ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ബുധനാഴ്‌ച പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യഹർജി പരിഗണിക്കുന്നത്. നേരത്തെ തിങ്കളാഴ്ച്ച പരി​ഗണിക്കുമെന്നാണ് സൂചന ലഭിച്ചിരുന്നത്. എന്നാൽ ഹർജി ബുധനാഴ്ച്ച പരി​ഗണിക്കാനായി തീരുമാനിക്കുകയായിരുന്നു. ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യഹർജി നൽകിയത്. അതേസമയം, ബുധനാഴ്ച്ച ജാമ്യം ലഭിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.

 

കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിയിൽ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നും, വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രമാണെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നൽകി. ആദ്യ വിവാഹം നടന്നത് 2024 ഓഗസ്ത് 22ന് ക്ഷേത്രത്തിൽ വെച്ചാണ്. വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല. 4 ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചത്. ഒരു മാസത്തിനുള്ളിൽ ബന്ധം ഒഴിഞ്ഞുവെന്നും യുവതി അന്വേഷണസംഘത്തിന് കഴിഞ്ഞദിവസം കൊടുത്ത മൊഴിയിൽ പറയുന്നു

 

ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവനന്തപുരത്തെത്തി. ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്‍റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു. രാഹുൽ നേരിട്ട് എത്തിയാണ് വക്കാലത്തിൽ ഒപ്പിട്ടതെന്ന് അഭിഭാഷകൻ വ്യക്തമാക്കി. മുൻകൂര്‍ ജാമ്യ ഹര്‍ജി നൽകാനായാണ് ഇന്നലെ രാഹുൽ തലസ്ഥാനതെത്തി.

 

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പാര്‍ട്ടി നടപടിയെടുത്തതാണെന്നും വ്യക്തിപരമായ ആളുകളുടെ നിലപാട് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനത്തെ ബാധിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ എംപി. രാഹുലുമായുള്ള തന്‍റെ അടുപ്പം എവിടെയും ഒരു തീരുമാനത്തിനും ബാധകമായിട്ടില്ല. നിലവിൽ ആരോപണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. രാഹുലിനെതിരായ കാര്യങ്ങള്‍ നിയമപരമായി പോകുന്നുണ്ട്. അത് ആ രീതിയിൽ പോകട്ടെയെന്നാണ് പറയാനുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി.

 

ശബരിമല കൊള്ള മറക്കാൻ മറ്റൊരു വിഷയം കൊണ്ടുവന്നാലും ഞങ്ങൾ അതിൽ വീഴില്ലെന്നും രാഹുൽ വിഷയത്തിൽ പാർട്ടി നിലപാട് കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കിയിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. ആരോപണം ഉണ്ടായപ്പോൾ തന്നെ നടപടിയെടുത്ത പാർട്ടിയാണ് കോണ്‍ഗ്രസ്. അഭിമാനകരമായ തീരുമാനമാണ് കോൺഗ്രസ് എടുത്തതെന്നും വിഡി സതീശൻ പറഞ്ഞു. ഒരു വിഷയത്തിൽ ഒരാള്‍ക്കെതിരെ ഒരു നടപടി മാത്രമാണ് എടുക്കാനാകുക. രണ്ടു പ്രാവശ്യം നടപടിയെടുക്കാനാകില്ലെന്നും വിഡി സതീശൻ പറഞ്ഞു.

 

രാഹുലിന് തെറ്റുപറ്റിയെന്നും എന്ന് കരുതി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കരുതെന്നാണ് പറഞ്ഞതെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ സുധാകരൻ. എനിക്ക് ഒരു വാക്കും ഒരു നാക്കും മാത്രമേ ഉള്ളൂ. ശിക്ഷയ്ക്ക് അർഹതയുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. ഉണ്ണിത്താന് മറുപടി പറയുന്നില്ല. ഉണ്ണിത്താൻ പറഞ്ഞതൊക്കെ ചരിത്രത്തിൽ റെക്കോഡ് ചെയ്യപ്പെട്ടതാണെന്നും കെ സുധാകരൻ പറഞ്ഞു.

 

രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗക്കേസില്‍ യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത് തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. വിവാഹ ബന്ധം നാലു ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ എന്ന അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത് തെറ്റാണ്. അവര്‍ ഇപ്പോഴും വിവാഹമോചിതരല്ല. താന്‍ വിവാഹത്തില്‍ പങ്കെടുത്ത ആളാണെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.

 

ബലാൽസംഗക്കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പൂർണ്ണ പിന്തുണയുമായി കോൺഗ്രസ് മുഖപത്രം. സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ് മുഖപത്രമായ വീക്ഷണം പറയുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തിൽ തോൽപ്പിച്ചതായിരുന്നു രാഹുൽ ചെയ്ത കുറ്റമെന്നും കോൺഗ്രസ് പത്രം വാദിക്കുന്നു. രാഹുലിനെ ന്യായീകരിച്ചാണ് മുഖപത്രത്തിൽ ലേഖനമുള്ളത്.

 

യുവതിയുടെ ബലാത്സം​ഗക്കേസിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്ന് സൂചന. വെള്ളിയാഴ്‌ച രാവിലെ കുറച്ചുസമയം മൊബൈൽ ഫോൺ ഓൺ ആയിരുന്നു. മുൻകൂർ ജാമ്യഹർജി നൽകാൻ ഫോണിലൂടെ അഭിഭാഷകനുമായി സംസാരിച്ചു. തുടർന്ന്‌ മൊബൈൽ ഫോൺ ഓഫ്‌ ചെയ്യുകയായിരുന്നു. പാലക്കാട് ജില്ല വിട്ടാൽ അത്‌ മുൻകൂർ ജാമ്യത്തെ ബാധിക്കുമെന്ന്‌ രാഹുലിന് നിയമോപദേശം ലഭിച്ചെന്നാണ് സൂചന.

 

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ബലാത്സം​ഗക്കേസിൻ്റെ പശ്ചാത്തലത്തിൽ കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി രം​ഗത്ത്. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് എഐസിസി ആസ്ഥാനത്താണോ, കെപിസിസി ആസ്ഥാനത്താണോ, ഡിസിസി ഓഫീസിൽ ആണോ എന്നറിഞ്ഞാൽ മതിയെന്ന് മന്ത്രി വി ശിവൻ കുട്ടി പരിഹസിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങണമെന്നും മാന്യത ഉണ്ടെങ്കിൽ രാജിവച്ച് പുറത്തു പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

 

രാഹുൽ മാങ്കൂട്ടത്തിലെന്ന രാഷ്ട്രീയ അശ്ലീലത്തെ പേറി നടക്കേണ്ട ഗതികേടിലാണ് കോൺഗ്രസെന്ന് സിപിഎം നേതാവ് എൻ എൻ കൃഷ്ണദാസ്. ഇത്തരം അശ്ലീലങ്ങൾക്കെതിരെ പ്രതിഷേധിച്ച് സമയം കളയാത്തതാണ് നല്ലത്. ഇത്തരം പ്രവൃത്തി നടത്തുന്നവരെക്കുറിച്ച് സംസാരിക്കാൻ പോലും താൽപര്യമില്ല. രാഹുലിനെ പേറി നടക്കുന്നത് കോൺഗ്രസിൻ്റെ ജീർണതയാണ് വെളിപ്പെടുത്തുന്നതെന്നും എൻ എൻ കൃഷ്ണദാസ് പറഞ്ഞു.

 

ഇരയെ ആക്ഷേപിച്ചും രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും മഹിള കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു ബിനു. ഫേസ്ബുക്കിലൂടെയാണ് ബിന്ദു ബിനു ഇരയെ അധിക്ഷേപിച്ചത്. ഇരയുടെ ആരോപണത്തിന് അടിസ്ഥാനമില്ലെന്നായിരുന്നു പോസ്റ്റിൽ പറയുന്നത്. ഭർതൃമതിയുടെ ത്വര കൊള്ളാം തുടങ്ങിയവ നിരവധി അധിക്ഷേപ പരാമർശങ്ങളാണ് പോസ്റ്റിലുള്ളത്. രാഹുലിനൊപ്പം ഉള്ള ചിത്രവും പങ്കുവെച്ച് കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ്.

 

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് വീക്ഷണം മുഖപത്രത്തില്‍ വന്ന മുഖപ്രസംഗത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.മുകേഷിനെപ്പോലൊരാളെ സംരക്ഷിച്ച പാര്‍ട്ടി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയം വരുമ്പോള്‍ ധാര്‍മകിത പറയുന്നതിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് മുഖപ്രസംഗമെഴുതിയിട്ടുള്ളതെന്ന് മുരളീധരന്‍ പറഞ്ഞു.

 

രാഹുൽ മാങ്കൂട്ടത്തിൽ നെതിരെ ഇപ്പോള്‍ കേസ് എർുത്തത് സിപിഎം കോൺഗ്രസ് കൂട്ടുകെട്ടിന്‍റെ രാഷ്ട്രീയ തന്ത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിജണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.തെരഞ്ഞെടുപ്പിന്‍റെ പത്ത് ദിവസം മുൻപാണ് കേസ് എടുത്തത്. സ്വർണ്ണകൊള്ള മറച്ചുവെക്കാനാണ് തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ കേസെടുത്തത്.രാഹുൽ മാങ്കൂട്ടത്തിൽ റീൽ രാഷ്ട്രീയക്കാരനാണ്.ഉപതെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഹുലിനെതിരെ ആരോപണം ഉണ്ടായിരുന്നു.എന്നിട്ടും പാലക്കാട് ജനങ്ങളുടെ തലയിൽ കെട്ടിവച്ചുവെന്നും അദ്ദേഹം പറഞ്ഞു

 

അങ്കണവാടി ജീവനക്കാരിയെ അസഭ്യം പറഞ്ഞ് ഇടുക്കി വണ്ണപ്പുറത്തെ ഇടത് സ്ഥാനാർത്ഥി. സിപിഎം സ്ഥാനാർത്ഥി ലിജോ ജോസാണ് വോട്ട് ചോദിച്ചെത്തിയ സമയത്ത് അസഭ്യം പറഞ്ഞത്. അങ്കണവാടിയിൽ കുട്ടികൾ ഉള്ളപ്പോഴാണ് സംഭവം. വണ്ണപ്പുറം പഞ്ചായത്തിലെ പതിമൂന്നാം വാർഡ് സ്ഥാനാർത്ഥിയാണ് ലിജോ ജോസ്. അങ്കണവാടി ഹെൽപ്പർ നബീസയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ഇവർ കാളിയാർ പൊലീസിൽ പരാതി നൽകി.

 

സംസ്ഥാന ടൂറിസം വകുപ്പിനെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. പുലിക്കളിക്ക് ധനസഹായം വൈകാൻ കാരണം ടൂറിസം വകുപ്പിന്‍റെ അനാസ്ഥയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.പുലിക്കളി സംഘങ്ങളുടെ ചെലവ് കണക്ക് സംസ്ഥാന ടൂറിസം വകുപ്പ് നൽകിയില്ല.പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ഇനിയും ലഭിക്കാത്തത് വിവാദമായിരുന്നു.ഓരോ പുലിക്കളി സംഘത്തിനും മുന്നു ലക്ഷം രൂപയായിരുന്നു കേന്ദ്ര ധനസഹായം..സ്വന്തം ഇടപെടലിലൂടെയാണ് കേന്ദ്രത്തിൽ നിന്ന് പണം വാങ്ങി നൽകിയതെന്നും സുരേഷ് ഗോപി വിശദീകരിച്ചു.

 

 

ഗൾഫ് സന്ദർശനത്തിന്‍റെ അവസാനഘട്ടമായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്. മൂന്നു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി ഞായറാഴ്ച ദുബായിലെത്തും. സന്ദർശനം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്നും ബഹിഷ്കരിക്കുമെന്നും ദുബായ് കെഎംസിസി അറിയിച്ചു. മുൻകൂട്ടി തീരുമാനിച്ച സന്ദർശന പരിപാടി ബഹിഷ്കരിക്കുന്നത് എന്തിനാണെന്നറിയില്ലെന്ന് സംഘാടക സമിതി പ്രതികരിച്ചു.

 

 

എറണാകുളത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്ക് കുത്തേറ്റു. എറണാകുളം ചേന്ദമംഗലത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഫസൽ റഹ്മാനെയാണ് കുത്തിപരിക്കേൽപ്പിച്ചത്. സംഭവത്തിൽ വടക്കേക്കര സ്വദേശി മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനോജാണ് ഫസൽ റഹ്മാനെ കുത്തിപരിക്കേൽപ്പിച്ചത്. മനോജും ഫസലും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ഫസൽ കഴിഞ്ഞ ഭരണ സമിതിയിൽ പഞ്ചായത്ത് അംഗമായിരുന്നു

 

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ മദ്യ ലഹരിയിലാണ് ഇയാൾ കൈ ഞെരമ്പ് മുറിച്ചത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു.

 

കേന്ദ്ര സർക്കാരിന്റെ കാർഷിക അടിസ്ഥാനസൗകര്യ വികസന നിധിയിൽ കേരളത്തിലെ കർഷകരെയും കാർഷിക സംരംഭകരെയും കാത്ത് 1101 കോടി രൂപ. അഞ്ചുവർഷം മുൻപ്‌ ആരംഭിച്ച പദ്ധതിയുടെ കാലാവധി മാർച്ചിൽ അവസാനിക്കുകയാണ്. കാർഷികമേഖലയിൽ കൂടുതൽ നിക്ഷേപം ലഭ്യമാക്കുകയാണ് അടിസ്ഥാന സൗകര്യ വികസന നിധിയുടെ ലക്ഷ്യമെന്ന് സംസ്ഥാന ടീം ലീഡർ ഡി.എസ്. ബിജുകുമാർ പറഞ്ഞു.

 

 

തലശ്ശേരിയിൽ പണിതീരാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി. തലയോട്ടി കാണാതായ തമിഴ്‌നാട് സേലം സ്വദേശിനിയായ വയോധികയുടേതെന്നാണ് സംശയം. ഇവരുടെ മകൾ നൽകിയ പരാതിയിൽ തലശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിക്ക് ആറു മാസം പഴക്കമുണ്ടെന്നാണ് സൂചന. അതേസമയം, സംഭവുമായി ബന്ധപ്പെട്ട് വായോധികയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു.

 

വടകര ഡിവൈഎസ്പി ഉമേഷിനെതിരായ ലൈംഗിക പീഡന ആരോപണത്തിൽ അദ്ദേഹത്തിനെതിരെ ഉടൻ കേസെടുത്തേക്കും. ഡിവൈ.എസ്.പി.ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പാലക്കാട് എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. ചെർപ്പുള്ളശ്ശേരി സിഐയുടെ ആത്മഹത്യാക്കുറിപ്പിലാണ് ഡിവൈഎസ്പി ഉമേഷിനെതിരെ ആദ്യമായി ഗുരുതരമായ ആരോപണം ഉയർന്നത്. അനാശാസ്യ കേസിൽ അറസ്റ്റിലായ ഒരു യുവതിയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നായിരുന്നു സിഐ യുടെ ആത്മഹത്യാക്കുറിപ്പിലെ പ്രധാന ആരോപണം.

 

ഓപ്പറേഷൻ നുംഖോര്‍ പരിശോധനയുടെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ അമിത് ചക്കാലക്കലിന്‍റെ ഒരു വാഹനം വിട്ടു നൽകി. മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാന്‍ഡ്ക്രൂയിസര്‍ വാഹനമാണ് വിട്ടു നൽകിയത്. അമിതിന്‍റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെ തീരുമാനം. ബോണ്ടിന്റെയും 20ശതമാനം ബാങ്ക് ഗ്യാരണ്ടിയുടെയും അടിസ്ഥാനത്തിലാണ് നടപടി. വാഹനം ഉപയോഗിക്കരുത്, കേരളത്തിന്‌ പുറത്തുകൊണ്ട് പോകരുത് തുടങ്ങി വ്യവസ്ഥകളോടെയാണ് വിട്ടു നൽകിയത്.

 

ഒതായി മനാഫ് വധക്കേസിൽ ഒന്നാം പ്രതി ഷെഫീഖിന് ജീവപര്യന്തം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. പിഴത്തുക രണ്ടാം സാക്ഷി ഫാത്തിമക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട മനാഫിൻ്റെ സഹോദരിയാണ് ഫാത്തിമ. കേസിൽ ഒന്നാം പ്രതിയായ മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മറ്റു മൂന്നു പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു.

 

കേശവദാസപുരം മനോരമ വധക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി കോടതി മുറിയിൽ നിന്ന് ഇറങ്ങിയോടി. ബംഗാൾ സ്വദേശി ആദം അലിയാണ് പ്രതി. തൊട്ടടുത്ത വീട്ടിൽ വീട്ടുജോലിക്കു വന്ന ആദം അലി വൃദ്ധയെ കൊലപ്പെടുത്തി കിണറ്റിലിട്ടെന്നാണ് കേസ്. കോടതിയിൽ നിന്നും ഓടിയ പ്രതിയെ അഭിഭാഷകരും പൊലീസും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ശിക്ഷാ വിധി സംബന്ധിച്ച വാദം ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കാനിരിക്കെയാണ് പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടിയത്.

 

ആനച്ചാലിൽ സ്കൈ ഡൈനിങ്ങിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. നടത്തിപ്പുകാരായ പ്രവീൺ, സോജൻ എന്നിവർക്കെതിരെയാണ് കേസ്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തികൾ എന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. അഞ്ച് പേരാണ് കുടുങ്ങിക്കിടന്നിരുന്നത്. ഇവരെ 3 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് താഴെയെത്തിച്ചത്.

 

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേ‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

 

ദീർഘദൂര ട്രെയിൻ യാത്രകളിൽ സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് ഇനി തലയിണയും ബെഡ്ഷീറ്റും ലഭ്യമാക്കും. യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ച്, ആവശ്യക്കാർക്ക് പണം നൽകി ഉപയോഗിക്കാവുന്ന അണുവിമുക്തമാക്കിയ ബെഡ് റോളുകൾ അടുത്ത വര്‍ഷം ജനുവരി 1 മുതൽ നൽകുമെന്ന് ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷൻ അറിയിച്ചു. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും.

 

കേന്ദ്രസർക്കാർ പാസാക്കിയ പുതിയ വഖഫ് ഭേദഗതി നിയമം 2025 നടപ്പിലാക്കാൻ മാസങ്ങളോളം വിസമ്മതിച്ച പശ്ചിമ ബംഗാൾ സർക്കാർ ഒടുവിൽ വഴങ്ങി. സംസ്ഥാനത്തെ 82,000-ത്തോളം വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ ഡിസംബർ 5-നകം കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ഏപ്രിലിലാണ് വഖഫ് ഭേദഗതി നിയമം 2025 പാർലമെൻ്റിൻ്റെ ഇരുസഭകളും പാസാക്കിയത്.

 

ഓടുന്ന ട്രെയിനിൽ നിന്നു വീണ് യുവതി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരം പുറത്ത്. നേവി ഉദ്യോഗസ്ഥന്റെ ഭാര്യയായ യുവതിയുടെ മരണം അപകടമരണമല്ലെന്നും ടിടിഇ തള്ളിയിട്ട് കൊലപ്പെുത്തിയതാണെന്നും പൊലീസ്. സംഭവത്തിൽ ടിടിഇയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഇറ്റാവയിൽ ഈ മാസം 25ന് രാത്രിയാണ് സംഭവം. നാവികസേനാ ഉദ്യോഗസ്ഥനായ അജയ് സിങ്ങിന്റെ ഭാര്യ ആരതി യാദവാണ് (32) മരിച്ചത്.

 

എ-320 വിമാനങ്ങളിൽ സാങ്കേതിക തകരാറുണ്ടാകാൻ സാധ്യതയെന്ന മുന്നറിയിപ്പിന് പിന്നാലെ ഇന്ത്യയിൽ 200-ൽ അധികം വിമാനങ്ങളിൽ അടിയന്തര പരിശോധന നടക്കുമെന്ന് വിമാന കമ്പനികൾ. ഈ പശ്ചാത്തലത്തിൽ വിവിധ സര്‍വീസുകളെ ഇത് സാരമായി ബാധിച്ചേക്കുമെന്ന മുന്നറിയിപ്പും കമ്പനികൾ നൽകുന്നു. തീവ്രമായ സൗരവികിരണം കാരണം എയർബസ് എ-320 ശ്രേണിയിലുള്ള വിമാനങ്ങളിലെ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റത്തിൻ്റെ ഡാറ്റയിൽ തകരാറുണ്ടാകാൻ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.

 

ചെങ്കോട്ട സ്ഫോടനത്തിൽ പ്രതിയായ ഡോ ഷഹീൻ്റെ മുറിയിൽ നിന്ന് 18 ലക്ഷം രൂപ കണ്ടെത്തി. തെളിവെടുപ്പിനിടെയാണ് എൻഐഎ സംഘം പണം കണ്ടെത്തിയത്. ഷഹീന്റെയും മുസമ്മിലിൻ്റെയും വിവാഹ ചടങ്ങിൽ പങ്കെടുത്തവരെ കണ്ടെത്താനും എൻഐഎ നടപടി തുടങ്ങി. 12 പേരാണ് ചടങ്ങിന് എത്തിയത്. അതേസമയം, അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഡോ ആദിലിനെയും ഇന്ന് ഫരീദാബാദിൽ എത്തിക്കും. അതിനിടെ, അൽ ഫലാഹ് സർവകലാശാല ചെയർമാൻ ഭൂമി തട്ടിപ്പ് നടത്തിയെന്നും ഇഡി കണ്ടെത്തി.

 

ഡിറ്റ് വാ ചുഴലിക്കാറ്റിൽ നാശനഷ്ടം കനത്തോടെ ശ്രീലങ്കയിൽ ഡിസംബർ 4 വരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരണസംഖ്യ നൂറ് കടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കെലനി നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കൊളംബോ പ്രളയഭീതിയിലാണ്. രാജ്യത്ത്‌ ഡിസംബർ 16 വരെ സ്കൂളുകൾ അടച്ചിടും. കൊളംബോ തുറമുഖം താത്കാലികമായി അടച്ചു. 700 ലധികം വീടുകൾ തകർന്നതായാണ് കണക്കുകൾ.

 

കര്‍ണാടക മുഖ്യമന്ത്രി കസേരയ്ക്കായുള്ള തര്‍ക്കങ്ങള്‍ക്കിടെ സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ശനിയാഴ്ച രാവിലെ സിദ്ധരാമയ്യയുടെ വസതിയിലാണ് ഇരുവരും പ്രഭാതഭക്ഷണത്തിനായി ഒന്നിച്ചെത്തിയത്. പ്രഭാതഭക്ഷണത്തിന് ശേഷം ഇരുവരും ഒരുമിച്ച് വാര്‍ത്താമാധ്യമങ്ങളെ കണ്ടു. തങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലെന്നും ഭാവിയിലും അതുണ്ടാവില്ലെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.

 

സ്ത്രീകളുടെ ചേലാകർമ്മം നിരോധിക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധസംഘടന സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനും മറ്റുള്ളവർക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസയച്ചത്. ഈ ആചാരം ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്നും ഇത് കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും അവകാശപ്പെട്ട് ചേതന വെൽഫെയർ സൊസൈറ്റി എന്ന എൻജിഒ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *