കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെർമിനൽ കൊൽക്കത്തയിൽ നിന്നും ഓൺലൈനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.2 കിലോമീറ്റർ ദൂരമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായത്. ഉദ്ഘാടനശേഷം തൃപ്പൂണിത്തുറയിൽ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവയിലേക്ക് പുറപ്പെട്ടു.
സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് കേരള ഗവ. നഴ്സസ് യൂണിയനും, സ്പീക്കർ ഇടപെടണമെന്നും അതല്ലെങ്കിൽ ജോലി ബഹിഷ്കരിക്കേണ്ടിവരുമെന്ന് നിയമസഭാ ജീവനക്കാരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രഷറിയിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണത്തിന് ഒപ്പം ശമ്പള വിതരണവും ഇപ്പോഴും ഭാഗികമായാണ് നടക്കുന്നത്.
കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ അബ്രഹാo മരണപ്പെട്ടതിൽ പ്രതിഷേധിച്ച് കൂരാച്ചുണ്ട് പഞ്ചായത്തിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ ഹർത്താലിന് ആഹ്വാനം ചെയ്തു. അതിരപ്പിള്ളിയില്‍ കാട്ടാന ചവിട്ടിക്കൊന്ന വത്സയുടെ മൃതദേഹം ചാലക്കുടി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വത്സയോടുള്ള ആദരസൂചകമായി അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം ഇന്ന് അടച്ചിടും. മേഖലയില്‍ കരിദിനവും ആചരിക്കും.
കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയിൽ കേരളം സമർപ്പിച്ച ഹർജിയിൽ, കേരളത്തിന് 13600 കോടി കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കി. 15000 കോടി കൂടി വേണ്ടി വരുമെന്ന് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബൽ വാദിച്ചു. ബാക്കി തുകയ്ക്ക് കേന്ദ്രവും കേരളവും തമ്മിൽ ചർച്ച ചെയ്തു തീരുമാനത്തിലെത്താൻ സുപ്രീം കോടതി നിർദ്ദേശം നല്‍കി. കടമെടുപ്പ് പരിധിയിൽ സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു, എങ്കിലും കേരളത്തിന്‍റെ ഹർജിയിലെ എല്ലാ ആവശ്യങ്ങളും തീർപ്പാക്കാൻ സമയം എടുക്കുമെന്ന് കോടതി വ്യക്തമാക്കി.
നവകേരള സദസ്സ് നടത്തിയതിന്റെ വകയിൽ കോടികളുടെ ബില്ല് പാസാക്കി തുക അനുവദിച്ച് സംസ്ഥാന സർക്കാർ. നവകരേള സദസിനായി മുഖ്യമന്ത്രിയുടെ പടം വച്ച് 25.40 ലക്ഷം പോസ്റ്ററാണ് അടിച്ചത്. ഇതിനായി സി ആപ്റ്റിന് 9.16 കോടി അനുവദിച്ചു. ക്വട്ടേഷൻ വിളിക്കാതെയാണ് പിആർഡി കരാർ സി ആപ്റ്റിന് നല്‍കിയത്. കർഷകർക്ക് സബ്സിഡി ഇനത്തിൽ കോടിക്കണക്കിന് രൂപ കുടിശ്ശിക നൽകാൻ ഉള്ളപ്പോൾ മുഖ്യമന്ത്രിയുടെ കാർഷിക മേഖലയിലെ മുഖാമുഖം പരിപാടിക്ക് 33 ലക്ഷം രൂപയും അനുവദിച്ചു നൽകി.
വാഹൻ സോഫ്റ്റ്‌വെയറിൽ എല്ലാ വാഹന ഉടമകളും ആധാറുമായി ബന്ധിപ്പിച്ച ഫോൺനമ്പറും,പേരും നിർബന്ധമായും അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോർ വെഹിക്കിള്‍ ഡിപാർട്മെന്‍റ്. ഫോൺ നമ്പറും പേരും അപ്ഡേറ്റ് ചെയ്താൽ മാത്രമേ വാഹന സംബന്ധമായ സർവ്വീസിനും, ടാക്സ് , പിഴ എന്നിവ അടയ്ക്കാനും സാധിക്കുകയുള്ളൂവെന്നും എംവിഡി മുന്നറിയിപ്പ് നൽകുന്നു.
സംസ്ഥാനത്ത് ഇനിമുതൽ വീര്യം കുറഞ്ഞ മദ്യം നികുതി കുറച്ച് വിൽക്കാൻ അനുമതി നൽകാൻ ആലോചന. സർക്കാർ മദ്യം ഉൽപാദകരുടെ ആവശ്യം അംഗീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഈ ആവശ്യത്തെ ശക്തമായി എതിർത്ത നികുതി കമ്മീഷണർ ഇപ്പോൾ അവധിയിൽ പ്രവേശിച്ചു. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ ഉൽപ്പാദനം കൂട്ടാൻ നികുതി കുറയ്ക്കണമെന്നാണ് മദ്യ ഉല്‍പാദകരുടെ ആവശ്യം.
‘ഓപ്പറേഷൻ ഓവര്‍ലോഡ്’ പരിപാടി വീണ്ടും ആരംഭിച്ച് വിജിലൻസ്. അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പിടികൂടാൻ വേണ്ടി ‘ഓപ്പറേഷൻ ഓവര്‍ലോഡ്’ മിന്നൽ പരിശോധനയിലൂടെ വിജിലൻസ് ആണ് നടത്തുന്നത്. രൂപമാറ്റം വരുത്തി വാഹനങ്ങൾ ഓവർ ലോഡ് കയറ്റുന്നതും പ്രത്യേകo പരിശോധിക്കും.സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് തീരുമാനം.
ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെങ്കിൽ രാജിവെച്ച് ഇറങ്ങിപോകണമെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റമജിയോസ് ഇഞ്ചനാനിയിൽ . ഇന്നത്തെ ദീപിക ദിനപത്രത്തിലെ ലേഖനത്തിലാണ് ബിഷപ്പ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാരിന്‍റെ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും ബിഷപ്പ് പറഞ്ഞു.
പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥ് മരിച്ചത് അധികൃതർ അറിയും മുമ്പേ, കോളേജിൽ ആംബുലൻസ് എത്തി. പോലീസ് സ്റ്റേഷനിൽ നിന്ന് അനുവാദം ലഭിച്ചു എന്നാണ് ആംബുലൻസുകാർ പറഞ്ഞത്. എന്നാൽ വൈകിട്ട് നാലരയോടെയാണ് പോലീസ് സ്റ്റേഷനിൽ സിദ്ധാർത്ഥന്റെ മരണ വിവരം അറിയുന്നത്.സിദ്ധാർത്ഥൻ കുളിമുറിയിൽ പോയി സ്വയം കെട്ടിത്തൂങ്ങുമോ എന്ന സംശയം മരണത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു. കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്‍റെ മരണത്തെ തുടർന്ന് കോളേജ് ഹോസ്റ്റലിൽ പുതിയ മാറ്റങ്ങള്‍. ഒരു അസിസ്റ്റന്‍റ് വാർഡന് ഹോസ്റ്റലിന്‍റെ മുഴുവൻ ചുമതലയും നല്‍കും, ഹോസ്റ്റലില്‍ സിസിടിവി ക്യാമറ സ്ഥാപിക്കും. മൂന്ന് നിലകൾ ഉള്ള ഹോസ്റ്റലിൽ ഓരോ നിലയിലും ഓരോ ചുമതലക്കാർ ഉണ്ടാവും. കൂടാതെ വര്‍ഷം തോറും ചുമതലക്കാരെ മാറ്റാനും തീരുമാനമായിട്ടുണ്ട്.
ശബരിമലയിൽ അരവണയില്‍ ചേര്‍ക്കുന്ന ഏലയ്ക്കയില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് അരവണ വില്‍പന തടഞ്ഞുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതായിരുന്നില്ലെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ അപ്പീൽ സുപ്രീംകോടതി അനുവദിക്കുകയും ചെയ്തു.
അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ.നവകേരള സദസ്സിന്‍റെ മുഖാമുഖം പരിപാടിയിൽ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ വളരെ നല്ല പ്രസംഗം കാഴ്ച വെച്ചതിന് നന്ദി സര്‍ എന്ന് അവതാരക പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ മുഖ്യമന്ത്രി മൈക്കിലൂടെ തന്നെ നീരസം പ്രകടിപ്പിച്ചു. ‘അല്ല, അമ്മാതിരി കമന്‍റ് വേണ്ട കേട്ടോ, നിങ്ങള് അടുത്തയാളെ വിളിച്ചാ മതി’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം.
തിരുവനന്തപുരം നെടുമുടിയിൽ എസ്എസ്എൽസി പരീക്ഷാ ഡ്യട്ടിക്കെത്തിയ രണ്ട് അധ്യാപകരുടെ ഫോണുകൾ പിടിച്ചെടുത്തു. എസ്.എസ്.എൽ.സി പരീക്ഷ ഡ്യൂട്ടിക്ക് പോകുന്ന അധ്യാപകർ മൊബൈൽ ഫോണുകൾ കൊണ്ടുപോകാൻ പാടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.ചോദ്യപ്പേപ്പർ ചോർച്ച തടയാനും പരീക്ഷ ഏറ്റവും സുതാര്യമായി നടക്കാനും,പരീക്ഷാ ഹാളിനകത്ത് മൊബൈൽ ഫോൺ, ബ്ലൂടൂത്ത് തുടങ്ങിയ സാങ്കേതിക ഉപകരണങ്ങൾക്ക് വിലക്കുണ്ട്. ഇത് ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫോണുകൾ പിടിച്ചെടുത്തത്.
വിവാദ ആള്‍ദൈവമായി പ്രശസ്തനായ സന്തോഷ് മാധവൻ മരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ, സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സാമ്പത്തിക തട്ടിപ്പ് കേസിലും സ്ത്രീ പീഡന കേസിലും പ്രതിയായി ശിക്ഷ അനുഭവിച്ചയാളാണ് സന്തോഷ് മാധവൻ.
പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ കൊലപാതകത്തില്‍ നടപടിയാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രെസ്സ്, മഹിളാ കോണ്‍ഗ്രസ്, എം.എസ്.എഫ്, ആം ആദ്മി പാര്‍ട്ടി പ്രവർത്തകർ നടത്തിയ മാര്‍ച്ചുകളില്‍ സംഘര്‍ഷം. ജുഡീഷ്യൽ അന്വേഷണം സിദ്ധാർത്ഥന്റെ മരണത്തിൽ വേണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്.
2022ലെ ടെലിവിഷൻ അവാർഡുകൾ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മിഥുൻ ചന്ദ്രൻ സംവിധാനം ചെയ്ത ഭൂമി, മൃദുൽ ടി.എസിന്റെ കനം എന്നിവയാണ് കഥാവിഭാഗത്തിലെ മികച്ച ടെലിഫിലിമുകൾ. മികച്ച തിരക്കഥാകൃത്ത് സുദേവൻ, മികച്ച നടൻ ശിവജി ഗുരുവായൂർ, മികച്ച നടി ശിശിര തുടങ്ങിയവർ പുരസ്കാരത്തിന് അർഹരായി.
രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ പാത പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന്സമർപ്പിച്ചു. ഹൂഗ്ലി നദിക്കടിയിലൂടെയാണ് ഈ വാട്ടർ മെട്രോ പാത പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത മെട്രോയുടെ ഈസ്റ്റ്-വെസ്റ്റ് കോറിഡോറിന്റെ ഭാഗമായ ഹൗറ മൈദാന്‍- എസ്പ്ലനേഡ് സെക്ഷനിലാണ് ഈ അണ്ടര്‍ വാട്ടര്‍ സര്‍വീസുള്ളത്.16.6 കിലോമീറ്ററാണ് ഇസ്റ്റ്-വെസ്റ്റ് മെട്രോയുടെ ദൈര്‍ഘ്യം.
കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എബ്രഹാമിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാനുള്ള നടപടികള്‍ മുടങ്ങി. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മുതദേഹത്തിന്റെ പോസ്റ്റുമോർട്ടം ഇപ്പോൾ നടത്താൻ പറ്റില്ലെന്നും കളക്റ്ററുടെ ചർച്ചയിൽ തൃപ്തിയില്ലെന്നും 50 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നും വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
മംഗളൂരുവിൽ മലയാളി യുവാവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് വിദ്യാർഥിനികൾക്ക് നാല് ലക്ഷം രൂപ വീതവും, ചികിത്സയ്ക്കായി 20 ലക്ഷം രൂപയും അനുവദിച്ചതായി കർണാടക വനിതാ കമ്മീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി. പ്രതിയെ തടഞ്ഞുവച്ച് പൊലീസിനു കൈമാറിയ വിദ്യാർഥികൾക്ക് ഉപഹാരം നൽകുo. പെൺകുട്ടികൾക്ക് നേരെ ആസിഡ് എറിഞ്ഞ മലപ്പുറം നിലമ്പൂർ സ്വദേശി അബിൻ ഷിബി പൊലീസ് കസ്റ്റഡിയിലാണ്.
മലപ്പുറം ആലുങ്ങലിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ ഡ്രൈവർ മരിച്ചു. കാരക്കുന്ന് പഴേടം തടിയമ്പുറത്ത് ഷഫീക് (40) ആണ് മരിച്ചത്. കാട്ടുപന്നി റോഡിന് കുറുകെ ചാടിയപ്പോൾ ബ്രേക്ക് ഇട്ടതിനെ തുടർന്നാണ്ഓട്ടോ മറിഞ്ഞത്. വന്യമൃഗശല്യം കൂടിവരുന്ന സാഹചര്യത്തിലാണ് ഈ ദാരുണമായ സംഭവം .
വംശീയ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് തായ്‌വാന്‍ തൊഴില്‍മന്ത്രി സു മിങ് ചുന്‍. കുടിയേറ്റ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിന്, ഇന്ത്യക്കാരെ കുറിച്ച് തൊഴിൽ മന്ത്രി നടത്തിയ പരാമർശം വംശീയ അധിക്ഷേപം ആയിരുന്നുവെന്ന് വലിയ വിമർശനം ഉയർന്നിരുന്നു. വിമർശനങ്ങൾ കടുത്തതോടെ മന്ത്രി ഖേദം പ്രകടിപ്പിക്കുകയായിരുന്നു.