കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൃത്യമായി കൊടുക്കുന്നതിനുള്ള നടപടികൾ ആവിഷ്കരിച്ചു വരികയാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. മുഖ്യമന്ത്രിയുമായി സംസാരിച്ച് ഒരു തീരുമാനത്തിലെത്തിയിട്ടുണ്ട്. ശമ്പളം മുഴുവനായി ഒറ്റത്തവണ കൊടുത്തുതീർക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ഉറപ്പു പറയാറായിട്ടില്ല. എത്രയും വേഗം ശമ്പളം കൊടുത്തു തീർക്കാനുള്ള നടപടിഎടുക്കുമെന്നും മന്ത്രി പറഞ്ഞു.
ചെലവ് കുറച്ച് വരവ് കൂട്ടിക്കൊണ്ടു വന്നാൽ മാത്രമേ കെഎസ്ആർടിസിയുടെ പ്രതിസന്ധി പരിഹരിക്കാനാകൂ.വൈദ്യുത ബസ്സുകൾ നഷ്ടത്തിലാണ് ഓടുന്നത് അതിൽ നിന്നും കാര്യമായ വരുമാനം ഒന്നും തന്നെ ലഭിക്കുന്നില്ല. വൈദ്യുത ബസ്സിന് ഏകദേശം ഒരു കോടി രൂപയ്ക്ക് അടുത്ത് വില വരും. ആ പണത്തിന് നാല് ഡീസൽ ബസുകൾ വാങ്ങാം.വൈദ്യുതി ബസ് ഓട്ടോറിക്ഷക്കാരുടെ അടക്കം വയറ്റത്തടിച്ചു. ഒരു ഗതാഗത വകുപ്പ് മന്ത്രി എന്ന നിലയ്ക്ക് ഓട്ടോറിക്ഷക്കാരെയും സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. ഇനി വൈദ്യുതി ബസുകൾ വാങ്ങുന്നതിനോട് യോജിക്കില്ലെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി.