍ണമുഹൂര്‍ത്തങ്ങളെ തീവ്രമായി അനുഭവിപ്പിക്കുന്നവയാണ് യു.എ. ഖാദറിന്റെ കഥകള്‍. ആശുപത്രിജീവിതത്തിന്റെ വേദനകള്‍ പങ്കിടുന്ന കഥാലോകം എഴുത്തുകാരന്റെ ജീവിതം തന്നെയാണ്. ജീവിതം തന്നെ കഥയായി മാറുന്ന രാസപ്രക്രിയയിലൂടെ രൂപംകൊണ്ട കഥാപ്രപഞ്ചത്തില്‍നിന്ന് എഴുത്തുകാരന്‍ തന്നെ തിരഞ്ഞെടുത്ത പ്രിയപ്പെട്ട കഥകളാണ് ഈ സമാഹാരത്തില്‍. ‘എന്റെ പ്രിയപ്പെട്ട കഥകള്‍’. എച്ചആന്‍ഡ്സി ബുക്സ്. വില 95 രൂപ.
◾പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ കാണപ്പെടുന്ന മൂന്ന് ലക്ഷണങ്ങള്‍ ദില്ലിയില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധര്‍ പങ്കുവച്ചിരിക്കുകയാണ്. നെഞ്ചുവേദന, വയറിളക്കം, മൂത്രത്തിന്റെ അളവില്‍ കുറവ് എന്നിവയാണ് ഇത്തരത്തില്‍ ചൂണ്ടിക്കാട്ടപ്പെട്ട മൂന്ന് ലക്ഷണങ്ങള്‍. ഇതില്‍ നെഞ്ചുവേദനയുടെ കാര്യത്തില്‍ ചില ആശങ്കകളും ഡോക്ടര്‍മാര്‍ തന്നെ പങ്കുവയ്ക്കുന്നുണ്ട്. ഹൃദയാഘാതത്തിന്റെ സൂചനയായും കൊവിഡ് രോഗികളില്‍ നെഞ്ചുവേദനയുണ്ടാകാം. അക്യൂട്ട് കൊറോണറി സിന്‍ഡ്രോം, മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ അഥവാ ഹൃദയാഘാതം എന്നിവയെല്ലാം കൊവിഡ് രോഗികളില്‍ കൂടിവരുന്നുണ്ട്. നെഞ്ചുവേദന, മൂത്രത്തിന്റെ അളവില്‍ കുറവ്, വയറിളക്കം എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ആദ്യം കാണുകയും പിന്നീട് കൊവിഡ് പൊസിറ്റീവ് കാണിക്കുകയും ചെയ്യുകയാണ്. ഒമിക്രോണ്‍ എന്ന വകഭേദവും അതിന്റെ ഉപവകഭേദങ്ങളുമാണ് ഇപ്പോള്‍ കൂടുതലും കൊവിഡ് കേസുകള്‍ സൃഷ്ടിക്കുന്നത്. ഇതില്‍ തന്നെ പുതിയൊരു വകഭേദം കൂടി വന്നെത്തിയിട്ടുണ്ട്. ബിഎ 2.75 എന്നാണിതിനെ വിളിക്കുന്നത്. രോഗവ്യാപനം വളരെ വേഗത്തിലാക്കാന്‍ കഴിവുള്ള വകഭേദമാണിത്. എന്നാല്‍ ഇതിനെ ഭയപ്പെടേണ്ട കാര്യമില്ലെന്നും രോഗതീവ്രത കാര്യമായി ഉയര്‍ത്താന്‍ കഴിവുള്ള വകഭേദമല്ലെന്നുമാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
*ശുഭദിനം*
*കവിത കണ്ണന്‍*
തന്റെ ശിഷ്യര്‍ താന്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ എല്ലാം കൃത്യമായി അനുസരിക്കണമെന്ന് ഗുരുവിന് നിര്‍ബന്ധമാണ്. ഒരിക്കല്‍ ഗുരു പറഞ്ഞു: ഇതുവരെ പഠിപ്പിച്ചതെല്ലാം ഹൃദിസ്ഥമാക്കി ചൊല്ലിക്കേള്‍പ്പിക്കുന്നവര്‍ക്ക് മാത്രമേ നാളെ പ്രഭാതഭക്ഷണം ഉണ്ടാകൂ. ശിഷ്യന്‍മാരില്‍ മിടുക്കരെല്ലാം കല്‍പനപാലിച്ച് ഭക്ഷണം കഴിച്ചു. ഒരു ശിഷ്യന്‍ വിശപ്പു സഹിക്കാനാകാതെ ഭക്ഷണം ചോദിച്ചെങ്കിലും ഗുരു നിഷേധിച്ചു. അപ്പോള്‍ ശിഷ്യന്‍ ചോദിച്ചു: ഈ മുറ്റത്ത്കൂടി ഓടുന്ന പട്ടിക്കും പൂച്ചക്കും കോഴിക്കും വരെ അങ്ങ് ഭക്ഷണം കൊടുക്കുന്നുണ്ടല്ലോ.. ആ പരിഗണനയെങ്കിലും എനിക്ക് നല്‍കിക്കൂടെ. ഗുരു അപ്പോള്‍ തന്നെ അവന് ഭക്ഷണം വിളമ്പി. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മുകളില്‍ നക്ഷത്ര ചിഹ്നമിട്ട് നിബന്ധനകള്‍ക്ക് വിധേയം എന്ന ബോര്‍ഡ് സ്ഥാപിക്കരുത്. ആര്‍ക്കാണ് വിശപ്പില്ലാത്തത്. അത് ധനികനും ദരിദ്രനും ഒരുപോലെയാണ്. ആര്‍ക്കാണ് വസ്ത്രം ആവിശ്യമില്ലാത്തത്. അത് നാടോടിക്കും രാജാവിനും വേണം. വായുവും വെള്ളവും എന്ത് മേല്‍ക്കോയ്മയുടെ പേരിലും ഒരാള്‍ക്കും നിഷേധിക്കരുത്. എല്ലാം കണിശതയോടെ ചെയ്യുന്നവരേയും പൂര്‍ണ്ണതയോടെ ചെയ്യുന്നവരേയും തേടിയല്ല ഗുരു നടക്കേണ്ടത്. എത്ര ശ്രമിച്ചിട്ടും ശരിയാകാന്‍ കഴിയാത്തവരേയും ദൗര്‍ബല്യങ്ങളിലൂടെയും ന്യൂനതകളിലൂടെയും മാത്രം യാത്ര ചെയ്യുന്നവരേയും അന്വേഷിച്ചാണ് ഗുരു ഇറങ്ങി നടക്കേണ്ടത്. എല്ലായോഗ്യതകളുമുള്ളവരുടെ ഗുരുവാകാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അംഗീകാരവും അഭിനന്ദനവും ലഭിക്കും. അര്‍ഹതയില്ലാത്തവരെ സംരക്ഷിക്കാനിറങ്ങിയാല്‍ അപമാനമായിരിക്കും ഫലം. കൃത്ജ്ഞത പ്രകടിപ്പിക്കാന്‍ പോലും അറിയാത്തവരുടെ കാവലാളാകുവാന്‍ നമുക്കും ശ്രമിക്കാം – ശുഭദിനം.