ഈദ് ദിനം നിർബന്ധിത പ്രവൃത്തി ദിനമാക്കിയ വിവാദ ഉത്തരവ് പിൻവലിച്ച് കസ്റ്റംസ് കേരള ചീഫ് കമ്മീഷണർ. 29,30,31 പ്രവൃത്തി ദിനമായിരിക്കുമെന്നും, ആർക്കും അവധി നൽകരുതെന്നുമായിരുന്നു നിർദേശം. ഇതിനെതിരെ വിമർശനം ഉയർന്നതോടെയാണ് ഉത്തരവ് പിൻവലിച്ചത്. മറ്റ് റീജിയണുകളിലേതും പോലെ, കേരളത്തിലും ലീവ് എടുക്കാമെന്നാണ് പുതിയ നിർദേശം.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസിൽ കുറ്റപത്രം ഇന്ന് നൽകും. പി പി ദിവ്യയാണ് കേസിലെ ഏക പ്രതി, ദിവ്യയുടെ പ്രസംഗം എഡിഎം ജീവനൊടുക്കാൻ പ്രേരണയായെന്ന് കുറ്റപത്രം വിശദമാക്കുന്നത്. നവീൻ ബാബുവിനെ അപമാനിക്കാൻ പി പി ദിവ്യ ആസൂത്രണം നടത്തി. യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് എഡിഎമ്മിനെ അപമാനിക്കാൻ ലക്ഷ്യമിട്ടായിരുന്നുവെന്നും കുറ്റപത്രം വിശദമാക്കുന്നു.
പരീക്ഷക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്‍കി പിഎസ്എസി. ഇന്ന് നടന്ന സര്‍വേ വകുപ്പിലെ വകുപ്പ് തല പരീക്ഷയിലാണ് ഗുരുതര പിഴവ് സംഭവിച്ചത്. സര്‍വേയര്‍മാര്‍ക്ക് സൂപ്രണ്ട് തസ്തികയിലേക്കുള്ള പ്രൊമോഷൻ പരീക്ഷയിലാണ് സംഭവം. അബദ്ധം മനസ്സിലായതോടെ ഉത്തരസൂചിക തിരികെ വാങ്ങി, പരീക്ഷ റദ്ദ് ചെയ്യുകയായിരുന്നു.
ടാഗോർ ഹാളിൽ വെളിച്ചം കുറഞ്ഞതിൽ സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരിപാടിയിൽ പങ്കെടുക്കുന്നവരെ കാണുന്ന തരത്തിൽ വെളിച്ചം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ടാഗോർ ഹാളിൽ നടന്ന ജിടെക് – സ്കിൽ ഫെസ്റ്റിവലിൻ്റെ ഉദ്ഘാടന പ്രസംഗത്തിന് ഒടുവിലായിരുന്നു വിമർശനം. ഇത്തവണ മൈക്കിന് പകരം മുഖ്യമന്ത്രിയെ പ്രകോപ്പിച്ചത് ഹാളിലെ വെളിച്ച സംവിധാനമാണ്.
കേരള സര്‍വകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തിൽ നടന്നത് ഗുരുതര വീഴ്ച. ബൈക്കിൽ പോകുമ്പോള്‍ ഉത്തരക്കടലാസുകള്‍ നഷ്ടമായെന്നാണ് അധ്യാപകന്‍റെ വിശദീകരണം. പാലക്കാട് നിന്നുള്ള യാത്രക്കിടെ ഉത്തരക്കടലാസുകള്‍ നഷ്ടമായെന്നും മൂല്യനിര്‍ണയം നടത്തിയ അധ്യാപകൻ സര്‍വകലാശാല അധികൃതരെ അറിയിച്ചു. അധ്യാപകനെതിരെ നടപടിയെടുക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം.
കേരള യൂണിവേഴ്സിറ്റിയിലെ എംബിഎ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണായത്തിനായി കൊണ്ടുപോയ അധ്യാപകൻ നഷ്ടപ്പെടുത്തിയ സംഭവത്തിൽ പരീക്ഷ വിഭാഗത്തിന്‍റെ അടിയന്തര യോഗം വിളിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍. ഒന്നാം തീയതി അടിയന്തര യോഗം ചേരും. സംഭവത്തിൽ കര്‍ശന നടപടിയുണ്ടാകുമെന്നും വിസി ഡോ. മോഹൻ കുന്നുമ്മൽ അറിയിച്ചു. ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട വിഷയത്തിൽ പരീക്ഷ കൺട്രോളറോട് മുഴുവൻ വിവരങ്ങളും അറിയിക്കാൻ നിർദ്ദേശം നൽകി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിൽ ഇനി ദേവസ്വം കമ്മീഷണറും പങ്കെടുക്കും. ബോർഡ് തീരുമാനങ്ങളിൽ കമ്മീഷണർമാർക്ക് പങ്കാളിത്തമില്ലെന്ന പരാതികളെ തുടർന്നാണ് നിയമഭേഗതിക്ക് സർക്കാർ തീരുമാനിച്ചത്. ദേവസ്വം ബോർഡ് രൂപീകരിച്ച് 75 വർഷം പിന്നിടുമ്പോഴാണ് സർക്കാരിന്‍റെ നിർണായക തീരുമാനം.
ആശ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി യുഡിഎഫ്, ബിജെപി നേതൃത്വത്തിലുളള പല പഞ്ചായത്തുകളും അധിക വേതനം പ്രഖ്യാപിച്ചെങ്കിലും ഈ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകുന്നതിന് തടസങ്ങള്‍ ഏറെ. പദ്ധതി നിര്‍വഹണ മാര്‍ഗ്ഗരേഖയ്ക്ക് പുറത്തുളള ഏത് തീരുമാനവും സര്‍ക്കാര്‍ അനുമതിയോടെ മാത്രമെ നടപ്പാക്കാനാകുവെന്നതാണ് പ്രധാന പരിമിതി. ആശമാരുടെ നിയമന അധികാരി ആരോഗ്യ വകുപ്പാണെന്നതും വ്യത്യസ്ത വേതനമെന്നത് ഏകീകൃത വേതന വ്യവസ്ഥയ്ക്കെതിരാണെന്നതും പ്രതിസന്ധിയാണ്.
ആശമാരുടെ പ്രശ്‌നപരിഹാരത്തിന് കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആദ്യ ഘട്ടത്തില്‍ ഒരുകോടി രൂപ താന്‍ താന്‍ സംഭാവന നല്‍കുമെന്നും ബാക്കി സമൂഹത്തില്‍ നിന്നും സ്വരൂപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എത്തിയാലുടന്‍ ആശമാരുടെ സമരപ്പന്തലില്‍ എത്തി അവരുമായി കൂടിക്കാഴ്ച നടത്തുമെന്നും മുടിമുറി സമരത്തെപ്പറ്റിയുള്‍പ്പെടെ ചര്‍ച്ച ചെയ്യുമെന്നും സുരേഷ് ഗോപി എംപി മാധ്യമങ്ങളോട് പറഞ്ഞു.
ലഹരിക്കേസ് പ്രതിയുടെ സ്വത്ത് പൊലീസ് കണ്ടുകെട്ടി. മലപ്പുറം സ്വദേശി കണ്ണനാരി പറമ്പിൽ സിറാജിന്‍റെ സ്വത്ത് ആണ് കണ്ടുകെട്ടിയത്. ലഹരി വിറ്റ് നേടിയ സ്വത്ത് കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. കോഴിക്കോട് ടൗൺ പൊലീസ് ആണ് നടപടിയെടുത്തത്.
കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ കൊലപാതകം നടത്തുന്നതിന് മുമ്പ് റിഹേഴ്സൽ നടത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചു. ഓച്ചിറ മേമന സ്വദേശിയായ കുക്കുവെന്ന് വിളിക്കുന്ന മനുവിന്റെ വീട്ടിൽ വെച്ചായിരുന്നു ഈ പരിശീലനം. കൊലപാതകം നടത്തേണ്ട രീതി ഇവിടെ വെച്ച് പരിശീലിച്ചു എന്നാണ് വിവരം.
സിപിഎം പാർട്ടി കോൺഗ്രസിൽ ഒന്നോ രണ്ടോ നേതാക്കൾക്ക് മാത്രമായിരിക്കും പ്രായപരിധിയിൽ ഇളവ് ആലോചിക്കുകയെന്ന് സിപിഎം പിബി കോഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞു. പ്രായപരിധിയിൽ ഇളവു കിട്ടുന്നവർക്കും ജനറൽ സെക്രട്ടറിയാകാൻ തടസമില്ലെന്നും കാരാട്ട് വ്യക്തമാക്കി. പിബിയിലെ ഏറ്റവും മുതിർന്ന അംഗം തന്നെ ജനറൽ സെക്രട്ടറിയാകണമെന്നില്ലെന്നും കാരാട്ട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍റെ കമ്പനിക്കെതിരായ ഇപ്പോഴത്തെ അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പ്രകാശ് കാരാട്ട് പറഞ്ഞു. കോടതി ഉത്തരവനുസരിച്ചാണ് അന്വേഷണമെങ്കിൽ മാത്രം അംഗീകരിക്കാമെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.
സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ സമരം 48ാം ദിവസത്തിലേക്ക് കടന്നു. ആശ വര്‍ക്കര്‍മാരുടെ നിരഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്നു. രാപ്പകൽ സമരം അമ്പത് ദിവസം തികയുന്ന തിങ്കളാഴ്ച മുടിമുറിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം.ഇതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രാദേശിക തലത്തിലും ആശമാര്‍ മുടി മുറിച്ച് പ്രതിഷേധിക്കും.
ഷൊർണൂർ കുളപ്പുള്ളിയിൽ വീണ്ടും തൊഴിൽ തർക്കം. സിഐടിയു തൊഴിലാളികൾ മർദിച്ചതായി പ്രകാശ് സ്റ്റീൽസ് ആന്‍റ് സിമന്‍റ്സ് കടയുടമ ജയപ്രകാശ് ആരോപിച്ചു. മൂന്ന് കെട്ട് കമ്പി വണ്ടിയിൽ കയറ്റുമ്പോഴാണ് തൊഴിലാളികൾ എത്തിയതെന്ന് ഉടമ പറഞ്ഞു. തന്നെ തള്ളിമാറ്റുന്നതിന്‍റെ ദൃശ്യങ്ങളും കടയുടമ പുറത്തുവിട്ടു. അതേസമയം സിമന്‍റ് ലോഡ് ഇതര സംസ്ഥാനക്കാരെ കൊണ്ട് ഇറക്കുമ്പോഴാണ് തടഞ്ഞതെന്ന് സിഐടിയു വ്യക്തമാക്കി.
സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി സഞ്ജു വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. ഏരിയാ സെക്രട്ടറിക്കെതിരെ ഒരു പരാതിയും ഇല്ലെന്ന് ഭീഷണി നേരിട്ട വില്ലേജ് ഓഫീസർ ജോസഫ് ജോർജ്. പത്തനംതിട്ട ആറന്മുള പൊലീസ് മാവേലിക്കരയിലെത്തി വില്ലേജ് ഓഫീസറുടെ മൊഴിയെടുത്തു. എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ജീവനക്കാരിയുടെ മരണത്തിൽ സാമ്പത്തിക ചൂഷണം നടന്നുവെന്ന ആരോപണവുമായി പിതാവ് മധുസൂദനൻ. മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് പിതാവ് ആരോപിക്കുന്നത്. ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം മലപ്പുറം സ്വദേശിയുടെ അക്കൗണ്ടിലേക്ക് മകൾ ട്രാൻസ്ഫർ ചെയ്തു നൽകി. മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിൽ കേവലം 80 രൂപ മാത്രമെന്നും പിതാവ് മധുസൂദനൻ ആരോപിക്കുന്നു.
കാസർഗോഡ് തളങ്കരയിൽ ഹാഷിഷും കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. അഷ്കർ അലി ബി (36) ആണ് 212 ഗ്രാം ഹാഷിഷും 122 ഗ്രാം കഞ്ചാവുമായി പിടിയിലായത്. മയക്കുമരുന്ന് സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ എക്സൈസ് ഇന്റലിജൻസ് ടീമിന്റെ മാസങ്ങളോളം നീണ്ട നിരീക്ഷണത്തിലായിരുന്നു ഇയാളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ചിറയിൻകീഴ് അഴൂരിൽ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം എആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി (56) യാണ് മരണപ്പെട്ടത്. ശനിയാഴ്ച വിരമിക്കാനിരിക്കെയാണ് സംഭവം. അഴൂരിലെ കുടുംബവീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
അശ്ലീല വെബ് സൈറ്റുകൾക്കായുള്ള വീഡിയോ നിർമ്മാണവുമായി ബന്ധപ്പെട്ട് 21.6 കോടി രൂപയുടെ അനധിക്യത പണമിടപാട് കണ്ടെത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിപണി ഗവേഷണം, പരസ്യം തുടങ്ങിയതിൻ്റെ പേരിലാണ് പണം ഇന്ത്യയിലേക്ക് എത്തിച്ചത്. സൈപ്രസ് ആസ്ഥാനമായി ടെക്നീഷ്യസ് ലിമിറ്റഡ് എന്ന കമ്പനിയാണ് പണം നൽകിയത്. സമാനമായി പോൺ സൈറ്റുകൾക്ക് ഇന്ത്യൻ കണ്ടൻ്റ് നിർമിക്കുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് ഇഡി പറഞ്ഞു.
ഛത്തീസ്ഗഡിലെ സുക്മയിൽ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെടുകയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ്. മാവോയിസ്റ്റുകളും സംയുക്ത സുരക്ഷാ സംഘവും കേർലാപാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിൽ രാവിലെയാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.