ഓഗസ്റ്റ് 14 ന് വിഭജന ഭീതിദിനം ആചരിക്കണമെന്ന വിവാദ സർക്കുലറുമായി കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വൈസ് ചാൻസലർമാർക്കാണ് സർക്കുലർ അയച്ചത്. ഇതാദ്യമായാണ് ഗവർണറുടെ ഓഫീസ് ഇത്തരത്തിലൊരു നിർദേശം കേരളത്തിലെ സർവകലാശാലകൾക്ക് നൽകുന്നത്.ഇത് ആർഎസ്എസിന്‍റെ പരിപാടിയാണ്, ഒരു തരത്തിലും അംഗീകരിക്കില്ല എന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം. ഇങ്ങനെയൊരു ദിനം ആചരിക്കാൻ സർക്കുലർ അയക്കാൻ ഗവർണർക്ക് എന്ത് അധികാരമെന്നും അദ്ദേഹം ചോദിച്ചു.
ഓണ്‍ലൈൻ വഴിയുള്ള മദ്യവിൽപ്പനയിൽ സര്‍ക്കാര്‍ നിലപാട് എതിരാണെങ്കിലും വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിന് അനുമതി തേടി ബെവ്കോ. ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളിൽ ഇന്‍സ്റ്റന്‍റ് ബിയര്‍ വിൽക്കാൻ അനുമതി തേടി ബെവ്കോ വിശദമായ ശുപാര്‍ശ നൽകി.
വർക്കലയിൽ മദ്യപിച്ചെത്തി സീനിയർ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസറെ അറസ്റ്റ് ചെയ്തു. പ്രിവന്റിവ് ഓഫീസർ ജെസീൻ ആണ് അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ സൂര്യനാരായണന്‍റെ പരാതിയിലാണ് നടപടി. ജസീന്‍ മദ്യലഹരിയിൽ ആയിരുന്നുവെന്ന് വര്‍ക്കല പൊലീസ് പറഞ്ഞു.
അനർഹമായ നൂറുകണക്കിന് വോട്ടുകൾ ബിജെപി തൃശൂരിൽ ചേർത്തു എന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവരുന്നുവെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. ചേലക്കര മണ്ഡലത്തിലെയും മറ്റിങ്ങളിലേയും വോട്ടർമാരെ ഇവിടെ കൊണ്ടുവന്നു ചേർത്തുവെന്ന് സുനിൽ കുമാർ പറഞ്ഞു. അനർഹമായ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും സുനിൽ കുമാർ പറഞ്ഞു.
തൃശൂരിലെ വ്യാജ വോട്ട് ആരോപണം സ്ഥിരീകരിക്കുന്ന വിവരങ്ങൾ പങ്കുവെച്ച് തൃശൂർ സ്വദേശി പ്രസന്ന അശോക്. ഫ്ലാറ്റിൻ്റെ വിലാസത്തിൽ വോട്ടുകൾ ചേർത്തെന്ന് പ്രസന്ന അശോക് പറഞ്ഞു. പൂങ്കുന്നം ക്യാപ്പിറ്റൽ വില്ലേജിൽ 4 സിയിലാണ് പ്രസന്നയും കുടുംബവും താമസിക്കുന്നത്. വോട്ട് ക്രമക്കേടെന്ന ആരോപണം ശക്തമാവുന്ന സാഹചര്യത്തിലാണ് ഫ്ലാറ്റിലെ സ്ഥിരം താമസക്കാരിയുടെ വെളിപ്പെടുത്തൽ.വോട്ടെടുപ്പിന് ശേഷം കളക്ടർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും പ്രസന്ന അശോക് പ്രതികരിച്ചു.
ബലാത്സംഗ കേസിൽ റാപ്പര്‍ വേടനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിൽ ഉള്‍പ്പെട്ട റാപ്പര്‍ വേടൻ അറസ്റ്റ് ഒഴിവാക്കുന്നതിനായി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇതോടെ വിമാനത്താവളം വഴിയടക്കം വേടൻ യാത്ര ചെയ്യാൻ ശ്രമിച്ചാൽ ലുക്ക്ഔട്ട് നോട്ടീസ് പ്രകാരം കസ്റ്റഡിയിലെടുക്കാനാകും.
തൃശൂര്‍ എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന് പറഞ്ഞാൽ അത് ഗൗരവമുള്ള കാര്യമാണെന്നും സുരേഷ് ഗോപി ബിജെപിയിൽ നിന്ന് രാജിവെച്ചോയെന്നും വി ശിവൻകുട്ടി ചോദിച്ചു. എന്തോ ഒരു കള്ളക്കളിയുള്ളതുകൊണ്ടാണ് ഇങ്ങനെ ഒളിക്കുന്നതെന്നും വി ശിവൻകുട്ടി പറഞ്ഞു. തൃശൂരിലെ കള്ളവോട്ട് ആക്ഷേപം പേടിച്ചാകും ഒളിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.
പിന്നിൽ നിന്ന് കുത്തുമെന്ന് കരുതിയില്ലെന്നും ലോകം മുഴുവൻ തന്നെ കള്ളനായി ചിത്രീകരിച്ചെന്നും ഡോ. ഹാരിസ് ചിറക്കൽ. തന്നെ അറിയാവുന്നവര്‍ സഹായിച്ചില്ലെന്നും ഒന്നോ രണ്ടോ ആളുകള്‍ കൂടെ നിന്നില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു. തന്നോട് ചോദിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാമായിരുന്നുവെന്നും ചികിത്സയിൽ കഴിയുന്നതിനിടെ തെറ്റായ റിപ്പോര്‍ട്ടുകള്‍ നൽകിയെന്നും പ്രിന്‍സിപ്പലിന്‍റെയും സൂപ്രണ്ടിന്‍റെയും വാര്‍ത്താസമ്മേളനം തന്നെ ഞെട്ടിച്ചുവെന്നും ഹാരിസ് പറഞ്ഞു. ആര്‍ക്കെതിരെയും ഒരു പരാതിയുമായി മുന്നോട്ടില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു.
ഡോ. ഹാരിസിനെ കുടുക്കാൻ ശ്രമിച്ചതിൽ എതിര്‍പ്പുമായി കെജിഎംസിടിഎ. സംഘടനയുടെ തിരുവനന്തപുരം യൂണിറ്റിന്‍റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഡിഎംഇ, സൂപ്രണ്ട്, പ്രിന്‍സിപ്പൽ എന്നിവരെയടക്കം ഒഴിവാക്കി. ഡോ. ഹാരിസിനെ കുടുക്കാൻ ശ്രമിച്ചതിൽ മൂന്നുപേര്‍ക്കുമെതിരായ അതൃപ്തിയാണ് നീക്കത്തിന് പിന്നിലെന്നാണ് വിവരം.
ആലുവയിൽ ഉത്തരേന്ത്യൻ മോഡൽ ആക്രമണം. ട്രെയിൻ യാത്രക്കാരെ വടികൊണ്ട് അടിച്ച് മൊബൈൽ ഫോണടക്കം തട്ടിപ്പറിയ്ക്കുന്ന ആറംഗ സംഘത്തെ റെയില്‍വെ പൊലീസ് പിടികൂടി. ആലുവ, പെരുമ്പാവൂര്‍, മലപ്പുറം സ്വദേശികളെയാണ് റെയില്‍വെ പൊലീസ് പിടികൂടിയത്. റെയിൽവേ സ്റ്റേഷൻ അടുത്ത് ട്രെയിനിന്‍റെ വേഗം കുറയുമ്പോൾ വാതിലിന് അടുത്തു നിൽക്കുന്നവരെ വടികൊണ്ട് അടിക്കലായിരുന്നു ഇവരുടെ ആക്രമണത്തിന്‍റെ രീതി.
മദ്യത്തിന്റെ ഡോർ ഡെലിവറി ശുപാർശ അംഗീകരിക്കില്ലെന്ന് സർക്കാർ. ബെവ്കോ ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് സർക്കാർ തലത്തിൽ ധാരണയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് വർഷത്തിൽ വിവാദം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. വീട്ടിലേക്ക് മദ്യം എത്തുന്നതിൽ ബാർ ഉടമകളും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
തടമ്പാട്ടുത്താഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൃത്യം നടന്നതിന് ശേഷം വഴിയിലൂടെ നടന്നു പോകുന്ന സഹോദരൻ പ്രമോദിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷമുള്ള ദൃശ്യമാണിതെന്നാണ് സൂചന. നാടിനെ നടക്കിയ ക്രൂര കൊലപാതകങ്ങൾ നടന്ന് രണ്ട് ദിവസമായിട്ടും പ്രമോദിനെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായി ഇന്നലെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.
കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തിൽ സോനയുടെ സുഹൃത്ത് റമീസ് പൊലീസ് കസ്റ്റഡിയിൽ. റമീസിനെ കോതമംഗലം പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അൽപ്പസമയം മുമ്പാണ് റമീസിനെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ മരണത്തിന് കാരണം റമീസിൻ്റെ പീഡനങ്ങളാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്.
കോതമംഗലത്ത് ടിടിസി വിദ്യാർത്ഥിനി സോന ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സോന കാര്യങ്ങളൊന്നും വീട്ടിൽ പറഞ്ഞിരുന്നില്ലെന്നും അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നെന്നും സഹോദരൻ ബേസിൽ എൽദോസ്.കഴിഞ്ഞ ശനിയാഴ്ചയാണ് സോനയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആണ്‍സുഹൃത്ത് റമീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യ കുറിപ്പിലുള്ളത്.
തിരുവനന്തപുരം – ദില്ലി എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കിയ സംഭവത്തിൽ ഒഴിവായത് വൻ ദുരന്തമെന്ന് എംപിമാർ. ഇത് രണ്ടാം ജന്മമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. പൈലറ്റിന്‍റെ മനസാന്നിധ്യം ആണ് രക്ഷയായതെന്നും എംപി പറഞ്ഞു. തന്നെ സംബന്ധിച്ച് ഇത് മൂന്നാം ജന്മമാണെന്നാണ് അടൂർ പ്രകാശ് എംപിയുടെ പ്രതികരണം.
തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്ക് പറന്ന എയർ ഇന്ത്യ 2455 വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയതിൽ കൂടുതൽ വിശദീകരണവുമായി എയര്‍ ഇന്ത്യ. റണ്‍വേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്നും റൺവെയുടെ വശത്ത് എന്തോ പാഴ് വസ്തു ഉണ്ടെന്ന് തൊട്ടുമുൻപുണ്ടായിരുന്ന വിമാനത്തിലെ പൈലറ്റ് എടിസിയെ അറിയിച്ചിരുന്നുവെന്നും അതിനാൽ ദില്ലിയിലേക്കുള്ള വിമാനത്തിന് ഗോ എറൗണ്ട് നിര്‍ദേശം നൽകുകയായിരുന്നുവെന്നും എയര്‍ ഇന്ത്യ വിശദീകരിച്ചു.
അമ്മൂമ്മയുടെ ആൺസുഹൃത്ത് നിർബന്ധിച്ച് ലഹരി നൽകിയെന്ന പരാതിയിൽ മൊഴിമാറ്റി പതിനാല് വയസുകാരൻ. തന്നെ മദ്യമോ കഞ്ചാവോ ഉപയോഗിക്കാൻ ആരും നിർബന്ധിച്ചിട്ടില്ലെന്ന് പതിനാലുകാരൻ പറഞ്ഞു. ഇതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശി പ്രവീണിനെ പൊലീസ് വിട്ടയച്ചു. അതേസമയം, മൊഴി മാറ്റിയതിന് പിന്നിൽ കുടുംബപ്രശ്നങ്ങളാകാം കാരണങ്ങളെന്ന് പൊലീസ് പറയുന്നു.
ഷാർജയിലെ അതുല്യയുടെ മരണത്തിൽ കൂടുതൽ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം. അതുല്യയുടെ അമ്മയുടെ വിശദമായ മൊഴിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അമ്മ തുളസീഭായിയുടെ പരാതിയിലാണ് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. കൊലക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാൽ പ്രതി സതീഷിന് കോടതി ഇടക്കാല മുൻകൂർ ജാമ്യം നൽകിയിരുന്നു. കൊലപാതക പരാതി ഉന്നയിക്കാനുള്ള കാരണം ക്രൈം ബ്രാഞ്ച് പരിശോധിക്കും.
നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനിൽക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. അങ്ങനെയുള്ള കുറ്റമൊന്നും അവർ ചെയ്തിട്ടില്ല. സമ്പത്തിനുവേണ്ടി അവർ അങ്ങനെ ചെയ്യുമെന്ന് സമൂഹം വിശ്വസിക്കുന്നില്ലെന്നും മന്ത്രി ആലപ്പുഴയിൽ പറഞ്ഞു.
വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷം. ബിഹാർ വോട്ടർ പട്ടികയിൽ ക്രമേക്കേട് ആരോപിച്ചാണ് മാർച്ച്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാർച്ചിൽ പങ്കെടുത്തു. പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ബാരിക്കേഡ് ചാടിക്കടക്കാൻ എംപിമാർ ശ്രമിച്ചു
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ആനന്ദ് ശർമ എ ഐ സി സിയുടെ വിദേശകാര്യ വിഭാഗത്തിന്റെ ചെയർമാൻ സ്ഥാനത്ത് നിന്നും രാജിവച്ചു. പ്രവർത്തക സമിതി അംഗമായി അദ്ദേഹം തുടരും. വിദേശകാര്യ വിഭാഗം കമ്മിറ്റി പുനസംഘടിപ്പിക്കാനും പുതുമുഖങ്ങളെ കൊണ്ടുവരാനുമാണ് രാജിയെന്നാണ് ആനന്ദ് ശർമ്മയുടെ വിശദീകരണം.
ഗാസയിൽ സൈനിക നടപടി വ്യാപിപ്പിക്കാനുള്ള ഇസ്രായേൽ സർക്കാരിന്റെ പദ്ധതിയെ എതിർത്ത് ആയിരക്കണക്കിന് പ്രതിഷേധക്കാർ തലസ്ഥാനമായ ടെല്‍ അവീവില്‍ തെരുവിലിറങ്ങി. ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അഞ്ച് തത്വങ്ങൾ അംഗീകരിക്കുകയും ഗാസ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഗാസയിൽ ബന്ദികളാക്കപ്പെട്ട 50 പേരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവര്‍ പ്രതിഷേധത്തില്‍ അണിനിരന്നു. മുന്‍ സൈനികരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
ഓൺലൈൻ ഗെയിമിൽ നഷ്ടമായത് ലക്ഷങ്ങൾ. കടമെടുത്ത പണം തിരികെ നൽകാനില്ല. വീട്ടിലെ ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് വായിലേക്ക് തുറന്ന് വിട്ട് 35കാരനായ സർക്കാർ ജീവനക്കാരൻ ജീവനൊടുക്കി. മധ്യപ്രദേശിലെ ഹാർധയിലാണ് സംഭവം. 35കാരനായ ലക്ഷ്മിനാരായണൻ കേവാത് ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം.
ഇന്ത്യൻ സൈനികരുടെ ധീരതയുടെയും അർപ്പണ ബോധത്തിന്റെയും പ്രതീകമായിരുന്ന വ്യോമസേന ക്യാപ്റ്റൻ ഡി.കെ. പരുൽക്കർ (82) അന്തരിച്ചു. മഹാരാഷ്ട്രയിലെ പുണെയിലാണ് അന്ത്യം.
ഇന്ത്യൻ വ്യോമസേന കൂടുതൽ റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നു. ഫ്രാൻസിൽ നിന്ന് കൂടുതൽ റഫാൽ വിമാനങ്ങൾ വേണമെന്ന് വ്യോമസേന കേന്ദ്ര സർക്കാരിന് ശുപാർശ നൽകി. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സേന നിർദ്ദേശം മുന്നോട്ട് വെച്ചത്.
വോട്ടർ പട്ടികയിലെ തിരിമറിയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളുന്നയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ നീക്കം ഇലക്ഷൻ കമ്മീഷൻ ശക്തമാക്കുന്നു. സത്യവാങ്മൂലം നൽകിയില്ലെങ്കിൽ ആരോപണങ്ങളിൽ മാപ്പ് പറയണമെന്നാണ് കമ്മീഷൻ മുന്നോട്ട് വെക്കുന്ന ആവശ്യം. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ രാഹുൽ ഗാന്ധി സാക്ഷ്യപത്രം നല്കില്ലെന്നാണ് കോൺഗ്രസ് വ്യത്തങ്ങൾ നൽകുന്ന വിശദീകരണം.
പടിഞ്ഞാറൻ തുർക്കിയിലെ സിന്ദിർഗിയിൽ ഞായറാഴ്ച 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി തുർക്കി ദുരന്ത നിവാരണ ഏജൻസി (AFAD) അറിയിച്ചു. ഇസ്താംബൂളും വിനോദസഞ്ചാര കേന്ദ്രമായ ഇസ്മിറും ഉൾപ്പെടെ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള നിരവധി നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി ആളുകൾ പറഞ്ഞു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നെങ്കിലും മരണങ്ങളോ അപകടങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഗാസയിൽ മാധ്യമപ്രവർത്തകർക്ക് നേരെ ഇസ്രയേൽ ആക്രമണം. അൽ ജസീറയുടെ റിപ്പോർട്ടറും ക്യാമറാമാനും അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. റിപ്പോർട്ടർമാരായ അനസ് അൽ ഷെറിഫ്, മുഹമ്മദ് ഖ്റേയ്ഖ്, ക്യാമറാമാൻമാരായ ഇബ്രാഹിം സഹെർ, മൊഅമെൻ അലിവ, മുഹമ്മദ് നൗഫൽ എന്നിവരാണ് കൊല്ലപ്പെട്ടത്. അൽ ഷിഫാ ആശുപത്രി ഗേറ്റിന് സമീപം ഇവർ കഴിഞ്ഞിരുന്ന ടെന്‍റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഗാസയുടെ നേർചിത്രം ലോകത്തിന് കാട്ടിക്കൊടുത്ത യുവ മാധ്യമ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ന്യൂഡല്‍ഹിയിലുടനീളം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി വിവിധ സുരക്ഷാ ഏജന്‍സികള്‍. ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിവരങ്ങളെത്തുടര്‍ന്നാണിത്. ഏപ്രിലില്‍ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനും മേയ് മാസത്തില്‍ നടന്ന പ്രതികാര നടപടിയായ ഓപ്പറേഷന്‍ സിന്ദൂറിനുംശേഷം നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷമായതിനാല്‍ സുരക്ഷാഭീഷണി കൂടുതലാണെന്നും ശക്തമായ മുന്‍കരുതലെടുക്കണമെന്നും കേന്ദ്ര ഏജന്‍സികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വിശദമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വീടില്ലാതെ വാഷിങ്ടണ്‍ ഡിസിയിലെ തെരുവുകളില്‍ കഴിയുന്നവരോട് ഉടന്‍ തന്നെ പ്രദേശം വിടാന്‍ ഉത്തരവിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത്‌സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. വീടില്ലാത്തവര്‍ ഉടന്‍ തന്നെ വാഷിങ്ടണ്‍ ഡിസി വിടണമെന്നും നിങ്ങള്‍ക്ക് തലസ്ഥാനനഗരത്തില്‍ നിന്ന് മാറിയൊരു സ്ഥലം താമസത്തിനായി നല്‍കാമെന്നും ട്രംപ് ട്രൂത്ത്‌സോഷ്യലില്‍ കുറിച്ചു.
യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യയ്‌ക്കെതിരേ ആണവ ഭീഷണിയുമായി പാകിസ്താന്‍ സൈനിക മേധാവി അസിം മുനീര്‍. പാകിസ്താന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തിയാല്‍ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിയിടാന്‍ മടിക്കില്ലെന്നും മുനീര്‍ ഭീഷണി ഉയര്‍ത്തി.
ബി.പി.സി.എല്‍ എൽപിജി ബോട്ടിലിങ് പ്ലാന്റിൽ ലോറി ജീവനക്കാരുടെ സമരം. മംഗലപുരം, കോയമ്പത്തൂർ പ്ലാന്റുകളിൽ നിന്നും എൽപിജി ലോഡുകൾ ഇറക്കുകയും ഇതോടെ എറണാകുളത്തെ പ്ലാന്റിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്നുവെന്നും ആരോപിച്ചാണ് സമരം.