നവരാത്രി ആഘോഷങ്ങളുടെ നിറവില്‍ ഉത്തരേന്ത്യ. ഗുജറാത്ത് സ്വദേശികളുടെ നവരാത്രി ആഘോഷത്തിലെ പ്രധാന ഭാഗമാണ് ഗർബ നൃത്തം. നവരാത്രി ആഘോഷങ്ങൾക്ക് പകിട്ടേകി മൂന്ന് ദിവസത്തെ ഗ്ലോബൽ ഗർബ ഫെസ്റ്റിവൽ ദില്ലിയിൽ നടന്നു. പാട്ടും മേളവുമായി ഒത്തൊരുമയുടെ ഒരാഘോഷം.വർണ്ണാഭമായ വസ്ത്രങ്ങളണിഞ്ഞ് ഒരേ താളത്തിൽ പ്രായഭേദമന്യേ എല്ലാവരും ഗുജറാത്തിന്‍റെ നൃത്തമായ ഗർബയിൽ പങ്കു ചേർന്നു. സാംസ്കാരിക മന്ത്രാലയവും ഗുജറാത്ത് ടൂറിസവും വിപിവിവി ഗ്രൂപ്പും സംയുക്തമായാണ് ഗ്ലോബൽ ഗർബ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.

 

സാമുദായിക സംഘടനകൾ സി.പി എമ്മിനെ പിന്തുണയ്ക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. എംവിഗോവിന്ദന്‍ പറഞ്ഞു. മൂന്നാമതും ഇടത് സർക്കാർ വരുമെന്ന് ഉറപ്പാണ്കേരളത്തിൽ വികസനത്തിന്‍റെ പാത വെട്ടി തുറന്നു മൂന്നാമതും ഭരണത്തിലേക്കുള്ള പടിവാതിക്കൽ ആണ് നാമിപ്പോഴെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും എതിർക്കുന്ന രാഷ്ട്രീയ ചേരിയിലുള്ള ആയിരക്കണക്കിന് ആളുകളും പുതിയ ദൗത്യത്തിൽ അണിചേരാൻ പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഇന്‍ഫോപാര്‍ക്കിന്‍റെ മൂന്നാം ഘട്ട വികസനത്തിന് തുടക്കമാകുന്നു. ലാന്‍ഡ് പൂളിംഗിലൂടെ മുന്നൂറ് ഏക്കറിലധികം ഭൂമി കണ്ടെത്തി ഇന്‍റഗ്രേറ്റഡ് എഐ ടൗണ്‍ഷിപ്പ് നിര്‍മാണത്തിനുളള നടപടികളിലേക്കാണ് ഇന്‍ഫോപാര്‍ക്ക് കടക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇരുപത്തി അയ്യായിരം കോടിയുടെ നിക്ഷേപവും രണ്ടു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് വാഗ്ദാനം.

 

എൻഎസ്എസിനെ അനുനയിപ്പിക്കാൻ ഹൈക്കമാന്റ്. അനുനയ നീക്കങ്ങൾക്ക് എഐസിസി നേതൃത്വം ഇടപെടും. ദേശീയ നേതാക്കൾ കൂട്ടിക്കാഴ്ച്ച നടത്തും. എൻഎസ്എസിനെ കൂടെ നിർത്തി നീങ്ങണമെന്ന് എഐസിസി. അതേ സമയം, ശബരിമല വിശ്വാസ പ്രശ്നത്തിൽ ഇടത് അനുകൂല നിലപാടെടുത്ത എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ പരസ്യ പ്രതിഷേധം തുടരുകയാണ്.

 

ആലപ്പുഴയിൽ 18 വയസുകാരയെ തീ കൊളുത്തി കൊല്ലാൻ ശ്രമം. ഇന്നലെ രാത്രിയായിരുന്നു സംഭവം. അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് അക്രമം ഉണ്ടായത്. പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത് ആയല്‍വാസിയായ ജോസ് (57) ആണ്. തീ കൊളുത്താൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി ഓടി രക്ഷപ്പെട്ടു.

 

മലപ്പുറം തേഞ്ഞിപ്പലത്തെ മധ്യവയസ്ക്കന്‍റെ ദുരൂഹമരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ചിനക്കലങ്ങാടി സ്വദേശി രജീഷ് എന്ന ചെറുട്ടി (48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്തുക്കളായ അബൂബക്കർ, രാമകൃഷ്ണൻ എന്നിവരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതത്തിലെത്തിയതെന്ന് പൊലീസ് പറയുന്നു.

 

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് അദ്ദേഹത്തെ ചികിത്സയ്ക്കായി എം.എസ്. രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും ശ്വാസതടസവുമടക്കമുണ്ടായതോടെയാണ് 83 വയസ്സുള്ള ഖാർഗെയെ ചൊവ്വാഴ്ച ആശുപത്രിയിലേക്ക് മാറ്റിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

 

ജിഎസ്ടിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 1100 കോടി രൂപയുടെ തട്ടിപ്പ് ഒരു സംഘം മാത്രം നടത്തിയെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. സാധാരണക്കാരുടെ പേരിൽ അവരറിയാതെ രജിസ്ട്രേഷൻ നടന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൊടുക്കൽ വാങ്ങൽ നടക്കുന്നത് തട്ടിപ്പുകാരുടെ അക്കൗണ്ട് വഴിയാണ്. പുനെ ഇന്റലിജൻസ് ആണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനം ചെയ്തത് രജിസ്ട്രേഷൻ റദ്ദാക്കൽ മാത്രമാണ്. ഖജനാവിന് നഷ്ടം 200 കോടിയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

 

സത്യൻ മൊകേരിയെ സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇ ചന്ദ്രശേഖരൻ മാറിയ ഒഴിവിലാണ് സത്യൻ മൊകേരി എത്തിയത്. പിപി സുനീർ അസിസ്റ്റന്റ് സെക്രട്ടറിയായി തുടരും. വിഎസ് സുനിൽകുമാറിനെയും, സിഎൻ ചന്ദ്രനെയും എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്തി.

 

തമിഴ്നാട്‌ തിരുവണ്ണാമലയിൽ നടുക്കുന്ന ലൈംഗികാതിക്രമം. വാഹനപരിശോധനയ്ക്കിടെ യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു. ആന്ധ്ര സ്വദേശിയായ പെൺകുട്ടിയെ ബാലത്സഗം ചെയ്‌തത് അമ്മയുടെ മുന്നിൽ വെച്ചാണെന്ന് റിപ്പോര്‍ട്ട്. പുലർച്ചെ ഒരു മണിയോടെ ഏന്തൾ ചെക് പോസ്റ്റിനോട് ചേർന്നാണ് സംഭവം.സംഭവത്തില്‍ പൊലീസ് കോൺസ്റ്റബിളുമാരായ സുരേഷ് രാജ്‌, സുന്ദർ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിൽ വിജയ്‍യുടെ ഗൂഢാലോചനാ വാദം അവഗണിച്ച് മുന്നോട്ട് പോകാൻ തമിഴ്നാട് സർക്കാർ. വിജയ്‌യുടെ ‘രാഷ്ട്രീയ ഗൂഢാലോചനാ’ ആരോപണങ്ങൾ അവഗണിച്ച് ഡിഎംകെ നേതാവ് സെന്തിൽ ബാലാജി, കരൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറി. ദുരന്തത്തിന്റെ ഉത്തരവാദിത്തം സംഘാടകരുടെ പിഴവിലാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ഭരണകക്ഷിയായ ഡിഎംകെ.

 

കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്ക് മറുപടിയുമായി സെന്തിൽ ബാലാജി. ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാനില്ലെന്ന് വ്യക്തമാക്കിയ സെന്തിൽ ബാലാജി സങ്കൽപിക്കാൻ പോലും കഴിയാത്ത ദുരന്തമെന്ന് പ്രതികരിച്ചു. മരിച്ചവരിൽ 31 പേർ കരൂർ സ്വദേശികളാണ്. മിക്കവരും തനിക്ക് നേരിട്ട് അറിയാവുന്നവരാണ്. യോഗത്തിന് എത്തിയവർക്ക് കുടിവെള്ളം പോലും ടിവികെ ഉറപ്പാക്കിയില്ല. ഡിഎംകെ യോഗങ്ങളിൽ അതല്ല പതിവെന്നും സെന്തിൽ ബാലാജി പറഞ്ഞു.

 

ശബരിമലയിലെ സ്വർണപ്പാളി, താങ്ങുപീഠം എന്നീ വിവാദങ്ങളിൽപ്പെട്ട ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരുവിലെ ബ്ലേഡ് പലിശക്കാരനെന്ന് സൂചന. ചെറിയ പലിശയ്ക്ക് പണം വായ്പയെടുത്ത് അതിന്റെ പതിന്മടങ്ങ് പലിശയ്ക്ക് വായ്പനൽകി സാമ്പത്തികനേട്ടം ഉണ്ടാക്കിയാണ് തുടക്കമെന്ന് പോലീസിലെ രഹസ്യാന്വേഷണവിഭാഗത്തിന് വിവരം കിട്ടിയിട്ടുണ്ട്.

 

ദ്വാരപാലക പീഠവിവാദത്തിൽ സമ​ഗ്രമായ അന്വേഷണം നടക്കുന്നുവെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടേത് ആസൂത്രിതമായ ​ഗൂഢനീക്കമാണെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. ഉണ്ണിക്കൃ‍ഷ്ണൻ പോറ്റിയുടെ ഇടപെടലിൽ ദുരൂഹതയുണ്ടെന്നും കൃത്യമായ വിവരം വെളിയിൽ വരുമെന്നും ഇത് കോടതിയെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്നും മന്ത്രി വ്യക്തമാക്കി.

 

ജിഎസ്ടിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 1100 കോടി രൂപയുടെ തട്ടിപ്പ് ഒരു സംഘം മാത്രം നടത്തിയെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. സാധാരണക്കാരുടെ പേരിൽ അവരറിയാതെ രജിസ്ട്രേഷൻ നടന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൊടുക്കൽ വാങ്ങൽ നടക്കുന്നത് തട്ടിപ്പുകാരുടെ അക്കൗണ്ട് വഴിയാണ്. പുനെ ഇന്റലിജൻസ് ആണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്.

 

മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും സിപിഎം നേതാവുമായ കെ. അനന്തഗോപനെതിരെ എ പത്മകുമാർ രംഗത്ത്. എല്ലാ കാലത്തും ദേവസ്വം മാനുവൽ നോക്കി ആണോ കാര്യങ്ങൾ ചെയ്തതെന്ന് എ പത്മകുമാർ ചോദിച്ചു. തന്‍റെ കാലത്ത് എന്തേലും നിയമ വിരുദ്ധമായി നടന്നോ എന്നും അന്വേഷിക്കണമെന്നും മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാർ ആവശ്യപ്പെട്ടു.

 

അധികാരത്തിൽ വരുമ്പോൾ ചെയ്യേണ്ട കാര്യങ്ങളാണ് പിണറായി വിജയൻ സർക്കാർ അവസാന സമയത്ത് ചെയ്യുന്നതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.സി എം വിത്ത് മീ നൽകുന്നത് ഇതുവരെ മുഖ്യൻ ഒപ്പമുണ്ടായിരുന്നില്ല എന്ന സന്ദേശമാണ്.എല്ലാം നിയന്ത്രിക്കുന്നത് ചില പിആർ ഗ്രൂപ്പുകളാണ്.ശബരിമലയുടെ ചരിത്രത്തിൽ ഇല്ലാത്ത കൊള്ളയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.ഒരുവശത്തു അയ്യപ്പ സംഗമം മറ്റൊരു വശത്തു കൊള്ള വലിയ മോഷണമാണ് ശബരിമലയിൽ നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

ചെടിച്ചട്ടി ഓഡർ നൽകാൻ പതിനായിരം കൈക്കൂലി വാങ്ങിയ കേരള സംസ്ഥാന കളിമൺ പാത്രനിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ കുട്ടമണി കെഎൻ അറസ്റ്റിൽ. തൃശ്ശൂർ വിജിലൻസിന്റെ ട്രാപ്പിലാണ് ചെയർമാൻ കുടുങ്ങിയത്. ചട്ടിയൊന്നിന് 3 രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്. വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ കൃഷി ഭവനിലേക്ക് കൊണ്ടുപോയ ചെടിച്ചട്ടിക്കാണ് കൈക്കൂലി വാങ്ങിയത്.

 

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസില്‍ റാപ്പര്‍ വേടനെതിരെ (ഹിരണ്‍ദാസ് മുരളി) കുറ്റപത്രം സമര്‍പ്പിച്ചു. കാക്കനാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. വനിതാ ഡോക്ടറുടെ പരാതിയിലാണ് നടപടി. വേടനെതിരെ വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനത്തിന് തെളിവുണ്ടെന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്.

 

പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കെതിരായ കൊലവിളി പ്രസം​ഗം നടത്തിയ ബിജെപി വക്താവ് പ്രിൻ്റു മഹാദേവനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രിൻ്റുവിൻ്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നും വ്യക്തിപരമായ വൈരാഗ്യം പാർട്ടിയുടെ നിലപാട് അല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വക്താവിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പാർട്ടി പിന്തുണ ഇല്ലെന്ന പ്രിൻ്റു മഹാദേവൻ്റെ പരാതിയെ കുറിച്ച് തനിക്ക് അറിയില്ല. പുറത്ത് വന്ന ചാറ്റുകളെ കുറിച്ച് അറിയില്ല. ചിലർ രസത്തിന് വേണ്ടി എന്തോ ചെയ്യുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

 

അന്തരിച്ച മുന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമവാർഷികത്തിൽ അദ്ദേഹത്തെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിന്റെ ചുവന്ന മണ്ണിൽ നിന്ന് പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിന്റെ നേതൃനിരയിൽ എത്തിയ സഖാവിന്റെ രാഷ്ട്രീയ ജീവിതം പാർടിക്കൂറും പ്രത്യയശാസ്ത്രബോധ്യവും സംഘടനാ ശേഷിയും ഒത്തുചേർന്നതായിരുന്നുവെന്ന് മുഖ്യമന്ത്രി ഓർമിച്ചു. സംഘടനാ രംഗത്ത് അചഞ്ചലനായ പോരാളിയും പ്രക്ഷോഭകാരിയുമായിരുന്നു കോടിയേരിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

 

കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ഓൺലൈൻ മാധ്യമപ്രവർത്തകൻ ഫെലിക്സ് ജെറാൾഡിന് ജാമ്യം. ചെന്നൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് ഫെലിക്സിന് ഉപാധികളോടെ ജാമ്യം നൽകിയത്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട വീഡിയോയുടെ പേരിൽ ആയിരുന്നു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ദുരന്തവുമായി ബന്ധപെട്ട് ജാഗ്രതയോടെ പ്രതികരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. യൂട്യൂബ് വീഡിയോയുടെ പേരിലാണ് ചെന്നൈ പൊലീസ് ഫെലിക്സ് ജെറാൾഡിനെ അറസ്റ്റ് ചെയ്‌തത്.

 

ഐ ലവ് മുഹമ്മദ് വിവാദത്തിന് പിന്നാലെ ഉത്തർപ്രദേശിലെ സഹാറൻപൂരിൽ കോൺഗ്രസ് എംപി ഇമ്രാൻ മസൂദിനെ ബുധനാഴ്ച വീട്ടുതടങ്കലിലാക്കി. ‘ഐ ലവ് മുഹമ്മദ്’ പോസ്റ്റർ വിവാദത്തെ തുടർന്ന് സംഘർഷം നിലനിൽക്കുന്ന ബറേലിയിലേക്ക് പാർട്ടി പ്രതിനിധി സംഘത്തെ നയിക്കാൻ തയ്യാറെടുക്കാനിരിക്കെയായിരുന്നു തടങ്കൽ.

 

ബീഹാർ എസ് ഐ ആറിൽ സുപ്രീംകോടതിയുടെ ഇടപെടലിൽ പ്രതികരിച്ച് പ്രതിപക്ഷം. വോട്ടുകൾ കൂട്ടമായി ഒഴിവാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുഷ്ടലാക്ക് നടപ്പായില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ. സുപ്രീംകോടതി ഇടപെടൽ നിർണായകമായെന്നും പ്രതികരണം. വോട്ട് അധികാര യാത്രയും വോട്ട് ചോരി ആരോപണവും ജനങ്ങളെ ബോധവൽക്കരിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. പട്ടിക പരിശോധിച്ചു തുടർനടപടികൾ സുപ്രീംകോടതി തീരുമാനിക്കും.

 

ലഡാക്ക് സംഘര്‍ഷത്തില്‍ രൂക്ഷ വിമർശനവുമായി ലഡാക്ക് എം പി മൊഹമ്മദ് ഹനീഫ. വെടിവെപ്പിൽ സർക്കാർ ജൂഡീഷ്യൽ അന്വേഷണത്തിന് തയ്യാറാകണമെന്നും നേരിട്ട് യുവാക്കൾക്ക് നേരെ പൊലീസ് വെടിവെച്ചു എന്നും എംപി പറഞ്ഞു. കേന്ദ്രവുമായി നിലവിൽ ചർച്ച നടത്തിയിട്ട് കാര്യമില്ല. തൊഴിൽ ലഭിക്കാത്ത യുവാക്കളുടെ പ്രതിഷേധമാണ് നടന്നത്. ലഡാക്കിലെ ജനങ്ങളെ ദേശ ദ്രോഹികളാക്കാനാണ് കേന്ദ്രശ്രമം എന്നും അദ്ദേഹം പറഞ്ഞു.

 

മധ്യ ഫിലിപ്പീൻസിൽ റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 31 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ബോഗോയിലാണ് ഭൂചലനം കൂടുതൽ ബാധിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. മണ്ണിടിച്ചിലിലും പാറക്കെട്ടുകൾ തകർന്നു നിരവധി വീടുകൾ അടിയിലായി. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് അധികൃതർ അറിയിച്ചു.

 

സർക്കാർ ചിലവുകൾക്കുള്ള ധന അനുമതി പാസാക്കാനാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടലിലേക്ക്. ഇതോടെ അമേരിക്കയിലെ എല്ലാ സർക്കാർ വകുപ്പുകളും സ്തംഭിക്കും. പ്രവർത്തിക്കുക അവശ്യ സർവീസുകൾ മാത്രം. 5 ലക്ഷത്തോളം പേരെ ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. ധന അനുമതി പാസാക്കാനാകാതെ വന്നതോടെ ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിൽ പോകും.

 

ആ‍ർഎസ്എസിന്റെ നൂറാം വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ അംബേദ്കർ ഇന്‍റർനാഷണൽ സെന്‍ററിൽ നടന്ന ചടങ്ങിലാണ് മോദി പങ്കെടുത്തത്. രാജ്യത്തെ ജനങ്ങൾക്ക് നവരാത്രി ആശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷം കാണാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസ് സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്ക് വേണ്ടിയും പ്രവർത്തിച്ചു. ആർഎസ്എസിന്റെ യാത്ര ത്യാഗത്തിന്‍റേയും സേവനത്തിന്‍റേയും ആണെന്നും അദ്ദേഹം പറഞ്ഞു.

 

ബെംഗളൂരുവിൽ 20 വയസ്സുള്ള കോളേജ് വിദ്യാർത്ഥി റോഡപകടത്തിൽ മരിച്ചതിന് കാരണം കുഴികളാണെന്ന ബിജെപിയുടെ ആരോപണം കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ചൊവ്വാഴ്ച നിഷേധിച്ചു. വടക്കൻ ബെംഗളൂരുവിലെ അവലഹള്ളി പ്രദേശത്തെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ടിപ്പർ ലോറിയുടെ ചക്രങ്ങൾക്കടിയിൽപ്പെട്ടാണ് അവസാന വർഷ ബി-കോം വിദ്യാർത്ഥിനിയായ ധനുശ്രീ മരിച്ചതെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാൽ ആരോപണം തെറ്റാണെന്നും ബിജെപി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ശിവകുമാർ പറഞ്ഞു.

 

ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന ഉത്തർപ്രദേശിലെ മുൻ മന്ത്രിയും സമാജ്‌വാദി പാർട്ടി (എസ്.പി.) നേതാവുമായ ഗായത്രി പ്രജാപതിയെ ലഖ്‌നൗ ജയിലിനുള്ളിൽ വെച്ച് സഹതടവുകാരൻ ആക്രമിച്ചു. പരിക്കേറ്റ പ്രജാപതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിലേഷ് യാദവ് സർക്കാരിൽ കാബിനറ്റ് മന്ത്രിയായിരുന്നു പ്രജാപതിയെ, ബലാത്സംഗ കുറ്റം ചുമത്തി 2017-ലാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

 

ഗാസയുടെ പുനർനിർമ്മാണത്തിൽ ഇന്ത്യക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡറായ … റൂവൻ അസർ. ഗാസ സമാധാന പദ്ധതിയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച റൂവൻ സമാധാനം, വികസനം, ഭീകരവാദത്തിനും ഭീകരവാദനിലപാടുകൾക്കും എതിരായ പോരാട്ടം തുടങ്ങിയ മൂല്യങ്ങളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും പറഞ്ഞു.

 

ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മയും ഇവന്റ് മാനേജര്‍ ശ്യാംകനു മഹന്തയും അറസ്റ്റിലായി. ഡല്‍ഹിയില്‍ നിന്ന് അറസ്റ്റിലായ ഇരുവരേയും ഗുവാഹാട്ടിയിലേക്ക് കൊണ്ടുവരുമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

ചെന്നൈ വിമാനത്താവളത്തിൽ കോടികളുടെ ലഹരിമരുന്നുമായി ബോളിവുഡ് നടൻ അറസ്റ്റിൽ. 3.5 കിലോഗ്രാം കൊക്കെയ്നുമായാണ് യുവനടൻ അറസ്റ്റിലായത്. 35 കോടി വിലവരുന്ന കൊക്കെയ്നാണ് പിടിയിലായത്. ചെന്നൈ കസ്റ്റംസും ഡിആ‍ർഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. കരൺ ജോഹറിന്റെ ഹിറ്റ് ചിത്രമായ സ്റ്റുഡന്റ് ഓഫ് ദി ഇയറിൽ അഭിനയിച്ചിട്ടുള്ള നടനാണ് അറസ്റ്റിലായിട്ടുള്ളത്. ഞായറാഴ്ച പുലർച്ചെയാണ് യുവനടൻ അറസ്റ്റിലായത്.

 

ഫാർമസ്യൂട്ടിക്കൽ ഭീമനായ ഫൈസറുമായി സുപ്രധാന കരാർ ഒപ്പുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിൽ ചില മരുന്നുകളുടെ വില ഗണ്യമായി കുറയ്ക്കും. കൂടാതെ, മരുന്നുകൾ ഉപഭോക്താക്കൾക്ക് നേരിട്ട് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതിനായി ഒരു പുതിയ സർക്കാർ വെബ്സൈറ്റും ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

 

ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ സമാധാന കരാറിന് മധ്യസ്ഥത വഹിച്ചുവെന്ന തൻ്റെ അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം തുടരാനനുവദിക്കാത്തതിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചതിന് പാക് സൈനിക മധാവി തന്നെ അഭിനന്ദിച്ചതായും ട്രംപ് പറഞ്ഞു. പാക് ഭരണകൂട നേതൃത്വവുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയിലാണ് അസിം മുനീർ തന്നെക്കുറിച്ച് നല്ല വാക്കുകൾ പറഞ്ഞതെന്നും ട്രംപ് വ്യക്തമാക്കി.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *