school1

സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി. നവവരാത്രിയോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്. പകരം മറ്റേതെങ്കിലും ദിവസം പ്രവൃത്തിദിനമാക്കാവുന്നതാണ്. 4, 5 തീയതികളിലും അവധിയാണ്. ഇതേസമയം, ഗാന്ധി ജയന്തി ദിനമായ ഞായറാഴ്ച വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും സ്‌കൂളിലെത്തണമെന്ന നിര്‍ദേശവുമുണ്ട്. ലഹരിവിരുദ്ധ ബോധവത്കരണത്തിനായി അവധിദിനമായ ഞായറാഴ്ച എത്തണമെന്നാണ് നിര്‍ദേശം.

പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തേക്കു നിരോധിച്ചു. എട്ട് അനുബന്ധ സംഘടനകളേയും നിരോധിച്ചു. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് നിരോധനം. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകള്‍ അടക്കം പിടികൂടുകയും അഞ്ഞൂറോളം നേതാക്കളെ അറസ്റ്റു ചെയ്യുകയും ചെയ്തശേഷമാണ് നിരോധനം. കേരളത്തില്‍ ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് 1,500 പേരാണ് അറസ്റ്റിലായത്. ഇതിനിടെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സത്താറിനെ പോലീസ് എന്‍ഐഎക്കു കൈമാറും.

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്കു ജനപ്രവാഹം. വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി 20 മല്‍സരത്തിന് ആവേശാരവങ്ങളുമായാണ് നേരത്തെത്തന്നെ ക്രിക്കറ്റ് ആരാധകര്‍ എത്തിയത്. കുപ്പിവെള്ളവുമായി ആരേയും അകത്തേക്കു പ്രവേശിപ്പിക്കില്ല. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ജില്ലാ കളക്ടര്‍മാരില്‍ ചിലര്‍ കൃത്യമായി ജോലി ചെയ്യുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഉചിതമായ തുടര്‍നടപടികളില്ല. എഡിഎം ഉള്‍പ്പെടെയുള്ള കീഴുദ്യോഗസ്ഥരെ ഏല്‍പിക്കാന്‍ ചുമതലപ്പെടുത്തുന്ന കാര്യങ്ങള്‍ ചില കളക്ടര്‍മാര്‍ അവരെ അറിയിക്കാറില്ല. പലരേയും ഫോണില്‍ കിട്ടാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍മാരുടെയും വകുപ്പു മേധാവികളുടെയും യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ് പറഞ്ഞു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ആരംഭിച്ച യോഗം നാളെയും തുടരും. ലഹരിവിരുദ്ധ ബോധവത്കരണം, പേവിഷ പ്രതിരോധ കര്‍മ്മപദ്ധതി എന്നിവ ചര്‍ച്ചയാകും.

ഭാരത് ജോഡ് യാത്രയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുഞ്ഞിനെയും തോളിലെടുത്ത് നടന്നു നീങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. രാഹുല്‍ ഗാന്ധിക്കൊപ്പം നടന്‍ രമേശ് പിഷാരടിയും ഉണ്ട്. യാത്രയ്ക്കൊപ്പം സുരക്ഷാവടത്തിനപ്പുറത്ത് കുഞ്ഞിനെ തോളിലേറ്റി നടന്നിരുന്നയാളെ അരികിലേക്കു വിളിച്ചാണ് രാഹുല്‍ കുഞ്ഞിനെ തോളിലേറ്റിയത്.രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഫോട്ടോ ഷെയര്‍ ചെയ്തത്.

കെഎസ്ആര്‍ടിസിയില്‍ സമരത്തില്‍ മുടങ്ങുന്ന ബസ് സര്‍വീസ് ഷെഡ്യൂളുകളുടെ നഷ്ടം സമരം നടത്തുന്നവരില്‍നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി ഭരിക്കുന്നതു ട്രേഡ് യൂണിയനുകളാണെങ്കില്‍ ശമ്പളം നല്‍കാനുള്ള ഉത്തരവാദിത്വവും അവര്‍ ഏറ്റെടുക്കണം. യൂണിയനുകള്‍ കെഎസ്ആര്‍ടിസി ഏറ്റെടുത്ത് നടത്തണം. എന്തു സമര സംസ്‌കാരമാണിത്? രാവിലെ ജോലിക്കെന്നു പറഞ്ഞുവന്ന് എല്ലാ സര്‍വീസും മുടക്കുകയാണ് ചെയ്യുന്നത്. ഹൈക്കോടതി പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിനേയും എട്ട് അനുബന്ധ സംഘടനകളേയും നിരോധിച്ചതോടെ ഇവയുടെ ഓഫീസുകള്‍ ഉടന്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയേക്കും. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം വരുന്ന മുറയ്ക്ക് സംസ്ഥാന സര്‍ക്കാരുകളാവും ഇതിനായുള്ള നടപടി സ്വീകരിക്കുക.

ആലുവായിലെ അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് കേന്ദ്ര സേനയുടെ വൈ കാറ്റഗറി സുരക്ഷ നല്‍കി. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് സുരക്ഷ നല്‍കിയത്. ആര്‍എസ്എസ് കാര്യാലയമായ കേശവ സ്മൃതിക്കും സുരക്ഷ നല്‍കിയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ കൂടുതല്‍ നേതാക്കള്‍ക്ക് സുരക്ഷ ഒരുക്കാനും കേന്ദ്ര നിര്‍ദേശമുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നടത്തിയ കൊലപാതകങ്ങളുടേയും ക്രിമിനല്‍ കുറ്റങ്ങളുടേയും വിവരണങ്ങളോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധന ഉത്തരവ് പുറത്തിറക്കിയത്. 2010 ല്‍ ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ കോളേജ് അധ്യാപകനായ ടി ജെ ജോസഫിന്റെ കൈ വെട്ടിയ സംഭവം, മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്റെ കൊലപാതകം, 2017 ലെ ബിബിന്റെ കൊലപാതകം, കഴിഞ്ഞ വര്‍ഷം ആര്‍എസ്എസ് പ്രവര്‍ത്തകരായ നന്ദുവിന്റെയും സഞ്ജിത്തിന്റെയും കൊലപാതകങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് കേന്ദ്ര ഉത്തരവില്‍ പരാമര്‍ശമുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിനൊപ്പം നിരോധിക്കപ്പെട്ട അനുബന്ധ സംഘടന റിഹാബ് ഫൗണ്ടേഷനുമായി സഹകരിക്കുന്ന ഐഎന്‍എല്ലിനേയും പാര്‍ട്ടിയുടെ പ്രതിനിധിയായ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനേയും മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്ന് ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഐടി സെല്‍ മേധാവി അമിത് മാളവ്യയുമാണ് ആവശ്യം ഉന്നയിച്ചത്.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍, അതേ പ്രവര്‍ത്തി ചെയ്യുന്ന ആര്‍എസിനെതിരെയും നടപടി സ്വീകരിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍എസ്എസും തയ്യാറാകണം. നിരോധനം ഒന്നിനും പരിഹാരം അല്ല. യെച്ചൂരി പറഞ്ഞു.

തൊടുപുഴയിലെ ട്രൈബല്‍ ഹോസ്റ്റലില്‍നിന്ന് 12, 13 വയസുള്ള നാലു വിദ്യാര്‍ഥികളെ കാണാതായി. ഇന്നലെ രാവിലെ 8.30 മുതലാണ് കുട്ടികളെ കാണാതായത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *