വയനാട്ടിൽ നടന്നത് വളരെ സങ്കടകരമായ കാര്യമാണെന്നും നേരിട്ട് കണ്ടാൽ മാത്രം മനസിലാകുന്നതാണ് ദുരന്തത്തിൻ്റെ തീവ്രതയെന്നും ലെഫ്റ്റനൻ്റ് കേണൽ നടൻ മോഹൻലാൽ. സാധാരണക്കാർ മുതൽ സൈന്യം വരെ എല്ലാവരും ദൗത്യത്തിൻ്റെ ഭാഗമായി. താൻ കൂടി അടങ്ങുന്നതാണ് മദ്രാസ് 122 ബറ്റാലിയൻ. കഴിഞ്ഞ 16 വർഷമായി താനീ സംഘത്തിലെ അംഗമാണ്. അവരടക്കം രക്ഷാപ്രവർത്തനം നടത്തുന്നവരെ നേരിട്ട് കാണാനും നന്ദി പറയാനും മനസ് കൊണ്ട് അവരെ നമസ്കരിക്കാനുമാണ് താൻ വന്നതെന്നും മോഹൻലാൽ പറഞ്ഞു. ദുരന്ത മേഖലയുടെ പുനരുദ്ധാരണത്തിനായി വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി നൽകും. സാമ്പത്തിക സഹായം ആവശ്യമെങ്കിൽ വീണ്ടും നൽകും. വെള്ളാർമല സ്കൂളിൻ്റെ പുനരുദ്ധാരണം ഏറ്റെടുക്കുമെന്നും മോഹൻലാൽ പറഞ്ഞു.