പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ആശ വർക്കർമാർ. ഈ മാസം 24 ന് സമര കേന്ദ്രത്തിൽ ആശ വർക്കമാർ കൂട്ട ഉപവാസമിരിക്കും. നിലവിൽ മൂന്ന് പേർ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവർക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക.ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം നാൽപ്പത്തിയൊന്നാം ദിവസവും തുടരുകയാണ്.

 

 

 

ആശ വര്‍ക്കര്‍മാരുടെ പ്രശ്നത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്നും സംസ്ഥാനം സമരത്തിനും സമരം നടത്തുന്നവർക്കും എതിരല്ലെന്നും എ കെ ബാലന്‍. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആശ വർക്കർമാരുടെ പ്രശ്നം പരിഹരിക്കുമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെന്നും യുഡിഎഫ് അധികാരത്തിൽ വരാൻ പോകുന്നില്ലെന്നും ബാലൻ പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ വരില്ല എന്നുള്ളത് കൊണ്ട് ശമ്പളം കൂട്ടി നൽകുമെന്നതടക്കം വാഗ്ദാനങ്ങൾ അവർക്ക് പറയാമെന്നും എ കെ ബാലന്‍ കൂട്ടിച്ചേർത്തു.

 

 

 

 

വി.ഡി സവർക്കർക്ക് എതിരായ കാലിക്കറ്റ് സർവലകലാശാലയിലെ എസ്എഫ്ഐ ബാനറിൽ ഗവർണർക്ക് അതൃപ്തി. ഞങ്ങൾക്ക് ചാൻസിലറെയാണ് വേണ്ടത്, സവർക്കറെയല്ല എന്ന എസ്എഫ്ഐ ബാനറിലാണ് ഗവർണർ രോക്ഷം പ്രകടിപ്പിച്ചത്. സവർക്കർ എന്നാണ് രാജ്യത്തിന് ശത്രു ആയി മാറിയതെന്നാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ ചോദ്യം.

 

 

 

 

 

ജലജീവന്‍ മിഷന്‍ പദ്ധതിയിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായി 500 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 2024-25 സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ ഗഡു കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കാനുണ്ടെന്നും കരാറുകാരുടെ വൻ കുടിശ്ശിക നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ 500 കോടി രൂപ മുൻകൂറായി അനുവദിക്കുകയായിരുന്നു എന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

 

 

 

 

 

സ്കൂൾ അവധിക്കാലത്തിന് മുന്നോടിയായി ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട 26,16,657 വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി. പദ്ധതിയിൽ ഉൾപ്പെടുന്ന പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്‍റെ കൈവശം സ്റ്റോക്ക് ഉള്ള 17,417 മെട്രിക് ടൺ അരിയിൽ നിന്നാണ് വിതരണം ചെയ്യുന്നത്‌.

 

 

 

സിപിഎമ്മിന്‍റെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടന തീയതി നല്ല ദീവസം നോക്കി നിശ്ചയിച്ചതല്ലെന്ന് സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍. ഏപ്രില്‍ 23നാണ് ഉദ്ഘാടനം. എങ്ങനെയാണ് ഒരു വാർത്ത നെഗറ്റീവ് ആയി അവതരിപ്പിക്കുക എന്നതിന്‍റെ പ്രധാന ഉദാഹരണമാണിതെന്നും മുഖ്യമന്ത്രിയുടെ ഒഴിവ് നോക്കിയാണ് തീയതി തീരുമാനിച്ചത്

അതിനെ വേറൊരു തരത്തിൽ അവതരിപ്പിച്ചത് തെറ്റായ പ്രവണതയാണതെന്നും പൊതുവേ പാർട്ടി ജനറൽ സെക്രട്ടറിമാർ അല്ലേ സംസ്ഥാന കമ്മിറ്റി ഓഫീസുകൾ ഉദ്ഘാടനം ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

 

 

 

 

കെ.റെയിലിന് ബദലായി താൻ സമർപ്പിച്ച റെയിൽ പാത സംസ്ഥാന സർക്കാരിന് താത്പര്യമുണ്ടെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ പറഞ്ഞു. കെ. റെയിൽ ഉപേക്ഷിച്ചു എന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചാൽ പുതിയ പാതയ്ക്ക് അനുമതി ലഭിക്കും എന്നാൽ ജാള്യത മൂലമാണ് അങ്ങിനെ കേരളം പറയാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

മുല്ലപ്പെരിയാറിൽ സുപ്രീംകോടതിയുടെ നി‍ർദ്ദേശ പ്രകാരം രൂപീകരിച്ച പുതിയ മേൽനോട്ട സമിതിയുടെ ആദ്യ അണക്കെട്ട് പരിശോധന ഇന്ന്. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി ചെയർമാൻ അനിൽ ജെയിൻ അധ്യക്ഷനായ ഏഴംഗ സമിതിയാണ് ഡാം സന്ദർശിക്കുന്നത്. തമിഴ്നാടിന്റെയും കേരളത്തിന്റെയും പ്രതിനിധികൾക്ക് പുറമേ, ബെംഗളൂവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ ഒരു ഗവേഷണ ഉദ്യോഗസ്ഥൻ, ദില്ലിയിലെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയിലെ ഒരു ഉദ്യോഗസ്ഥൻ എന്നിവരും സംഘത്തിലുണ്ട്.

 

 

 

മണ്ഡല പുനർനിർണയം 2056 വരെ മരവിപ്പിക്കണമെന്ന് സ്റ്റാലിന്‍ വെളിച്ചുചേര്‍ത്ത ചെന്നൈ സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് രാഷ്ട്രപതിക്ക് നിവേദനം നൽകും

മുഖ്യമന്ത്രിമാരും പാർട്ടി പ്രതിനിധികളും ഒന്നിച്ച് രാഷ്‌ട്രപതിയെ കാണും. എംപിമാർ അടങ്ങുന്ന കോർ കമ്മിറ്റി രൂപീകരിക്കുമെന്നും മണ്ഡലപുനർനിർണയ നീക്കം പാർലമെന്‍റില്‍ യോജിച്ച് തടയുമെന്നും ജനാധിപത്യവും ഫെഡറൽ ശിലയും സംരക്ഷിക്കാനായാണ് പോരാട്ടം ഇത് ചരിത്രദിനമാണെന്നും സ്റ്റാലിൻ പറഞ്ഞു.

 

 

 

 

എറണാകുളം എആർ ക്യാമ്പിൽ വെടിയുണ്ട ചട്ടിയിൽ ഇട്ട് ചൂടാക്കിയ സംഭവത്തിൽ കൊച്ചി കമ്മീഷണർക്ക് റിപ്പോർട്ട്‌ കൈമാറിയതായി എആർ ക്യാമ്പ് കമാന്റെന്റ് അറിയിച്ചു. വെടിയുണ്ടകൾ സൂക്ഷിക്കേണ്ട ഉദ്യോഗസ്ഥനു വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട്‌ പരിശോധിച്ച ശേഷം തുടർ നടപടിയുണ്ടാകുമെന്ന് കമ്മീഷണർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ക്ലാവ് പിടിച്ച വെടിയുണ്ട ചൂടാക്കാൻ ചട്ടിയിലിട്ടു വറുത്തെടുക്കുകയായിരുന്നു പൊലീസുകാരൻ. ഇതോടെ എറണാകുളം എആർ ക്യാംപിന്റെ അടുക്കളയിൽ സ്ഫോടനമുണ്ടാവുകയായിരുന്നു.

 

 

 

 

ഇടുക്കി വണ്ടിപ്പെരിയാർ പഞ്ചായത്തിൽ വൈസ് പ്രസിഡന്റടക്കം അഞ്ച് പഞ്ചായത്തംഗങ്ങൾ ഒരേ സമയം തൊഴിലുറപ്പ് ജോലിയിലും പഞ്ചായത്ത് കമ്മറ്റിയിലും പങ്കെടുത്തെന്ന പരാതി ഉയർന്നതോടെ അന്വേഷണം നടത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാൻ, തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ലഭിച്ച വേതനം പലിശയടക്കം തിരിച്ചടക്കാൻ ഉത്തരവിട്ടു. വണ്ടിപ്പെരിയാർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം ശ്രീരാമൻ, ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി അധ്യക്ഷ ജെ പ്രതിഭ, പഞ്ചായത്ത് അംഗങ്ങളായ ഇ മുനിയലക്ഷ്മി, ബി ജോർജ്, സുമിത്ര മനു എന്നിവരാണ് തൊഴിലുറപ്പ് ജോലിക്കും പഞ്ചായത്ത് കമ്മറ്റിയിലും ഒരേ പങ്കെടുത്തതായി രേഖകളിൽ കണ്ടെത്തിയത്.

 

 

 

ആഗോളതാപനത്തില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കാനായി ഇന്ന് രാത്രി 8.30 മുതല്‍ 9.30 വരെ ഭൗമ മണിക്കൂറായി ആചരിക്കാന്‍ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്വര്‍ (WWF) ആഹ്വാനം ചെയ്തു. ഈ ദിവസം ലോകമെമ്പാടുമുള്ള ജനങ്ങള്‍ പ്രതീകാത്മകമായി ഒരു മണിക്കൂര്‍ വൈദ്യുതി വിളക്കുകള്‍ അണച്ച് ഈ സംരഭത്തില്‍ പങ്ക് ചേരുന്നതാണ് ഇതിന്റെ പ്രത്യേകത. സംസ്ഥാനത്ത് ഭൗമ മണിക്കൂർ ആചരിക്കാൻ കെ.എസ്.ഇ.ബി പൊതുജനങ്ങളുടെ പിന്തുണ തേടിയിട്ടുണ്ട്.

 

 

 

 

ഇന്നും നാളെയും എല്ലാ ജില്ലകളിലും ശക്തമായ ഇടിയും മിന്നലും കാറ്റോടും കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചക്ക് ശേഷം തുടക്കത്തിൽ കിഴക്കൻ മേഖല കേന്ദ്രീകരിച്ചു തുടങ്ങി,തുടർന്ന് ഇടനാട് തീരദേശങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

 

 

എസ്ഡിപിഐയിലേക്ക് സംഭാവന എന്ന രീതിയിൽ വൻ തുക നൽകിയവർക്ക് തത്തുല്യമായ തുക മൂൻകൂട്ടി ലഭിച്ചിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചു. ഹവാല ഇടപാടുകളിലൂടെ എത്തിയ കള്ളപ്പണം ഈ രീതിയിൽ വെളുപ്പിച്ചുവെന്നും എസ് ഡിപിയിൽ നിന്ന് പണം ലഭിച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായും ഇഡി അറിയിച്ചു. കേരളത്തിൽ അടക്കം 10 സംസ്ഥാനങ്ങളിലെ എസ്ഡിപിഐ കേന്ദ്രങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു.

 

മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫ് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. മുഖ്യ പ്രതി ഷൈബിൻ അഷറഫിന് 11വർഷവും 9 മാസവും, രണ്ടാംപ്രതി ശിഹാബുദ്ദീന് 6 വർഷം 9 മാസവും, ആറാം പ്രതി നിഷാദിന് 3 വർഷവും 9 മാസവും തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

 

 

പാലക്കാട് എഐവൈഎഫ് ജില്ല നേതാവ് ഷാഹിനയുടേത് ആത്മഹത്യ തന്നെയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഷാഹിനയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഷാഹിനയുടെ മരണത്തിന് ആരുടെയും പ്രേരണ ഇല്ലെന്നാണ് റിപ്പോർട്ടിലുള്ളത്.

 

മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെടിയേറ്റു. പതിനഞ്ചോളം പേര്‍ക്ക് പരിക്കുണ്ട്. ചെമ്പ്രശേരി സ്വദേശി ലുക്മാനാണ് വെടിയേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലുക്മാൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. എയര്‍ഗണ്ണും പെപ്പര്‍ സ്പ്രേയുമായി ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്.

 

 

 

 

റേഷൻ കടയിൽ വിതരണത്തിനെത്തിയത് പുഴുവരിച്ച അരി. കോഴിക്കോട് എൻ ജി ഒ ക്വാർട്ടേഴ്‌സ് റേഷൻ കടയിലാണ് പഴകിയ പച്ചരി വിതരണത്തിനെത്തിച്ചത്. 18 ചാക്കോളാം അരിയാണ് പുഴു നിറഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം അവസാനം എത്തിച്ച അരിയായിരുന്നു. ഇന്ന് ചാക്ക് പൊട്ടിച്ചപ്പോഴാണ് പുഴുക്കളെ കണ്ടത്.

 

 

 

 

കാപ്പ വകുപ്പ് ചുമത്തി നാടുകടത്തിയ യുവാവ് ജില്ലയില്‍ തിരിച്ചെത്തിയതിനെ തുടര്‍ന്ന് പൊലീസ് പിടികൂടി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മാവൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിച്ചിരുന്ന ഷിബിന്‍ ലാലിനെയാണ് കുന്നമംഗലം പൊലീസ് പിടികൂടിയത്.

 

 

 

 

പാലക്കാട് വാണിയംകുളം കോതയൂരിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചത് അജ്ഞാത വാഹനം ഇടിച്ചാണെന്ന് എഫ്ഐആർ. ഇടിച്ച വാഹനം നിർത്താതെ പോയതായി പൊലീസ് പറഞ്ഞു. പൊലീസിന്റെ പരിശോധനയിലാണ് മറ്റൊരു വാഹനം ഇടിച്ചുണ്ടായ അപകടമാണെന്ന് കണ്ടെത്തിയത്. ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചാണ് മരണം സംഭവിച്ചതെന്നതായിരുന്നു പ്രാഥമിക വിവരം. പത്തംകുളം സ്വദേശിയായ രഞ്ജിത്ത് (32) ആണ് മരിച്ചത്.

 

 

 

തൊടുപുഴയിൽ നിന്ന് കാണാതായ ആളെ കൊലപ്പെടുത്തിയതായി സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിനെയാണ് കാണാതായത്. ഇയാളെ കാണാതായതായി കാണിച്ച് കഴിഞ്ഞദിവസം ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ബിജുവിനെ കൊന്നു മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചതായാണ് സംശയം. കസ്റ്റഡിയിയിലുള്ളവരിൽ കൊട്ടേഷൻ സംഘങ്ങളുമുണ്ട്.

 

 

 

സ്ത്രീധന പീഡനത്തെത്തുടർന്ന് ആത്മഹത്യചെയ്ത യുവതിയുടെ ഭർത്താവും അമ്മയും ഉൾപ്പെടെ നാലു പേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് അരിയല്ലൂർ മഹിളാ കോടതി. അരിയല്ലൂരിലെ ഗ്രാമത്തിലെ രാജേന്ദ്രന്റെയും ആണ്ടാളിന്റെയും മകൾ കനകവല്ലിയാണ് സ്ത്രീധന പീഡനം താങ്ങാനാവാതെ ജീവനൊടുക്കിയത്. കനകവല്ലിയുടെ ഭർത്താവ് കാരൈക്കുടി സ്വദേശി സെന്തിൽ കുമാരവേൽ, ഇയാളുടെ അമ്മ കലാവതിയുമടക്കം നാല് പേർക്കാണ് ശിക്ഷ.

 

 

 

യുഎഇയിലെ അല്‍ ഐനില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. ആറ് വയസ്സിനും 13 വയസ്സിനും ഇടയില്‍ പ്രായമുള്ള മൂന്ന് എമിറാത്തി കുട്ടികളാണ് മരിച്ചത്.തീപിടിത്തത്തെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് കുട്ടികൾ മരിച്ചത്.

 

 

 

 

ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-ക്യൂബ ബിസിനസ്‌ സമ്മേളനം ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, നയതന്ത്ര ബന്ധങ്ങൾ ശക്കിപ്പെടുത്തുന്നതിനുള്ള ചുവടുവയ്പ്പായി. ഇന്ത്യൻ ഇക്കണോമിക്‌ ട്രേഡ്‌ ഓർഗനൈസേഷൻ സംഘടിപ്പിച്ച ഈ പരിപാടി ഫാർമസ്യൂട്ടിക്കൽസ്‌, ബയോടെക്നോളജി, പുനരുപയോഗ ഈർജ്ജം, വിദ്യാഭ്യാസം, വ്യാപാരം തുടങ്ങിയ പ്രധാന മേഖലകളിൽ സഹകരണം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടായിരുന്നു.

 

 

 

 

ഹണിട്രാപ്പ് ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി എംഎൽഎമാരെ കർണാടകയിൽ സസ്പെൻഡ് ചെയ്തു. സ്പീക്കർക്കെതിരെ പ്രതിഷേധിച്ചതിന് പിന്നാലെ 18 എംഎൽഎമാർക്കെതിരെയാണ് നടപടിയെടുത്തിട്ടുള്ളത്. സ്പീക്കറുടെ അടുത്തെത്തിയ ബിജെപി എംഎൽഎമാർ പേപ്പറുകൾ കീറിയെറിഞ്ഞതിന് പിന്നാലെ സ്പീക്കർ യു റ്റി ഖാദർ നടപടികൾ 10 മിനിറ്റ് സമയത്തേക്ക് നിർത്തിവയ്ക്കുകയും പ്രതിഷേധിച്ച 18 ബിജെപി എംഎൽഎമാരെ സഭയിൽ നിന്ന് നീക്കുകയുമായിരുന്നു.

 

 

 

 

 

 

ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ നൂറുകണക്കിന് കൊറല്ല ഇനത്തിൽപ്പെട്ട പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തി. കൂട്ട വിഷബാധയേറ്റതാകാം എന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ ന്യൂ സൗത്ത് വെയിൽസ് പരിസ്ഥിതി സംരക്ഷണ അതോറിറ്റി അന്വേഷണം ആരംഭിച്ചു. ന്യൂകാസിൽ, കാരിംഗ്ടൺ, ഹാമിൽട്ടൺ പ്രദേശങ്ങളിലെ പക്ഷികളാണ് കൂടുതലായും ഈ അവസ്ഥയിൽ ആയിരിക്കുന്നതെന്നാണ് വിവരം.

 

 

 

അഞ്ച് ലക്ഷത്തിലേറെ പേരെ കൂടി നാട് കടത്താനുള്ള തീരുമാനവുമായി ട്രംപ് ഭരണകൂടം. ഒരു മാസത്തിനുള്ളിൽ നാടുകടത്താൻ സാധ്യതയുണ്ടെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു. ക്യൂബ, ഹെയ്തി, നിക്കരാഗ്വെ, വെനസ്വേല എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകിയിരുന്ന താത്കാലിക നിയമ പരിരക്ഷ റദ്ദാക്കാനാണ് തീരുമാനം.

 

 

 

 

ഹമാസിന്റെ സൈനിക ഇന്റലിജൻസ് മേധാവിയെ വധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസം ദക്ഷിണ ഗാസയിൽ നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ സർവൈലൻസ് ആന്റ് ടാർഗറ്റിങ് യൂണിറ്റിന്റെ കൂടി മേധാവിയായ ഒസാമ താബാഷിനെ വധിച്ചുവെന്നാണ് ഇസ്രയേൽ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചത്. എന്നാൽ ഈ ഇതിനോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *